18 December 2024, Wednesday
KSFE Galaxy Chits Banner 2

വിദ്യാർത്ഥികളും ലഹരിയും

എൻ ശ്രീകുമാർ
December 14, 2022 4:40 am

ഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾ കേരളത്തിന്റെ വലിയൊരു സാമൂഹിക പ്രശ്നം തന്നെയാണ്. ലഹരിവിമുക്ത ഭാവികേരളമെന്ന ലക്ഷ്യം കൈവരിക്കാൻ വിദ്യാർത്ഥികൾ ലഹരി വസ്തുക്കൾക്കതീതരായേ മതിയാകൂ. ജീവിതം തന്നെയാണവർക്ക് ലഹരിയാകേണ്ടത്; മത്തുപിടിപ്പിക്കുന്ന ഏതെങ്കിലും രാസ, ജൈവ പദാർത്ഥങ്ങളാകരുത്.
വിദ്യാർത്ഥികൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നതിൽ മുതിർന്നവർ വഹിക്കുന്ന പങ്ക് ചെറുതല്ല. ബോധപൂർവമല്ലാത്ത ഒട്ടേറെ സാഹചര്യങ്ങൾ അതിലേക്ക് കുട്ടികളെ നയിക്കുന്നുണ്ട്. മുതിർന്നവർക്കായി ലഹരിവസ്തുക്കൾ എത്തിച്ചുകൊടുക്കാൻ വിധേയരാകുന്ന കുട്ടികളാണ് ഇതിന്റെ ഒന്നാമത്തെ ഇരകൾ. അച്ഛനോ കുടുംബത്തിലെ മറ്റ് മുതിർന്നവർക്കോ വേണ്ടി, ബീഡി, സിഗരറ്റ്, പുകയില, കള്ള് തുടങ്ങിയ ലഹരി വസ്തുക്കൾ വില്പനസ്ഥലങ്ങളിൽ നിന്ന് വാങ്ങി എത്തിക്കുന്നതിന് കുട്ടികളെ, അതിന്റെ ഭവിഷ്യത്ത് മനസിലാക്കാതെ വിധേയരാക്കുന്നു. ലഹരി ഉപയോഗം സാധാരണ ജീവിതത്തിന്റെ ഭാഗമാണെന്ന ധാരണ ഇത് കുട്ടികളിൽ സൃഷ്ടിക്കും. ചെറിയതോതിലുള്ള ലഹരി വസ്തുക്കളുടെ ഗണത്തിലേ ഇപ്പറഞ്ഞവയൊക്കെ ഉൾപ്പെടുന്നുണ്ടാവുകയുള്ളു. പക്ഷേ, വലിയ ലഹരി ഉപയോഗത്തിനുള്ള വഴിവെട്ടമായി അത് മാറിയേക്കാമെന്ന് മറക്കരുത്.


