21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 18, 2025
April 18, 2025
April 17, 2025
April 17, 2025

കേരളത്തിനെതിരെ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു

Janayugom Webdesk
June 19, 2022 7:00 am

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിനെതിരെ യുഡിഎഫും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങൾ അതിന്റെ എല്ലാ അതിർ വരമ്പുകളെയും ലംഘിച്ചുകൊണ്ട് അക്രമത്തിന്റെ പാതയിൽക്കൂടി പോവുകയാണ്. സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് തടയാനും ആക്രമിക്കാനും വരെ സമരക്കാർ തയാറാകുന്നു. റോഡേ പോയാലും തടയും ആകാശത്തുകൂടി പോയാലും തടയും എന്നൊരു സമീപനം കോൺഗ്രസിനുണ്ടോ എന്നറിയില്ല. എന്നാൽ ചില കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ആക്രമണ വാസനയുള്ള ആളുകൾക്ക് കൂടുതൽ ഊർജം പകരുന്നതാണ്. അത് ഉപേക്ഷിക്കാൻ അവരിപ്പോഴും തയാറാകുന്നില്ല. അണികൾ കൂടുതൽ കൂടുതൽ ആക്രമത്തിലേക്ക് തിരിയുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുന്നു. ഇത് ആർക്കും അംഗീകരിക്കാൻ കഴിയില്ല.

കേന്ദ്ര ഭരണകൂടത്തെ നിയന്ത്രിക്കുന്ന ബിജെപി നേതൃത്വം രാജ്യവ്യാപകമായി പ്രതിപക്ഷ, എതിർ ശബ്ദങ്ങളെ വേട്ടയാടുമ്പോഴാണ് കോൺഗ്രസ് ബിജെപിയോട് ചേർന്ന് കേരളത്തിൽ അക്രമ സമരങ്ങൾ അഴിച്ചുവിടുന്നത്. പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും കരിങ്കൊടികാണിക്കുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിൽ പുത്തരിയല്ല. എന്നാൽ എതിർ ശബ്ദങ്ങളുടെ നാവരിയുന്ന ബിജെപി ഭരണകൂടം പ്രക്ഷോഭകരുടെ വാസസ്ഥലങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിക്കൊണ്ടിരിക്കുകയാണ്. ഡൽഹി, യുപി, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ പൊലീസിനെ ഉപയോഗിച്ച് പ്രക്ഷോഭകരെ അടിച്ചമർത്തുകയും പ്രാദേശിക ഭരണകൂടത്തെക്കൊണ്ട് വീടുകൾ ഇടിച്ചു നിരത്തുകയും ചെയ്യുന്നത് ഇപ്പോൾ ഇന്ത്യയിൽ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രവാചക നിന്ദയ്ക്കെതിരെ ശബ്ദമുയർത്തിയ ഇസ്‌ലാം മതവിശ്വാസികൾക്ക് കയറിക്കിടക്കാൻ ഒരിടം കൊടുക്കരുത് എന്നതാണ് ഇതിന്റെ നീതിശാസ്ത്രം. അൻപത്തിയേഴ് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ”ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ” എന്ന സംഘടനയിലെ അംഗ രാഷ്ട്രങ്ങളെല്ലാം ഇന്ത്യക്കെതിരായ പ്രതിഷേധത്തിലാണ്.


