21 December 2024, Saturday
KSFE Galaxy Chits Banner 2

കൊടുമണ്ണിലെ സിപിഎം അക്രമം: പൊലിസ് നിഷ്ക്രിയതക്കെതിരെ സിപിഐ പരാതി നല്‍കി

Janayugom Webdesk
അടൂർ
January 23, 2022 2:05 pm

കൊടുമണ്‍ അങ്ങാടിക്കലിൽ മേഖലയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെയും സിപിഎം നേതൃത്വത്തില്‍ നടത്തിയ അക്രമങ്ങളില്‍ പങ്കെടുത്ത പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പൊലീസിന്റെ പക്ഷപാതപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി, സംസ്ഥാന പൊലിസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് സിപിഐ നേതൃത്വം പരാതി നല്‍കി. അതിക്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം വഴിപാടാക്കുന്ന പൊലിസ് നടപടിയിലുള്ള പ്രതിഷേധം സിപിഐ നേതാക്കള്‍ അടൂർ ഡിവൈഎസ്പിയെ നേരിട്ട് കണ്ട് അറിയിച്ചു. സിപിഐ സംസ്ഥാന എക്സി അംഗം കെ ആർ ചന്ദ്രമോഹൻ, ജില്ലാ സെക്രട്ടറി എ പി ജയൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം എം വി വിദ്യാധരൻ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി ആർ ഗോപിനാഥൻ, ജില്ലാ അസി: സെക്രട്ടറി ഡി സജി, ജില്ലാ എക്സി അംഗം അരുൺ കെ എസ് മണ്ണടി, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, രേഖാ അനിൽ എന്നിവരാണ് ഡിവൈഎസ് പിയുമായി ചര്‍ച്ച നടത്തിയത്.

കേസ് രജിസ്റ്റര്‍ ചെയ്തതിലെ പക്ഷപാതപരമായ സമീപനവും അന്വഷണത്തിന്റെ തുടക്കം മുതല്‍ തുടരുന്ന അപാകതകളും ഡിവൈഎസ് പിയെ ബോധ്യപ്പെടുത്തി.

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഐക്കാട് ഉദയകുമാറിന്റെയും കൊടുമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ബാബുവിന്റെയും മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാമെന്ന് ഡിവൈഎസ്പി പറഞ്ഞു. വീടുകൾ തല്ലിത്തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിലും വിശദമായി അന്വേഷണം നടത്തും. ആക്രമത്തിന് ഇരയായ വീട്ടുകാരിൽ നിന്നും വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി നേതാക്കൾക്ക് ഉറപ്പുനൽകി. പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും.

ഇതിനായി വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും യഥാർത്ഥ പ്രതികള്‍ക്കെതിരെ മാത്രമെ കേസ്സ് ചാര്‍ജ്ജ് ചെയ്യുകയുള്ളുവെന്നും ഡിവൈഎസ് പി ഉറപ്പുനൽകി.

നേതാക്കളോടൊപ്പം എത്തിയ ജനപ്രതിനിധിയെ പൊലിസ് തടഞ്ഞത് പൊലിസ് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി. ബ്ലോക്ക് പഞ്ചായത്തംഗം പി ബി ബാബുവിനെ പൊലീസുകാര്‍ തടഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന സിപിഐ — എഐവൈഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. പുറത്തെത്തിയ ഡിവൈഎസ്പി എല്ലാവരോടും പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ടും ആരും പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ചര്‍ച്ച കഴഞ്ഞ് പുറത്തെത്തിയ നേതാക്കളോടൊപ്പമാണ് കുറുമ്പകര രാമകൃഷ്ണൻ, എസ് രാധാകൃഷ്ണൻ, ആർ രാജേന്ദ്രൻ പിള്ള, അഡ്വ: ആർ ജയൻ, എ പി സന്തോഷ്, വിനോദ് തുണ്ടത്തിൽ, ശ്രീനാ ദേവി കുഞ്ഞമ്മ, എം മനു, എസ് അഖിൽ, ബിബിൻ ഏബ്രഹാം, ആശ്വിൻ മണ്ണടി, ബൈജു മുണ്ടപ്പള്ളി, ആശ്വിൻ ബാലാജി തുടങ്ങിയവര്‍ മടങ്ങിയത്.

 

Eng­lish Sum­ma­ry: CPM vio­lence in Kodu­man: CPI files com­plaint against police inaction

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.