22 November 2024, Friday
KSFE Galaxy Chits Banner 2

ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
April 30, 2022 12:33 am

1944ലെ ആ സായാഹ്നത്തിൽ, രാജ്ഭവൻ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബോംബെയിലെ കേന്ദ്ര ഓഫീസില്‍ ജനറൽ സെക്രട്ടറി പി സി ജോഷിയുടെ മുറിയിലേക്ക് കടന്നുവന്ന ആ ഭാര്യാ ഭർത്താക്കന്മാർ പല സവിശേഷതകളുമുള്ളവരായിരുന്നു. ജോഷിയുടെ സെക്രട്ടറിയായ പാർവതി കുമാരമംഗലമാണ് അവരെ, പാർട്ടി കമ്മ്യൂൺ കൂടിയായി പ്രവർത്തിക്കുന്ന, സാൻഡ് ഹെഴ്സ്റ്റ് റോഡിലെ രാജ്ഭവനിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പാർവതിയെ പോലെ തന്നെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായ രണ്ട് ‘വിലായത്തി‘കളായ (വിദേശത്തു നിന്നെത്തിയവർ) കലാപ്രവർത്തകന്‍ ബൽരാജ് സാഹ്നിയും ജീവിതസഖാവ് ദമയന്തിയുമായിരുന്നു അത്.
ലണ്ടൻ ആസ്ഥാനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷനിൽ ഹിന്ദി അനൗൺസറും സ്ക്രിപ്റ്റ് റൈറ്ററുമൊക്കെയായി കുറച്ചുകാലം പ്രവർത്തിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ബൽരാജ് സാഹ്നിയും ദമയന്തിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ആ കൂടിക്കാഴ്ച.

 


ഇതുകൂടി വായിക്കൂ: കര്‍മ്മധീരയായ കമ്മ്യൂണിസ്റ്റ് വനിത


പഞ്ചാബിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ബൽരാജ്, ബിരുദധാരിയായ ഏതൊരു പഞ്ചാബി യുവാവിനെയും പോലെ ബ്രിട്ടീഷുകാരുടെ കീഴിൽ ഉന്നത ഉദ്യോഗം നേടി ജീവിതം ആഘോഷമാക്കുന്നതിനു പകരം നേരെ ശാന്തിനികേതനിൽ ചെന്ന് ടാഗോറിന്റെ ആത്മീയശിഷ്യനായി തീരുകയാണ് ചെയ്തത്. എന്നാൽ ശാന്തിനികേതനത്തിന്റെ സുഖശീതളമായ അന്തരീക്ഷത്തിൽ അധിക കാലം തുടരാൻ ബൽരാജിന് താല്പര്യമുണ്ടായിരുന്നില്ല. തിളച്ചുമറിയുകയായിരുന്ന സ്വാതന്ത്ര്യപ്രക്ഷോഭം കാന്തശക്തിയോടെ ആ യുവാവിനെ വലിച്ചുപുറത്തുകൊണ്ടുവന്നു. ഗുരുദേവിന്റെ സവിധത്തിൽ നിന്ന് മഹാത്മാവിന്റെ സന്നിധാനത്തിൽ — സേവാഗ്രാമിൽ ചെന്നു ചേക്കേറിയ ബൽരാജ്, അവിടെയും പൂർണ തൃപ്തനായിരുന്നില്ല. അവസാനിക്കാത്ത അന്വേഷണവുമായി അങ്ങനെ മനസുകൊണ്ട് ഉഴലുമ്പോഴാണ് മഹാത്മജിയെ സന്ദർശിക്കാനെത്തിയ ബിബിസിയുടെ റിപ്പോർട്ടർ “ഞങ്ങളോടൊപ്പം ചേരുന്നോ?” എന്നു ചോദിക്കുന്നത്. വിശാലമായ ലോകത്തെ കൂടുതലറിയാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ, ലണ്ടനിലെത്തി പുതിയ ജീവിതം തുടങ്ങിയ സാഹ്നി ദമ്പതികൾ അധികം വൈകാതെ, കമ്മ്യൂണിസ്റ്റ് പാർട്ടി നയിച്ച ഫാസിസ്റ്റ് വിരുദ്ധ സമരത്തിലെ വീറുറ്റ പോരാളികളായി.

