22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024

ഭാവിഇന്ത്യയിലേക്ക് വിരല്‍ചൂണ്ടുന്ന സിപിഐ പാര്‍ട്ടികോണ്‍ഗ്രസ്

രാജാജി മാത്യു തോമസ്
November 2, 2022 4:45 am

ന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി 2025 ൽ അതിന്റെ സ്ഥാപനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. കഴിഞ്ഞ എട്ടുവർഷങ്ങളായി കേന്ദ്രഭരണം കൈയാളുന്ന ബിജെപി-ആർഎസ്എസ് ഫാസിസ്റ്റ് സംയുക്തകത്തെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതിന് ആവശ്യമായ ജനാധിപത്യ, മതനിരപേക്ഷ, ദേശാഭിമാന ശക്തികളുടെ ബദലിനും കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്തുകൊണ്ടും നൂറാം വാർഷികത്തെ വരവേല്ക്കാനുള്ള ആഹ്വാനവുമായാണ് പാർട്ടിയുടെ ഇരുപത്തിനാലാമതു കോൺഗ്രസ് ഒക്ടോബർ 18ന് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സമാപിച്ചത്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്ന ദൗത്യം തികച്ചും ശ്രമകരവും രാജ്യത്തെ ഇടതു, മതനിരപേക്ഷ, ജനാധിപത്യ പാർട്ടികളുടെ വിശാലമായ ഐക്യത്തിലൂടെ മാത്രം കൈവരിക്കാവുന്നതുമാണെന്ന യാഥാർത്ഥ്യബോധം പാർട്ടികോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം ഊന്നിപ്പറയുന്നു.
മധ്യ‑വലതുപക്ഷ നിലപാടുകളും സാമൂഹിക യാഥാസ്ഥികത്വവും അവലംബിച്ചുകൊണ്ട് ആർഎസ്എസ്-ബിജെപി സംയുക്തകത്തെ പരാജയപ്പെടുത്താനാവില്ല. അവർ സാമ്പത്തികമായും സാമൂഹികമായും കൈവരിക്കാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളിൽനിന്നു മൗലികമായി വ്യത്യസ്തമായ ഒരു അജണ്ട മുന്നോട്ടുവയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയണം. ആർഎസ്എസിനും ബിജെപിക്കുമെതിരെ ഒരു മധ്യ‑ഇടതുപക്ഷ നിലപാടിനെ പ്രതിപക്ഷഐക്യം ഊട്ടിയുറപ്പിക്കാൻ കഴിയു. ഈ ഐക്യത്തിനുവേണ്ടിയുള്ള യത്നത്തിൽ ഇടതുപക്ഷത്തിന് നിർണായക പങ്കാണ് നിർവഹിക്കാനുള്ളത്. കൃത്യമായ ഒരു ബദൽ സാമ്പത്തികനയവും സാമൂഹിക മൈത്രിയുടെ വ്യക്തമായ കാഴ്ചപ്പാടും മുന്നോട്ടുവച്ചുകൊണ്ട് ആർഎസ്എസ് അജണ്ടക്കെതിരെ ജനങ്ങളെ അണിനിരത്താൻ ഇടതുപക്ഷം മുന്നോട്ടുവരണം.


