15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 10, 2024
May 8, 2024
November 21, 2023
June 18, 2023
December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022

കോവിഡ് വാക്സിൻ വികസനത്തിനായി പിഎം കെയേഴ്സ് ഫണ്ടില്ല

Janayugom Webdesk
ന്യൂഡൽഹി
January 18, 2022 9:53 pm

കോവിഡ് വ്യാപനം രാജ്യമാകമാനം ആഘാതം സൃഷ്ടിച്ചിട്ടും വാക്സിൻ വിതരണം പൂർണമാക്കാൻ കഴിയാത്ത കേന്ദ്രസർക്കാർ വാക്സിൻ വികസിപ്പിക്കാൻ നല്കുമെന്ന് പ്രഖ്യാപിച്ച പിഎം കെയേഴ്സ് ഫണ്ടിൽ നിന്നുള്ള 100 കോടി നല്കിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് രൂപീകരിച്ച പിഎം കെയേഴ്സ് ഫണ്ട് വാഗ്ദാനം ചെയ്ത 100 കോടി രൂപ അനുവദിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. റിട്ട. കമാണ്ടർ ലോകേഷ് ബത്രയാണ് വിവരാകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

2020 മെയ് 13 ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാര്‍ത്താക്കുറിപ്പിൽ, കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ സഹായിക്കാൻ സർക്കാർ 3,100 കോടി രൂപ നല്കമെന്ന് അറിയിച്ചു. വാക്സിൻ കണ്ടുപിടിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായി ഉത്തേജനമെന്ന നിലയില്‍ പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് 100 കോടി രൂപ നൽകുമെന്നും അത് ശാസ്ത്ര മുഖ്യ ഉപദേശകന്റെ മേൽനോട്ടത്തിൽ ഉപയോഗിക്കുമെന്നും അറിയിപ്പിലുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ പിഎം കെയേഴ്സിൽ നിന്ന് ഫണ്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്.

അപേക്ഷ സമർപ്പിച്ച് മാസങ്ങൾക്കു ശേഷമാണ് ലോകേഷ് ബത്രയ്ക്ക് മറുപടി ലഭിക്കുന്നത്. 2021 ജൂലൈ 16 നാണ് ആരോഗ്യ മന്ത്രാലയത്തിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. വാക്സിൻ വികസനത്തിനായി ലഭിച്ച പിഎം കെയേഴ്സ് ഫണ്ടിന്റെ സാമ്പത്തിക വർഷം തിരിച്ചുള്ള തുക, വാക്സിൻ വികസന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന പൊതു അധികാരികൾ, കമ്പനികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പേരുകളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മാസങ്ങൾക്ക് ശേഷം വിവിധ അധികാരികൾക്ക് ഒന്നിലധികം ഓർമ്മപ്പെടുത്തലുകൾക്ക് ശേഷമാണ് ബത്രയ്ക്ക് മറുപടി ലഭിച്ചത്. ബത്രയുടെ ചോദ്യം പിഎംഒ, ഐസിഎംആർ, ബയോടെക്നോളജി വകുപ്പ് എന്നിവയ്ക്ക് കൈമാറുന്നതായി ആദ്യത്തെ അപ്പീൽ അതോറിറ്റി ഓഗസ്റ്റ് ഒമ്പതിന് അറിയിച്ചു. പിഎം കെയേഴ്സ് ഫണ്ട് വഴി കോവിഡ് വാക്സിൻ വികസനത്തിന് പണം ലഭിച്ചിട്ടില്ല എന്നായിരുന്നു ഐസിഎംആർ മറുപടി. സെപ്റ്റംബർ എട്ടിന് ബത്ര പിഎംഒ യിൽ മറുപടി വേഗത്തിലാക്കാൻ അപ്പീൽ നൽകി. പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല, അതിനാൽ കൂടുതൽ വിവരങ്ങളൊന്നും പങ്കിടാൻ കഴിയില്ല എന്നുകാണിച്ച് ഒക്ടോബർ ഒന്നിന് മറുപടി ലഭിച്ചു. ആദ്യത്തെ അപ്പീൽ അതോറിറ്റിക്ക് ഏഴ് തവണ ഓർമ്മപ്പെടുത്തലുകളും ആരോഗ്യ മന്ത്രാലയത്തിന്റെ നോഡൽ സിപിഐഒയ്ക്ക് അടിയന്തര ഇമെയിലും അയച്ച ശേഷമാണ് മറുപടി ലഭിച്ചതെന്ന് ബത്ര പറഞ്ഞു.

ENGLISH SUMMARY:PM Cares does not have funds for Covid vac­cine development
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.