22 November 2024, Friday
KSFE Galaxy Chits Banner 2

വിദ്വേഷ പ്രചാരണവും വിഭാഗീയതയും ആയുധമായി മാറുന്ന തെരഞ്ഞെടുപ്പ്

പ്രത്യേക ലേഖകന്‍
February 18, 2022 6:00 am

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ബിജെപി പാളയത്തില്‍ അങ്കലാപ്പ് പ്രകടമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വേകള്‍ ഏതാണ്ടെല്ലാം തന്നെ ബിജെപിക്ക് നേരിയ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇതിനകം പൂര്‍ത്തിയായ രണ്ട് ഘട്ട വോട്ടെടുപ്പുകള്‍ നല്കുന്ന സൂചന ബിജെപിയുടെ ആത്മവിശ്വാസത്തിനു മങ്ങലേല്പിച്ചിട്ടുണ്ട്. വികസനത്തെപ്പറ്റിയും ‘ഡ­ബിള്‍ എഞ്ചിന്‍’ സര്‍ക്കാരിനെ പറ്റിയും മോഡിയും യോഗിയും തുടര്‍ന്നുവന്നിരുന്ന വായ്ത്താരികള്‍ പൊടുന്നനെ അവസാനിപ്പിക്കുകയും അവര്‍ വര്‍ഗീയ വിദ്വേഷം പ്രചരണായുധമാക്കി മാറ്റുകയും ചെയ്തത് തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റിയുള്ള കടുത്ത ആശങ്കയുടെ പ്രതിഫലനമാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഉത്തര്‍പ്രദേശില്‍ നടന്ന ഫെബ്രുവരി 14നു തന്നെയാണ് ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാന നിയമസഭകളിലേക്കും വോട്ടെടുപ്പ് നടന്നത്. 

ബിജെപി ഭരിച്ചിരുന്ന ഇരു സംസ്ഥാനങ്ങളിലും ഭരണതുടര്‍ച്ച അസാധ്യമാണെന്ന സൂചനകളാണ് അവിടെ നിന്നുവരുന്നത്. ഗോവയില്‍ പണം വാരിക്കോരി ചെലവഴിച്ചും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ എറിഞ്ഞുകൊടുത്തും പിടിച്ചെടുത്തു സ്വന്തമാക്കിയ ഭരണത്തിന്റെ തുടര്‍ച്ച അസാധ്യമാണെന്ന പ്രവചനങ്ങള്‍ തുടക്കത്തില്‍ തന്നെ വ്യാപകമായിരുന്നു. ഉത്തരാഖണ്ഡിലാകട്ടെ മൂന്നു മുഖ്യമന്ത്രിമാരെ മാറ്റിമാറ്റി നടത്തിയ ഭരണപരീക്ഷണം തികഞ്ഞ പരാജയമായിരുന്നു. പ്രചാരണത്തിന്റെ അവസാന പാദത്തില്‍ ഉത്തരാഖണ്ഡില്‍ ഏറെയൊന്നും പ്രസക്തമല്ലാത്ത ഏകീകൃത സിവില്‍കോഡ് അടക്കം തീവ്ര ഹിന്ദുത്വ വിഷയങ്ങള്‍ എടുത്തു പ്രയോഗിക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. ഫെബ്രുവരി അവസാന ദിവസവും മാര്‍ച്ച് അഞ്ചിനുമായി നടക്കുന്ന മണിപ്പുര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മിശ്ര പ്രതികരണമാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അവിടെയാണ് ബിജെപി — സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായി മാറുന്നത്. ഫെബ്രുവരി പത്തിന് പടിഞ്ഞാറന്‍ യുപിയിലെ 11 ജില്ലകളിലെ 58 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. 2017 ല്‍ ഇവിടെ ബിജെപി 53 സീറ്റുകളില്‍ വിജയിച്ചിരുന്നു. 