 


ഇതുകൂടി വായിക്കൂ:  വി കെ യുവ കമ്മ്യൂണിസ്റ്റുകാരെ പ്രചോദിപ്പിച്ച നിസ്വാര്‍ത്ഥന്‍


ബൽരാജ്-ദമയന്തി ദമ്പതികൾ എത്തുന്നതിന് മുമ്പ് പാർവതി അവരെക്കുറിച്ചുള്ള വിശദമായ ഒരു ചിത്രം ജോഷിക്ക് നൽകിയിരുന്നു. രണ്ടുപേരും മനുഷ്യപ്പറ്റുള്ള ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞു നിർത്തിയിട്ട്, ചെറിയൊരു കുസൃതിഭാവവും തിളങ്ങുന്ന കണ്ണുകളുമായി ഒരു കാര്യം കൂടി പാർവതി കൂട്ടിച്ചേർത്തു. “അവരെ രണ്ടുപേരെയും കാണാൻ എന്തൊരു ഭംഗിയാണെന്നോ!”

 


ബൽരാജിനെയും ദമയന്തിയെയും ഇപ്റ്റയുടെ നേതൃത്വത്തിലേക്കും അതുവഴി പാർട്ടി പ്രവർത്തനത്തിലേക്കും സജീവമായി കൊണ്ടുവരുന്ന കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്നുള്ളതായിരുന്നു പാർട്ടി സെക്രട്ടറിയോടുള്ള പാർവതിയുടെ അഭ്യര്‍ത്ഥന. എന്നാൽ അവർ രണ്ടുപേരേയും കുറിച്ച് ഇതിൽക്കൂടുതൽ വിവരങ്ങൾ മറ്റൊരാൾ പറഞ്ഞ് തനിക്ക് അറിയാമെന്ന വസ്തുത ജോഷി പാർവതിയോട് അപ്പോഴും പറഞ്ഞില്ല.
കുറച്ചുകഴിഞ്ഞ് പാർവതിയോടൊപ്പം സാഹ്നി ദമ്പതികൾ മുറിയിലേക്ക് കടന്നുവന്നപ്പോൾ ജോഷി കസേരയിൽ നിന്നെഴുന്നേറ്റു നിന്നുകൊണ്ടാണ് അവരെ എതിരേറ്റത്. “ബിബിസിയിൽ നിന്ന് കിട്ടിയിരുന്ന വലിയശമ്പളം കൊണ്ടാണ് നിങ്ങൾ ലണ്ടനിൽ കഴിഞ്ഞത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷം എന്താണ് ജീവിതമാർഗമായി കണ്ടിട്ടുള്ളത്?” ജോഷി ചോദിച്ചു.

 


ഇതുകൂടി വായിക്കൂ:  എം എസ്: യശോധാവള്യമുള്ള കമ്മ്യൂണിസ്റ്റ്


അതിന് കൃത്യമായ മറുപടി പറഞ്ഞത് ദമയന്തിയാണ്. “ഞാൻ പൃഥ്വി തിയേറ്റേഴ്സിൽ ചേർന്നുകഴിഞ്ഞു. എനിക്കിഷ്ടമുള്ളിടത്തോളം കാലംവരെ അവിടെ തുടരാമെന്നാണ് പൃഥ്വിരാജ് കപൂർ പറഞ്ഞിരിക്കുന്നത്. പക്ഷെ ബൽരാജിന്റെ കാര്യം — ഇപ്റ്റയിലെ ഒരു മുഴുവൻ സമയ പ്രവർത്തകനാകാൻ ബൽരാജ് തയാറാണ്. വേതനമൊന്നും ആവശ്യമില്ല. ഇപ്റ്റയ്ക്ക് ഇപ്പോൾ പ്രവർത്തകരെ ആവശ്യമുള്ള സമയമാണല്ലോ”.
ഇപ്റ്റയിൽ പ്രവർത്തിക്കാൻ സന്നദ്ധത കാട്ടിയ ബൽരാജിനോട് നന്ദി പറഞ്ഞുകൊണ്ട് ജോഷി ഒരു കാര്യം ചൂണ്ടിക്കാട്ടി. ഇപ്റ്റയുടെ സംഘാടക ചുമതലയേറ്റെടുക്കുന്ന ഒരാൾക്ക് നഗരത്തിലങ്ങോളമിങ്ങോളവും പട്ടണ പ്രാന്തങ്ങളിലുമൊക്കെ ധാരാളം സഞ്ചരിക്കേണ്ടിവരും. ആരാലും തിരിച്ചറിയപ്പെടാതെ ഇത്തിരിവട്ടങ്ങളിൽ മാത്രമായൊതുങ്ങിക്കൂടുന്ന ധാരാളം പ്രതിഭകളുണ്ടാകും, അവിടങ്ങളിലൊക്കെ. അങ്ങനെയുള്ളവരെ കണ്ടുപിടിച്ച് ഇപ്റ്റയിലേക്ക് റിക്രൂട്ട് ചെയ്യാൻ വേണ്ടിയാണ് ഈ ചുറ്റിത്തിരിയലുകള്‍.