ഇതുകൂടി വായിക്കൂ: വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവ്


ഈ ദിശയിൽ കേരളത്തിലെ എൽഡിഎഫിന്റെ ഭരണത്തുടർച്ച ശ്രദ്ധേയമാണെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാണിക്കുന്നു. നല്ല ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തെ വർഗീയതകൊണ്ട് മലീമസമാക്കാനും ഭിന്നിപ്പിക്കാനും ആകാവുന്നതെല്ലാം ചെയ്തിട്ടും ബിജെപിക്ക് ഒരു സീറ്റിൽപോലും വിജയിക്കാനായില്ല. എൽഡിഎഫിന്റെ വിജയം അവർ മുന്നോട്ടുവച്ച ബദൽ മാതൃകയുടെ ഫലമാണ്. കേരളത്തിലെ ജനങ്ങൾ അതിൽ വിശ്വാസം അർപ്പിച്ചു. കേരളത്തിന്റെ ഈ അനുഭവം ദേശീയ ബദൽ എന്ന ആശയത്തിന് പ്രചോദനമാകും.
ബിജെപിക്ക് എതിരായ രാഷ്ട്രീയ ബദലിന്റെ രൂപീകരണത്തിൽ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങളും കാഴ്ചപ്പാടുകളും ഉൾപ്പെട്ടിരിക്കുന്നു. ജീവനക്ഷമമായ ഒരു ബദലിന് ആ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിയണം. രാജ്യത്തെ മുഖ്യ പ്രതിപക്ഷപാർട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് ഈ ദിശയിൽ എവിടെനിൽക്കുന്നു എന്നചോദ്യം ഇവിടെ പ്രസക്തമാണ്. ഉൾപാർട്ടി ശണ്ഠകളും കൂറുമാറ്റവും ആശയപരമായ പൊരുത്തക്കേടുകളും ആ പാർട്ടിയെ ദുർബലമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ ബിജെപിക്കെതിരെ പ്രതിപക്ഷെെക്യം ഉറപ്പുവരുത്തുന്ന യാതൊരു മുൻകൈയ്ക്കും നേതൃത്വം നല്കാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസിന്റെ ഈ ദൗർബല്യമാണ് പല പ്രാദേശിക പാർട്ടികളും മുതലെടുക്കാൻ ശ്രമിക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഢിലും അവർ ഭരണത്തിലാണ്. ഝാർഖണ്ഡ് സർക്കാരിൽ പങ്കാളികളുമാണ്. അവയാകട്ടെ നവഉദാരീകരണ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്.
നവഉദാരീകരണാനന്തര കോൺഗ്രസ് ആശയപരമായ പൊരുത്തക്കേടുകളുടെ പാർട്ടിയായി മാറി. ബാബറി മസ്ജിദിന്റെ തകർക്കലോടെ അവരുടെ മതനിരപേക്ഷ യോഗ്യത ചോദ്യംചെയ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്നതിനു പകരം അവർ ഹിന്ദുത്വ‑ഹിന്ദുയിസം ചർച്ചകളിലാണ് വ്യാപരിക്കുന്നത്. സാമ്പത്തികരംഗത്ത് അവർ സ്വീകരിക്കുന്ന നവഉദാരീകരണ സമീപനം രാജ്യത്തെ സാമ്പത്തിക വ്യവഹാരത്തെ കൂടുതൽ വലതുപക്ഷത്തേക്കാണ് തള്ളിനീക്കുന്നത്. ആർഎസ്എസിനും ബിജെപിക്കും എതിരായ ബദൽ അവരുടെ സാമ്പത്തിക നയങ്ങളിൽനിന്നും വ്യത്യസ്തവും വിഭിന്നവുമായിരിക്കണം. അത് ബിജെപിയുടെ ചങ്ങാത്ത മുതലാളിത്ത നയങ്ങൾക്ക് എതിരായിരിക്കണം. ചുരുങ്ങിയത് സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹവും നെഹ്രുവിന്റെ സാമ്പത്തികനയങ്ങളും തിരിച്ചുപിടിക്കാനെങ്കിലും കോൺഗ്രസ് തയാറാവണം. ആശയപരവും സാമ്പത്തികവുമായ ഈ ധാരണ ഒരു ദേശീയ ബദലിന് അനിവാര്യമാണ്.


