24 November 2024, Sunday
KSFE Galaxy Chits Banner 2

ഫ്രഞ്ച് ഇടതുപക്ഷ ബദല്‍ ശ്രദ്ധേയം

Janayugom Webdesk
May 7, 2022 5:00 am

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം വേണ്ടിവന്നു അവിടത്തെ ഇടത് ജനാധിപത്യശക്തികളുടെ കണ്ണുതുറപ്പിക്കാൻ. വൈകിയെങ്കിലും ഒരിക്കലും ഉണ്ടാകാതെയിരിക്കുന്നതിനേക്കാൾ നല്ലതാണ് ആ തിരിച്ചറിവ് എന്ന് ബോധ്യപ്പെടാൻ ഏറെകാത്തിരിക്കേണ്ടി വരില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഫ്രഞ്ച് പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിനിൽക്കേയാണ് രാജ്യത്തെ സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻപാർട്ടിയും വിവിധ കമ്മ്യൂണിസ്റ്റ് ഇടതുപാർട്ടികളും തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടാൻ തീരുമാനിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാരീ ലെ പെൻ നയിച്ച തീവ്ര വലതുപക്ഷം ഉണ്ടാക്കിയ നേട്ടവും നിലവിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നയിച്ച മധ്യമാർഗ ഉദാരീകരണ രാഷ്ട്രീയത്തിന്റെ വിജയവുമാണ് ഇടതുജനാധിപത്യ ശക്തികളെ പുനർവിചിന്തനത്തിനു നിർബന്ധിതമാക്കിയത്. ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുസഖ്യ സ്ഥാനാർത്ഥി ജീൻ ലൂക് മെലെഞ്ചൊണ്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ രണ്ടാംവട്ട മത്സരത്തിൽ നിന്നും പുറത്തായത്.


ഇതുകൂടി വായിക്കൂ: ചിലിയിലും ഇടതുപക്ഷ പ്രസിഡന്റ്


തീവ്രദേശീയതയും വർണ വിദ്വേഷവും മതവെറിയും മുഖമുദ്രയാക്കിയ ലെ പെൻ അധികാരത്തിൽ വരരുതെന്ന ഫ്രഞ്ച് ജനതയുടെ നിശ്ചയദാർഢ്യമാണ് മക്രോണിന്റെ വിജയത്തിന് നിദാനം. എഴുപത്തിരണ്ട് ശതമാനം മാത്രം പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫ്രഞ്ച് ചരിത്രത്തിലെത്തന്നെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ്. ലെ പെനിനും മക്രോണിനും വോട്ടുചെയ്യാൻ ഫ്രഞ്ച് തൊഴിലാളിവർഗമടക്കം വലിയൊരുവിഭാഗം വിസമ്മതിച്ചു. മക്രോണിന് വോട്ടുചെയ്തവരിൽ നല്ലൊരുശതമാനവും ലെ പെൻ നയിക്കുന്ന തീവ്ര വലതുപക്ഷത്തെ തടയണമെന്നതുകൊണ്ട് മാത്രമാണ് അതിനു തയാറായത്. ഫ്രഞ്ച് ജനാധിപത്യം അപകടത്തിലാണ് എന്ന തിരിച്ചറിവാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇടത്, മതേതര, ജനാധിപത്യ ശക്തികൾക്ക് നൽകിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഏപ്രിൽ പത്തിന് നടന്ന ആദ്യഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് 2.3 ശതമാനം വോട്ട് ലഭിച്ചിരുന്നു. അതുകൂടി ലഭിച്ചിരുന്നെങ്കിൽ രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ലെ പെൻ ഒഴിവാക്കപ്പെടുമായിരുന്നു എന്നുമാത്രമല്ല ഫ്രാൻസിന് ഒരു ഇടതുപക്ഷ പ്രസിഡന്റിനുള്ള സാധ്യതയും തള്ളിക്കളയാൻ ആവുമായിരുന്നില്ല.


