26 April 2024, Friday

24-ാം പാർട്ടി കോൺഗ്രസിന്റെ ആഹ്വാനം

Janayugom Webdesk
October 30, 2022 5:00 am

സിപിഐയുടെ 24-ാമത് പാര്‍ട്ടി കോൺഗ്രസ് ആത്മവിശ്വാസത്തിന്റെയും നവചിന്തയുടെയും കോൺഗ്രസായി ചരിത്രം അടയാളപ്പെടുത്തും. ചരിത്ര നഗരമായ വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസ് പാർട്ടിയുടെ മുന്നേറ്റത്തിന് പുതിയ ഉണർവ് നൽകി. ഒക്ടോബർ 14 മുതൽ 18 വരെ നടന്ന കോൺഗ്രസിൽ 872 പ്രതിനിധികളും നിരീക്ഷകരും ക്ഷണിതാക്കളും തങ്ങളുടെ അനുഭവവും ഊർജവും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള പുതിയ പാത രൂപപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചു. യഥാർത്ഥത്തിൽ കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള അവസാനവേദി കൂടിയായി പാർട്ടി കോൺഗ്രസ്.
അവിടെ നടന്ന ചർച്ചകളും സമ്മേളനങ്ങളും കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമല്ല, ഐക്യത്തിനും പോരാട്ടത്തിനുമുള്ള അതിന്റെ ആഹ്വാനം രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ, ഇടതുപക്ഷ ശക്തികൾക്കും പ്രധാനപ്പെട്ടതാണ്. ഒരു പുതിയ ഇന്ത്യയുടെ സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള സമർപ്പിത പോരാട്ടങ്ങളുടെ പാർട്ടിയായാണ് ജനങ്ങൾ സിപിഐയെ കാണുന്നത്. ഒക്ടോബർ 14‑ന് പാർട്ടി കോൺഗ്രസിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള മഹാറാലി അതിന്റെ തെളിവായി. സ്ത്രീ പുരുഷ ഭേദമന്യെ പതിനായിരക്കണക്കിന് പേര്‍ ഒത്തുചേർന്ന് വിജയവാഡയുടെ തെരുവുകളെ ചുവപ്പിന്റെ അലകടലാക്കി. രാജ്യത്തിന്റെ ഭാവി വാർത്തെടുക്കുന്നതിൽ സിപിഐയുടെ പങ്ക് ബോധ്യപ്പെടുത്തുന്നതിന്റെ പ്രഖ്യാപനമായിരുന്നു അത്.


ഇതുകൂടി വായിക്കൂ:  മലബാറിലെ അധ്യാപക പ്രസ്ഥാനം എങ്ങനെ പാര്‍ട്ടിയോടടുത്തു?


മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി തങ്ങളുടെ മുമ്പിലുള്ള യാഥാർത്ഥ്യങ്ങളുടെ ശാസ്ത്രീയ വിശകലനം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റുകാര്‍ ബാധ്യസ്ഥരാണ്. 24-ാം കോൺഗ്രസിന് ഈ ദൗത്യം വിജയകരമായി പൂർത്തീകരിക്കാനും ഭാവി പ്രവർത്തനത്തിനുള്ള വ്യക്തമായ തയാറെടുപ്പിനും കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇതിനെ അക്ഷരാർത്ഥത്തിൽ ‘ചരിത്രപരം’ എന്ന് വിളിക്കാം. മുതിർന്നവരുടെ അനുഭവസമ്പത്തും പക്വതയും യുവാക്കളുടെ ചടുലതയും ചൈതന്യവും കൂടിച്ചേർന്നതാണ് കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന് സഹായകമായത്. കോൺഗ്രസിന്റെ ക്രെഡൻഷ്യൽ റിപ്പോർട്ട് ഈ വസ്തുതയിലേക്ക് വെളിച്ചം വീശുന്നു. 51.2 ശതമാനം പ്രതിനിധികളും 60 വയസിന് താഴെയുള്ളവരായിരുന്നു. അതിൽ ചിലരാകട്ടെ കേവലം ഇരുപത് വയസ് തികഞ്ഞവരുമായിരുന്നു. തൊഴിലാളികൾ, കർഷകർ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരുടെ അവകാശ‌സമരങ്ങളുടെയും ബഹുജന പ്രസ്ഥാനങ്ങളുടെയും നേതാക്കളായിരുന്നു പ്രതിനിധികളിൽ പലരും. ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ജയിലിൽ അടയ്ക്കപ്പെട്ടതിനാൽ ലക്ഷദ്വീപ് സംസ്ഥാന ഘടകം സെക്രട്ടറി ഉൾപ്പെടെ മൂന്ന് പ്രതിനിധികൾക്ക് കോൺഗ്രസിൽ പങ്കെടുക്കാനായില്ല.
വലതുപക്ഷ മാധ്യമങ്ങളിലെ ‘കമ്മ്യൂണിസ്റ്റ് സ്പെഷ്യലിസ്റ്റുകൾ’ ഇത്തവണയും സിപിഐക്കുള്ളിലെ സംഘടനാപരവും രാഷ്ട്രീയവുമായ അഭിപ്രായവ്യത്യാസങ്ങൾ കണ്ടെത്താനുള്ള ശ്രമം നടത്തി. പ്രായപരിധി സംബന്ധിച്ച മാർഗരേഖ കോൺഗ്രസ് അസാധുവാക്കുമെന്നുവരെ അവർ പ്രചരിപ്പിച്ചു. പാർട്ടിക്കുള്ളിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന് പ്രചാരണം നടത്തി. അവരെ തികച്ചും നിരാശപ്പെടുത്തുന്നതായി കോൺഗ്രസ്. സംഘടനാപരവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ ഗൗരവമേറിയതും ആഴത്തിലുള്ളതുമായ ചർച്ചകളാണ് നടന്നത്. രാഷ്ട്രീയവിമർശനങ്ങളും സ്വയം വിമർശനങ്ങളുമടങ്ങുന്ന ചർച്ചകൾ പാർട്ടി കോൺഗ്രസിന്റെ ആത്മാവാണ്. ഈ ജനാധിപത്യ പ്രക്രിയയിലൂടെയാണ് പാർട്ടി അതിന്റെ മുന്നോട്ടുള്ള വഴി കണ്ടെത്തുന്നത്. ഈ സംസ്കാരവും അച്ചടക്കവും ഒരു വലതുപക്ഷ പാർട്ടിയിലും ചിന്തിക്കാൻ പറ്റാത്തതാണ്.