ഇതുകൂടി വായിക്കൂ: ചരിത്രസത്യം മറച്ചുവയ്ക്കാനാവില്ല


ബിജെപിയുടെ സമഗ്രാധിപത്യ അതിമോഹത്തിനു തടയിടുന്നതിൽ പ്രാദേശിക പാർട്ടികൾ നിർണായക പങ്കാണ് നിർവഹിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വംനൽകുന്ന മതനിരപേക്ഷ, ജനാധിപത്യ പാർട്ടികളുടെ മുന്നണിക്ക് ബിജെപി-എഐഎഡിഎംകെ മുന്നണിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനായി. ബിഹാറിൽ ആർജെഡി നേതൃത്വം നല്കിയ മഹാഗഡ്ബന്ധന് ബിജെപി-ജെഡിയു സഖ്യത്തെ പരാജയപ്പെടുത്താൻ ആയില്ലെങ്കിലും തുടർന്ന് ബിജെപിയെ ബിഹാർ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്തുന്നതിൽ വിജയിച്ചു. പശ്ചിമ ബംഗാളിൽ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഫലപ്രദമായി തടയാൻ തൃണമൂൽ കോൺഗ്രസിന് കഴിഞ്ഞു. ഒഡിഷയിൽ ബിജു ജനതാദൾ അതിന്റെ സ്വാധീനം ശക്തമായി തുടരുകയാണ്. ദേശീയ തലസ്ഥാന പ്രദേശത്ത് അധികാരം ഉറപ്പിച്ച ആം ആദ്മി പാർട്ടി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമല്ല കൂടുതൽ ദേശീയ അഭിലാഷങ്ങൾ വച്ചുപുലത്തുകയും ചെയ്യുന്നു. തെക്കേ ഇന്ത്യയിൽ ബിജെപിയുടെ സാന്നിധ്യം തികച്ചും പരിമിതമാണ്. കേരളത്തിനും തമിഴ്‌നാടിനും പുറമെ ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ജഗ്‌മോഹൻ റെഡ്ഡിയും കെ ചന്ദ്രശേഖര റാവുവും നേതൃത്വം നല്കുന്ന പാർട്ടികൾ കാര്യമായ വെല്ലുവിളികൾ ഒന്നും നേരിടുന്നില്ല.
പ്രാദേശിക പാർട്ടികളിൽ പലതും അവരുടെ സാമ്പത്തിക കാഴ്ചപ്പാടിലും സാമൂഹിക യാഥാസ്ഥിതിക സമീപനങ്ങളിലും ഇടതുപക്ഷ ആശയങ്ങളേക്കാൾ മധ്യ‑വലതുപക്ഷ ചായ്‌വുള്ളവരാണ്. നവഉദാരീകരണ നയങ്ങളോടുള്ള യുക്തിഭദ്രവും വിമർശനാത്മകമായ സമീപനത്തിനുപോലും അവരിൽ പലരും സന്നദ്ധരല്ല. ലോകബാങ്കും ഐഎംഎഫും മുന്നോട്ടുവയ്ക്കുന്ന തിട്ടൂരങ്ങൾക്കു ബദലായി ഒരു വികസന ആശയ സമീപനത്തിനും അവർ സന്നദ്ധരല്ല. ധനമൂലധനത്തിന്റെ ഒഴുക്കിനെ ആശ്രയിക്കുന്ന അവർ നയസമീപനങ്ങളിലും ഭരണനിർവഹണത്തിലും വലതുരാഷ്ട്രീയത്തോട് കൂടുതൽ ചേർന്നുനിൽക്കാനാണ് ശ്രമിക്കുന്നത്. നവഉദാരീകരണ ആശയങ്ങളോടുള്ള അവരുടെ ആശ്രിതത്വം സാമ്പത്തിക രംഗം കുത്തകകൾക്കായി തുറന്നുനല്കാൻ അവരെ നിർബന്ധിതരാക്കുന്നു. ബിജെപിക്കു ബദലായി ഒരു മാതൃക ഉയർത്തികൊണ്ടുവരണമെങ്കിൽ പ്രാദേശിക പാർട്ടികൾ മധ്യ‑വലതുപക്ഷത്തുനിന്നും രാഷ്ട്രീയമധ്യനിലപാടിലേക്കെങ്കിലും മാറേണ്ടതായിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: 24-ാം പാർട്ടി കോൺഗ്രസ് : കൊല്ലം മുതൽ വിജയവാഡ വരെ


