22 December 2024, Sunday
KSFE Galaxy Chits Banner 2

ജാതകം മാറ്റിയ പുളിയിലക്കര പുടവ

മൂത്തേടത്ത് സുരേഷ് ബാബു 
August 28, 2022 7:15 am

പുളിയില കരയോലും പുടവ ചുറ്റി…
കുളുർ ചന്ദന തൊടുകുറി ചാർത്തി
നാഗഫണതിരുമുടിയിൽ
പത്മരാഗ മനോജ്ഞമാം പൂ തിരുകി…
സുസ്മിതേ… നീ വന്നു…
വിസ്മിത നേത്രനായ് ഞാൻ നിന്നു…
കാലാതിവർത്തിയായ, ഗൃഹാതുരത്വം ഉണർത്തുന്ന ഒട്ടേറെ ഗാനങ്ങളാൽ സമ്പന്നമാണ് മലയാള സിനിമാ സംഗീതലോകം. ഒരിക്കൽ കേട്ടാൽ ചുണ്ടിൽ തത്തികളിക്കുന്നവയാണ് ഏറെയും. ദേവരാജൻ, ദക്ഷിണാമൂർത്തി, ബാബുരാജ്, രാഘവൻ മാഷ്, തുടങ്ങിയ ആദ്യകാല സംഗീത സംവിധായകർ ഒരുക്കിയ ഗാനങ്ങളെല്ലാം ജനങ്ങൾ ഏറ്റുപാടുകയായിരുന്നു. പണ്ടത്തെ ഗാനങ്ങളിൽ ഓരോ ഗാനത്തിനും ആരാണ് സംഗീതം നൽകിയതെന്ന് പറയാനും ആസ്വാദകർക്ക് കഴിഞ്ഞിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ അംശമുണ്ടെങ്കിൽ ദക്ഷിണാമൂർത്തി സ്വാമി ആണെന്നും, നാടൻ ശീലുകൾ ആണെങ്കിൽ രാഘവൻമാഷാണെന്നും, ഹിന്ദുസ്ഥാനി രാഗമാണെങ്കിൽ ബാബുരാജാണെന്നും, രാഗ‑താള നിബദ്ധമാണെങ്കിൽ ദേവരാജൻ മാഷാണെന്നും പറയുമായിരുന്നു. പിന്നീട് വന്ന രവീന്ദ്രൻ, ജോൺസൺ, മോഹൻ സിതാര തുടങ്ങിയവരൊരുക്കിയ ഗാനങ്ങളും ജനഹൃദയങ്ങളെ കീഴടക്കി. എന്നാൽ ചില ഗാനങ്ങളാകട്ടെ എത്ര തവണ കേട്ടു കഴിഞ്ഞാലും അതിന്റെ സ്രഷ്ടാക്കളെ കണ്ടുപിടിക്കുക അസാധ്യമാവും. അത്തരത്തിലുള്ളൊരു ഗാനത്തിന്റെ വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. സംഗീതത്തിന്റെ എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഗാനം. ഏവരും ഇന്നും ഏറ്റുപാടുന്നുണ്ടെങ്കിലും ഈ ഗാനത്തിന്റെ സംഗീത സംവിധായകനെ അറിയുന്നവർ വളരെ വിരളം. മലയാളികൾക്ക് പുളിയിലക്കര പുടവ സമ്മാനമായി നൽകിയ പ്രതിഭാധനനായ സംഗീത സംവിധായകനാണ് 22 ന് അന്തരിച്ച ആർ സോമശേഖരൻ.
സിനിമയിൽ വളരെ കുറച്ചു ഗാനങ്ങൾക്കാണ് സോമശേഖരൻ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ളത്. അതിൽ തന്നെ ഏവരും നെഞ്ചോടു ചേർത്തതാണീ ഗാനം. ഈ ഒരൊറ്റ ഗാനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായി അദ്ദേഹം അംഗീകരിക്കപെടുന്നത്. എണ്ണമല്ല പ്രധാനം, ഗുണമാണ് വേണ്ടത് എന്ന പ്രയോഗത്തെ സാധൂകരിക്കുന്ന സംഗീതമാണ് സോമശേഖരന്റേത്.
ചെറുപ്പം മുതൽ സംഗീതത്തെയാണ് സോമശേഖരൻ കൂട്ടുപിടിച്ചത്. നന്നായി പാടുമായിരുന്നു. ഗായകനാകാനായിരുന്നു മോഹം. അതിനായി ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. സിനിമയിൽ പാടണമെന്ന ആഗ്രഹത്തോടെയാണ് തിരുവനന്തപുരത്തുനിന്ന് മദ്രാസിലേക്ക് വണ്ടി കയറിയത്. അവിടെ സംഗീതസംവിധായകനായ ബി എ ചിദംബരനാഥിന്റെ ശിഷ്യനായി ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ അവഗാഹം നേടി. സിനിമയിൽ പാടുന്നതിനായി അദ്ദേഹം കുറെ ശ്രമം നടത്തിയെങ്കിലും ആദ്യമൊക്കെ കോറസ് പാടാനായിരുന്നു ക്ഷണം. 