ചരിത്രം വളച്ചൊടിക്കുവാനും വികൃതമാക്കുവാനുമുള്ള ശ്രമങ്ങള്‍ എല്ലാ പിന്തിരിപ്പന്‍ ഭരണാധികാരികളും നടത്താറുണ്ട്. ഹിറ്റ്ലറുടെ നാട്ടിലും മുസോളിനിയുടെ ഭരണകാലത്തും ഇപ്പോള്‍ താലിബാന്‍ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനിലും നാം അതുകാണുന്നുണ്ട്. 2014ല്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയില്‍ ബിജെപി ഭരണത്തിലും നാം അതാണ് ദര്‍ശിക്കുന്നത്. ചരിത്രത്തില്‍ ഇടംപിടിച്ച വ്യക്തികളെയും പ്രദേശങ്ങളെയും പ്രക്ഷോഭങ്ങളെയും ഭയക്കുന്ന ഭരണാധികാരികള്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് അവയുടെ അവശേഷിക്കുന്ന ഓര്‍മ്മകളെങ്കിലും തേച്ചുമായ്ചുകളയുകയെന്നതാണ്. അതിന്റെ തുടര്‍ച്ചയായാണ് രാജ്യത്തെ പല സ്ഥലനാമങ്ങളും പദ്ധതിയുടെ പേരുകളും സംഘപരിവാറിന്റെ നേതാക്കളുടെയും മറ്റും പേരുകളിലേയ്ക്ക് മാറ്റിയ കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ സംസ്ഥാന ബിജെപി ഭരണാധികാരികളുടെയും നടപടി. അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഒടുവില്‍ ആര്‍എസ്എസ്- ബിജെപി നേതാക്കളില്‍ നിന്നുണ്ടായിരിക്കുന്ന മലബാര്‍കലാപത്തിനെതിരായ നീക്കം.
കേരളത്തില്‍ മലബാറില്‍ നടന്ന ജന്മിത്വ — ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ നൂറാം വാര്‍ഷികമായിരുന്നു ഓഗസ്റ്റ് 21. അതിന് മുന്നോടിയായി പ്രസ്തുത ചരിത്രത്തെ വക്രീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചിരിക്കുകയാണ്. ചരിത്രവുമായും സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ സില്‍ബന്തികളെ കുത്തി നിറച്ച് തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് റിപ്പോര്‍ട്ടുകള്‍ തയാറാക്കി വാങ്ങുന്ന പ്രവണത കുറച്ചുനാളുകളായി അവര്‍ അനുവര്‍ത്തിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായാണ് 2016ല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചി (ഐസിഎച്ച്ആര്‍) ലെ തങ്ങളുടെ ബിനാമികളെ ഉപയോഗിച്ച് തട്ടിക്കൂട്ടിയ ഒരു റിപ്പോര്‍ട്ടുണ്ടാക്കിയത്. വാഗണ്‍ ട്രാജഡിയെയും മലബാര്‍ കലാപത്തെയും വക്രീകരിക്കുന്നതിനുള്ള ശ്രമമായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്.
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ നടന്ന ഈ ജനമുന്നേറ്റം ദക്ഷിണേന്ത്യയിലെ ആദ്യത്തേതെന്ന് പരിഗണിക്കാവുന്നതായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴിലും ജന്മിത്വ വ്യവസ്ഥയുടെ കൊടിയ ചൂഷണങ്ങളാണ് മേഖലയില്‍ നടമാടിയത്. 19ാം നൂറ്റാണ്ടിന്റെ പകുതിയോടെതന്നെ ഈ മേഖലയില്‍ ജനകീയപ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ അതിനെ അമര്‍ച്ച ചെയ്യുന്നതിനായി രൂപീകരിച്ച പ്രത്യേക സംവിധാനമായിരുന്നു മലബാര്‍ പ്രത്യേക പൊലീസ് സേന (എംഎസ്‌പി). പ്രത്യേക സേനയെ നിയോഗിച്ചുവെങ്കിലും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിക്കുകയാണ് ഉണ്ടായത്.