മതപരമായ തങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള വ്യഗ്രത, ജാതിയടിസ്ഥാനത്തിലുള്ള ആശ്രിതത്വം, ബദൽ വികസന മാർഗങ്ങൾ അവലംബിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കാനുള്ള വിമുഖത, ഭൂപരിഷ്കരണവും ജാതിവ്യവസ്ഥയിൽ മൗലികമാറ്റം വരുത്താനുമുള്ള വൈമനസ്യം, പുരുഷമേധാവിത്തപരവും ചൂഷണാധിഷ്ഠിതവുമായ സമൂഹത്തിൽ സമൂല പരിവർത്തനത്തിനുള്ള വൈമുഖ്യം എന്നിവ പ്രാദേശിക പാർട്ടികളിൽ പലതിന്റെയും സാധ്യതകൾ പരിമിതപ്പെടുത്തുന്നു. സാമൂഹികമായും സാംസ്കാരികമായും ബിജെപിയിൽനിന്നും വിഭിന്നമായ നിലപാടുകളും സമീപനങ്ങളും കൂടാതെ, അവരിൽനിന്നു വ്യത്യസ്തമായ ഒരു പ്രതിച്ഛായ കാഴ്ചവയ്ക്കുക ദുഷ്കരമാണ്. ആർഎസ്എസിനെയും ബിജെപിയെയും പ്രതിരോധിക്കാൻ പ്രാപ്തമായ ഒരു ബദലിന് അവരിൽനിന്നു വിഭിന്നമായ ആശയ ഐക്യം കൂടിയേതീരൂ. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ പിന്നോട്ടടികൾ പ്രാദേശികപാർട്ടികളിൽ പലതിനും സാമ്പത്തിക വലതുപക്ഷം കൂടുതൽ സ്വീകാര്യമാക്കിയിരിക്കുന്നു. ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ ഇടതുപക്ഷത്തിന്റെ സാന്നിധ്യം സമൂഹത്തിൽ കൂടുതൽ ശക്തവും തീവ്രവുമാക്കി മാറ്റേണ്ടതുണ്ട്. അതിന് മാത്രമെ മധ്യ‑ഇടതുപക്ഷ നയരൂപീകരണത്തിലേക്കു ബദൽ രാഷ്ട്രീയത്തെ നയിക്കാനാവു.
ബിജെപിക്കും ആർഎസ്എസിനും എതിരായ ദേശീയ രാഷ്ട്രീയ ബദലിൽ ഇടതുപക്ഷത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും നിർണായക പങ്കാണ് നിർവഹിക്കാനുള്ളത്. സമീപ ഭൂതകാലത്ത് തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ തിരിച്ചടികളെ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിൽ, സ്വാതന്ത്ര്യത്തിനു മുൻപും അതിനുശേഷവും, ചരിത്രപരമായ പങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നിറവേറ്റിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി മുഖ്യ പ്രതിപക്ഷമായി മാറി. രണ്ടാമത് തെരഞ്ഞെടുപ്പിൽ ഒൻപത് ശതമാനത്തോളം വോട്ടുകളുമായി സിപിഐ മുഖ്യ പ്രതിപക്ഷസ്ഥാനത്ത് തുടർന്നു. 1962 ലെ പൊതുതെരഞ്ഞെടുപ്പിൽ 29 സീറ്റുകളും പത്തുശതമാനത്തോളം വോട്ടുകളും പാർട്ടിക്കുലഭിച്ചു. കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യത്തിന് രാജ്യത്തിന്റെ മിക്ക മേഖലകളിലും നല്ല സ്വീകാര്യതലഭിച്ചു. ട്രേഡ്‌യൂണിയൻ, കിസാൻ, യുവജന‑വിദ്യാർത്ഥി, സാംസ്കാരിക മുന്നണികളിൽ ഏറെ മുന്നേറ്റം സൃഷ്ടിക്കാനും പാർട്ടിക്കുകഴിഞ്ഞു.
എന്നാൽ, പാർട്ടിയിലുണ്ടായ ഭിന്നിപ്പും പാർലമെന്ററി പ്രവർത്തനത്തിന് നൽകിയ അമിതപ്രാധാന്യവും പാർട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഒരു മാർഗം എന്നനിലയിൽനിന്നും പാർലമെന്ററി പ്രവർത്തനം ഒരു ലക്ഷ്യമായി മാറിയതോടെ സമരോത്സുക ബഹുജനപ്രസ്ഥാനത്തിന്റെ പ്രാധാന്യം കുറയുകയും പാർട്ടി പ്രവർത്തനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം തെരഞ്ഞെടുപ്പുകളാവുകയും ചെയ്തു. അതുവരെ പാർട്ടി ആർജിച്ച ബഹുജന പിന്തുണയുടെ അടിത്തറ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു. രാഷ്ട്രീയത്തിന്റെ വർഗീയവല്ക്കരണത്തെ പാർട്ടി നഖശിഖാന്തം എതിർത്തുപോന്നു. പാർട്ടി മണ്ഡൽ കമ്മിഷൻ ശുപാര്‍ശകൾക്കു നല്കിയ പിന്തുണ ശരിയായ തീരുമാനമായിരുന്നു. എന്നാൽ അത് രാഷ്ട്രീയത്തെ ജാതിയടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ഇടയാക്കി. ഉദാരീകരണ സാമ്പത്തിക നയങ്ങൾ വീണ്ടും സമൂഹത്തിൽ ഭിന്നതയ്ക്ക് ആക്കംകൂട്ടി.


