22 November 2024, Friday
KSFE Galaxy Chits Banner 2

ഒന്നിച്ചു പോരാടാന്‍ പ്രതിപക്ഷ കക്ഷികള്‍

Janayugom Webdesk
August 29, 2021 3:57 am

രാജ്യം കടന്നു പോകുന്ന പ്രക്ഷുബ്ധമായ ഈ നാളുകളിലെ രാഷ്ട്രീയ വികാസങ്ങളുടെ ചലനാത്മകത കൊടുംവളവുകളുമായും അതിവേഗ തിരകളുമായും താദാത്മ്യപ്പെടുത്താം. ഏതൊരു രാജ്യത്തിന്റെയും രാഷ്ട്രീയത്തില്‍ ജനങ്ങളുടെ വ്യഥകളും പ്രതീക്ഷകളും പ്രതിഫലിക്കും. ആര്‍എസ്എസ് — ബിജെപി ഭരണക്രമത്തില്‍ ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ വലതുവ്യതിയാനം വരികയും ദുരിതങ്ങള്‍ പെരുകുകയും ചെയ്തു. വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്ന മോഡി ചൊരിഞ്ഞത്, എന്നാല്‍ ഒന്നും ജനങ്ങളുടെ ക്ഷേമത്തിനുതകിയില്ല. “ഏവര്‍ക്കും ഒപ്പം, ഏവരുടെയും വികസനത്തിന് “എന്ന് മേനി പറഞ്ഞവര്‍ സ്വദേശികളും വിദേശികളുമായ കുത്തകകള്‍ക്ക് രാജ്യം കൊള്ളയടിക്കാന്‍ വഴി തുറന്നു നല്‍കി. ബിജെപി ഭരണകൂടം ആത്മനിര്‍ഭര്‍ ഭാരതം എന്നാവര്‍ത്തിക്കുമ്പോള്‍ അതിസമ്പന്നരുടെ അത്യാഗ്രഹത്തിന് ഭൂമിയെ കീഴടക്കി നല്‍കുക, ആകാശത്തെ അടിയറ വയ്ക്കുക എന്നിങ്ങനെയായിരുന്നു അവര്‍ കണ്ടെത്തിയ അര്‍ത്ഥം. ജനങ്ങളുടെ താല്പര്യങ്ങളെ മുതലാളിത്തത്തിന് ബലിയര്‍പ്പിക്കുക എന്നും അവര്‍ അതില്‍ വ്യാഖ്യാനം തേടി.

