സിപിഐ(എം) ആസ്ഥാനമായ എകെജി സെന്ററിനുനേരെ നടന്ന ആക്രമണത്തെക്കുറിച്ച് നിയമസഭാസമ്മേളനം ചർച്ചചെയ്യും. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന പി സി വിഷ്ണുനാഥുൾപ്പെടെ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നൽകിയ അടിയന്തര പ്രമേയത്തിനാണ് അനുമതി. പതിനഞ്ചാം സഭയുടെ അഞ്ചാം സമ്മേളനത്തിൽ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് സഭ നിർത്തിവച്ച് ചർച്ചചെയ്യുന്നത്. നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയും മറ്റ് പ്രതിപക്ഷ അംഗങ്ങളും നൽകിയ അടിയന്തര പ്രമേയവും സഭ ചർച്ചചെയ്തിരുന്നു.
സിപിഐ(എം)ന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ആക്രമണം പാർട്ടി അംഗങ്ങളിലും അണികളിലും അമർഷ മുണ്ടായ സംഭവമാണ്. അതുകൊണ്ടുതന്നെ സഭ നിർത്തിവച്ച് ചർച്ചചെയ്യുന്നത് ഉചിതമാണെന്ന് വിഷ്ണുനാഥിന്റെ നോട്ടീസിന് മുഖ്യമന്ത്രി പിറണായി വിജയൻ മറുപടി നൽകുകയായിരുന്നു. ഇതനുസരിച്ച് ഉച്ചക്ക് ഒരു മണി മുതൽ മൂന്നു വരെയാണ് പ്രമേയം ചർച്ചചെയ്യാമെന്ന് സ്പീക്കർ എം ബി രാജേഷ് സഭയെ അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നിലത്തിട്ട് തകർത്തതിന്റെ തെളിവുകൾ പൊലീസ് പുറത്തുവിട്ട ദിവസം കൂടിയായതിനാൽ എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ചൂടേറും. പ്രമേയം അവതരിപ്പിക്കുന്ന പി സി വിഷ്ണുനാഥിനുപുറമെ, എം എം മണി, റോജി എം ജോണ്‍, പി എസ് സുപാല്‍, കെ പി എ മജീദ്, ഡോ.എന്‍ ജയരാജ്, കെ കെ രമ, കെ വി സുമേഷ്, അനൂപ് ജേക്കബ്, കോവൂര്‍ കുഞ്ഞുമോന്‍, കടകംപിള്ളി സുരേന്ദ്രന്‍ എന്നിവരും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് ചര്‍ച്ചയില്‍ കക്ഷികള്‍ക്കുവേണ്ടി സംസാരിക്കുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി നല്‍കും.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്എഫ്ഐക്ക് പങ്കില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്. ഇതോടെ എസ്എഫ്ഐക്കാർ ആണ് ഗാന്ധിചിത്രം നശിപ്പിച്ചതെന്ന കോൺഗ്രസുകാരുടെ ആരോപണം പൊളിഞ്ഞിരിക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകർ കൽപ്പറ്റയിലെ എംപി ഓഫീസിൽ കയറിയ സമയത്ത് ഗാന്ധിയുടെ ചിത്രം ചുവരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായിരിക്കുന്നത്. സമരത്തിന് ശേഷം 25 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫിസിനുള്ളിൽ കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫീസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. എംപിയുടെ ഓഫിസ് ആക്രമണം നടന്ന ശേഷം കോൺഗ്രസ് നേതാക്കൾ ഓഫിസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ്എഫ്ഐക്കാർ തകർത്തെന്ന ആരോപണം ഉന്നയിക്കുന്നത്. നിലത്ത് കിടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫീസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.
English summary: kerala assembly to discuss akg centre attack for two hours from 1 pm today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.