 


ഇതുകൂടി വായിക്കൂ:  കൃഷ്ണപിള്ള കണ്ടെടുത്ത കമ്മ്യൂണിസ്റ്റ് വിപ്ലവകാരി


എന്നാൽ യാത്ര ഒരു പ്രശ്നമേയല്ലെന്നായിരുന്നു ബൽരാജിന്റെ മറുപടി. ലണ്ടനിൽ വച്ച് സ്വരുക്കൂട്ടിയുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്നൊരു ഭാഗം ഒരു മോട്ടോർ സൈക്കിൾ വാങ്ങാനായി മാറ്റിവച്ചിരിക്കുകയാണ്. അത് കയ്യിൽ കിട്ടിക്കഴിഞ്ഞാൽ ഏത് കുഗ്രാമത്തിൽ വേണമെങ്കിലും പോകാൻ താൻ തയാറാണ്. “എന്നാൽപ്പിന്നെ ഇനി ഒട്ടും വൈകിക്കേണ്ട. ജോലി തുടങ്ങിക്കോളൂ. പക്ഷെ ഒരു കാര്യം. താങ്കൾ എപ്പോഴെങ്കിലുമൊരു തനി ‘വിലായത്തി‘യുടെ സ്വഭാവം കാണിക്കുകയോ ഈ പണിക്ക് ഒട്ടും പറ്റിയ ആളല്ലെന്നു ഞങ്ങളുടെ സഖാക്കൾ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായാൽ, അപ്പോൾ നമുക്ക് ഇക്കാര്യം ഒന്ന് പുനഃപരിശോധിക്കേണ്ടി വരും”. ജോഷി പറഞ്ഞു. “ആ പരീക്ഷയിൽ ഫസ്റ്റ് ക്ലാസി;ൽ തന്നെ പാസാകാൻ ഞങ്ങൾ പരമാവധി ശ്രമിക്കും”. ബൽരാജ് മറുപടി നല്‍കി.

 


ഇതുകൂടി വായിക്കൂ:  ബാലറാം മാതൃകാ കമ്മ്യൂണിസ്റ്റ്: പന്ന്യൻ രവീന്ദ്രൻ


സാഹ്നി ദമ്പതികളെക്കുറിച്ച് നേരത്തെ തന്നെ ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായ ബെൻ ബ്രാഡ്‌ലിയിൽ നിന്നും ജോഷി കുറേ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടായിരുന്നു. ഘാട്ടെ, അധികാരി, ഡാങ്കെ എന്നിവർക്കും ജോഷിക്കുമൊപ്പം മീററ്റ് ഗൂഢാലോചന കേസിൽ പ്രതിയായിരുന്ന ബ്രാഡ്‌ലി, ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഇന്ത്യയുടെ പ്രതിനിധിയായിട്ടാണ് അറിയപ്പെട്ടിരുന്നത്. ആ നാളുകളിൽ ഇന്ത്യയിൽ നിന്ന് പഠിക്കാനായും മറ്റും ‘ബിലാത്തി‘യിൽ ചെല്ലുന്ന ചെറുപ്പക്കാരെ വിപ്ലവത്തിന്റെ പാതയിലേക്ക് ജ്ഞാനസ്നാനം ചെയ്യിക്കുന്ന കർമ്മമേറ്റെടുത്തിരുന്നത് ബ്രാഡ്‌ലിയും ആർപിഡി എന്ന രജ്നി പാം ദത്തുമാണ്.
ദമയന്തി ധൈര്യവും സ്ഥൈര്യവുമുള്ള, ഉറച്ച കമ്മ്യൂണിസ്റ്റുകാരിയാണെന്നും ബൽരാജാകട്ടെ കർമ്മനിരതനായ കലാകാരനാണെന്നും പ്രതിഭാസമ്പന്നരായ ആ രണ്ടുപേരെയും പാർട്ടിയുടെ സാംസ്കാരിക മുന്നണിക്കുവേണ്ടി നന്നായി പ്രയോജനപ്പെടുത്താവുന്നതാണെന്നുമൊക്കെ ബ്രാഡ്‌ലി ജോഷിയെ അറിയിക്കുകയും ചെയ്തിരുന്നു. ദമ്മോ, എന്ന് എല്ലാവരും വിളിച്ചിരുന്ന ദമയന്തിയാണ് ആദ്യം ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുക്കുന്നത്.