രാജ്യത്തിന്റെ സമ്പദ്ഘടന പ്രതിസന്ധിയുടെ പടുകുഴിയിലേക്ക് ആണ്ടുതാണു. നോട്ടു നിരോധനവും ജിഎസ്‌ടിയും തുടങ്ങി ഭരണകൂടത്തിന്റെ എല്ലാ ഔഷധക്കുറിപ്പുകളും മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനതയുടെ ജീവിത നിലവാരത്തെ കൊടും വേദനയിലേക്കാഴ്ത്തി. തൊഴിലില്ലായ്മ നിരക്കില്‍ 9.17 ശതമാനം വര്‍ധനവുണ്ടായി. പണപ്പെരുപ്പം 12 ശതമാനത്തിലെത്തി. രാജ്യാന്തര പട്ടിണി സൂചികയില്‍ 107 രാജ്യങ്ങളില്‍ 94മതാണ് മോഡിയുടെ സ്വയം പര്യാപ്തവും സമ്പന്നവുമായ രാജ്യത്തിന്റെ സ്ഥാനം! ഇതെല്ലാം സംഭവിച്ചത് സ്തുതിപാഠകര്‍ പറയുംപോലെ കോവിഡു മൂലമല്ല. വ്യവസ്ഥാനുസാരവും മനുഷ്യനിര്‍മ്മിതവുമാണ് രൂപപ്പെട്ട പ്രതിസന്ധി. ധനമന്ത്രിയാകട്ടെ എല്ലാം ദൈവത്തിന്റെ ചെയ്തികളായും പറയുന്നു. ജനങ്ങളുടെ വിഷമതകള്‍ അഭിമുഖീകരിക്കുന്നതിനു പകരം കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ആര്‍എസ്എസ്- ബിജെപി സര്‍ക്കാര്‍. കര്‍ഷക വിരുദ്ധ കര്‍ഷക നിയമങ്ങള്‍, തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമങ്ങള്‍,അനിവാര്യ പ്രതിരോധ സര്‍വീസ് ആക്ട്, ജനറല്‍ ഇന്‍ഷുറന്‍സ് ദേശസാത്കരണ ഭേദഗതി ചട്ടം, പൊതുമേഖല തുടര്‍ച്ചയായി വിറ്റഴിക്കുക എന്നിവയെല്ലാം ബിജെപിയുടെ ദേശവിരുദ്ധതയുടെ മുഖം കൂടുതലായി പ്രകടമാക്കുന്നു, വിളംബരം ചെയ്യുന്നു. വര്‍ഗീയത ആളി കത്തിയ്ക്കുകയും സമൂഹത്തില്‍ ലഹളകള്‍ക്ക് മരുന്നിടുകയും ചെയ്ത് ആര്‍എസ്എസും പരിവാറും തങ്ങളുടെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്ക് മൂടുപടം തീര്‍ക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ ഫാസിസ്റ്റ് സ്വഭാവത്തിനനുസരിച്ച് ബിജെപി സര്‍ക്കാര്‍ വിയോജിപ്പുകളെ ഞെരിച്ച് ഇല്ലാതാക്കുകയും ചര്‍ച്ചകള്‍ക്ക് അവസരങ്ങള്‍ അടയ്ക്കുകയും ചെയ്യുന്നു. വര്‍ഷകാല സമ്മേളനം പാര്‍ലമെന്ററി നടപടികളോടുള്ള അവര്‍ക്കുള്ള അവമതിപ്പും വ്യക്തമാക്കി. ബില്ലുകള്‍ പാസാക്കിയെടുത്ത രീതികള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളോടുള്ള അവഹേളനമായിരുന്നു. പാര്‍ലമെന്റും അതിന്റെ സംവിധാനങ്ങളും തങ്ങളുടെ താളത്തിനൊത്ത് നിലകൊള്ളും വരെ മാത്രമാകും ഫാസിസ്റ്റ് ഭരണകൂടം അതിനെ അംഗീകരിക്കുക. ബിജെപി ഭരണത്തില്‍ വ്യക്തമാകുന്ന ഇത്തരം ചിത്രങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് നല്‍കുന്നത് അപായ സൂചനയാണ്.

ഓഗസ്റ്റ് 20ന് നടന്ന 19 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം രാജ്യത്തിന്റെ സവിശേഷ സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ജനങ്ങളുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട് രാജ്യത്തു വികസിക്കുന്ന രാഷ്ട്രിയ ജാഗ്രതയുടെ ആവിഷ്കാരമായി ഇതിനെ പരിഗണിക്കാം. ഇത്തരം തുടക്കങ്ങള്‍ അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ സാമാന്യ ജനതയുടെ സാമൂഹികവും രാഷ്ട്രീയവുമായ ആശങ്കകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനാകണം. പ്രതിപക്ഷ കക്ഷികളുടെ യോഗം ഇക്കാര്യത്തില്‍ ഒരു ഗുണപരമായ ചുവടായി കണക്കാക്കാം. ഇന്ത്യ പോലെ വലുതും വൈവിധ്യവുമാര്‍ന്ന ഒരു രാജ്യത്ത് രാഷ്ട്രീയ പ്രക്രിയ വികാസം പ്രാപിക്കുന്നതും രൂപപ്പെടുന്നതും സ്വാഭാവികമായും സങ്കീര്‍ണതയാണ്. വിവിധ പാര്‍ട്ടികളുടെ ആശയങ്ങളും സമീപനങ്ങളും ഒരുപോലെയല്ല. എന്നാല്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന രാഷ്ട്രീയ മുന്നേറ്റത്തിനായുള്ള കാത്തിരിപ്പ് അനിശ്ചിതമായി തുടരാനുമാകില്ല. 60 ശതമാനത്തിലധികം ജനങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രത്യക്ഷമായി എതിര്‍ക്കുന്നു. പക്ഷെ അവരുടെ സ്വരം പലതലങ്ങളിലായി ചിതറിയിരിക്കുന്നു. ഇവര്‍ കൂട്ടായി ഒരു നയപരിപാടി മുന്നോട്ടുനീക്കിയാല്‍ രാജ്യത്തിന്റെ രാഷ്ട്രീയം തന്നെ മാറും. ഇത്തരമൊരു മാറ്റം എളുപ്പമല്ലെങ്കിലും രാജ്യത്തിന് അനിവാര്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധ കോണുകളില്‍ അവരുടേതായ രീതികളില്‍ ഇതേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നാല്‍ അനവധിയായ പ്രവര്‍ത്തനങ്ങള്‍, വിശ്വാസയോഗ്യമായ മറ്റൊരുവഴിയായി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതുമില്ല. 2015 മുതല്‍ സിപിഐ മതേതര ജനാധിപത്യ ഇടതുശക്തികളുടെ വിശാലമായ വേദിക്കായി നിലകൊള്ളുന്നു. അതിനാല്‍ തന്നെ ഇതേ മാര്‍ഗത്തിലുള്ള ഏതൊരു നീക്കവും പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സ്വാഗതാര്‍ഹമാണ്.