ഇതുകൂടി വായിക്കൂ: 24-ാം പാർട്ടി കോൺഗ്രസ്; വിജയവാഡയിലെ അരുണോദയം


ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വർഗബഹുജന പ്രസ്ഥാനങ്ങളുടെയും ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എല്ലാ വ്യതിചലനങ്ങളെയും അന്യപ്രവണതകളെയും ദൗർബല്യങ്ങളെയും അതിജീവിക്കാൻ കരുത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഇന്നിന്റെ ആവശ്യം. അതിനുതകുന്ന പ്രായപരിധിയടക്കം സംഘടനാപരമായ മാറ്റങ്ങൾ പാര്‍ട്ടികോൺഗ്രസ് സ്വീകരിച്ചു. പാർട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ആശയപരമായും ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് പാർട്ടികോൺഗ്രസ് നിശ്ചയദാർഢ്യത്തോടെ ഏറ്റെടുത്തിരിക്കുന്നത്. വിശാല അടിസ്ഥാനത്തിലുള്ള സമരോത്സുക പ്രസ്ഥാനത്തിലൂടെയെ ആ ലക്ഷ്യം കൈവരിക്കാനാവു എന്ന് കോൺഗ്രസ് വിലയിരുത്തുന്നു.
രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനും ഏറ്റെടുക്കാനും പ്രാപ്തമായ ഇടതുപക്ഷ പാർട്ടികളുടെ ഐക്യം പാര്‍ട്ടി കോൺഗ്രസ് ആവർത്തിച്ച് മുന്നോട്ടുവയ്ക്കുന്നു. വർഗപരമായ ചൂഷണത്തിനും ജാതിവിവേചനത്തിനും ലിംഗപരമായ അനീതികൾക്കും എതിരായ സമരങ്ങൾ പരസ്പരബന്ധിതങ്ങളാണ്. ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ആശയ സംഹിതകൾക്ക് എതിരായ ചെറുത്തുനില്പിന്റെ പ്രത്യയശാസ്ത്ര അടിത്തറയാണ് അത്. ആർഎസ്എസിന്റെ ഫാസിസ്റ്റ് ആശയങ്ങളെ എതിർത്ത് പരാജയപ്പെടുത്തുക എന്നത് ഇടതുപക്ഷത്തിന്റെ ചരിത്ര ദൗത്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ ഐക്യം കൂടുതൽ പ്രസക്തമാകുന്നത്. ഇടതുപക്ഷത്തെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിലെ നെടുംതൂണായി വളർത്തിയെടുക്കുന്നതിൽ തത്വാധിഷ്ഠിത കമ്മ്യൂണിസ്റ്റ് പുനരേകീകരണത്തിനു സുപ്രധാന സ്ഥാനമാണുള്ളതെന്ന് പാർട്ടികോൺഗ്രസ് വിലയിരുത്തുന്നു. അത്തരം ഐക്യത്തിന് രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ വിശാല ഐക്യനിര വളർത്തുന്നതിൽ പ്രതിബദ്ധവും അർത്ഥപൂർണവുമായ പങ്ക് നിർവഹിക്കാനാവും.
പാർട്ടികോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ (എംഎൽ ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജൻ എന്നിവരും ഇടതുപക്ഷ ഐക്യം ദേശീയബദലിന് അനിവാര്യമാണെന്ന് ഊന്നിപ്പറയുകയുണ്ടായി. കോൺഗ്രസിൽ പങ്കെടുത്ത പതിനേഴ് രാജ്യങ്ങളിൽനിന്നുള്ള വിദേശ പ്രതിനിധികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി അംഗീകരിക്കുകയും ഉദാരീകരണ സാമ്പത്തികനയങ്ങൾക്കും വലതുപക്ഷത്തിന്റെ അക്രമാസക്ത മുന്നേറ്റത്തിനും എതിരെ ആഗോളതലത്തില്‍ കൂട്ടായ ചെറുത്തുനില്പിനു് ആഹ്വാനം നല്കുകയും ഉണ്ടായി.


