6 October 2024, Sunday
KSFE Galaxy Chits Banner 2

മാതൃഭാഷാ ദിനാചരണവും തനതുമലയാള ലിപി പരിപാലനവും

Janayugom Webdesk
February 21, 2022 5:00 am

ഇന്ന് ലോകമെങ്ങും അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആചരിക്കുകയാണ്. ‘ബഹുഭാഷാ പഠനത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം: വെല്ലുവിളികളും അവസരങ്ങളും’ എന്നതാണ് ഇക്കൊല്ലത്തെ മാതൃഭാഷാ ദിനത്തിന്റെ പ്രമേയം. കമ്പ്യൂട്ടറുകളുടെയും ഇന്റര്‍നെറ്റിന്റെയും സാര്‍വത്രിക വ്യാപനം ഭാഷാപഠനമടക്കം പഠനപ്രക്രിയയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് വഴിതുറന്നത്. സാങ്കേതികവിദ്യാ രംഗത്ത് കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും സാധ്യമാക്കിയ വന്‍ വിസ്ഫോടനം ഭാഷാപരമായ അതിര്‍വരമ്പുകളെ ഏതാണ്ട് മായ്ച്ചുകളയുകയും അനേകം നാട്ടുഭാഷകളെ അപ്രസക്തവും അപ്രത്യക്ഷവുമാക്കുകയും ചെയ്തു. അത് പരമ്പരാഗത അറിവുകളും സവിശേഷ സംസ്കാരങ്ങളും ആശയവിനിമയ സങ്കേതങ്ങളും മനുഷ്യരാശിക്ക് നഷ്ടമാവാന്‍ ഇടവരുത്തി. അവിടെയാണ് തനതു ഭാഷകളുടെയും സംസ്കാരങ്ങളുടെയും അറിവുകളുടെയും സംരക്ഷണത്തില്‍ സാങ്കേതികവിദ്യ പ്രസക്തമാകുന്നത്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ മാതൃഭാഷകളെ സംരക്ഷിക്കുന്നതോടൊപ്പം ബഹുഭാഷാ പരിജ്ഞാനവും ഭാഷകളുടെ സമ്പുഷ്ടീകരണവും സാധ്യമാകുമെന്ന് അനുഭവം ബോധ്യപ്പെടുത്തുന്നുണ്ട്. സാങ്കേതികവിദ്യയുടെ സാര്‍വത്രിക വ്യാപനം പല നാട്ടുഭാഷകളെയും തുടച്ചുമാറ്റിയെങ്കിലും അവയുടെ ക്രിയാത്മകവും ലക്ഷ്യബോധത്തോടെയുമുള്ള പ്രയോഗം കേരളീയരുടെ തനതുഭാഷയായ മലയാളമടക്കം അനേകം മാതൃഭാഷകളുടെ സംരക്ഷണത്തിനും അതിന്റെ ശാസ്ത്രീയമായ പരിപാലനത്തിനും എത്രത്തോളം പ്രയോജനകരമാകുമെന്ന് അനുഭവം പഠിപ്പിക്കുന്നു.

1980കളുടെ അവസാനത്തോടെ ലോകത്തെ ഏതാണ്ട് എല്ലാ എഴുത്തുഭാഷകളിലെയും അക്ഷരങ്ങളെയും പാഠങ്ങളെയും പുതിയ രീതിയില്‍ എന്‍കോഡ് ചെയ്യാനായി (ഡിജിറ്റലായി പ്രതിനിധാനം ചെയ്യാനായി) യുണികോഡ് കണ്‍സോര്‍ഷ്യം നിലവില്‍ വന്നു. 2004ല്‍ മലയാളം യുണികോഡ് സാധ്യമായതോടെ മലയാള ലിപികളില്‍ ഇടക്കാലത്തു സംഭവിച്ച അപഭ്രംശങ്ങളെ മറികടന്ന് അവയെ അക്ഷരപൂര്‍ണതയില്‍ എത്തിക്കുന്നതില്‍ ആ രംഗത്തെ വിദഗ്ധരായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. അത് മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും അറിവുകളുടെയും സാഹിത്യത്തിന്റെയും മുദ്രണത്തിന്റെയുമെല്ലാം രംഗത്ത് സമഗ്രമായ ഒരു ചുവടുവയ്പായി ചരിത്രം രേഖപ്പെടുത്തും. മലയാളത്തില്‍ അച്ചടിയും വായനയും എഴുത്തും ജനകീയമാകുന്നത് 1824ല്‍ ബെഞ്ചമിന്‍ ബെ യ്‌ലി ലോഹ അച്ചുകളുണ്ടാക്കിയതോടെയാണ്. 1969ല്‍ ഇംഗ്ലീഷിനൊപ്പം മലയാളവും കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കി നിയമനിര്‍മ്മാണം നടന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മലയാളം ഉപയോഗിക്കേണ്ടി വന്നതോടെയാണ് അന്നത്തെ ഓഫീസുകളിലെ ടെെപ്പ്‌റെെറ്ററുകളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ലിപി പരിഷ്കാരം ആവശ്യമായി വന്നത്. മലയാള ലിപിയുടെ ആ വികലരൂപം പിന്നീട് പാഠപുസ്തകങ്ങളിലും അച്ചടിയിലും കടന്നുകയറി. ടെെപ്പ്റെെറ്റര്‍ യുഗത്തില്‍ അത്തരം ഒരു ലിപി പരിഷ്കാരം അനിവാര്യമായിരുന്നിരിക്കാം.