അതോടൊപ്പം തന്നെ ബ്രിട്ടീഷ് ഒത്താശയോടെ ജന്മിത്വ ചൂഷണങ്ങളും നിര്‍ബാധം തുടര്‍ന്നു. തങ്ങളുടെ ഉപജീവന മാര്‍ഗമായ കാര്‍ഷിക മേഖലയിലും കൊടിയ ചൂഷണമാണ് നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രക്ഷോഭങ്ങള്‍ ജന്മിത്വവിരുദ്ധ മനോഭാവത്തോടെയാണ് മലബാറില്‍ നടന്നത്.
അങ്ങനെ രൂപാന്തരം പ്രാപിച്ച ഒന്നായിരുന്നു ചരിത്രത്തിൽ ഇടം പിടിച്ച മലബാർ കലാപം. ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും ഈ സംഭവത്തിന്റെ ചരിത്രാനുഭവങ്ങൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് വലതുപക്ഷ ചരിത്രകാരന്മാരെയും തീവ്ര ഹിന്ദു സംഘടനാ നേതാക്കളെയും അതുവഴി കേന്ദ്ര ഭരണാധികാരികളെയും വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടവരെ വര്‍ഗീയവാദികളാക്കുന്നതിനുള്ള പ്രചരണങ്ങള്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രസ്തുത പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ഹിന്ദുക്കള്‍ക്കെതിരായിരുന്നുവെന്നും അതുകൊണ്ട് വര്‍ഗീയമായിരുന്നുവെന്നും വരുത്തിത്തീര്‍ക്കുന്നതിനാണ് ശ്രമം. രാജ്യത്ത് നടന്ന മുസ്‌ലിം മുന്നേറ്റങ്ങളെല്ലാം വര്‍ഗീയമായിരുന്നുവെന്നാണ് ഐസിഎച്ച്ആറിലെ വിദഗ്ധന്‍ വിശദീകരിക്കുന്നത്. അസഹിഷ്ണുതയില്‍ നിന്നുണ്ടായതാണ് ഇത്തരം ജനമുന്നേറ്റങ്ങളെന്നും അദ്ദേഹം ന്യായീകരിക്കുന്നുണ്ട്. വാഗണ്‍ ട്രാജഡിയില്‍ മരിച്ചവര്‍ ആരുംതന്നെ സ്വാതന്ത്ര്യ സമരസേനാനികളല്ലെന്നും ഐസിഎച്ച്ആര്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നുണ്ട്. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെങ്കിലും ഹിന്ദു സമുദായാംഗങ്ങളും പങ്കെടുത്തതായി ചരിത്ര രേഖകളുണ്ട്. സാമുദായികകലാപമാണെന്ന് വാദിക്കുന്നതിന്റെ ഭാഗമായി ഇവരെയും സ്വാതന്ത്ര്യസമരസേനാനികളെന്ന പട്ടികയില്‍ നിന്ന് നീക്കണമെന്നാണ് ഐസിഎച്ച്ആര്‍ നിലപാട്.
ഇതില്‍നിന്നുതന്നെ സംഘപരിവാറിന്റെയും കേന്ദ്രഭരണാധികാരികളുടെയും ഉദ്ദേശ്യം വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലെന്നതിന്റെ ജാള്യത മറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യഥാര്‍ത്ഥ സമരങ്ങളെ ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കുന്നതിന് നടത്തുന്ന നീക്കങ്ങള്‍. മറ്റുള്ള എല്ലാവര്‍ക്കും ജാതി — മത ഭേദമില്ലാതെ പങ്കുവഹിക്കുവാന്‍ കഴിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെന്ന അപഖ്യാതി മാറ്റിയെടുക്കുവാനുള്ള തത്രപ്പാടിലാണ് സംഘപരിവാര്‍. അതിന് സമുദായങ്ങളുടെ പേരുപയോഗിച്ചുള്ള ഹീനമായ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് മാത്രം. ഇത്തരം കുത്സിത നീക്കങ്ങള്‍കൊണ്ട് മായ്ക്കാവുന്നതല്ല ജനത പൊരുതി നേടിയ, ആയിരങ്ങള്‍ ജീവന്‍ നല്കിയ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്രക്ഷോഭ ചരിത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.