22 November 2024, Friday
KSFE Galaxy Chits Banner 2

ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍

Janayugom Webdesk
July 5, 2022 5:15 am

ര്‍ത്തമാനകാല ലോകത്തെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലെ സംഭവവികാസങ്ങള്‍ സമാനമായ ചരിത്ര പശ്ചാത്തലങ്ങളില്‍ വിവിധ രാഷ്ട്രങ്ങളില്‍ എന്താണ് സംഭവിച്ചത് എന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാതെ മനസിലാക്കാന്‍ സാധ്യമല്ല. പൊതുവെ ഒരു രാഷ്ട്രത്തിലെ ഭരണകൂടം ദുര്‍ബലമാവുകയും സാമ്പത്തികരംഗം അഴിമതിയും അസമത്വവും കാരണം കുത്തഴിഞ്ഞ അവസ്ഥയിലെത്തുകയും ചെയ്യുമ്പോഴാണ് ഫാസിസ്റ്റുകള്‍ക്ക് അവര്‍ ഒളിച്ചിരിക്കുന്ന ഇരുണ്ട ഇടനാഴികളില്‍ നിന്ന് പകല്‍വെളിച്ചത്തേക്കിറങ്ങാന്‍ അവസരമൊരുങ്ങുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ അപമാനകരമായ തോല്‍വിക്കു ശേഷം 1918 നവംബര്‍ 11ന് വെയ്‌മര്‍ ഭരണകൂടം വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടുകയും ആ കരാറിലെ ഭീമമായ നഷ്ടപരിഹാരത്തുക നല്കുവാന്‍ സാധിക്കാതെയും വ്യവസായിക ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാവാതെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും വ്യവസ്ഥാപിത സര്‍ക്കാരുകള്‍ക്ക് ജര്‍മ്മനിയില്‍ ഭരണം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് നാസികള്‍ അധികാരത്തിലേക്ക് വരുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ജര്‍മ്മനിയില്‍ രൂപംകൊണ്ട തീവ്രദേശീയ ഗ്രൂപ്പുകളിലൊന്ന് മ്യൂണിക്കില്‍ ആന്റണ്‍ ഡ്രെക്‌സലര്‍ 1918 മാര്‍ച്ച് ഏഴിന് രൂപീകരിച്ച നാഷണല്‍ സോഷ്യലിസ്റ്റ് ലീഗ് ആയിരുന്നു. വാഴ്‌സ ഉടമ്പടിയെ എതിര്‍ക്കുക, മാര്‍ക്സിസത്തിന്റെ വ്യാപനം തടയുക, യഹൂദ വിരുദ്ധ പ്രചരണം നടത്തുക, ജര്‍മ്മന്‍ വംശീയതയുടെ ശ്രേഷ്ഠതയില്‍ വിശ്വസിക്കുക തുടങ്ങിയവയായിരുന്നു ഈ തീവ്രദേശീയ ഗ്രൂപ്പുകളുടെ രീതി. പല സ്ഥലങ്ങളിലും ഒത്തുചേര്‍ന്ന് ചര്‍ച്ചകളും മറ്റും സംഘടിപ്പിക്കുന്നതില്‍ നിന്ന് ഒരു പടികൂടി മുന്നോട്ടുപോയി. 1919 ജനുവരി അഞ്ചിന് ആന്റണ്‍ ഡ്രെക്‌സലര്‍ ഒരു പുതിയ രാഷ്ട്രീയകക്ഷി ജര്‍മ്മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി രൂപീകരിച്ചു. ‘സോഷ്യലിസ്റ്റ്’ എന്ന പദത്തിന് ‘സാമൂഹ്യക്ഷേമം’ എന്ന അര്‍ത്ഥം മാത്രമേയുള്ളുവെന്ന് ഡ്രെക്‌സലര്‍ വ്യക്തമാക്കി. ‘ആര്യന്‍ വംശത്തില്‍പ്പെട്ട ജര്‍മ്മന്‍ പൗരന്മാരുടെ ക്ഷേമം’ എന്ന് അത് കൂടുതല്‍ വ്യാഖ്യാനിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: നാസികള്‍ ഉന്മൂലനം ചെയ്ത റൊമാനികള്‍