ഇതുകൂടി വായിക്കൂ: ബുള്‍ഡോസര്‍ രാജ്: ഇടതുപാര്‍ട്ടികള്‍ പ്രതിഷേധമാര്‍ച്ച് നടത്തി


തൊഴിലില്ലായ്മ, അതിസമ്പന്നർക്കുള്ള നികുതി ഇളവുകൾ, പ്രതിവർഷം കുതിച്ചുയരുന്ന പ്രതിരോധ ബജറ്റ്, സമൂഹത്തിൽ വളർന്നുവരുന്ന വര്‍ണവെറി, ഇസ്‌ലാം മത വിദ്വേഷം, വെട്ടിക്കുറയ്ക്കപ്പെടുന്ന സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവ മക്രോ ണിന്റെ ജനപ്രീതി ഗണ്യമായി ഇടിയാൻ കാരണമായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും തീവ്ര വലതുപക്ഷത്തിനു ഗണ്യമായ സ്വാധീനമുള്ള ഒരു പാർലമെന്റായിരിക്കും ജൂൺ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന ആശങ്ക മക്രോൺ തന്നെ പ്രകടിപ്പിച്ചിരുന്നു. പാർലമെന്റിന്റെ പിന്തുണകൂടാതെ തന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നയപരിപാടികൾ നടപ്പാക്കാൻ കഴിയാത്ത ദുർബലനായ പ്രസിഡന്റിനെ നിയന്ത്രിക്കാൻ അംഗബലമുള്ള ഒരു തീവ്ര വലതുപക്ഷ സാന്നിധ്യം അവിടെ ഉണ്ടാകുമെന്നും പരക്കെ ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യാഥാർത്ഥ്യബോധത്തോടെ ഇടത്, ജനാധിപത്യ, മതേതര, പാരിസ്ഥിതിക രാഷ്ട്രീയശക്തികൾ ഒരുമിച്ചു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനം മേയ് നാലിന് കൈക്കൊണ്ടിരിക്കുന്നത്. സാമൂഹിക, പാരിസ്ഥിതിക, ജനകീയ യൂണിയൻ എന്നപേരിൽ രൂപംകൊണ്ടിരിക്കുന്ന മുന്നണി ദശകങ്ങൾക്ക് ശേഷം ഫ്രാൻസിൽ രൂപംകൊള്ളുന്ന ഇടതുപക്ഷ, ജനാധിപത്യ, ദേശീയ ബദൽ ആയി പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കരസ്ഥമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തി പുറന്തള്ളപ്പെട്ട മെലെഞ്ചൊണ്‍ പ്രധാനമന്ത്രി ആയാലും അത്ഭുതപ്പെടേണ്ടതില്ലെന്നു അവർ കരുതുന്നു.


ഇതുകൂടി വായിക്കൂ: ഉത്തരാഖണ്ഡിൽ ഇടത് ഐക്യം


യൂറോപ്പിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും തീവ്ര വലതുപക്ഷവും വംശീയതയും വർണവെറിയും മതതീവ്രവാദവും നവഫാസിസ്റ്റ് പ്രവണതകളും അരങ്ങുതകർക്കുമ്പോൾ ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ, പാരിസ്ഥിതിക ആശയങ്ങളും ശക്തികളും അപകടം തിരിച്ചറിഞ്ഞ് പ്രായോഗിക ബദലുകൾക്ക് സന്നദ്ധമായി മുന്നോട്ടുവരുന്നു എന്നത് ശ്രദ്ധേയവും പ്രതീക്ഷയ്ക്ക് വകനൽകുന്നതുമാണ്. തീവ്ര വലതുപക്ഷ ശക്തികൾക്കും നിഷേധാത്മക ഫാസിസ്റ്റ് പ്രവണതകൾക്കും വളക്കൂറുള്ള മണ്ണാവുന്നത് കൊടിയ സാമ്പത്തിക ദുരിതങ്ങളും അത് ജന്മം നൽകുന്ന സാമൂഹിക അസമത്വങ്ങളും അസ്വസ്ഥതകളും ഇടത്, ജനാധിപത്യ, മതേതര, പുരോഗമനശക്തികളുടെ ശൈഥില്യവും ഭിന്നതകളുമാണ്. അത്തരമൊരു സാഹചര്യത്തെ മുറിച്ചുകടക്കാനുള്ള പ്രായോഗികവും ധീരവുമായ ബദലിനുള്ള ശ്രമമാണ് ഫ്രാൻസിൽ നടക്കുന്നത്. അതിന്റെ വിജയം ലോകത്തിനും ഇന്ത്യയ്ക്കും പ്രചോദനവും ആവേശവും പകർന്നുനൽകുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യൻ ജനാധിപത്യവും അത്തരം ഒരു ബദലിനുവേണ്ടിയുള്ള അന്വേഷണത്തിലും യത്നത്തിലും ആണെന്നുള്ളത് ഫ്രഞ്ച് പരീക്ഷണത്തെ ശ്രദ്ധേയമാക്കുന്നു.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.