22 November 2024, Friday
KSFE Galaxy Chits Banner 2

അശോക ചക്രവർത്തിയുടെ സിംഹങ്ങൾ

കെ ദിലീപ്
നമുക്ക് ചുറ്റും
August 17, 2022 5:30 am

ബിസി 269 തൊട്ട് ബിസി 232 വരെ മൗര്യസാമ്രാജ്യം ഭരിച്ചിരുന്ന അശോക ചക്രവർത്തി, മൗര്യവംശത്തിലെ ആദ്യചക്രവർത്തി ചന്ദ്രഗുപ്ത മൗര്യന്റെ പൗത്രനും രണ്ടാമത്തെ ചക്രവർത്തി ബിന്ദുസാരന്റെ പുത്രനുമായിരുന്നു. പാടലീപുത്രം ആസ്ഥാനമായിരുന്ന മൗര്യ സാമ്രാജ്യം അശോകന്റെ കാലത്ത് പടിഞ്ഞാറ് അഫ്ഗാൻ‑ഇറാൻ അതിർത്തിയായ ഹിന്ദുക്കുഷ് പർവതനിരകൾ വരെയും കിഴക്ക് ബർമ വരെയും തെക്ക് ഇന്നത്തെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് വരെയും വിസ്തൃതമായി. സാമ്രാജ്യങ്ങളുടെയും ചക്രവർത്തിമാരുടെയും കഥകൾ എന്നും വലിയ യുദ്ധങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടെയും അധികാര സംരക്ഷണത്തിനായുള്ള പരസ്പര നിഗ്രഹങ്ങളുടെയും കഥകൾ കൂടിയാണ്. അശോകന്റെ ചരിത്രവും ഭിന്നമല്ല. രണ്ടാം മൗര്യചക്രവർത്തി ബിന്ദു സാരന്റെയും ദരിദ്ര ബ്രാഹ്മണ സ്ത്രീയായ ധർമ്മയുടെയും പുത്രനായാണ് അശോകൻ ജനിക്കുന്നത്. അശോകൻ ബിന്ദുസാരന്റെ കാലത്ത് ആദ്യം വടക്കൻ പ്രവിശ്യയായ തക്ഷശിലയുടെയും പിന്നീട് ഉജ്ജയിനിയിലെയും ഭരണാധികാരിയായി. ഉജ്ജയിനിയിലെ ഒരു വണിക്കിന്റെ മകളായ ദേവിയെ വിവാഹം കഴിച്ചു. മക്കളായ മഹേന്ദ്രനും സംഘമിത്രയും പില്‍ക്കാലത്ത് ലോകം മുഴുവന്‍ ബുദ്ധധര്‍മ്മം പ്രചരിപ്പിക്കുന്നതിന് മുന്‍കയ്യെടുത്തു. ബിന്ദുസാരന്റെ മരണശേഷം മക്കൾ തമ്മിൽ അധികാരത്തിനായി വളരെ ശക്തമായ മത്സരമാണ് ഉണ്ടായത്. തന്റെ 99 അർധസഹോദരന്മാരെ കൊന്നൊടുക്കിക്കൊണ്ട് അശോകൻ മഗധയിൽ തന്റെ അധികാരം ഉറപ്പിച്ചു. അശോകൻ ചക്രവർത്തിയായി പാടലീ പുത്രത്തിലേക്ക് പോയപ്പോഴും ബുദ്ധമത വിശ്വാസിയായിരുന്ന ദേവി കുഞ്ഞുങ്ങളോടൊപ്പം വിദിശയിൽ തന്നെ തുടർന്നു. അശോകൻ തന്റെ സാമ്രാജ്യ വികസനം തുടർന്നു. തനിക്ക് വിശ്വാസം നഷ്ടപ്പെടുന്ന മന്ത്രിമാരെയും അന്തഃപ്പുര സ്ത്രീകളെയും നിഷ്കരുണം കൊന്നൊടുക്കിയിരുന്നതിനാലും എതിരാളികളെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നതുകൊണ്ടും ക്രൂരനായ അശോകൻ എന്നർത്ഥം വരുന്ന ചന്ദ ശോക എന്ന പേരുകൂടി അദ്ദേഹത്തിനു ലഭിച്ചു. അശോകന്റെ വലിയ വിജയങ്ങൾക്കിടയിലും തൊട്ടടുത്തു കിടന്ന കലിംഗം എന്ന രാജ്യം സ്വതന്ത്രമായി തന്നെ തുടർന്നു. ഇന്നത്തെ ഒഡിഷ, ആന്ധ്രാപ്രദേശിന്റെ ചില ഭാഗങ്ങൾ, ബംഗാളിൽ സുവർണരേഖ നദി മുതൽ പടിഞ്ഞാറ് അമർ ഖണ്ഡ് മലനിരകൾ വരെ ഉള്ള ഫലഭൂയിഷ്ടമായ ഒരു കാർഷിക രാജ്യം. വലിയൊരു കടൽത്തീരം ഉണ്ടായിരുന്നതിനാൽ കലിംഗ രാജ്യത്ത് നിന്ന് ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കപ്പൽ മാർഗം കച്ചവടം ഉണ്ടായിരുന്നു. കലിംഗത്തെക്കുറിച്ച് മഹാഭാരതത്തിലും പരാമർശങ്ങൾ ഉണ്ട്. സൈന്യത്തിൽ അറുപതിനായിരം കാലാൾപ്പടയും 1,700 തേരുകളും ആയിരക്കണക്കിന് ആനകളും ശക്തമായ ഒരു കപ്പൽ പടയും ഉണ്ടായിരുന്നു എന്ന് ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: ഭാരത് മാതാ കീ പിതാ


