19 September 2024, Thursday
KSFE Galaxy Chits Banner 2

കോവിഡ് ചട്ടം ലംഘിച്ചു: മ്യാന്‍മറിലെ ജനകീയ നേതാവ് സൂചിക്ക് നാല് വര്‍ഷം കൂടി തടവ്

Janayugom Webdesk
നായ്പിഡോ
January 10, 2022 6:41 pm

മ്യാന്‍മറിലെ ജനകീയ നേതാവ് ഔങ് സാന്‍ സൂചിക്ക് നാല് വര്‍ഷം കൂടി തടവ് ശിക്ഷ. കോവിഡ് ചട്ടം ലംഘിച്ചു, വോക്കി ടോക്കി ഇറക്കുമതി ചെയ്തു ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് തടവുശിക്ഷ. മൂന്ന് കേസുകളിലായാണ് നാല് വർഷത്തെ തടവുശിക്ഷ. വോക്കി ടോക്കി കൈവശം വച്ചതിന് രണ്ടുവർഷവും കോവിഡ് ചട്ടം ലംഘിച്ചതിന് രണ്ടുവർഷവും ശിക്ഷ അനുഭവിക്കണം.

സൂചിക്ക് എതിരെ 11 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് ചട്ടം ലംഘിച്ചു, തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി, ലൈസൻസില്ലാത്ത വോക്കി ടോക്കി ഉപയോഗിച്ചു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങിയ ഈ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്ന് വ്യാപക വിമർശനം ഉയ‍ർന്നുവെങ്കിലും രാജ്യത്തിനകത്തും പുറത്തുമുള്ള സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് പട്ടാളത്തിന്റെ നീക്കം.,

അടുത്ത തെരഞ്ഞെടുപ്പിൽനിന്നു സൂചിയെ മാറ്റിനിർത്തുകയാണ് പട്ടാള ഭരണകൂടത്തിന്റെ ലക്ഷ്യം. കേസിൽ ജയിൽശിക്ഷ അനുഭവിച്ചാൽ സർക്കാരിലെ ഉന്നതപദവികൾ വഹിക്കാനോ പാർലമെന്റ് അംഗമാകാനോ ഭരണഘടന പ്രകാരം വിലക്കുണ്ട്.

2020 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂചിയുടെ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. തെരഞ്ഞെടുപ്പിൽ വൻ കൃത്രിമം നടന്നുവെന്നാരോപിച്ചു പട്ടാളം രംഗത്തുവന്നെങ്കിലും തിര‍ഞ്ഞെടുപ്പ് കമ്മിഷൻ അതു തള്ളുകയായിരുന്നു പിന്നാലെ സൂ ചി അടക്കം നേതാക്കളെ പട്ടാളം തടവിലാക്കി. പട്ടാള നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഫേസ്ബുക്കിലൂടെ സൂചി നടത്തിയ ആഹ്വാനമാണ് അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന കേസിന് കാരണമായത്. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് കാലത്തു നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ടാണു കോവിഡ് ചട്ടം ലംഘിച്ചെന്ന കേസുകൾ. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്.

Eng­lish Sum­ma­ry: Covid rules vio­la­tions; Myan­mar’s pop­u­lar leader Suu Kyi jailed for four more years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.