ഓഗസ്റ്റ് 20ന് നടന്ന യോഗത്തില്‍ സിപിഐ പങ്കെടുത്തത് ഇത്തരമൊരു കാഴ്ചപ്പാടിലാണ്. 2024ലെ രാഷ്ട്രീയ യുദ്ധം രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. ബിജെപിയ്ക്കെതിരായി നിലകൊണ്ട രാജ്യത്തെ അറുപതുശതമാനം വരുന്ന ജനസമാന്യം വിവിധ ശക്തികളുടെ കൂട്ടായ കരുത്തിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. അത് അതിന്റേതായ സങ്കീര്‍ണതകളാല്‍ തന്നെ ഗൗരവമേറിയ നടപടിയാണിത്. ജനാധിപത്യത്തോടും മതേതരത്വത്തോടും കൂറുപുലര്‍ത്തുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഈ ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറാനുമാകില്ല. ഈ യാത്ര അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. 19 പ്രതിപക്ഷ കക്ഷികളുടെ സംഗമത്തിന് ഇക്കാരണത്താല്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്നു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം എല്ലാ കാര്യത്തിലും ഐക്യം പ്രതീക്ഷിക്കുന്നുമില്ല. ആശയപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങള്‍ അവര്‍ക്കിടയില്‍ നിലകൊള്ളുന്നുമുണ്ട്. പൊതുവായി മനസിലാക്കി പൊതുശത്രുവിനെതിരെ പോരാടാനാണ് അവര്‍ ഒന്നിച്ചിരിക്കുന്നത്.

ദേശവ്യാപകമായി സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന പ്രതിഷേധം രാജ്യത്തിന്റെ ഭാവി രാഷ്ട്രീയ ക്രമത്തിലെ നിര്‍ണായക ചുവടുവയ്പാണ്. പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവയ്ക്കുന്ന 11 ആവശ്യങ്ങള്‍ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് രൂപപ്പെട്ടതുമാണ്. കര്‍ഷകരും തൊഴിലാളികളും തുടരുന്ന സമരങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരുടെ ആശങ്കകളാണ് ഇതിലെങ്ങും നിഴലിക്കുന്നത്. ഇടതുപക്ഷം ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തിയിട്ടുണ്ട്. ഇത് പ്രതിപക്ഷ പ്രക്ഷോഭത്തിന് കൂ‍ടുതല്‍ ജനകീയത ഉറപ്പാക്കുന്നു. ഇടതു ജനാധിപത്യ മതേതര ശക്തികളുടെ പ്രക്ഷോഭം ശക്തിപ്പെടുകയും ചെയ്യും. പ്രക്ഷോഭം ജനപങ്കാളിത്തവും ലക്ഷ്യപ്രപ്തിയിലൂന്നിയുള്ളതായിരിക്കും. ഇതൊരു വലിയ സംഘടിത യാത്രയുടെ തുടക്കമാണ്. ജനസാമാന്യങ്ങളുടെ അടിസ്ഥാന താല്പര്യങ്ങളുടെ സംരക്ഷണവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അനുഗമിച്ചുള്ള യാത്ര. പന്തുരുണ്ട് തുടങ്ങിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളും ഭാവി നടപടികള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.