22 November 2024, Friday
KSFE Galaxy Chits Banner 2

ചരിത്രത്തിലേയ്ക്ക് തുറക്കുന്ന വാതിൽ

അബ്ദുൾ ഗഫൂർ
December 5, 2021 5:51 pm

സോവിയറ്റാനന്തര കാലത്ത് കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ ലോകത്തിന് പ്രതീക്ഷയായി ഉയർന്നുവന്ന രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല. വെനസ്വേലയെ കുറിച്ചും അതിന് നായകത്വം വഹിച്ച ഭരണാധികാരിയായ ഹ്യൂഗോ ഷാവേസിനെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണ് സിപിഐ നേതാവ് സി ദിവാകരൻ എഴുതിയ ‘ഹ്യൂഗോ ഷാവേസും വെനിസുലയും’ എന്ന കൊച്ചു ഗ്രന്ഥം.
1917ലെ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവ വിജയത്തെ തുടർന്ന് രൂപംകൊണ്ട യുഎസ്എസ്ആർ (യുണൈറ്റഡ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്) ആന്തരിക കാരണങ്ങളാൽ 1991ലാണ് തകരുകയും വിഘടിതമാവുകയും ചെയ്യുന്നത്. അതിന് പിന്നീടാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിനുതാഴെ കൊച്ചുക്യൂബയ്ക്കൊപ്പം വെനസ്വേല പ്രതീക്ഷയായി ഉയരുന്നത്. 1991ന് ശേഷമുള്ള കാലത്താണ് ഇടതുപക്ഷ ലോകത്തിന്റെ പ്രതീക്ഷയായി വെനസ്വേല ഉയരുന്നതെങ്കിലും അതിന് മുമ്പുതന്നെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ ആ രാജ്യം സ്വേച്ഛാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും വഴികളിൽ നിന്ന് ജനാധിപത്യത്തിലേയ്ക്കും ജനാധികാരത്തിലേയ്ക്കുമുള്ള തെറ്റുുതിരുത്തൽ പ്രക്രിയ ആരംഭിച്ചിരുന്നു. റഷ്യയിലും ക്യൂബയിലും എന്നതുപോലെ ആദ്യ പ്രക്രിയകൾ പരാജയപ്പെട്ടുവെങ്കിലും ജനകീയ പിൻബലത്തോടെ തുടർന്നതിനാൽ അത് വിജയത്തിലെത്തുകയായിരുന്നു. അതിന് പക്ഷേ തെരഞ്ഞെടുപ്പ് പ്രക്രിയയെ ആണ് നേതാവായ ഹ്യൂഗോ ഷാവേസ് ഉപാധിയാക്കിയതെന്ന വ്യത്യാസം മാത്രം.

ക്യൂബയെപ്പോലെതന്നെ അമേരിക്കയുടെ കണ്ണിൽ കരടായി നില്ക്കുന്ന വെനസ്വേലയെന്ന രാജ്യവും ഉപരോധത്തിന്റെയും ഒറ്റപ്പെടുത്തലിന്റെയും നാളുകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനകത്തെ പ്രതിലോമ ശക്തികൾക്ക് വെള്ളവും വളവും നല്കി പ്രോത്സാഹിപ്പിക്കുന്ന യുഎസിന്റെ പിൻബലത്തോടെയുള്ള അട്ടിമറി നീക്കങ്ങളും ആ ലാറ്റിനമേരിക്കൻ രാജ്യത്തിന് പലതവണ അഭിമുഖീകരിക്കേണ്ടിയും വന്നു. എന്നാൽ അവയെല്ലാം അതിജീവിച്ച് മുന്നേറുന്ന വെനസ്വേല കൂടുതൽ പ്രതീക്ഷകൾ നല്കിക്കൊണ്ടിരിക്കുകയാണ്.
നവംബർ 21 ന് വെനസ്വേലയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവേസിന്റെ പിൻഗാമിയായെത്തിയ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വേലയ്ക്കും സഖ്യകക്ഷികൾക്കും വൻ വിജയമെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. 23 ഗവർണർ പദവികളിൽ 20ഉം തലസ്ഥാനമായ കാരക്കാസിലെ മേയർ സ്ഥാനവും ഈ ഇടതുപക്ഷ സഖ്യത്തിനാണ് ലഭിച്ചത്. 2017ൽ 19 ഗവർണർ സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. അകത്തുള്ള പ്രതിലോമകാരികളെയും വിദേശ സാമ്പത്തിക സഹായങ്ങളെയും ഉപയോഗിച്ചുള്ള സാമ്രാജ്യത്വ ശക്തികളുടെ അട്ടിമറി നീക്കങ്ങളും കടുത്ത ഉപരോധത്താൽ വീർപ്പുമുട്ടിക്കുന്ന അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങളുടെ നടപടികളും ജനങ്ങൾ തള്ളിക്കളയുന്നുവെന്നതിന്റെ ഉദാഹരണമായി വേണം ഈ വിജയത്തെ കാണുവാൻ.
ഇത്തരം വിജയങ്ങളുടെ ഗാഥകൾ അധികമൊന്നും വെനസ്വേലയി‍ൽ നിന്ന് നമുക്ക് ലഭിക്കുന്നില്ല. അവിടെ പട്ടിണി പെരുകുന്നുവെന്നും പ്രതിഷേധങ്ങൾ ശക്തമാണെന്നും സമ്പദ്ഘടന തകരുകയാണെന്നും ഒക്കെയുള്ള വലതുമാധ്യമങ്ങളുടെ കുപ്രചരണങ്ങളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് സിപിഐ നേതാവ് സി ദിവാകരൻ എഴുതിയ ഹ്യൂഗോ ഷാവേസും വെനിസുലയും എന്ന പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം വായിച്ചു തുടങ്ങുന്നത്. ചരിത്രം എന്ന വിഭാഗീകരണത്തിൽ ഉൾപ്പെടുന്ന പുസ്തകം വെനസ്വേലയുടെ സമീപ വർത്തമാനകാല ചരിത്രം മാത്രമേ പരാമർശിക്കുന്നുള്ളൂ (ഷാവേസിന് ശേഷം അദ്ദേഹത്തിന്റെ പാതയിലൂടെ തന്നെ രാജ്യത്തെ നയിക്കുന്ന റോബർട്ട് മഡുറോയുടെ ഭരണകാലയളവും പരിഗണനാ വിഷയമാക്കാമായിരുന്നു) എങ്കിലും വെനസ്വേലയെന്ന രാജ്യത്തെ കുറിച്ചുള്ള കൂടുതൽ വായനയ്ക്ക് പ്രേരകമാണെന്നതിൽ സംശയമില്ല.

