23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 12, 2024
November 10, 2024
October 14, 2024
October 13, 2024
September 27, 2024
September 20, 2024
August 19, 2024
July 8, 2024
July 3, 2024

യുപിയില്‍ മന്ത്രിയടക്കം നേതാക്കള്‍ പാര്‍ട്ടിവിട്ടു; ബിജെപിക്ക് കനത്ത തിരിച്ചടി

Janayugom Webdesk
ലഖ്നൗ
January 11, 2022 3:41 pm

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മന്ത്രി ഉള്‍പ്പെടെ അഞ്ച് നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ആദിത്യനാഥ് മന്ത്രിസഭയില്‍ ഉന്നത മന്ത്രിസ്ഥാനം വഹിക്കുന്ന സ്വാമി പ്രസാദ് മൗര്യയാണ് പാര്‍ട്ടിവിട്ടത്. എംഎല്‍എമാരായ റോഷന്‍ ലാല്‍ വര്‍മ്മ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ഷാക്യ എന്നിവരും രാജി പ്രഖ്യാപിച്ചു. ബിജെപി വിട്ട മൗര്യ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവില്‍ നിന്നും നേരിട്ട് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മൂന്ന് എംഎല്‍എമാരും എസ്‌പിയില്‍ ചേര്‍ന്നു.

പ്രമുഖ ഒബിസി നേതാവ് കൂടിയായ മൗര്യ ആദിത്യനാഥ് മന്ത്രിസഭയിലെ തൊഴില്‍ മന്ത്രിയും അഞ്ച് തവണ തുടര്‍ച്ചയായി എംഎല്‍എയും ആയിരുന്നു. മൗര്യയുടെ മകള്‍ സംഘമിത്ര യുപിയില്‍ നിന്നുള്ള ബിജെപി എംപിയാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ അളവില്‍ ഒബിസി വോട്ട് ബിജെപിയിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചയാളാണ് മൗര്യ. എസ്‌പിയുടെ പിന്നാക്ക വോട്ട്ബാങ്ക് പിളർത്താനുള്ള പ്രധാന ചുമതലയും അദ്ദേഹത്തിനായിരുന്നു.

രണ്ടുമാസം മുമ്പ് ആദിത്യനാഥിനെതിരെ മൗര്യ അമിത് ഷായ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നേതൃത്വം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. അതേസമയം മൗര്യ ഉള്‍പ്പെടെ പാര്‍ട്ടിവിട്ട അഞ്ച് നേതാക്കളെ തിരികെയെത്തിക്കാന്‍ അമിത് ഷാ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുഖേന ശ്രമം തുടങ്ങി. രാജി വയ്ക്കരുത്, എന്തു പ്രശ്നങ്ങളുണ്ടെങ്കിലും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. എന്നാല്‍ തന്നെക്കുറിച്ച് എന്തിനാണ് ഇപ്പോള്‍ ഓര്‍മ്മിക്കുന്നതെന്നും ചര്‍ച്ച ആവശ്യമായ സമയത്തൊന്നും പാര്‍ട്ടി അതിന് തയാറായില്ലെന്നുമാണ് സ്വാമി പ്രസാദ് മൗര്യ മറുപടി നല്‍കിയത്.

മഠാധിപതികളും ബിജെപിക്കെതിരെ

യുപിയില്‍ മഠാധിപതികളും ബിജെപിക്കെതിരെ. കാശി വിശ്വനാഥ് ക്ഷേത്രത്തിലേയും സങ്കത് മോചന്‍ മന്ദിറിലേയും മുഖ്യ പുരോഹിതരാണ് പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. കാശി ധാം ഇടനാഴിക്കുവേണ്ടി നിരവധി ചെറിയ ക്ഷേത്രങ്ങള്‍ പൊളിച്ചതാണ് വിയോജിപ്പിന് കാരണം. മോഡിക്കു വേണ്ടി ‘ഹര്‍ ഹര്‍ മോഡി, ഘര്‍ ഘര്‍ മോഡി’ മുദ്രാവാക്യങ്ങള്‍ വിളിച്ചവരാണ് ഞങ്ങള്‍. എന്നാല്‍ അവരുടെ പ്രവൃത്തി മൂലം കാശിയിലെ ദേവീദേവന്മാർ തന്നെ ബിജെപിയെ പുറത്താക്കുമെന്ന് കാശി വിശ്വനാഥ മന്ദിറിലെ ഡോ. കുൽപതി തിവാരി പറഞ്ഞു.

ഗംഗയെ മലീമസമാക്കുന്നത് പരിഹരിക്കാതെ എന്ത് സ്മാര്‍ട്ട് സിറ്റി മോഡലാണ് മോഡി കാശി ധാമിലൂടെ കൊണ്ടുവന്നതെന്ന് സങ്കത് മോചന്‍ മന്ദിറിലെ പ്രധാന പുരോഹിതനായ വിശ്വംഭര്‍ നാഥ് മിശ്ര ചോദിക്കുന്നു. കാശി ധാം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനായി മോഡി എത്തിയതും ഗംഗാസ്നാനം നടത്തിയതും വലിയ വാര്‍ത്തയായി. എന്നാല്‍ അതിന് പിന്നാലെ ഗംഗയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുള്ള മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sumam­ry: In Uttar Pradesh, the res­ig­na­tion of a min­is­ter came as a shock to the BJP and the Yogi cabinet

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.