21 January 2025, Tuesday
KSFE Galaxy Chits Banner 2

നീലപ്പട്ടുടുത്ത് കള്ളിപ്പാറ മലനിര

Janayugom Webdesk
രാജാക്കാട്
October 7, 2022 10:14 pm

തൂമഞ്ഞിന്റെ കുളിരും ഏലക്കാടുകളുടെ വശ്യതയും പേറുന്ന ഇടുക്കിയിലെ ശാന്തൻപാറ മലനിരകളിൽ നീലവസന്തം ചാർത്തി നീലക്കുറിഞ്ഞികൾ പൂത്തു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകൾ തമിഴ്‍നാടുമായി അതിർത്തി പങ്കിടുന്ന മേഖലകൂടിയാണ്. പ്രതീക്ഷിക്കാതെ എത്തിയ നീലവസന്തം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറിയിട്ടുണ്ട്. ഇടുക്കി ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത് പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന നീലക്കുറിഞ്ഞികൾ കാണാനാണ്.

എന്നാൽ മുൻ വർഷങ്ങളിൽ പ്രളയവും കോവിഡുമെല്ലാം നീലക്കുറിഞ്ഞികളുടെ സൗരഭ്യം കവർന്നെടുക്കുകയായിരുന്നു. ശാന്തൻപാറയിൽ നിന്നും മൂന്നാർ ‑തേക്കടി സംസ്ഥാന പാതയിലൂടെ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കള്ളിപ്പാറയിലേക്ക് എത്താം. ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മലകയറിയാൽ അഞ്ച് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന നീലക്കുറിഞ്ഞി വസന്തം ദൃശ്യമാകും. ഒപ്പം അതിർത്തി മലനിരകളായ ചതുരംഗപ്പാറയും കാറ്റാടിപ്പാറയും കാഴ്ചകളാകും. കള്ളിപ്പാറയിൽ നിന്നും ഓഫ് റോഡ് ജീപ്പ് സഫാരിയും ഒരുക്കിയിട്ടുണ്ട്. 2020 ല്‍ ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ തോണ്ടിമലയിലും വ്യാപകമായി നീലക്കുറിഞ്ഞികൾ പൂത്തിരുന്നു.

Eng­lish Sum­ma­ry: nee­lakur­in­ji flow­ers bloom in kallippara
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.