പാര്‍ട്ടിയുടെ തുടക്കകാലം മുതലുള്ള നയം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മ്മനി (എസ്‌പിഡി), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ജര്‍മ്മനി (കെപിഡി) എന്നീ ഇടതുപക്ഷ കക്ഷികളെയും ജൂത സമൂഹത്തെയും ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് വ്യാജപ്രചരണങ്ങള്‍ നടത്തുക എന്നതായിരുന്നു. ഇവരുടെ യോഗങ്ങള്‍ തികച്ചും രഹസ്യസ്വഭാവമുള്ളതായിരുന്നു. 1919 ജൂലൈ മാസം ജര്‍മ്മന്‍ സൈന്യത്തിന്റെ ഒരു രഹസ്യ ഏജന്റായാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന അര്‍ധ ജൂത വംശജന്‍ ജര്‍മ്മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ അംഗമാവുന്നത്. രഹസ്യയോഗങ്ങളില്‍ തീപ്പൊരി പ്രസംഗം നടത്തിയ ഹിറ്റ്ലര്‍, സൈനിക മേധാവികളുടെ നിര്‍ദേശപ്രകാരം തന്നെ പാര്‍ട്ടിയുടെ 55-ാം നമ്പര്‍ അംഗമായി. ആന്റണ്‍ ഡ്രെക്‌സലറുടെ ഉറച്ച പിന്തുണയോടെ ഹിറ്റ്ലര്‍ 1920ല്‍ ജര്‍മ്മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പ്രചരണവിഭാഗ തലവനായി. 1920 ഫെബ്രുവരി 24ന് സംഘടിപ്പിച്ച യോഗത്തില്‍ ഹിറ്റ്ലര്‍ നാസി പാര്‍ട്ടിയുടെ 25 ഇന പ്രകടനപത്രിക അവതരിപ്പിച്ചു. വാഴ്‍സ ഉടമ്പടി റദ്ദാക്കുക എന്നതില്‍ തുടങ്ങി യഹൂദവിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവും ലിബറല്‍ വിരുദ്ധവും അതോടൊപ്പം തന്നെ മുതലാളിത്ത വിരുദ്ധവുമായിരുന്ന പത്രിക. അന്നുതന്നെ പാര്‍ട്ടിയുടെ പേര് നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി എന്നാക്കി മാറ്റി. ശുദ്ധമായ ആര്യന്‍ വംശജര്‍, അവരുടെ പങ്കാളിയും ശുദ്ധയായ ആര്യന്‍ വംശജയാണെങ്കില്‍ മാത്രമേ പാര്‍ട്ടി അംഗത്വം ലഭിക്കൂ എന്നായിരുന്നു ഔദ്യോഗിക നയം. ജൂതന്മാരുമായി പാര്‍ട്ടി അംഗങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവര്‍ നിരോധിച്ചു. ഹിറ്റ്ലര്‍ എന്ന അര്‍ധ ജൂതന്‍ സ്വന്തം വാക്കുകളില്‍ അഭിരമിച്ചുകൊണ്ട് ജൂതവിരുദ്ധ പ്രസംഗങ്ങള്‍ തുടര്‍ന്നു. ഒരു അഭിനേതാവിനെപ്പോലെ ജര്‍മ്മന്‍ ജനതയുടെ ‘ആര്യ’വംശ മഹത്വം പറഞ്ഞു, അത് ഒരു ചരിത്രപുസ്തകത്തിലും ഇല്ലായിരുന്നിട്ടും. ഒരു ആധികാരികതയുമില്ലാതെ യഹൂദരെ കുറിച്ച് വ്യാജ ആരോപണങ്ങളും നിരത്തിയുമാണ് ഈ അര്‍ധ ജൂതന്‍ അരാഷ്ട്രീയരായ മധ്യവര്‍ഗങ്ങള്‍‍ക്കിടയില്‍ അനുയായികളെ സൃഷ്ടിച്ചത്. പക്ഷെ, നാസി പാര്‍ട്ടിക്കുള്ളില്‍ ഹിറ്റ്ലറിന് എതിര്‍പ്പുണ്ടായി. പാര്‍ട്ടി സ്ഥാപകനും ചെയര്‍മാനുമായ ആന്റണ്‍ ഡ്രെക്‌സലര്‍ തന്നെ ഹിറ്റ്ലറിനെതിരായി. കോപാകുലനായ ഹിറ്റ്ലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വീണ്ടും 1921 ജൂലൈ 26ന് ഒരു സാധാരണ അംഗമായി ചേര്‍ന്നു. ഒരു പ്രത്യേക പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചുകൂട്ടി ആന്റണ്‍ ഡ്രെക്‌സലറെ ഒന്നിനെതിരെ 533 വോട്ടുകള്‍ക്ക് തോല്പിച്ച് പാര്‍ട്ടി ചെയര്‍മാനായി സ്ഥാനമേറ്റു. പാര്‍ട്ടിയുടെ ഫ്യൂറര്‍ അഥവാ ഏക നേതാവ് എന്ന പദവിയിലെത്തി. ഒരു പട്ടാളക്കാരനായി നാസി പാര്‍ട്ടിയിലെത്തിയ അര്‍ധ ജൂതന്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ നേതാവും പരമാധികാരിയുമായി.


ഇതുകൂടി വായിക്കൂ: നിര്‍ദ്ദിഷ്ട പിഡിപി നിയമം ഫാസിസത്തികവിലേക്ക്


ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ജര്‍മ്മനിയിലെ തൊഴിലാളി വര്‍ഗത്തെയും സാധാരണക്കാരെയും കൂടാതെ സ്ത്രീകളെയും യോജിപ്പിച്ചുകൊണ്ട് ഉയര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിലെ റോഡലക്സം ബര്‍ഗ് ഉള്‍പ്പെടെയുള്ള ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് കളമൊരുക്കുകയായിരുന്നു. 1919ല്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ പ്രഖ്യാപനം മ്യൂണിക്കില്‍ വച്ച് നടന്നു. നാസികള്‍ വംശീയ വിദ്വേഷം ആളിപ്പടര്‍ത്തിക്കൊണ്ട് ജര്‍മ്മനിയുടെ എല്ലാ ദുരന്തങ്ങള്‍ക്കും കാരണം ജൂതരാണെന്ന് പ്രചരിപ്പിച്ചപ്പോള്‍, വര്‍ഗസമത്വത്തിലധിഷ്ഠിതമായ ഒരു ജര്‍മ്മനിക്കായി നിലകൊണ്ട കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഹിറ്റ്ലറുടെ ഏറ്റവും കടുത്ത എതിരാളികളായി. ജര്‍മ്മനി നിലംപരിശായ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി, അതുമൂലമുണ്ടായ കടുത്ത തൊഴിലില്ലായ്മയും ദാരിദ്ര്യവും ഈ പൊതുവായ അരക്ഷിതാവസ്ഥയും നിയമരാഹിത്യവും മുതലെടുത്തുകൊണ്ട് മൂലധന ശക്തികള്‍ നടത്തിയ കൊടിയ ചൂഷണം ഇവയെല്ലാം ചേര്‍ന്ന് പൊതുസമൂഹത്തില്‍ രൂപപ്പെട്ട അസ്വസ്ഥതകളെ മധ്യവര്‍ഗത്തിന്റെയും ഭൂവുടമകളുടെയും മൂലധനശക്തികളുടെയും സഹായത്തോടെ ഹിറ്റ്ലര്‍ തങ്ങള്‍ക്കനുകൂലമായി മാറ്റി. അങ്ങേയറ്റം കാപട്യത്തോടെ തന്നെ.