മഗധ സാമ്രാജ്യത്തെ അപേക്ഷിച്ച് ഒരു ചെറുനാട്ടുരാജ്യമായിരുന്ന കലിംഗയ്ക്ക് മഗധവുമായി ശത്രുത ഒന്നുണ്ടായിരുന്നില്ല. അശോകൻ കലിംഗ ആക്രമിക്കാൻ രണ്ടു കാരണങ്ങളാണ് ചരിത്രകാരന്മാർ കാണുന്നത്. ഒന്ന്, കലിംഗയും ചോള രാജവംശവും ഒന്നുചേർന്ന് മൗര്യ സാമ്രാജ്യത്തിനെതിരായി യുദ്ധം ചെയ്യുമോ എന്ന അശോകന്റെ ഭയം. രണ്ട്, മഗധയ്ക്ക് സ്വന്തമായി തുറമുഖങ്ങൾ ഉണ്ടായിരുന്നില്ല. തുറമുഖങ്ങൾക്കായി കലിംഗ ഉൾപ്പെടെയുള്ള സുഹൃദ് രാജ്യങ്ങളെ ആയിരുന്നു മഗധ ആശ്രയിച്ചിരുന്നത്. സ്വന്തമായി വലിയ തുറമുഖങ്ങൾ വികസിപ്പിക്കുക എന്ന ഒരു ലക്ഷ്യം കൂടി അശോകന് ഉണ്ടായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെ ബിസി 261ൽ അശോകൻ കലിംഗ ആക്രമിച്ചു. മുന്നറിയിപ്പില്ലാതെ വന്ന ആക്രമണത്തിന് മുന്നിലും പതറാതെ കലിംഗ തിരിച്ചടിച്ചു. ഭയാനകമായ യുദ്ധത്തിൽ ഒന്നര ലക്ഷത്തിലധികം ജനങ്ങൾ മരിച്ചു. അനേകായിരങ്ങൾക്ക് പരിക്കേറ്റു. യുദ്ധശേഷം, യുദ്ധത്തിന്റെ കെടുതികൾ കണ്ട അശോക ചക്രവർത്തിയെ, അധികാരത്തിന്റെ ലഹരികളിലേക്ക് വരാതെ വിദിശയിൽ തന്നെ തുടർന്ന രാജ്ഞി, ദേവിയാണ് ബുദ്ധമതത്തിലേക്കും അഹിംസയിലേക്കും നയിച്ചത് എന്നാണ് കഥ. കഥ എങ്ങനെയായാലും കലിംഗ യുദ്ധം അശോകനിലെ അധികാര ദാഹിയായ ചക്രവർത്തിയെ, ദേവാനാംപ്രിയനായ മനുഷ്യദാസനാക്കി മാറ്റി. വഴിയമ്പലങ്ങൾ പണിതും തണൽ മരങ്ങൾ നട്ടും അത്താണികൾ കെട്ടിയും ബുദ്ധസൂക്തങ്ങൾ പ്രചരിപ്പിച്ചും ദൈവപ്രീതിക്കായുള്ള മൃഗബലി, ഭൃത്യരോടും അടിമകളോടും ഉള്ള മോശംപെരുമാറ്റം, ജനങ്ങൾക്കിടയിലെ കലഹം ഇവയെല്ലാം പരിഹരിക്കാനായി ധർമ്മ മഹാമാത്ര എന്ന പേരിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ഇവർ വിവിധ ദേശങ്ങളിൽ ധർമ്മ പ്രചരണം നടത്തുകയും ചെയ്തു. കൂടാതെ പ്രാകൃത ഭാഷയിൽ ബ്രാഹ്മി ലിപിയിൽ തന്റെ സാമ്രാജ്യത്തിൽ തന്റെ സന്ദേശങ്ങൾ സ്തുപങ്ങളിലും പാറകളിലും കൊത്തിവെച്ചും അശോകൻ തന്റെ പ്രായശ്ചിത്തം തുടർന്നു.


