ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നാലു കര്‍ഷകരടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ കര്‍ഷക പ്രക്ഷോഭത്തിന്റെ തീ അണയ്ക്കാനുള്ള തീവ്രയത്നത്തിലാണ് ഉത്തര്‍പ്രദേശിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള ഉത്തമ ബോധ്യമായിരിക്കണം ആദിത്യനാഥ് സര്‍ക്കാരിന്റെയും ബിജെപിയുടെയും വൈകി ഉദിച്ച വിവേകത്തിനു കാരണം. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷവും പരിക്കേറ്റവര്‍ക്ക് 10 ലക്ഷവും രൂപ വീതം നഷ്ടപരിഹാരമാണ് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ നിയമവാഴ്ചാ വിഭാഗം ഡയറക്ടര്‍ ജനറല്‍ പ്രകാശ് കുമാറും ഭാരതീയ കിസാന്‍ യൂണിയന് (ബികെയു) നേതാവ് രാകേഷ് ടിക്കായത്തും ഒരു സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്. ഒരേസമയം കൗതുകകരവും യുപി സര്‍ക്കാരിന്റെ കര്‍ഷക സമരത്തോടുളള സമീപനത്തില്‍ ഝടിതിയിലുള്ള മാറ്റത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ യുപി സര്‍ക്കാര്‍ പ്രക്ഷോഭത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ പ്രക്ഷോഭത്തിന്റെ നേതാവിനെ തന്നെ കൂട്ടുപിടിക്കേണ്ടി വന്നു എന്നത് ശ്രദ്ധേയമാണ്.
ഉത്തര്‍പ്രദേശില്‍ ഇതുവരെ കര്‍ഷക പ്രക്ഷോഭം പടിഞ്ഞാറന്‍ യുപി കേന്ദ്രീകരിച്ചായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് മധ്യ യുപിയിലേക്കും പടര്‍ന്നു പിടിക്കുന്നുവെന്നതാണ് ലഖിംപൂര്‍ ഖേരിയിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. കൂട്ടക്കുരുതി, ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമാകുമെന്ന ഭീതിയാണ് ജുഡിഷ്യല്‍ അന്വേഷണം, മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി, ഭാരിച്ച നഷ്ടപരിഹാരം എന്നിവ നല്കി പ്രക്ഷോഭ തീ അണയ്ക്കാനുള്ള ശ്രമത്തിനു പിന്നില്‍. കര്‍ഷക പ്രക്ഷോഭത്തിന് പ്രത്യക്ഷ പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കവും ബിജെപിയിലെ തന്നെ ഒരു വിഭാഗവും രംഗത്തുവന്നതും ആദിത്യനാഥ് സര്‍ക്കാരിനെയും ബിജെപിയുടെ നേതൃത്വത്തെയും അങ്കലാപ്പിലാക്കിയിട്ടുമുണ്ട്.ലഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊല യാദൃച്ഛികമല്ലെന്നും ദേശീയതലത്തില്‍ കര്‍ഷക പ്രക്ഷോഭത്തെ അക്രമം അഴിച്ചുവിട്ട് തകര്‍ക്കാന്‍ ബിജെപി നടത്തിവരുന്ന ശ്രമത്തിന്റെ ഭാഗമാണെന്നതിന്റെയും തെളിവുകള്‍ ഓരോന്നായി പുറത്തുവരികയാണ്. ഹരിയാനയിലെ ഓരോ ജില്ലയിലും 500–700 ലാത്തിധാരികളായ അക്രമികളെ രംഗത്തിറക്കി പ്രക്ഷോഭകരെ അടിച്ചമര്‍ത്താൻ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ ആഹ്വാനം നല്കുന്ന വിഡീയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലഖിംപൂര്‍ ഖേരിയില്‍ നിന്ന് രണ്ടാം തവണയും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര കര്‍ഷകരെ മര്യാദ പഠിപ്പിക്കാന്‍ തനിക്ക് രണ്ട് മിനിറ്റേ വേണ്ടു എന്ന ഭീഷണിമുഴക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കര്‍ഷക പ്രക്ഷോഭത്തിനു നേരെ മുമ്പും പൊലീസ് അതിക്രമങ്ങള്‍ നടന്നിരുന്നു. അവയും ആകസ്മികമല്ല, മറിച്ച് ആസുത്രിതമായിരുന്നു എന്നതിനുള്ള തെളിവുകളുമുണ്ട്. രാഷ്ട്ര തലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കു നേരെ സംഘപരിവാര്‍ അക്രമി സംഘങ്ങള്‍ കയ്യേറ്റത്തിനു മുതിര്‍ന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കര്‍ഷക പ്രക്ഷോഭം തുടക്കത്തിലുണ്ടായിരുന്ന വിമുഖത കൈവെടിഞ്ഞ് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ബിജെപി കേന്ദ്രങ്ങളില്‍ പരിഭ്രാന്തി പ്രകടമാണ്. അടുത്ത വര്‍ഷം ആരംഭത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പഞ്ചാബിലും ബിജെപി കര്‍ഷകരില്‍ നിന്നും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ നടന്ന തീക്കളി പക്ഷെ ബിജെപിയുടെയും ആദിത്യനാഥിന്റെയും കണക്കുകൂട്ടലുകളെ ആകെ തെറ്റിച്ചിരിക്കുന്നു. ഒരുവശത്ത് കര്‍ഷകരെ അനുനയിപ്പിക്കാനും മറുവശത്ത് പിന്തുണയുമായി എത്തുന്ന പ്രതിപക്ഷ നേതൃനിരയെ പ്രക്ഷോഭത്തിന്റെ കേന്ദ്രമായി മാറിയ ലഖിംപൂര്‍ ഖേരിയില്‍ എത്തുന്നതില്‍ നിന്ന് തടയാനുള്ള ശ്രമമാണ് ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്നത്.രാഷ്ട്ര തലസ്ഥാനത്തേക്ക് ഭാരത പൗരന്മാരായ കര്‍ഷകര്‍ എത്തുന്നത് തടഞ്ഞ ബിജെപി കര്‍ഷകര്‍ക്ക് പിന്തുണയും മരണമടഞ്ഞ കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും പകര്‍ന്നു നല്കുാന് എത്തുന്ന പ്രതിപക്ഷ നേതാക്കളെ ലഖിംപൂര്‍ ഖേരിയില്‍ പ്രവേശിക്കുന്നത് തടയുന്നു. അതിര്‍ത്തി ഭേദിച്ച് രാജ്യത്ത് കടക്കാന്‍ ശ്രമിക്കുന്ന ശത്രുസൈന്യത്തെ തടയുന്നതില്‍ പരാജയപ്പെട്ട അതേ ബിജെപി തന്നെയാണ് സ്വന്തം ജനങ്ങളെ കൊലചെയ്യാന്‍ പൊലീസിനെയും പട്ടാളത്തെയും ഗുണ്ടകളെയും നിയോഗിക്കുന്നത്. അതിര്‍ത്തി കാക്കാനാവാത്ത നരേന്ദ്രമോഡിയും സംഘ്പരിവാറും സ്വന്തം ജനങ്ങള്‍ക്കെതിരായ യുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.