1970ൽ രാമു കര്യാട്ട് സംവിധാനം ചെയ്ത ‘അഭയം’ എന്ന ചിത്രത്തിലാണ് ഒരവസരം ലഭിച്ചത്. വയലാറിന്റെ വരികൾക്ക് ദക്ഷിണാമൂർത്തി സ്വാമി ഈണം നൽകിയ ‘കാമ ക്രോധ ലോഭ മോഹ… ’ എന്ന ഗാനം. പി ജയചന്ദ്രനും പി ലീലയ്ക്കുമൊപ്പമായിരുന്നു ആലാപനം. സിനിമയിൽ വിചാരിച്ചതുപോലെ അവസരങ്ങൾ ലഭിക്കാത്തതിനാൽ നാട്ടിലേക്ക് തിരിച്ചു. പ്രൊഫഷണൽ നാടകങ്ങളിൽ സംഗീതം നൽകാനും പാടാനും തുടങ്ങി. എന്നാൽ ജാതകത്തിലെ നിയോഗം മറ്റൊന്നായിരുന്നു. ആരോഗ്യ വകുപ്പിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. വർഷങ്ങൾക്കുശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുമ്പോഴാണ് സംഗീതസംവിധായകനാകാനുള്ള അവസരം അദ്ദേഹത്തെ തേടിയെത്തുന്നത്. 1982ൽ വെളിയം ചന്ദ്രൻ സംവിധാനം ചെയ്ത ‘ഇതും ഒരു ജീവിതം’ എന്ന ചിത്രം. യേശുദാസ് പാടിയ ‘പ്രകൃതീ… പ്രഭാമായീ… ’ എന്ന ഗാനമാണ് അദ്ദേഹം ആദ്യം സംഗീതം ചെയ്തത്. ആ ചിത്രത്തിലെ തന്നെ രണ്ടാമത്തെ ഗാനമായ ‘മാറണിചെപ്പിലെ…’ എന്ന യുഗ്മ ഗാനം എസ് ജാനകിക്കൊപ്പം ആലപിച്ചത് സോമശേഖരൻ തന്നെയാണ്. ഈ രണ്ടു ഗാനങ്ങളും ഹിറ്റായി തീർന്നുവെങ്കിലും കൂടുതൽ അവസരങ്ങൾക്കായി കാത്തുനിൽക്കാതെ അദ്ദേഹം വിദേശത്തെ ജോലിക്കായി കടൽ കടന്നു. പിന്നീട് 1988ൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പത്മരാഗത്തിളക്കമുള്ള ഗാനങ്ങൾക്ക് സംഗീതം നൽകുന്നത്.
ലോഹിതദാസിന്റെ തിരക്കഥയിൽ അനുജനായ സുരേഷ് ഉണ്ണിത്താൻ ആദ്യമായി സംവിധാനം ചെയ്ത ‘ജാതകം’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു സോമശേഖരൻ വീണ്ടും ഹാർമോണിയത്തിൽ വിരലുകളോടിച്ചത്. ഒഎൻവിയും സോമശേഖരനും ഒരുമിച്ച ചിത്രം. ഒഎൻവി എഴുതിയ മൂന്നു ഗാനങ്ങൾക്കും ഒറ്റ ദിവസം കൊണ്ടുതന്നെ അദ്ദേഹം ഈണം പകർന്നു. പുളിയിലക്കരയോലും…, അരളിയും കദളിയും… എന്നീ രണ്ടു ഗാനങ്ങൾക്ക് ട്രാക്ക് പാടിയതും സോമശേഖരൻ തന്നെ. നീരജദലനയനേ… എന്ന ഹിന്ദോള രാഗത്തിലുള്ള മൂന്നാമത്തെ ഗാനത്തിന് ട്രാക്ക് പാടാനായി വന്ന് പിന്നീട് പ്രശസ്ത ഗായികയായി വളർന്ന സ്വർണലത എന്ന പതിനാറുകാരിയെക്കുറിച്ച് സോമശേഖരൻ വളരെ അഭിമാനത്തോടെയാണ് പറഞ്ഞിട്ടുള്ളത്.
ജാതകത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. അക്കാലത്ത് ആകാശവാണിയിലെ രഞ്ജിനിയിലും ദൂരദർശനിലെ ചിത്രഗീതത്തിലും ഏറ്റവും കൂടുതൽ ആസ്വാദകർ ആവശ്യപ്പെടുന്ന ഗാനമായി പുളിയിലക്കര മാറി. അരളിയും കദളിയും… ചിത്രയ്ക്ക് മികച്ച ഗായികക്കുള്ള പുരസ്കാരം നേടികൊടുത്തു. പിന്നീട് നിരവധി അവസരങ്ങളാണ് സോമശേഖരനെ തേടിയെത്തിയത്. പക്ഷേ വിദേശ ജോലിയായിരുന്നു തടസം.
ഒന്നര പതിറ്റാണ്ടിനു ശേഷമാണ് നാട്ടിൽ സ്ഥിര താമസം ആക്കിയത്. അപ്പോഴേക്കും മലയാള സിനിമ സംഗീതലോകം ആകെ മാറിക്കഴിഞ്ഞിരുന്നു. സിനിമയിൽ നിന്നും കാര്യമായ അവസരങ്ങൾ ലഭിക്കാത്തത്തിൽ സോമശേഖരന് പരാതിയോ പരിഭവമോ തീരെയില്ല. തന്നെ തേടി വന്ന അവസരങ്ങളെ അദ്ദേഹം മനോഹരവുമാക്കി. ആർദ്രം, ബ്രഹ്മാസ്ത്രം, മിസ്റ്റർ. പവനായി 99.99, അയാൾ, തുരീയം, ക്ഷണം, ഈ അഭയ തീരം തുടങ്ങിയ ചിത്രങ്ങൾക്കും നിരവധി സീരിയൽ ശീർഷക ഗാനങ്ങൾക്കും സംഗീത ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകി.
മുന്നൂറോളം ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയെങ്കിലും, മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും ആർ സോമശേഖരനെ അടയാളപ്പെടുത്തുന്നത് ഖരഹരപ്രിയയിലെ പുളിയില കരയോലും… എന്ന അനശ്വര ഗാനംതന്നെ.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.