21 January 2025, Tuesday
KSFE Galaxy Chits Banner 2

എൻ ഇ ബാലകൃഷ്ണമാരാർ അച്ചടിക്കാത്ത പുസ്തകം പോലെ

പി കെ ഗോപി
October 15, 2022 6:00 pm

എൻ ഇ ബാലകൃഷ്ണമാരാർ എന്ന ബാലേട്ടൻ അച്ചടിക്കാത്ത ഒരു പുസ്തകമാണ്. അക്ഷരം പഠിക്കാത്തവർക്കും വായിച്ച് അറിയാൻ കഴിയുന്ന ലളിതവും ശുദ്ധവുമായ ഒരു പാഠപുസ്തകം. അതിൻ്റെ ഭാരം അദ്ദേഹം തന്നെ വഹിച്ചു. കിട്ടിയ ലാഭം മറ്റുള്ളവരുമായി പങ്കുവെച്ചു. നഷ്ട കണക്കിന്റെ കള്ളിയിൽ അക്കങ്ങൾക്ക് പകരം ചിരി എന്ന് എഴുതി. അത് അധ്വാനത്തിന്റെ ചിരിയായിരുന്നു. ടൂറിംഗ് ബുക്ക്സ്റ്റാൾ ആത്മാർത്ഥതയുടെ ആവിഷ്കാരമായിരുന്നു. അടുത്തറിയുന്നവർക്കെല്ലാം ആഴമേറിയ സ്നേഹത്തിൻ്റെ അധ്യായങ്ങൾ അദ്ദേഹം പറഞ്ഞു കൊടുത്തു. സംതൃപ്തിയുടെ തിരകൾ ഒന്നൊന്നായി ആ ജീവിതത്തിൻ്റെ തീരങ്ങളെ സ്പർശിച്ചു കൊണ്ടിരുന്നു. വലിയ ചുമടായിരുന്നു ബാലേട്ടൻ തോളിൽ വഹിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ശരീരം കുനിഞ്ഞു പോയത്. എവിടെ അറിവിൻ്റെ ദാഹമുണ്ടോ അവിടെയെല്ലാം അദ്ദേഹം നടന്നു കയറി. തെരുവിലും കലാശാലയിലും കാര്യാലയങ്ങളിലും പുസ്തകത്തിൻ്റെ പുതുമണം പരന്നപ്പോൾ അദ്ദേഹം അംഗീകരിക്കപ്പെട്ടു. കാൽനടക്കാരനായും സൈക്കിൾ സഞ്ചാരിയായും പുരോഗമിച്ച് കാറിലും തീവണ്ടിയിലും വിമാനത്തിലും ലോകം ചുറ്റി. അവിശ്വസനീയമെന്ന് തോന്നാവുന്ന ജീവിതത്തിൻ്റെ ഏടുകളിൽ വിയർപ്പും ആത്മധൈര്യവും ലയിച്ചു കിടന്നു. 

ചെറിയൊരു പീടിക മുറിയിൽ നിന്ന് നഗര മധ്യത്തിലെ പൂർണ്ണ ബിൽഡിംഗിലേക്കുള്ള പടവുകളിൽ ഒരിക്കൽ പോലും വഴുതിയില്ല. ജന്മദേശം വിട്ടു കോഴിക്കോടിന്റെ വിശാല മനസ്സിനെ പൂർണമായും വിശ്വസിച്ച് ജീവിത മാതൃക വരച്ചിട്ടു. ആർക്കും സമീപിക്കാവുന്ന സ്നേഹത്തിൻ്റെ പരുത്തി നൂലിഴകൾ ചർക്ക ഇല്ലാതെ നിത്യവും നൂറ്റെടുത്തു. എൻ്റെ കർമ്മമാണ് എൻ്റെ ജീവിത സന്ദേശ മെന്ന് മഹാത്മാവിനെ പോലെ തെളിവ് സഹിതം പതുക്കെപ്പറഞ്ഞു. വളരുംതോറും വിനയത്തിന്റെ മധുരം വർത്തമാനങ്ങളിൽ കലർത്തി. എളിമയുടെ തോഴനായി എപ്പോഴും എവിടെയും സഹകരിച്ചു. 

കോഴിക്കോട് നഗരത്തിന്റെ പ്രിയപ്പെട്ട ബാലേട്ടൻ ഇനിയില്ല. തൊണ്ണൂറ് വയസ്സിന്റെ പൂർണ്ണതയിൽ പുസ്തകച്ചുമടുമായി പരലോകത്തിന്റെ വിജ്ഞാന ദാഹത്തിലേക്ക് യാത്രയായി. എൻ്റെ ഒരു പുസ്തകം കൂടി — ‘ചിരന്തന’മോ ‘എഴുത്തമ്മ’യോ ‘മരുഭൂമിയുടെ മഴ ഗണിത’മോ ‘ഉറങ്ങുന്ന തീനാള’മോ കൂടി കൊണ്ടു പോകണേ എന്നു പറയാൻ മാത്രമാണ് ഈ കുറിപ്പ്. ബാലേട്ടനാണല്ലോ അവയെല്ലാം പ്രതിഫലം തന്ന് അച്ചടിച്ചത്. കാൽമുട്ടിനോ കഴുത്തിനോ വേദന വരുമ്പോൾ ഫിസിയോതെറാപ്പി ചെയ്യാൻ എന്നെയാണല്ലോ ബാലേട്ടൻ ആദ്യം അന്വേഷിച്ചത്. ഓരോ സന്ദർശനവും എനിക്കു പകർന്നു നൽകിയ ജീവിതാനുഭവം എത്ര വലുതായിരുന്നുവെന്ന് ഞാനറിയുന്നു. ബാലേട്ടൻ ബാക്കി വച്ചതെല്ലാം ഭാവനയോടെ പൂർത്തിയാക്കാൻ എൻ ഇ മനോഹരൻ എന്ന മനു ഉണ്ടെന്നറിയാം. എങ്കിലും ബാലേട്ടന്റെ പുലരിവെയിൽച്ചിരിക്കു പകരം മറ്റൊന്നില്ല! പൂർണ്ണ ജീവിതത്തിൻ്റെ പാദമുദ്ര പതിഞ്ഞ മനുഷ്യായുസ്സേ, എഴുത്തിനും വായനയ്ക്കുമിടയിൽ പാലം കെട്ടി, പ്രയത്നത്തിന്റെ ‘ബാലപാഠങ്ങൾ’ പകർന്നു തന്നതിന് കാലം കടപ്പെട്ടിരിക്കുന്നു. ഓർമ്മകളുടെ വിശുദ്ധിയിൽ ബാഷ്പാഞ്ജലി.

Eng­lish Summary:Like NE Bal­akr­ish­na­ma­rar unprint­ed book
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.