പണപ്പെരുപ്പം തടയുകയെന്ന ഉത്തരവാദിത്തവും കേന്ദ്രം കയ്യൊഴിഞ്ഞു. പണപ്പെരുപ്പം തടയുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. പണപ്പെരുപ്പ നിരക്ക് ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്നതിനാല്‍ അവര്‍ക്ക് കേന്ദ്രത്തെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നാണ് മന്ത്രിയുടെ വാദം. സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കാത്തതാണ് അവിടങ്ങളില്‍ പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുവാന്‍ കാരണമെന്നും മന്ത്രി വിശദീകരിക്കുന്നു. എന്നാല്‍ സംസ്ഥാനങ്ങളല്ല കേന്ദ്രം അനുവദിച്ചതിനാല്‍ എണ്ണക്കമ്പനികളാണ് ഇന്ധന വില നിര്‍ണയിക്കുന്നതെന്ന വസ്തുത മന്ത്രി മിണ്ടിയതുമില്ല. അടുത്ത ദിവസങ്ങളില്‍ പൊതുവായി ലഭ്യമായ വിവരങ്ങശനുസരിച്ച് പരിശോധിച്ചപ്പോള്‍ ഓരോ സംസ്ഥാനങ്ങളിലും പണപ്പെരുപ്പ നിരക്ക് വ്യത്യസ്തമായി കണ്ടെന്നും അതിന് പല കാരണങ്ങളുണ്ടാകാമെങ്കിലും യാദൃച്ഛികമായി, (യാദൃച്ഛികമായി എന്നത് മന്ത്രി ആവര്‍ത്തിക്കുന്നുണ്ട്) താന്‍ കണ്ടെത്തിയ കാര്യം ഇന്ധന വില കുറയ്ക്കാത്ത സംസ്ഥാനങ്ങളില്‍ പണപ്പെരുപ്പം ദേശീയ ശരാശരിയെക്കാള്‍ കൂടി നില്ക്കുകയായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്.
ഇന്ധന വില എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കേ മേയ് മാസത്തില്‍ കേന്ദ്രം പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം എട്ട്, ആറ് രൂപവീതം കുറച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 9.5, ഏഴ് രൂപവീതം ഇന്ധന വിലയില്‍ കുറവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്ക്കുന്ന മൂല്യ വര്‍ധിത നികുതി പ്രകാരം ഇന്ധന വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. കേന്ദ്രം വില കൂട്ടുന്നതനുസരിച്ചാണ് ഇന്ധന വില ഉയരുന്നത്. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വിലക്കയറ്റത്തിന് ആഗോള സാഹചര്യങ്ങളെ കേന്ദ്ര ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് മന്ത്രിയുടെ പുതിയ നിലപാട്.
അതേസമയം പണപ്പെരുപ്പം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും രണ്ട് ശതമാനത്തില്‍ താഴെയാക്കുന്നതിനുള്ള നടപടികളാണ് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നതെന്നുമായിരുന്നു മൂന്നാഴ്ച മുമ്പ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞിരുന്നത്. അതേതുടര്‍ന്ന് പലിശ നിരക്കില്‍ വ്യത്യാസം വരുത്തുകയും ചെയ്തു. പണപ്പെരുപ്പം തടയുന്നതിനെന്ന പേരില്‍ വായ്പാ പാക്കേജുള്‍പ്പെടെ കേന്ദ്രം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലം നിലനില്ക്കേയാണ് കേന്ദ്രം വര്‍ധിപ്പിക്കുന്ന ഇന്ധന വിലയുടെ പേരില്‍ സംസ്ഥാനങ്ങള്‍ക്കാണ് പണപ്പെരുപ്പം തടയാനുള്ള ഉത്തരവാദിത്തമെന്ന് പറഞ്ഞ് മന്ത്രി കയ്യൊഴിഞ്ഞിരിക്കുന്നത്.
English Summary: Finance Minister Nirmala Sitharaman said that curbing inflation is not the responsibility of the Centre
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.