23 November 2024, Saturday
KSFE Galaxy Chits Banner 2

ഹിമാചലില്‍ വിധികുറിക്കുക കാന്‍ഗ്രയുടെ ജനഹിതം

മുതിര്‍ന്ന നേതാക്കളുടെ മത്സരകേന്ദ്രങ്ങളില്‍ വിമതസാന്നിധ്യം നിര്‍ണായകം
Janayugom Webdesk
ന്യൂഡല്‍ഹി
November 2, 2022 12:32 pm

മത്സരരംഗത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും വിമതസ്ഥാനാര്‍ത്ഥികളുടെയും എണ്ണത്തില്‍ ഹിമാചല്‍ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമാകുകയാണ് കാന്‍ഗ്ര ജില്ല. സംസ്ഥാനത്തെ 12 ജില്ലകളില്‍ കാന്‍ഗ്രയാണ് സര്‍ക്കാര്‍ രൂപീകരണത്തിന്റെ താക്കോലായി പരിഗണിക്കപ്പെടുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് ചരിത്രം. 68 നിയമസഭാ സീറ്റുകളില്‍ 15 മണ്ഡലങ്ങള്‍ കാന്‍ഗ്ര ജില്ലയിലാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ വിജയിച്ചാണ് 44 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയത്. കാന്‍ഗ്രയില്‍ നിന്ന് വിജയിച്ച ബിജെപി എംഎല്‍എമാരില്‍ നാല് പേര്‍ മന്ത്രിമാരായി. 15 മ­ണ്ഡലങ്ങളിലായി ആകെ 13,34,542­ ­വോട്ടർമാരാണുള്ളത്. വോട്ടര്‍മാരില്‍ 34 ശതമാനം രജപുത്രരും, 32 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്. 18 ശതമാനം ബ്രാഹ്മണരും 20ശതമാനം പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരുമാണ്. 

ഇത്തവണയും ആവേശകരമായ മത്സരങ്ങള്‍ക്ക് ജില്ല സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷ. നിയമസഭാ സ്പീക്കറും മൂന്ന് മന്ത്രിമാരും മത്സര രംഗത്തുണ്ട്. മന്ത്രിസ്ഥാനമോ മുതിര്‍ന്ന പാര്‍ട്ടി സ്ഥാനങ്ങളോ വഹിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ നേട്ടമുണ്ടാക്കിയ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ ജില്ലയെന്ന നിലയ്ക്ക് സീറ്റുകള്‍ക്കായി ഇരു പാര്‍ട്ടികളിലും പിടിവലികളുണ്ടാകാറുണ്ട്. സീറ്റ് തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനും ബിജെപിക്കും നേടിക്കൊടുക്കുന്ന വിമത സ്ഥാനാര്‍ത്ഥി നീക്കങ്ങളും ചെറുതല്ല. തെരഞ്ഞെടുപ്പ് ഫലത്തില്‍ ജില്ലയുടെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ധര്‍മ്മശാലയില്‍ റാലി നടത്തിക്കഴി‍ഞ്ഞു. മുഖ്യമന്ത്രി ജയറാം ഠാക്കൂർ 15 മണ്ഡലങ്ങളിലെയും റാലികൾ പൂര്‍ത്തിയാക്കി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും യോഗങ്ങളും റോഡ് ഷോകളും നടത്തി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും രാജ്‌നാഥ് സിങ്ങും ജില്ല സന്ദർശിച്ചു. അതേസമയം, കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നാളെ കാൻഗ്ര സന്ദർശിക്കും. ആംആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ഈ വർഷം ഏപ്രിലിൽ തന്നെ കാൻഗ്രയിൽ നടന്ന റാലിയോടെ പാർട്ടിയുടെ ഹിമാചൽ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.

1982 മുതൽ 1998 വരെ ബിജെപി തുടർച്ചയായി കാന്‍ഗ്ര സീറ്റ് നേടിയെങ്കിലും കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും ജയിക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. 1998ൽ വിജയിച്ച വിദ്യാസാഗർ ആയിരുന്നു കാന്‍ഗ്ര മണ്ഡലത്തിലെ അവസാന ബിജെപി എംഎൽഎ. നിലവിലെ എംഎൽഎയായ പവൻ കാജൽ 2012ൽ സ്വതന്ത്രനായും 2017ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും വിജയിച്ചിരുന്നു. ഇത്തവണ ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്.
ജാവലി, ഡെഹ്‌റ, ധർമ്മശാല എന്നിവിടങ്ങളിലെ മുൻ നേതാക്കളിൽ നിന്ന് ബിജെപി ഇത്തവണ വിമത നീക്കം നേരിടുന്നുണ്ട്. സീറ്റ് നിഷേധത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബിജെപിക്ക് ഭൂരിഭാഗം മണ്ഡലങ്ങളില്‍ നിന്നും വിമത സ്ഥാനാര്‍ത്ഥികളുണ്ട്. ഇവരില്‍ പലരും പ്രമുഖ നേതാക്കന്മാരാണെന്നുള്ളത് ബിജെപിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ഫത്തേപൂരാണ് ഇത്തവണ ജില്ലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റവുമധികം ഉറ്റുനോക്കുന്ന മണ്ഡലം. സംസ്ഥാന വനം മന്ത്രിയും ബിജെപി നേതാവുമായ രാകേഷ് പതാനിയയും കോൺഗ്രസിന്റെ ഭവാനി സിങ് പതാനിയയും തമ്മിലാണ് ഫത്തേപൂരില്‍ ഏറ്റുമുട്ടല്‍ നടക്കുക. എന്നാല്‍ മുന്‍ ബിജെപി അംഗമായിരുന്ന രാജന്‍ സുശാന്ത് ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഹിമാചൽ രാഷ്ട്രീയത്തിലെ ഒരു പ്രധാന മുഖമാണ് സുശാന്ത്. പ്രേം കുമാർ ധുമല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന സുശാന്ത് ധുമലിനേയും സംസ്ഥാന പാർട്ടി നേതൃത്വത്തേയും പരസ്യമായി വിമർശിച്ചതിനെ തുടർന്ന് രാജന്‍ സുശാന്തിനെ പുറത്താക്കുകയായിരുന്നു. 

Eng­lish Summary:Himachal elec­tion, the peo­ple of Kan­gra district
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.