23 December 2024, Monday
KSFE Galaxy Chits Banner 2

ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്

കാനം രാജേന്ദ്രന്‍
September 18, 2022 5:30 am

സമാദരണീയനായ കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാർഗവൻ ഓർമ്മയായിട്ട് ഇന്ന് ഒമ്പത് വർഷമാകുന്നു. സംഘടനാ പ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം സദാ നിർബന്ധ ബുദ്ധി തന്നെ കാട്ടിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി മൂല്യാധിഷ്ഠിതമായ പ്രവർത്തകരാൽ നയിക്കപ്പെടുന്ന മാതൃകാ പ്രസ്ഥാനമാണെന്ന കാര്യത്തിൽ വെളിയം ഭാർഗവന് ഒരുതരം ശാഠ്യം തന്നെ ഉണ്ടായിരുന്നു. ആധുനിക ജീവിത സാഹചര്യങ്ങളും പ്രയാസരഹിതമായി സമ്പത്ത് സ്വരൂപിക്കാൻ കഴിയുന്ന മാർഗങ്ങളും അധികാര സ്ഥാനങ്ങളിലെ പങ്കാളിത്തവും കമ്മ്യൂണിസ്റ്റുകാരെയും ദുഷിപ്പിക്കുന്നതിൽ വെളിയം ഖിന്നനായിരുന്നു. പാർട്ടി സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ഒരാൾ വെളിയം ഭാർഗവനായിരുന്നു. ചെറുപ്പക്കാരായ കേഡർമാരെ പാർട്ടി നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ബോധപൂർവമായ പ്രവർത്തനം ആവശ്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു. ഏറെക്കാലം വിദ്യാർത്ഥി യുവജന രംഗത്തിന്റെ ചുമതലക്കാരൻ എന്ന നിലയിൽ വെളിയം ഭാർഗവൻ പ്രവർത്തിച്ചു. വെളിയം ഭാർഗവൻ ഒരു പ്രക്ഷോഭകാരിയും പോരാളിയുമായിരുന്നു.

ജീവിതത്തിന്റെ അവസാന നിമിഷം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. തന്റെ ആശയങ്ങൾ നിത്യജീവിതത്തിൽ പകർത്തിക്കാട്ടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിൽ സദാചാരവും മൂല്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ അതിൽ നിന്നും വേറിട്ടു നടക്കാൻ ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. സാധാരണ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കണം സിപിഐയുടേതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭിന്നമായ ഒരു പ്രതിഛായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടാകണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും, ജനപക്ഷത്ത് നിന്ന് പോരാടാനും കഴിയുന്ന ഒരു പാർട്ടിക്ക് മാത്രമേ ജനങ്ങളുടെ മനസിൽ ഇടമുണ്ടാവുകയുള്ളൂവെന്ന് വെളിയത്തിന് നിശ്ചയമുണ്ടായിരുന്നു.


ഇതുകൂടി വായിക്കൂ:  സഖാവ് എംപി പ്രകാശത്തെ ഓർക്കുമ്പോൾ


ആ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവർത്തനം. 1970 മുതൽ ഏഴുവർഷക്കാലം ഐക്യമുന്നണി ഏകോപനസമിതി കൺവീനർമാരിൽ ഒരാളായി വെളിയം ഭാർഗവൻ പ്രവർത്തിച്ചു. അച്യുതമേനോൻ ഗവണ്മെന്റിന്റെ സ്ഥായിയായ പല നേട്ടങ്ങളുടെയും അണിയറ ശില്പികളിൽ ഒരാളായിരുന്നു അദ്ദേഹം. കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ നിയമസഭാ സാമാജികരിൽ ഒരാളായിരുന്നു വെളിയം. 1957 ലും 1960 ലും ചടയമംഗലത്തുനിന്നും അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികളുടെ മർമ്മം തകർക്കുന്ന വാക്ചാതുരിയും ജനകീയ പ്രശ്നങ്ങളും സംസ്ഥാനത്തിന്റെ താല്പര്യങ്ങളും ഉന്നയിക്കുന്നതിലുള്ള വൈദഗ്ധ്യവുമായിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രവർത്തനത്തിന്റെ സവിശേഷത.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷ ഐക്യത്തിന്റെയും ഉത്തമ താല്പര്യങ്ങൾക്കുവേണ്ടി അന്ത്യംവരെ പ്രവർത്തിച്ച നേതാവായിരുന്നു വെളിയം. നമ്മുടെ രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുന്ന കാലമാണിത്. എന്തിനെയും കാവിവൽക്കരിക്കാൻ, ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ഭരണഘടന തന്നെ മാറ്റിയെഴുതാൻ കേന്ദ്ര ബിജെപി ഭരണം ശ്രമിക്കുന്നു. ദേശീയതലത്തിൽ മതനിരപേക്ഷ പാർട്ടികളുടെ കൂട്ടായ്മ വളർന്നു വരികയാണ്. നമ്മുടെ വരുംകാല പോരാട്ടങ്ങൾക്ക് വെളിയം ഭാർഗവന്റെ സ്മരണ കരുത്തു പകരട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.