6 October 2024, Sunday
KSFE Galaxy Chits Banner 2

അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന വിദ്വേഷ പ്രചാരണം

Janayugom Webdesk
February 11, 2022 5:00 am

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള അഭിപ്രായ സര്‍വേകള്‍ ഭൂരിപക്ഷവും അനുകൂലമാണെങ്കിലും ഉത്തര്‍പ്രദേശില്‍ ഭരണം കയ്യാളുന്ന ബിജെപിയുടെ പാളയത്തില്‍ ആശങ്ക പ്രകടമാണ്. ആത്മവിശ്വാസത്തിന്റെ അഭാവമാണ് പ്രചാരണത്തിന്റെ തുടക്കത്തില്‍ വികസനത്തിനു നല്കിയ ഊന്നല്‍ ഏതാണ്ട് പൂര്‍ണമായി ഉപേക്ഷിച്ച് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിനാശകരമായ ധ്രുവീകരണ രാഷ്ട്രീയ തന്ത്രത്തെ പൂര്‍ണമായും ആശ്രയിക്കാന്‍ ബിജെപിയെ നിര്‍ബന്ധിതമാക്കിയത്. അതാണ് അവസാനത്തെ അടവെന്ന നിലയില്‍ ആദ്യ വോട്ടെടുപ്പ് ദിനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണോപാധിയായി കേരളത്തെയും ബംഗാളിനെയും കശ്മീരിനെയും അപകീര്‍ത്തികരമായ തരത്തില്‍ അവതരിപ്പിക്കാന്‍ യുപി മുഖ്യന്‍ ആദിത്യനാഥിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഏഴു ഘട്ടങ്ങളായി വോട്ടെടുപ്പു നടക്കുന്ന യുപിയില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ആറു മിനിട്ട് നീണ്ട ഒരു വീഡിയോ സന്ദേശം ആദിത്യനാഥ് പ്രചരിപ്പിക്കുകയുണ്ടായി. തന്നെ വീണ്ടും അധികാരത്തില്‍ ഏറ്റിയില്ലെങ്കില്‍ യുപിയുടെ അവസ്ഥ കേരളത്തിന്റെയും ബംഗാളിന്റെയും കശ്മീരിന്റേതും പോലെ ആകുമെന്ന മുന്നറിയിപ്പാണ് ആദിത്യനാഥ് നല്‍കുന്നത്. തന്റെ ഭരണനേട്ടങ്ങളെപ്പറ്റി ആദിത്യനാഥ് നടത്തിവരുന്ന അടിസ്ഥാനരഹിതവും തികച്ചും വ്യാജവുമായ അവകാശവാദത്തിന്റെ തുടര്‍ച്ചയായും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് കുതന്ത്രമായും മാത്രമേ അതിനെ കാണാനാവൂ. തെരഞ്ഞെടുപ്പു ഫലം എന്തുതന്നെ ആയാലും മേല്‍പറഞ്ഞ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ യുപിയുടെ അവസ്ഥയിലേക്ക് കൂപ്പുകുത്താന്‍ ഒരിക്കലും ആഗ്രഹിക്കില്ലെന്ന് നിസംശയം പറയാനാവും. ലോകത്തെയാകെ ഗ്രസിച്ച കോവിഡ് മഹാമാരിയില്‍ യാതൊരു വൈദ്യസഹായവും ലഭിക്കാതെ മരിച്ച നൂറുകണക്കിന് മനുഷ്യരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാനദിയില്‍ ഒഴുകിനടന്ന ‍ഞെട്ടിപ്പിക്കുന്ന കാഴ്ചയ്ക്ക് മേല്‍പറഞ്ഞ സംസ്ഥാനങ്ങള്‍ക്കെന്നല്ല, ലോകത്ത് ഒരു ഭൂപ്രദേശത്തിനും സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടില്ല. ആദിത്യനാഥ് മുഖ്യ പുരോഹിതനായുള്ള ഗോരഖ്നാഥ് ക്ഷേത്രം നിലകൊള്ളുന്നതും അദ്ദേഹം അഞ്ചുതവണ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തിരുന്നതുമായ ഗോരഖ്പുരിലാണ്, അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ജീവവായു കിട്ടാതെ 63 കുഞ്ഞുങ്ങള്‍‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പിടഞ്ഞുമരിച്ചത്.