 


പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുണ്ടെന്നറിയിക്കാൻ വേണ്ടി ദമ്മോ ബ്രാഡ്‌ലിയെ അങ്ങോട്ടുചെന്നു കാണുകയായിരുന്നു. എന്നാൽ ആ വിവരം ബൽരാജിൽ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു. ബൽരാജിന്റെ ‘ബൊഹീമിയൻ’ (അരാജകത്വ) മനോഭാവം ഒരു പാർട്ടി സഖാവിന് ഉണ്ടായിരിക്കേണ്ട അച്ചടക്കവുമായി പൊരുത്തപ്പെടുന്നതല്ല എന്ന ദമയന്തിയുടെ തോന്നലായിരുന്നു അതിന്റെ കാരണം. കുറച്ചു ദിവസങ്ങൾക്കു ശേഷം ബൽരാജിനെ നേരിട്ടു കാണാനും പരിചയപ്പെടാനുമുള്ള അവസരമുണ്ടായപ്പോൾ, ബ്രാഡ്‌ലിക്ക് ആളെ ഇഷ്ടപ്പെട്ടു. അന്ന് ഭർത്താവിനെ ഒപ്പം കൂട്ടാതിരുന്നത് എന്തുകൊണ്ടാണെന്ന് ബ്രാഡ്‌ലി ദമയന്തിയോട് ചോദിച്ചപ്പോൾ ദമ്മോ സത്യം തുറന്നു പറഞ്ഞു. എല്ലാ സ്ത്രീ സഖാക്കളും തങ്ങളുടെ ഭർത്താക്കന്മാരെ കുറിച്ച് ഇങ്ങനെതന്നെയാണ് കരുതുന്നതെന്ന് പറഞ്ഞ ബ്രാഡ്‌ലി ദമ്മോ അടുത്ത തവണ വരുമ്പോൾ ബൽരാജിനെ കൂട്ടികൊണ്ടുവരണമെന്ന് കർശനമായി പറഞ്ഞു. അങ്ങനെ കൂടിക്കണ്ട വേളയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമാകണമെന്ന് ബ്രാഡ്‌ലി ആവശ്യപ്പെട്ട ഉടനെതന്നെ മറുത്തൊരക്ഷരം പോലും പറയാതെ ബൽരാജ് സമ്മതിക്കുകയും ചെയ്തു. ദമയന്തിയുടെ ‘തോന്നലി‘നെ കുറിച്ചുപറഞ്ഞ് എല്ലാവരും ഒരുപാട് ചിരിക്കുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ:  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഭാവിയിലേക്കുള്ള വഴികൾ


നാനൂറു രൂപ പ്രതിമാസ ശമ്പളത്തിൽ പൃഥ്വി തിയേറ്റേഴ്സിൽ അഭിനയ ജീവിതമാരംഭിച്ച ദമയന്തിയുടെ സിനിമാപ്രവേശം, ഇപ്റ്റ തന്നെ നിർമ്മിച്ച് കെ എ അബ്ബാസ് സംവിധാനം ചെയ്ത ‘ധർത്തി കെ ലാലി‘ൽ ബൽരാജ് സാഹ്നിയുടെ നായികയായിട്ടായിരുന്നു. പക്വതയാർജ്ജിച്ച അഭിനേത്രി എന്ന നിലയിൽ ചലച്ചിത്രലോകത്തിന്റെ ശ്രദ്ധ നേടാനായെങ്കിലും ദമ്മോയ്ക്ക് പക്ഷെ സിനിമാഭിനയത്തോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. സിനിമയിൽ സജീവമായ ശേഷം തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം മുഴുവനും പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ വേണ്ടി രാജ്ഭവനിലെത്തിയ ദമ്മോയെ ജോഷി പാർട്ടി ഖജാൻജിയായ ഘാട്ടേയുടെ അടുത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ പേരിലുള്ള ‘ദുഷ് ചെലവി‘ന്റെ പേരിൽ ജോഷിയുമായി സദാ ശണ്ഠയിലേർപ്പെടാറുണ്ടായിരുന്ന ഘാട്ടേ, സാമാന്യം വലിയ ഒരു തുക ലഭിച്ചപ്പോഴുണ്ടായ അത്ഭുതവും സന്തോഷവും മറച്ചുവച്ചില്ല.