 


ഇതുംകൂടി വായിക്കാം; അക്ഷരമാലയും ഭാഷാപഠനവും


 

എന്നാല്‍ ഇന്ന് കേരളവും ലോകവും മലയാളഭാഷയുമെല്ലാം അരനൂറ്റാണ്ടിലേറെ മുന്നേറ്റം നടത്തിയിരിക്കുന്നു. ടെെപ്പ്റെെറ്ററുകള്‍ പുരാവസ്തു മ്യൂസിയങ്ങളില്‍ കേവലം കാഴ്ചവസ്തുക്കളായി മാറിയിരിക്കുന്നു. മലയാളം മാത്രമല്ല അതീവ സങ്കീര്‍ണങ്ങളായ പൂര്‍വേഷ്യന്‍ ഭാഷകളായ ചെെനീസ്, ജാപ്പനീസ്, കൊറിയന്‍ തുടങ്ങിയവയുടെ മുദ്രാക്ഷരങ്ങള്‍ യുണികോഡ് സാങ്കേതികവിദ്യയിലൂടെ അവയുടെ തനിമയോടെ അച്ചടിക്ക് ഉപയോഗിക്കുകയും ഒരുപക്ഷെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള അവ പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ വേണം മലയാളഭാഷയ്ക്ക് സാര്‍വത്രിക ലിപിസഞ്ചയം എന്ന ആവശ്യത്തെ സമീപിക്കാന്‍. പലതവണ, അതാതു ഘട്ടത്തിലെ ആവശ്യങ്ങള്‍ക്കുവേണ്ടി വികല പരിഷ്കാരങ്ങള്‍ക്ക് വിധേയമായ വെട്ടിമുറിക്കപ്പെട്ട മലയാളഭാഷാ ലിപിസഞ്ചയത്തെ അതിന്റെ തനിമയോടും സൗന്ദര്യത്തോടും സംരക്ഷിക്കാന്‍ ഇന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമുക്ക് കഴിയും. ഔദ്യോഗിക പിന്തുണ യാതൊന്നും കൂടാതെ ത്യാഗപൂര്‍ണവും സുദീര്‍ഘവുമായ കഠിനയത്നത്തിലൂടെ അത് സാധ്യമാക്കിയ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും രചന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെെപ്പോഗ്രാഫിയുടെയും സായാഹ്ന ഫൗണ്ടേഷന്റെയും മറ്റും പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാവുന്നതല്ല. വസ്തുത ഇതായിരിക്കെ ഒരിക്കല്‍ക്കൂടി മലയാള ലിപി പരിഷ്കാരത്തിനായി സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ ഭാഷാസ്നേഹികള്‍ ഉല്‍ക്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. അമ്പതുവര്‍ഷം മുമ്പ് ഒരുപക്ഷെ അനിവാര്യമെന്നു കരുതിയ ലിപി പരിഷ്കാരവും അതിന്റെ തുടര്‍ച്ചയും വികലമാക്കിയ മലയാള ലിപിയെ അതിന്റെ പൂര്‍ണതയിലും ചരിത്രപരവും നരവംശശാസ്ത്രപരവുമായ അതിന്റെ തനിമയിലും സൗന്ദര്യത്തിലും സംരക്ഷിക്കുന്നതിനായിരിക്കണം ഊന്നല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.