ഇതുകൂടി വായിക്കാം; മതരാഷ്ട്രപാതയിലേക്കുള്ള ആഘോഷമുദ്രകൾ


ലോകത്തെ നടുക്കിയ അ ത്തരം ദുരന്തങ്ങള്‍ക്ക് അദ്ദേഹം പരാമര്‍ശിച്ച ഒരു സംസ്ഥാനങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടില്ല. മതന്യൂനപക്ഷ, ദളിത് ജനവിഭാഗങ്ങളും സ്ത്രീകളും കടുത്ത വിവേചനങ്ങള്‍ക്കും കൂട്ട ബലാത്സംഗമടക്കം ജുഗൂപ്സാവഹമായ അതിക്രമങ്ങള്‍ക്കും ഇരകളാകുന്നതില്‍ ഒന്നാം സ്ഥാനത്താണ് ആദിത്യനാഥിന്റെ യുപി എന്ന് ക്രൈംസ് റെ ക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇടതുപക്ഷ രാഷ്ട്രീയം നിര്‍ണായക സ്വാധീനം ചെലുത്തുന്ന കേരളത്തിന്റെ മാതൃക ആദിത്യനാഥിനെയും ഹിന്ദുത്വ പാളയത്തെയും തെല്ലൊന്നുമായിരിക്കില്ല അസ്വസ്ഥമാക്കുന്നത്. യുപിയുടെ രാഷ്ട്രീയത്തില്‍ ഉ ണ്ടാകുന്ന പുരോഗമനപരമായ ഏതു മാറ്റത്തെയും തടയാനാണ് അ വര്‍ ശ്രമിക്കുന്നത്. മനുവാദത്തിലും മത‑ജാതി വിദ്വേഷത്തിലും അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിന് പുരോഗമന, ജനാധിപത്യ, മതന്യൂനപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏതു രാഷ്ട്രീയധാരയും കനത്ത ഭീഷണിയാണെന്ന് അവര്‍ തിരിച്ചറിയുന്നു. അത്തരം ഒരു രാഷ്ട്രീയ പരിവര്‍ത്തനത്തെ തടയാനുള്ള അവസാന ശ്രമമാണ് ആദിത്യനാഥിന്റെ ട്വിറ്റിലൂടെ പുറത്തുവരുന്നത്. എന്തു വിലകൊടുത്തും മതേതര ജനാധിപത്യ മൂല്യങ്ങളെയും സാമൂഹ്യ പുരോഗതിയെയും തടയാനുള്ള തീവ്രയത്നമാണ് മോഡി — ആദിത്യനാഥ് ഇരട്ട എഞ്ചിന്‍ രാഷ്ട്രീയം നടത്തുന്നത്. യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തെപ്പറ്റി അവമതിപ്പുണ്ടാക്കാന്‍ മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ ഹീനശ്രമം സംസ്ഥാനങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള സൗഭ്രാതൃബന്ധത്തിനു നേരെയുള്ള ഹിന്ദുത്വ വിദ്വേഷ പ്രചാരണമാണ്. അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യത്തിനുനേരെ അഭൂതപൂര്‍വമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിദ്വേഷ പ്രചാരണം മതത്തിന്റെയും ജാതിയുടെയും തലത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോര്‍വിളിയുടെ തലത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് ആദിത്യനാഥ് ചെയ്യുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്കെതിരെ ഉന്മൂലനത്തിന് ആഹ്വാനം നല്‍കുന്ന തീവ്ര‑ഹിന്ദുത്വ ഫാസിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്ന മോഡി ഭരണകൂടം രാജ്യത്തിന്റെ ഐക്യത്തിനുനേരെ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയോട് എങ്ങനെ പ്രതികരിക്കുമെന്ന് കേരളം ഉറ്റുനോക്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.