 


ഇതുകൂടി വായിക്കൂ:  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം


ഇത്രയും വലിയൊരു സംഭാവന കിട്ടിയ സംഭവം ആഘോഷിക്കാനായി എല്ലാവരും കൂടി നേരെ ‘ആയി‘യുടെ അടുക്കലേക്ക് പോയി (ബോംബെയിലെ വിവിധ ആശുപത്രികളിൽ നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുള്ള മംഗലാപുരംകാരിയായ കല്യാണിബായ് സെയ്ത് എന്ന ആയി, കമ്മ്യൂണിലെ എല്ലാ അന്തേവാസികൾക്കും ഭക്ഷണം വച്ചുവിളമ്പുകയും അവരെ ഊട്ടുകയും കണ്ണുപൊട്ടുംവിധം ശകാരിക്കുകയും സ്നേഹവാത്സല്യങ്ങൾ പകർന്നു നൽകുകയുമൊക്കെ ചെയ്തുകൊണ്ട് അവിടെയാകെ നിറഞ്ഞുനിന്ന അമ്മയായിരുന്നു).
ആഘോഷം നടത്താനുള്ള ചെലവുകൾക്കായി ഘാട്ടെ ഒരു അഞ്ചു രൂപാ നോട്ട് ആയിയുടെ നേർക്ക് നീട്ടി.
“അതിന്റെ ആവശ്യമില്ല” എന്ന് ലേശം അഹങ്കാരഭാവത്തിൽ നിരസിച്ചുകൊണ്ട് ആയി നേരെ അടുക്കളയിലേക്ക് പോയി എല്ലാവർക്കും ഒന്നാന്തരം കോഫി ഉണ്ടാക്കാനുള്ള നിർദേശം നൽകി. മടങ്ങിവന്ന് സ്വന്തം മുറിയിലുള്ള ഷെൽഫ് തുറന്ന് ഒരു ഭരണിയും കുറെ പ്ലേറ്റുകളുമെടുത്തു. കപ്പലണ്ടിയും ഉണങ്ങിയ കൊപ്രാകഷ്ണങ്ങളും അരി വറുത്തുപൊടിച്ചതുമെല്ലാം കൂടി ഒരുമിച്ചുചേർത്ത് തയാറാക്കിയ, ഗംഭീര സ്വാദുള്ള ഒരു മംഗലാപുരം വിഭവം എല്ലാവർക്കുമായി വിളമ്പി. എന്നിട്ട് കട്ടിലിന്റെ അടിയിൽ നിന്ന് ഒരു കൂട പുറത്തെടുത്തു. പ്രമുഖ ഭിഷഗ്വരനും സമാധാനപ്രസ്ഥാനത്തിന്റെ നേതാവുമായ ഡോ. ബാലിഗ കശ്മീരിൽ നിന്ന് മടങ്ങിവന്നപ്പോൾ കമ്മ്യൂണിൽ എല്ലാവർക്കുമായി കൊടുത്തയച്ച കുറേ ആപ്പിളായിരുന്നു ആ കൂടയിൽ.

 


ഇതുകൂടി വായിക്കൂ:  കമ്മ്യൂണിസ്റ്റ് കർമ്മയോഗി


അങ്ങനെ ആഘോഷം പൊടിപൊടിച്ചപ്പോൾ ജോഷി ഘാട്ടെയെ ഒന്നു ‘തോണ്ടി’. “കോമ്രേഡ് ഘാട്ടെ, നിങ്ങളുടെ കയ്യിൽ നിന്ന് ഒറ്റ പൈ പോലും ചിലവാക്കാതെ, ഇപ്പോൾ കിട്ടിയ ഈ സൽക്കാരം എങ്ങനെയുണ്ട്? അതും പോരാഞ്ഞിട്ട് ഒരു ഉഗ്രൻ സംഭാവനയും”. ഘാട്ടെ അപ്പോൾ നല്ല മൂഡിലായിരുന്നു. “ഒരു കാര്യം പറയാൻ വിട്ടുപോയി കോമ്രേഡ് ജോഷി, ഈ വർഷം പാർട്ടിക്ക് കിട്ടിയ ഏറ്റവും വലിയ സംഭാവന ദമയന്തി തന്ന ഈ തുക തന്നെയാണ്.
ബൽരാജ് സാഹ്നിയുടെയും ദമയന്തി സാഹ്നിയുടെയും കഥ, അവരുടെ പ്രിയപ്പെട്ട പി സി ജിയുമായി ആ ദമ്പതികൾക്കുണ്ടായിരുന്ന ആത്മസൗഹൃദത്തിന്റെ കഥ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലെ തിളക്കമാർന്ന ഒരേടാണ്. സമരോജ്ജ്വലവും സംഘർഷഭരിതവുമായ ആ നാളുകളെ കുറിച്ച് ഇനിയൊരിക്കൽ.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.