വൃത്താന്ത പത്രങ്ങളിൽ മഹാഭൂരിപക്ഷവും വിവിധ ശ്രേണികളിലുള്ള വലതുപക്ഷ മാധ്യമങ്ങളും കാട്ടിത്തരാത്ത വെനസ്വേലയുടെയും ഷാവേസ് എന്ന ഭരണാധികാരിയുടെയും വസ്തുതാപരമായ ചിത്രമാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത് എന്നതുതന്നെ കാരണം. ഏറ്റവും ജനകീയനായ ഭരണാധികാരിയായിരുന്ന ഷാവേസിനെ അതേ ചാരുതയിലാണ് പുസ്തകത്തിൽ വരച്ചുകാട്ടിയിരിക്കുന്നത്. 21 ാം നൂറ്റാണ്ടിലെ സോഷ്യലിസമാണ് വെനസ്വേലയിൽ തന്റെ പാതയെന്ന് അദ്ദേഹം പ്രഖ്യാപിച്ചുവെങ്കിലും ഇരുപതാംനൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ തുടർച്ച തന്നെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നതി, സമത്വം, തുല്യവിതരണം, അതിനൊപ്പം തന്നെ പുതിയ കാലത്ത് സാമൂഹ്യനീതിയുടെ പരിഗണനാ വിഷയങ്ങളായ ലിംഗനീതി, സ്ത്രീ ശാക്തീകരണം എന്നിവയെയും അഭിസംബോധന ചെയ്തുവെന്നതായിരുന്നു ഷാവേസ് ഭരണത്തിന്റെ പ്രത്യേകത. ഇത്തരം വിഷയങ്ങൾ ചുരുക്കിയാണെങ്കിലും വ്യക്തമായി പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. (ഷാവേസിനെ പിൻപറ്റി ഷവിസ്മോ അഥവാ ഷാവേസിസം എന്ന ആശയരൂപംതന്നെ പിന്നീട് പ്രചരിക്കപ്പെടുന്നുണ്ട്). ഷാവേസ് എന്ന പോരാളിയേയും ഭരണാധികാരിയേയും വിശദീകരിക്കുന്നതോടൊപ്പം തന്നെ അവിടെയുണ്ടായ സാമൂഹ്യ മാറ്റങ്ങളെയും ഭരണ പരിഷ്കാരങ്ങളെയും വിശദീകരിക്കുവാനും ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വെനസ്വേലയെ കുറിച്ചും ഷാവേസിനെ കുറിച്ചും കൂടുതൽ അറിയുവാനുള്ള പ്രേരണ നല്കുന്നതാണ് സി ദിവാകരൻ രചിച്ച ഹ്യൂഗോ ഷാവേസും വെനിസുലയും എന്ന ഗ്രന്ഥം. ലോകത്തിന് പ്രതീക്ഷയായി ലാറ്റിനമേരിക്കയിൽ ഉയർന്നുവന്ന വെനസ്വേലയെകുറിച്ച് ചരിത്ര വിദ്യാർത്ഥികൾക്ക് കൂടുതൽ അറിയുന്നതിനുള്ള വാതിലുകളാണ് ഈ പുസ്തകത്തിലൂടെ തുറന്നിടപ്പെട്ടിരിക്കുന്നത്. ഗ്രന്ഥത്തെ കൂടുതൽ സമ്പുഷ്ടമാക്കുന്ന എം എ ബേബിയുടെ അവതാരികയും മറ്റൊരു പ്രത്യേകതയാണ്.
ഹ്യൂഗോ ഷാവേസും വെനിസുലയും

സി ദിവാകരൻ
വില- 100 രൂപ
പ്രഭാത് ബുക്ക് ഹൗസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.