ഇതുകൂടി വായിക്കൂ: അശോക സ്തംഭം അനാച്ഛാദനം വിവാദത്തില്‍


അശോക ചക്രവർത്തിയുടെ പ്രധാന ശിലാശാസനങ്ങൾ 14 എണ്ണം ആണ്. അതിൽ നാലാമത്തെ ശാസനത്തിൽ “ധർമ്മ ഘോഷ നഃഭേരി ഘോഷ; അതായത് യുദ്ധത്തിന്റെ പെരുമ്പറ ശബ്ദത്തിനു മുകളിൽ ധാർമികതയുടെ മൃദുസ്വരം ഉയരട്ടെ” എന്ന ശാസനത്തിന്റെ ചിത്രീകരണമാണ് അശോകചക്രവർത്തി സാരാനാഥിൽ സ്ഥാപിച്ച നാലുദിക്കുകളിലേക്കും ശാന്തഗംഭീരമായി നോക്കി നിൽക്കുന്ന സിംഹങ്ങളോടുകൂടിയ സ്തൂപം. അശോക സ്തൂപങ്ങളിലെ മൃഗശില്പങ്ങൾ യഥാർത്ഥവും അങ്ങേയറ്റം മനോഹരവുമാണ്. സാരാനാഥിലെ സിംഹങ്ങളും റാംപുർ സ്തൂപത്തിലെ വൃഷഭവും അതിമനോഹരങ്ങളാണ്. കലിംഗ യുദ്ധത്തിലെ രക്തച്ചൊരിച്ചിലിൽ മനംനൊന്ത അശോകന്റെ ശോകം ഖനീഭവിച്ചവയാണ് സാരാനാഥ് ശിൽപത്തിലെ ആർദ്രതയും ഗാംഭീര്യവും തുടിക്കുന്ന മൃഗരാജന്മാർ. യുദ്ധത്തിന്റെയും പകയുടെയും ശക്തികൾക്കു മുകളിൽ കർമ്മത്തിന്റെയും ധർമ്മത്തിന്റെയും അഹിംസയുടെയും ശാന്തഗംഭീരമായ സന്ദേശം ഉയർന്നുനിൽക്കുവാൻ ആണ് സാരനാഥിലെ ശില്പം കൊണ്ട് അശോക ചക്രവർത്തി ഉദ്ദേശിച്ചത്.


ഇതുകൂടി വായിക്കൂ: ചരിത്രത്തിന്റെ നേർക്കുള്ള കയ്യേറ്റങ്ങൾ


1950 ജനുവരി 26നാണ് ഇന്ത്യ ദേശീയ ചിഹ്നമായി അശോകസ്തംഭം സ്വീകരിച്ചത്. രാജ്യത്തിന്റെ എല്ലാ ഔദ്യോഗിക രേഖകളിലും കറൻസി നോട്ടുകളിലും പാസ്പോർട്ടുകളിലും ഇവ അച്ചടിക്കുന്നു. അശോകസ്തംഭത്തിന്റെ അടിയിൽ കാണുന്ന അശോകചക്രമാണ് നമ്മുടെ ദേശീയ പതാകയുടെ മധ്യഭാഗത്ത് ആലേഖനം ചെയ്തിരിക്കുന്നത്. 2005ലെ ദേശീയ പ്രതീകങ്ങളെക്കുറിച്ചുള്ള നിയമത്തിൽ സാരനാഥിലെ അശോകസ്തംഭത്തിന്റെ രൂപമാണ് ദേശീയ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്. ഇതിന്റെ ചിത്രം നിയമത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. ദേശീയ പ്രതീകത്തിന്റെ രൂപഭാവങ്ങളെ മാറ്റിമറിക്കാൻ ആർക്കും അധികാരമില്ല അഥവാ അങ്ങനെ ചെയ്യണമെങ്കിൽ പാർലമെന്റിൽ ഒരു ഭേദഗതിനിയമം പാസാക്കേണ്ടതുണ്ട്. അതിനാൽ തന്നെ രൂപഭാവങ്ങളിൽ മാറ്റം വരുത്തിയ അശോകസ്തംഭം ഇന്ത്യൻ പാർലമെന്റിനു മുകളിൽ സ്ഥാപിച്ചത് തികച്ചും നിയമവിരുദ്ധമാണ്. ഇത് 1971 ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് നാഷണൽ ഓണർ, 2005ലെ ദ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രിവൻഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) എന്നീ നിയമങ്ങൾ പ്രകാരം പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നമ്മുടെ ഭരണഘടന ശില്പികളിൽ പ്രമുഖനായ ഡോക്ടർ അംബേദ്കറുടെ നിർദ്ദേശാനുസരണം ആണ് അശോകസ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിക്കപ്പെട്ടത്. ഇന്ത്യയുടെ നാനാത്വവും പൗരാണിക കാലം മുതലുള്ള രാജ്യ ചരിത്രത്തിന്റെ ഗാംഭീര്യവും ഉൾക്കൊള്ളുന്ന നമ്മുടെ ദേശീയ ചിഹ്നത്തിന്റെ അന്തസ്സത്ത നശിപ്പിക്കുന്ന രീതിയിൽ വികലമാക്കി പ്രതിഷ്ഠിക്കുന്നത് ഈ രാജ്യത്തെ 140 കോടി ജനങ്ങളോടും ചെയ്യുന്ന കൊടിയ അപരാധമാണ്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.