ഇതുകൂടി വായിക്കൂ:  24-ാം പാർട്ടി കോൺഗ്രസ്; വിജയവാഡയിലെ അരുണോദയം


കമ്മ്യൂണിസ്റ്റുകാരുടെ ദേശസ്നേഹം വലതുപക്ഷ കപടദേശീയതയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളുടെ മണ്ണിനോടും ജനങ്ങളോടും എന്നും പ്രതിജ്ഞാബദ്ധരാണ്. അതേസമയം, അവർ ലോകമെമ്പാടുമുള്ള അധ്വാനിക്കുന്ന ജനങ്ങളുമായുള്ള സാഹോദര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹോദര്യത്തിന്റെ പ്രതീകമായി 16 രാജ്യങ്ങളിൽ നിന്നുള്ള 17 സഹോദര സംഘടനാ പ്രതിനിധികളെ 24-ാം കോൺഗ്രസ് സ്വീകരിച്ചു. ലോകത്ത് കമ്മ്യൂണിസം മരിച്ചുവെന്ന സാമ്രാജ്യത്വ പ്രചാരകരുടെ വിടുവായത്തത്തിനുള്ള സൗമ്യമായ മറുപടിയായി കോൺഗ്രസിലെ അവരുടെ സാന്നിധ്യം!.
പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമഗ്രമായ ചർച്ചകൾക്ക് ശേഷം ഏകകണ്ഠമായാണ് അംഗീകരിച്ചത്. രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക പുരോഗതി വിശകലനം ചെയ്ത രാഷ്ട്രീയ പ്രമേയം, മതേതര ജനാധിപത്യ‑ഇടതു ശക്തികളുടെ വിശാല സഖ്യത്തിന് ആഹ്വാനം നൽകി. ആർഎസ്എസ്-ബിജെപി ഭരണം നമ്മുടെ മഹത്തായ രാജ്യത്തിന്റെ അടിത്തറ നശിപ്പിച്ചു. ആർഎസ്എസ് നിയന്ത്രിക്കുന്ന ജനവിരുദ്ധ ഫാസിസ്റ്റ് സർക്കാരിനെ പുറത്താക്കേണ്ടതുണ്ട്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവയുടെ രക്ഷയ്ക്കായുള്ള പോരാട്ടത്തിൽ വലതുപക്ഷ പിന്തിരിപ്പൻ ശക്തികളെ പരാജയപ്പെടുത്താൻ മതേതര, ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയിലൂടെ മാത്രമെ കഴിയൂ. ഇത്തരം ഏകീകൃത നീക്കത്തിന്റെ ഘടനയും സ്വഭാവവും രാജ്യത്തുടനീളം ഏകീകൃത സ്വഭാവമുള്ളതായിരിക്കില്ല. അവിടെ ആർഎസ്എസ്-ബിജെപി സഖ്യത്തിന് ബദലാണെന്ന് തോന്നുന്ന ശക്തികൾക്കൊപ്പം നീങ്ങും. സിപിഐ(എം), സിപിഐ (എംഎൽ), ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ നേതാക്കളും ഉദ്ഘാടന സമ്മേളനത്തിൽ ഇടത് ഐക്യത്തെക്കുറിച്ചുള്ള തങ്ങളുടെ നിലപാടുകൾ ആവർത്തിച്ചു.


ഇതുകൂടി വായിക്കൂ:  ജനപക്ഷത്ത് നിലയുറപ്പിച്ച കമ്മ്യൂണിസ്റ്റ്


സിപിഐ കൂടുതൽ ശക്തമാക്കേണ്ടതിന്റെ അനിവാര്യത പാർട്ടി കോൺഗ്രസ് അടിവരയിട്ടു. ഇക്കാര്യത്തിൽ സുസ്ഥിരമായ കർമ്മപദ്ധതി വേണമെന്ന് ചർച്ചയിൽ പങ്കെടുത്ത സഖാക്കൾ ആവശ്യപ്പെട്ടു. മൂന്ന് വർഷം കഴിയുമ്പോള്‍ പാര്‍ട്ടി നൂറാം വാർഷികം ആഘോഷിക്കുകയാണ്. അഭിമാനകരമായ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രം, സ്വാതന്ത്ര്യവും സാമൂഹിക പുരോഗതിയും നേടിയെടുക്കുന്നതിലും സംരക്ഷിക്കുന്നതിലും കമ്മ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് എന്നിവ വളരെ വ്യക്തതയുള്ളതാണ്. ആ മഹത്തായ പൈതൃകത്തിൽ ഊന്നി നിന്നുകൊണ്ടു തന്നെ ഇന്നത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയും പാർട്ടി ഏറ്റെടുക്കേണ്ടതുണ്ട്. നൂറാം വാർഷികത്തിൽ അംഗസംഖ്യ 10 ലക്ഷമായി ഉയർത്താനും എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും പാര്‍ട്ടിയുടെ ചരിത്രം രേഖപ്പെടുത്താനും തീരുമാനമെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സംഘടനാപരവുമായി ശാക്തീകരിക്കുന്നതിന് ഇനിയും ഒട്ടേറെ ദൂരം സഞ്ചരിക്കാനുണ്ട്. സമയബന്ധിതമായി ആ കര്‍ത്തവ്യം നിറവേറ്റാതെ വിശ്രമിക്കാനാകില്ല. 24-ാം പാർട്ടി കോൺഗ്രസും അതിന്റെ സംവാദങ്ങളും ചർച്ചകളും ചെങ്കൊടിക്ക് കീഴില്‍ ഈ ദിശയിൽ മുന്നേറാനുള്ള ആഹ്വാനമാണ്!

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.