21 January 2025, Tuesday
KSFE Galaxy Chits Banner 2

വ്യാപം അഴിമതി: ഒമ്പത് വര്‍ഷത്തില്‍ തീര്‍പ്പാക്കിയത് പകുതി കേസുകള്‍ മാത്രം

Janayugom Webdesk
ഭോപ്പാല്‍
September 25, 2022 10:10 pm

വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 160 കേസുകളില്‍ തീര്‍പ്പാക്കിയത് 55 ശതമാനം കേസുകള്‍ മാത്രം. 10 വര്‍ഷം തടവാണ് പരമാവധി ശിക്ഷയായി നല്‍കിയിട്ടുള്ളതെന്നും മുതിര്‍ന്ന സിബിഐ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഭോപ്പാലിലെ രണ്ട് പ്രത്യേക സിബിഐ കോടതികളാണ് കേസുകളില്‍ വാദം കേള്‍ക്കുന്നത്.
മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡൽ വിവിധ കോഴ്സുകളിലേക്കും ജോലികൾക്കുമായി 2013ല്‍ നടത്തിയ പരീക്ഷകളിലെ ക്രമക്കേടിലാണ് സിബിഐ അന്വേഷണം നടത്തിയത്. ഡമ്മി പരീക്ഷാർത്ഥികൾ, ഡിജിറ്റല്‍ വിവരങ്ങളുടെ ദുരുപയോഗം, എല്ലാ കുറ്റങ്ങളും ഉള്‍പ്പെടുന്ന പ്രധാന കേസുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവസാന വിഭാഗത്തില്‍ 750 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ ഒരു കേസില്‍ 15 മുതല്‍ 20 വരെ പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്കു പകരം പരീക്ഷയ്ക്കെത്തിയ വ്യാജന്മാരാണ് ആദ്യ വിഭാഗത്തിലെ പ്രതികള്‍. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രമുഖര്‍, ഇടനിലക്കാര്‍ എന്നിവരാണ് രണ്ടാം വിഭാഗത്തില്‍ പ്രതിപ്പട്ടികയിലുള്ളത്. ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ലക്ഷ്മി കാന്ത് ശര്‍മ, നിതിന്‍ മൊഹിദ്ര, പങ്കജ് ത്രിവേദി, ഒ പി ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലുണ്ട്.
മധ്യപ്രദേശ് പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2015ലാണ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍ തെളിവുകളുടെ അഭാവം മൂലം നിരവധി പേരെ കോടതി വെറുതെ വിട്ടിരുന്നു. ഉദ്യോഗാര്‍ത്ഥി, ഇടനിലക്കാര്‍, രണ്ടാമത്തെയും മൂന്നാമത്തെയും ഇടനിലക്കാര്‍, വ്യാജ ഉദ്യോഗാര്‍ത്ഥി എന്നിങ്ങനെ നിരവധി വിഭാഗങ്ങളായി പ്രതികളെ തിരിച്ചിരുന്നെങ്കിലും നിരവധി കേസുകളില്‍ ശക്തമായ തെളിവുണ്ടാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
ചില കേസുകളില്‍ ഉദ്യോഗാര്‍ത്ഥിക്കെതിരെ തെളിവുണ്ടെങ്കില്‍ ഇടനിലക്കാര്‍ക്കെതിരെ ഇല്ല. ചിലതില്‍ വ്യാജ പരീക്ഷാര്‍ത്ഥികള്‍ക്കെതിരെ തെളിവ് ലഭിച്ചപ്പോള്‍ ഇടനിലക്കാര്‍ക്കെതിരെ തെളിവ് ശേഖരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. എന്നിരുന്നാലും, ഉദ്യോഗാർത്ഥികളും ആൾമാറാട്ടക്കാരും ശിക്ഷിക്കപ്പെട്ടുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറയുന്നു. ഒരു പ്രത്യേക കേസിൽ ഒരു പ്രതി ശിക്ഷിക്കപ്പെട്ടാലും അത് 100 ശതമാനം ശിക്ഷയായി കണക്കാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭോപ്പാലിനെ കൂടാതെ ജബല്‍പൂര്‍, ഗ്വാളിയാര്‍, ഇന്‍ഡോര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും സമാന അഴിമതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസില്‍ അടുത്തിടെ രണ്ട് പ്രതികളെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതുവരെ നല്‍കിയതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷ 10 വര്‍ഷം തടവാണ്. അതേസമയം കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട പ്രദീപ് ത്യാഗി ഇപ്പോള്‍ പുറത്താണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഫുഡ് ഇൻസ്‌പെക്ടർമാർ, ട്രാൻസ്‌പോർട്ട് കോൺസ്റ്റബിൾമാർ, പൊലീസ് ഉദ്യോഗസ്ഥർ, സ്‌കൂൾ അധ്യാപകർ, ഡയറി സപ്ലൈ ഓഫീസർമാർ, ഫോറസ്റ്റ് ഗാർഡുകൾ എന്നിവരുൾപ്പെടെ 13 പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. 

Eng­lish Sum­ma­ry: Vya­pam scam: Only half of cas­es solved in nine years

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.