21 January 2025, Tuesday
KSFE Galaxy Chits Banner 2

ജയലളിതയുടെ മരണം മികച്ച ചികിത്സ ലഭിക്കാതെ, ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കണം: ജുഡീഷ്യല്‍ കമ്മിഷന്‍

Janayugom Webdesk
ചെന്നൈ
October 18, 2022 3:18 pm

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോര്‍ട്ട്. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എഡിഎംകെ ഇടക്കാല അധ്യക്ഷയായിരുന്ന ശശികലയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും നടത്തിയില്ല. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല.

ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. 2015 ഡിസംബർ 5ന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാൽ ഡിസംബർ 4ന് ഉച്ചക്ക് ശേഷം 3നും 3.30നും ഇടയിലാകണം മരണമെന്ന് തെളിവുകളേയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ജയലളിതയുടെ തോഴി ശശികല, ഡോ. ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി വിജയ് ഭാസ്കർ എന്നിവർക്കെതിരെ കേസെടുക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Jay­alalitha’s death is report­ed to be mysterious
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.