മൂലധന ശക്തികള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ റോഡലക്സം ബര്‍ഗിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ‘സ്വാര്‍ട്ടസിസ്റ്റ്’ എന്ന ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തിപ്രാപിക്കുന്നത് തടയുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയാണ് നാസികളെ പിന്താങ്ങിയത്. നാസികള്‍ക്കും ഫാസിസത്തിനും അന്ന് പിന്തുണ നല്കിയവരില്‍ പലര്‍ക്കും അതിന്റെ പരിണിത ഫലമെന്തായിരിക്കുമെന്ന് വ്യക്തമായ ഒരു ധാരണയും ഉണ്ടായിരുന്നില്ല. 1923ല്‍ ബവേറിയയില്‍ അട്ടിമറിയിലൂടെ അധികാരം നേടാനുള്ള ഹിറ്റ്ലറുടെ പാളിപ്പോയ ശ്രമത്തിന് പിന്തുണ നല്കിയ ജര്‍മ്മന്‍ ജനറല്‍ ലുഡന്‍ ഡ്രോഫ് 1933 ല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ജനറല്‍ ഹിന്‍ഡന്‍ ബര്‍ഗ് അഡോള്‍ഫ് ഹിറ്റ്ലറെ ജര്‍മ്മന്‍ ചാന്‍സലറായി അവരോധിച്ചപ്പോള്‍ ഇങ്ങനെ കത്തയച്ചു; “ഹിറ്റ്ലറെ ജര്‍മ്മന്‍ റീഷിന്റെ ചാന്‍സലറായി അവരോധിച്ചതിലൂടെ പാവനമായ ഈ പിതൃരാജ്യത്തെ വാചകക്കസര്‍ത്തുകൊണ്ട് ജനവികാരമിളക്കി, ക്ഷുദ്ര രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരുത്തന്റെ കയ്യിലെത്തിച്ചിരിക്കുകയാണ്. ഈ ദുഷ്ടനായ മനുഷ്യന്‍ നമ്മുടെ ദേശത്തിന് അളവില്ലാത്ത ദുഃഖം വരുത്തിവയ്ക്കും. ഭാവിതലമുറകള്‍ നിങ്ങളുടെ ശവക്കല്ലറയില്‍ പോലും ഈ നടപടിക്ക് നിങ്ങളെ ശപിച്ചുകൊണ്ടിരിക്കും. വ്യക്തമായ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ അജണ്ടയൊന്നും മുന്നോട്ടുവയ്ക്കാനില്ലാതെ അധികാരത്തിലെത്തിയ ഹിറ്റ്ലറും നാസി പാര്‍ട്ടിയും ജൂതര്‍ക്കെതിരെയുള്ള വംശീയാധിക്ഷേപം വഴി ജര്‍മ്മനിയുടെ ഒന്നാം ലോകമഹായുദ്ധം സൃഷ്ടിച്ച സകല ദുരിതങ്ങളും ആയുധവുമായി ഒരു ബന്ധവുമില്ലാത്ത ജൂതരില്‍ അടിച്ചേല്‍പ്പിച്ച് ജര്‍മ്മനിയുടെ ആര്യവംശ പാരമ്പര്യം എന്ന ചരിത്ര ബന്ധമില്ലാത്ത ഒരു സങ്കല്പം സൃഷ്ടിച്ച് സ്വയം അര്‍ധ ജൂതനായ ഹിറ്റ്ലര്‍ ജനാധിപത്യവും സാമൂഹ്യ പുരോഗതിയും വ്യക്തിസ്വാതന്ത്ര്യവും സ്ത്രീകളുടെ സ്വാതന്ത്ര്യവും ജോലി ചെയ്യാനുള്ള അവകാശങ്ങളും ഇല്ലാതാക്കി. നാസി ഭരണം ഒരു സമ്പൂര്‍ണ ദുരന്തമായിരുന്നു.