സമാജ്‌വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഈരണ്ടും രാഷ്ട്രീയ ലോക്‌ദളിന് ഒന്നും വീതം സീറ്റുകള്‍ ലഭിച്ചിരുന്നു. നരേന്ദ്രമോഡി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ കര്‍ഷക പ്രക്ഷോഭത്തിന്റെ യുപിയിലെ കേന്ദ്ര സ്ഥാനമായി മാറിയ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ആ മേഖലയിലെ രാഷ്ട്രീയ സാമുദായിക സമവാക്യങ്ങളില്‍ വന്‍ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. കര്‍ഷക പ്രക്ഷോഭത്തിന്റെ ഗതിമാറ്റിയ ലഖിംപുര്‍ ഖേരി കൂട്ടക്കൊല ബിജെപിയുടെ മത‑സാമുദായിക രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ക്ക് കനത്ത ആഘാതമായി. 2014 ലെ മുസഫര്‍പുര്‍ വര്‍ഗീയ സംഘര്‍ഷവും കൊലപാതകങ്ങളും വിരുദ്ധ ചേരികളിലാക്കിയ ജാട്ട് ഹിന്ദുക്കളും മുസ്‌ലിങ്ങളും കര്‍ഷക പ്രക്ഷോഭത്തില്‍ കൈകോര്‍ത്തതും തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും രാഷ്ട്രീയ ലോക്ദളും ഉണ്ടാക്കിയ കൂട്ടുകെട്ടും ബിജെപിക്കെതിരെ ശക്തമായ പ്രതിരോധമായി മാറി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവും കര്‍ഷക പ്രക്ഷോഭ നായകനുമായി മാറിയ രാകേഷ് ടികായത് തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പരസ്യമായി പിന്തുണക്കാന്‍ തയാറായില്ലെങ്കിലും ബിജെപിയുടെ കര്‍ഷക ദ്രോഹ നയങ്ങളെ നിശിതമായി എതിര്‍ത്ത് രംഗത്തുവന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് പരസ്യമായി ആഹ്വാനം നല്കാനും അദ്ദേഹം മുതിര്‍ന്നു. 2017ല്‍ വോട്ടിങ് ശതമാനം 64.56 ആയിരുന്നത് ഇക്കുറി 60.17 ആയി കുറഞ്ഞു. 

ബിജെപി പാളയത്തിലെ ആവേശരാഹിത്യമാണ് വോട്ടിങ് ശതമാനത്തിലെ കുറവിന് കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന രേഹില്‍ഖണ്ഡ് മേഖല ഉള്‍പ്പെടുന്ന 55 സീറ്റുകളില്‍ 2017ല്‍ ബിജെപി 38 സീറ്റുകള്‍ നേടിയിരുന്നു. ഈ മേഖലയിലെ ഒമ്പത് അസംബ്ലി സീറ്റുകളില്‍ മുസ്‌ലിം വോട്ടര്‍മാരുടെ എണ്ണം അമ്പതു ശതമാനത്തില്‍ അധികമാണ്. പകുതിയിലധികം സീറ്റുകളിലും മുസ്‌ലിം വോട്ടര്‍മാര്‍ 30 ശതമാനത്തില്‍ അധികം വരും. മറ്റു മേഖലകളിലെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതവിദ്വേഷം യഥേഷ്ടം ആയുധമാക്കിയ മോഡിയും യോഗിയും ന്യൂനപക്ഷ വോട്ടര്‍മാരെ പ്രത്യേകിച്ചും മുസ്‌ലിം വനിതകളെ പ്രീണിപ്പിക്കാന്‍ നടത്തിയ ശ്രമം കൗതുകകരമായി. മുത്തലാഖും വിവാഹപ്രായവുമൊക്കെ എടുത്തുപറഞ്ഞായിരുന്നു മോഡിയുടെ പ്രസംഗം. മുസ്‌ലിം വോട്ടര്‍മാര്‍ ഏറെയുള്ള മേഖലകളിലെ ഉയര്‍ന്ന വോട്ടിങ് ശതമാനം തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, അസറുദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെ ഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) അടക്കം ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും ബിഎസ്‌പിയും ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നില്ലെങ്കില്‍ ബിജെപിക്ക് 2017ലെ സീറ്റുകളുടെ അടുത്തുപോലും എത്താനാവില്ല. ഞായറാഴ്ച നടക്കുന്ന മൂന്നാംഘട്ട വോട്ടെടുപ്പ് 16 ജില്ലകളിലെ 59 നിയമസഭാ സീറ്റുകളിലേക്കാണ്. 