ഇതുകൂടി വായിക്കൂ: 24-ാം പാർട്ടി കോൺഗ്രസിന്റെ ആഹ്വാനം


വീര തെലങ്കാനയുടെ പാരമ്പര്യമുള്ള ആന്ധ്രാപ്രദേശിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ വിജയവാഡയെ ചുവപ്പണിയിച്ച വൻ റാലിയോടെയാണ് ഒക്ടോബർ 14നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപത്തിനാലാമതു കോൺഗ്രസ് ആരംഭിച്ചത്. ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും നാനാഭാഗങ്ങളിൽനിന്നുമായി പ്രത്യേക ട്രെയിനുകളിലും നൂറുകണക്കിന് ബസുകളിലും ചെറുവാഹനങ്ങളിലുമായി എത്തിയ കമ്മ്യൂണിസ്റ്റ് ബഹുജനങ്ങൾ അന്ന് ഉച്ചമുതൽ പാതിരാവ് കടക്കുംവരെയും നഗരത്തെ അക്ഷരാർത്ഥത്തിൽ കൈയടക്കി. നഗരത്തിലെ ഗതാഗത സംവിധാനം അപ്പാടെ താറുമാറാക്കിയ പ്രകടനത്തെയും മഹാറാലിയെയും ജനങ്ങളും ഗതാഗത, ക്രമസമാധാന ചുമതലയുള്ള പൊലീസും ഏറെ സൗഹൃദത്തോടെയും സഹിഷ്ണുതയോടയുമാണ് വരവേറ്റത്. കുഞ്ഞുകുട്ടി കടുംബാംഗങ്ങൾ ഉൾപ്പെട്ട പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനങ്ങളും മഴയിൽ കുതിർന്ന റാലിയും യാതൊരു അനിഷ്ടസംഭവങ്ങളും കൂടാതെ വിജയകരമായി കടന്നുപോയി.
രാജ്യത്തെ ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള ആയിരത്തോളം പ്രതിനിധികളാണ് അഞ്ചുദിവസം നീണ്ട കോൺഗ്രസിൽ പങ്കാളികളായത്. തികഞ്ഞ അച്ചടക്കത്തോടെ നടന്ന കോൺഗ്രസും അത് ഏകകണ്ഠമായി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോർട്ട്, സംഘടനാ റിപ്പോർട്ട്, പാർട്ടി ഭരണഘടനയിലേക്കും പരിപാടിയിലേക്കുമുള്ള ഭേദഗതികൾ എന്നിവ പാർട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും വിളിച്ചറിയിക്കുന്നതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.