പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചകളെന്ന പേരില്‍ ചില മാധ്യമങ്ങളില്‍ ബുധനാഴ്ച വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തങ്ങള്‍ സ്വപ്നത്തില്‍പോലും ആലോചിക്കാത്തതുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതൊന്നും യാഥാര്‍ത്ഥ്യമല്ലെന്നും ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോണ്‍ പോളിനെപ്പോലെ മികച്ച തിരക്കഥാകൃത്തുക്കളായി ഉയര്‍ന്ന് വരാനുള്ള ഭാവന ഉണ്ടാകട്ടെയെന്നും കാനം പരിഹസിച്ചു.
പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ പലര്‍ക്കും പല അഭിപ്രായങ്ങളും ഉണ്ടാകും. പക്ഷേ തീരുമാനം പാര്‍ട്ടി ഏകകണ്ഠമായാണ് എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. സിപിഐയുടെ സംസ്ഥാന രാഷ്ട്രീയത്തിലെ നിലപാടുകളും പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുളളത്. എവിടെയെങ്കിലും കുഴപ്പമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അര്‍ത്ഥശൂന്യമാണെന്നും കാനം പറഞ്ഞു.
യുവകലാസാഹിതി സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അവര്‍ സില്‍വര്‍ ലൈന്‍ പോലുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകള്‍ നടത്തിയ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയോട് വിശദീകരണം ചോദിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതായും കാനം ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
ഔദ്യോഗിക നടപടികളെ തടയാന്‍ വരുന്നവരെ തടയേണ്ടത് പൊലീസിന്റെ ചുമതലയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരെയും സന്തോഷമായി സ്വീകരിച്ച് ആശ്ലേഷിച്ച് ചുംബിച്ചിട്ടുള്ള പൊലീസ് ഒരു കാലത്തും ഉണ്ടായിട്ടില്ല. അവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഉള്ള ചുമതലയാണ് പൊലീസിനുള്ളത്. അതിക്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല. കെ റയില്‍ സംവാദം എല്‍ഡിഎഫ് അല്ല സര്‍ക്കാരാണ് സംഘടിപ്പിക്കുന്നത്. ആരെ ക്ഷണിക്കണം എന്ന് എല്‍ഡിഎഫ് അല്ല നിര്‍ദേശം കൊടുക്കുന്നതെന്നും കാനം പറഞ്ഞു. ലോകത്ത് ഒരു മനുഷ്യരും സഞ്ചരിക്കാന്‍ വേഗത കൂടിപ്പോയി എന്ന് പരാതി പറഞ്ഞിട്ടില്ല. 12 മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്നാല്‍ മതിയെന്നുള്ളവര്‍ സാധാരണ ട്രെയിനിന് വരട്ടെയെന്നും നാല് മണിക്കൂര്‍ കൊണ്ട് വരാനാഗ്രഹിക്കുന്നവര്‍ക്ക് സൗകര്യമുണ്ടാക്കരുത് എന്ന് പറയരുതെന്നും കാനം വ്യക്തമാക്കി.
ദുരന്തനിവാരണവകുപ്പ് എന്നൊരു വകുപ്പ് 2016 ലും 2021 ലും റവന്യു വകുപ്പിനൊപ്പമില്ല. റവന്യു കെ വകുപ്പിന്റെ ഭാഗമായി ദുരന്തനിവാരണവകുപ്പുണ്ട് എന്നത് മാത്രമേ ഉള്ളു. പുതിയ വകുപ്പ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു പുതിയ കാര്യം സംബന്ധിച്ച് പഠിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയം നോക്കണ്ട കാര്യം ഇല്ലെന്നും ഗുജറാത്തിലാണ് എന്ന് കരുതി ഒരു പുതിയ കാര്യം പഠിക്കണ്ട എന്നില്ലല്ലോയെന്നും ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. പഠിച്ച ശേഷം നടപ്പാക്കുമ്പോള്‍ കൂടിയാലോചന വേണമെന്നേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് നേതാക്കള്‍ എന്ത് പ്രസ്താവന നടത്തിയാലും ഇടതുപക്ഷ ജനാധിപത്യമുന്നണി വിപുലീകരിക്കുന്നതിനെക്കുറിച്ച് എല്‍ഡിഎഫ് ചിന്തിച്ചിട്ടില്ല. ഇക്കാര്യം സിപിഐയും സിപിഐ(എം) ഉം വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.
English Summary: CPI State Council meeting: News is baseless
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.