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അഞ്ച്, അവധ് മേഖലയിലെ ആറ്, ‍ ബുന്ദേല്‍ഖണ്ഢ് മേഖലയിലെ അഞ്ച് ജില്ലകളിലുള്‍‍പ്പെട്ട 49 സീറ്റുകള്‍ 2017ല്‍ ബിജെപി കയ്യടക്കിയിരുന്നു. 2012 ല്‍ എസ്‌പി 25 സീറ്റില്‍ വിജയിച്ചപ്പോള്‍ ബിജെപി ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. അഖിലേഷ് യാദവ് മത്സരിക്കുന്ന മയ്‌ന്‍പുരി ജില്ലയിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തിന്റെയും വിധി നിര്‍ണയിക്കുക ഈ ഘട്ടത്തിലാണ്. യാദവ് കുടുംബത്തിന് ആഴത്തില്‍ വേരോട്ടമുള്ള ഈ മേഖലയിലെ മയ്ന്‍പുരിയില്‍ നിന്നാണ് മുലയം സിങ് യാദവ് 2019ല്‍ ലോകസഭയിലെത്തിയത്. മുലയം നാലാം തവണയാണ് ഇവിടെ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുലയത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് 2018ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്‌പിക്ക് എതിരെ മത്സരിച്ചിരുന്നു. എസ്‌പിക്ക് പൊതുതെരഞ്ഞെടുപ്പിലുണ്ടായ പരാജയം നല്കിയ പാഠം ശിവപാലുമായി രമ്യതയിലെത്താന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കി. യാദവ് കുടുംബത്തിന്റെ പുനരേകീകരണം സമാജ്‌വാദി പാര്‍ട്ടിക്ക് അതിന്റെ ഹൃദയഭൂമി തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അതുകൊണ്ടുതന്നെ യുപി നിയമസഭയിലേക്ക് നടക്കുന്ന ഏഴ് ഘട്ട വോട്ടെടുപ്പില്‍ മൂന്നാം ഘട്ടം എസ്‌പിക്ക് നിര്‍ണായകമായി മാറുന്നു. കൂട്ട ബലാത്സംഗത്തിന് ഇരയായി ക്രൂരമായ കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ഗ്രാമമായ ഹത്രാസും ഈ മേഖലയിലാണ്. തീരദേശ കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ നിന്ന് ആരംഭിച്ച ഹിജാബ് വിവാദം ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണുകിട്ടിയ ആയുധമായി മാറുന്ന വിചിത്രമായ കാഴ്ചയ്ക്കും യുപി സാക്ഷ്യം വഹിക്കുന്നു. മതവിദ്വേഷ പ്രചാരണത്തിനും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആയുധമായും മാറുകയാണ് തീവ്രഹിന്ദുത്വത്തിന്റെ കൈകളില്‍ ഹിജാബ്. ഏകീകൃത സിവില്‍കോഡ് അടക്കം വിവാദ വിഷയങ്ങള്‍ ഉന്നയിച്ച് ഈ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് വര്‍ഷാന്ത്യം ഗുജറാത്ത് ഹിമാചല്‍പ്രദേശ് ജമ്മു-കശ്മീര്‍ തെരഞ്ഞെടുപ്പുകളിലും വിദ്വേഷ പ്രചാരണത്തിനുള്ള വെടിമരുന്നാവും ഹിജാബ്. മാര്‍ച്ചില്‍ അവസാനിക്കുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും 2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി നിര്‍ണയിക്കുക. വരാന്‍പോകുന്നത് കടുത്ത വിദ്വേഷ പ്രചാരണത്തിന്റെയും വിഭാഗീയതയുടെയും ദിനങ്ങളായിരിക്കുമെന്ന ആശങ്ക ജനാധിപത്യ മതേതര വൃത്തങ്ങളെ അസ്വസ്ഥമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.