ഇതും കൂടി വായിക്കാം; ഇന്ത്യയുടെ ദാരിദ്ര്യവും കേരളത്തിന്റെ മുന്നേറ്റവും


ലോക രാഷ്ട്രങ്ങളുടെ മുൻപിൽ ഇന്ത്യയെ നാണം കെടുത്തിയ ബിജെപി ഭരണകൂടം മതേതരത്വ ഇന്ത്യയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുകയാണ്. ലോകവ്യാപകമായി ഇത്രയും വലിയ പ്രതിഷേധമുയർന്നിട്ടും ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോഴും മൗനത്തിലാണ്. പ്രധാനമന്ത്രിയുടെ മൗനം ഇക്കാര്യത്തിൽ തീവ്ര ഹിന്ദുത്വ വാദികൾക്ക് ആവേശം നൽകുന്നു എന്നു വേണം വിചാരിക്കാൻ. ഒരു വശത്തുകൂടി ഹിന്ദുത്വ തീവ്രവാദം ശക്തിപ്പെടുത്തുകയും മറ്റൊരു വശത്തുകൂടി രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുകയുമാണ് ബിജെപി അവലംബിക്കുന്ന മാർഗം. അതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി നേതൃത്വം വളരെ പകയോടും ക്രൂരമായും ഉപയോഗിക്കുന്നു. കോൺഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സോണിയാ ഗാന്ധിയെയും മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചാണ് വേട്ടയാടുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടിനെയും അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെയും ഇഡി പിടികൂടി. മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെയും മകനെയും കേന്ദ്ര ഏജൻസികൾ പിടികൂടി തടവിലാക്കിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെയും കർണാടകത്തിലെ കോൺഗ്രസ് നേതാക്കളെയും അവർ വേട്ടയാടി. കേരളത്തിലെ ബിജെപി നേതൃത്വം കേരള മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും മറ്റു പല ഇടതുപക്ഷ നേതാക്കളെയും ഇഡിയെയും എൻഐഎയെയും ഉപയോഗിച്ച് വേട്ടയാടാൻ കരുക്കൾ നീക്കുകയാണ്. ബിജെപിയുടെ ഫാസിസ്റ്റു തന്ത്രങ്ങൾ മനസിലാക്കാൻ കഴിയാതെ കോൺഗ്രസ് ബിജെപിയുടെ വലയിൽ അകപ്പെട്ടിരിക്കുകയാണ്. കേരളാ പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും പ്രതിപ്പട്ടികയിൽ ആദ്യസ്ഥാനങ്ങൾ തന്നെ നൽകിയ കുപ്രസിദ്ധരായ സ്വർണക്കടത്തുകാരുടെ പ്രസ്താവനകളെ സമരായുധമാക്കുന്നത് എത്രയോ ബാലിശമായ സമീപനമാണ്. അതിനെ രാഷ്ട്രീയ പാപ്പരത്വമെന്നല്ലാതെ മറ്റൊന്നും പറയാനുമില്ല.


ഇതും കൂടി വായിക്കാം; തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുക


കേരളീയ സമൂഹത്തിന്റെ മുൻപിൽ എല്ലാ നിലയിലുമുള്ള വിശ്വാസ്യതയും നഷ്ടപ്പെട്ട വ്യക്തികൾ മാധ്യമങ്ങളെക്കൂടി കൂട്ടുപിടിച്ചു നടത്തുന്ന അടിസ്ഥാനരഹിതമായ അവാസ്തവ പ്രസ്താവനകൾക്ക് അത് അർഹിക്കുന്ന അവജ്ഞ മാത്രമെ ലഭിക്കാൻ പോകുന്നുള്ളു. ഗവൺമെന്റിന്റെ തെറ്റുകുറ്റങ്ങളെ ചൂണ്ടിക്കാണിക്കാൻ വ്യവസ്ഥാപിതമായി തന്നെ പ്രതിപക്ഷത്തിന് അവകാശമുണ്ട്. പക്ഷെ അത് ചർച്ചകളിൽക്കൂടി പൊതുജനങ്ങളെയാണ് ബോധ്യപ്പെടുത്തേണ്ടുന്നത്. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ബാലറ്റു യുദ്ധത്തിൽ അവ ബോധ്യപ്പെടുന്ന ജനങ്ങൾ അവരുടെ വിധി നിർണയിച്ചു കൊള്ളും. അല്ലാതെ വ്യക്തികളെ ആക്രമിച്ചും കുടുംബാംഗങ്ങളെയും വീടും ഓഫീസുമെല്ലാം ആക്രമിച്ചും ഭീകരാന്തരീക്ഷമുണ്ടാക്കുന്നത് രാഷ്ട്രീയ കാടത്തമാണ്. അതിന് വളം വച്ചു കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ അപക്വമായ സമീപനങ്ങൾ ഒഴിവാക്കി അണികളെ നിയന്ത്രിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.