ഇതുകൂടി വായിക്കൂ: വംശനാശം നേരിടുന്ന രണ്ട് ഹിറ്റ്ലര്‍ വണ്ടുകള്‍!


അഡോള്‍ഫ് ഹിറ്റ്ലര്‍ ഒരിക്കലും ജര്‍മ്മന്‍ ഭരണഘടന (വെയ്മര്‍ ഭരണഘടന) റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്തില്ല എന്ന് നമ്മളറിയണം. പകരം നാസി ഭരണത്തിന് നിയമസാധുത നല്കാന്‍ ഭരണഘടനയില്‍ ഒരു ഇമാബ്ലിങ് ആക്ട് കൂടി സന്നിവേശിപ്പിച്ചു. പ്രസ്തുത ആക്ടിന്റെ മൂന്നാം വകുപ്പ് പ്രകാരമാണ് റീഷ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ചാന്‍സലര്‍‍ തീരുമാനമെടുക്കുന്നവയും റീഷ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നവയും ആയിരിക്കും. ആ നിയമങ്ങള്‍ അവ ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം നിലവില്‍ വരുന്നതാണ്. ഭരണഘടനയില്‍ 68-ാം വകുപ്പ് മുതല്‍ 77-ാം വകുപ്പ് വരെയുള്ള വകുപ്പുകള്‍ റീഷ് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് ബാധകമായിരിക്കുന്നതല്ല. ഇത് നല്കുന്ന പാഠം ഭരണഘടനയുടെ ചട്ടക്കൂടുകൊണ്ടു മാത്രം ഒരു ജനാധിപത്യ സമ്പ്രദായം ഫാസിസ്റ്റുകളുടെ കയ്യിലേക്ക് വഴുതിപ്പോവുന്നത് തടയാനാവില്ല എന്നുതന്നെയാണ്. ജനാധിപത്യം എന്നാല്‍ ഭരണകൂടങ്ങളുടെ വളര്‍ന്നുവരുന്ന ഏകാധിപത്യ പ്രവണതകള്‍ക്കെതിരെയുള്ള നിതാന്ത ജാഗ്രത കൂടിയാണെന്ന് എല്ലാ ജനാധിപത്യ വാദികളും തിരിച്ചറിയേണ്ടതുണ്ട്.
ഏതൊരു ഫാസിസ്റ്റ് ഭരണകൂടവും കൊടും നുണകളുടെ ചീട്ടുകൊട്ടാരത്തിനാലാണ് സൃഷ്ടിക്കപ്പെടുന്നത്. ഏറ്റവും മികച്ച ഉദാഹരണം രണ്ടാം ലോക മഹായുദ്ധകാലത്തെ ജര്‍മ്മനി തന്നെ. അര്‍ധ ജൂതനായ ഹിറ്റ്ലറാണ് ജര്‍മ്മന്‍ ആര്യവംശത്തിന്റെ ശുദ്ധരക്തത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച് ആറു ദശലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയതെന്നത് ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ തമാശയാണ്. യഥാര്‍ത്ഥത്തില്‍ പറഞ്ഞുകൂട്ടിയ നുണകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുമ്പോഴാണ് ഫാസിസ്റ്റുകള്‍ വഞ്ചിതരായ ജനങ്ങളുടെ എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താനായി വംശഹത്യയടക്കമുള്ള കൊടും ക്രൂരതകളിലേക്ക് നീങ്ങുന്നത്. ഈ ചരിത്രസത്യം മറക്കുന്നത് ജനാധിപത്യ ഭരണസമ്പ്രദായത്തിന് അന്ത്യം കുറിക്കും.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.