ഇതുകൂടി വായിക്കൂ: ലഹരി നുണഞ്ഞ പ്രതിപക്ഷ രാഷ്ട്രീയം


ബോധപൂർവം ലഹരിവാഹകരായി വിദ്യാർത്ഥികളെ വിധേയരാക്കുന്നതാണ് ഗൗരവമായി കാണേണ്ട കാര്യം. കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരിമാഫിയ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന വാർത്ത കേരളത്തെ ഞെട്ടിച്ചു. പൊലീസ് ഉൾപ്പെടെ സംവിധാനങ്ങൾക്കു മുന്നിൽ വിദ്യാർത്ഥികളെ മറയാക്കി സുരക്ഷിതമായി ലഹരിവിനിമയം നടത്തുന്ന സംഘമാണ് ഇക്കൂട്ടർ. കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെ വിലപിടിച്ച ലഹരി വസ്തുക്കൾ, ഏജൻസിക്ക് കെെമാറുന്നതിനായി വിദ്യാർത്ഥികൾ നിയോഗിക്കപ്പെടുന്നു. വിദ്യാർത്ഥികൾ പല തരത്തിലാകാം ഇതിന് വിധേയരാകുന്നത്. ചെറിയ സാമ്പത്തിക നേട്ടത്തിനും ഇത് ചെയ്യുന്ന കുട്ടികള്‍ ഉണ്ടാകും. ഇത്തരം റാക്കറ്റുകളിൽ ഒരിക്കലകപ്പെട്ടാൽ പിന്നെ അതിൽ നിന്ന് മോചനമില്ല എന്നവർ അറിയുന്നുണ്ടാകില്ല. കേരളത്തിലെ കലാലയങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങൾ സജീവമാണ്. ലഹരിമാഫിയയുടെ ഏറ്റവും സുരക്ഷിതമായ മറയാണ് വിദ്യാർത്ഥികൾ.
പരസ്യങ്ങൾ, സിനിമകൾ, ഡിജിറ്റൽ മാധ്യമങ്ങളിലെ വീഡിയോകൾ മുതലായവ ലഹരിയെ വിദ്യാർത്ഥികളിലേക്ക് വ്യാപിപ്പിക്കുന്നതിൽ നല്ല പങ്ക് നിർവഹിക്കുന്നുണ്ട്. ലഹരിയെ ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏത് വിദ്യാർത്ഥികളെയാണ് ആകർഷിക്കാത്തത്? സാമൂഹികമായ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ബോധപൂർവമായ ഇടപെടൽ വേണം. വിപുലമായ ബോധവൽക്കരണവും സംവിധാനങ്ങളുടെ പഴുതടച്ച പ്രവർത്തനവും ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം സംബന്ധിച്ച് കൃത്യമായ തിരിച്ചറിവുപകരലുമൊക്കെയാണ് പ്രതിരോധ മാർഗങ്ങൾ. വീടുകളും സ്കൂളുകളും പ്രത്യേക ജാഗ്രത പുലർത്തണം. രക്ഷിതാക്കൾ കുട്ടികളുമായി ആരോഗ്യപരമായ സ്നേഹം പുലർത്തുകയും അത് നന്നായി പ്രകടിപ്പിക്കുകയും വേണം. പാഠശാലകളിലെ വിശേഷങ്ങൾ, അവരുടെ കൂട്ടുകാർ, അങ്ങോട്ടുമിങ്ങോട്ടുമുള്ള വഴിയാത്ര തുടങ്ങിയവയൊക്കെ വീട്ടിലെ സൗഹൃദാന്തരീക്ഷത്തിൽ നിരന്തരം ചർച്ചയാകണം. തുറന്ന് സംസാരിക്കാൻ പാകത്തിൽ ഗൃഹാന്തരീക്ഷത്തിൽ അവസരങ്ങൾ സൃഷ്ടിക്കണം. സ്കൂളുകളും അധ്യാപകരുമായി രക്ഷിതാക്കൾ നല്ല ബന്ധം പുലർത്തണം.


ഇതുകൂടി വായിക്കൂ:  ലഹരിക്കെതിരെ നാടൊന്നാകെ സ്നേഹച്ചലങ്ങല


വിദ്യാലയങ്ങൾക്ക് വിദ്യാർത്ഥികളെ ലഹരിവലയിൽ നിന്ന് തീർച്ചയായും വിമുക്തരാക്കാനാവും. പാഠ്യപ്രവർത്തങ്ങൾ ക്രമീകരിക്കുകയാണ് ഇതിന് അടിയന്തരമായി ചെയ്യേണ്ടത്. ആകർഷകമായ പാഠ്യപദ്ധതി വിദ്യാർത്ഥികളില്‍ പഠനം തന്നെ ഒരു ലഹരിയാക്കി തീർക്കും. കുട്ടികളുടെ അഭിരുചി മാനിക്കുന്നതും, അന്വേഷണാത്മകത വളർത്തുന്നതുമായ പഠന രീതിയാകണമത്. വിദ്യാർത്ഥികളിൽ നിരന്തര പ്രവർത്തന സന്നദ്ധത ഉറപ്പാക്കണം. കുട്ടികൾ നടത്തുന്ന അന്വേഷണ ഫലങ്ങൾ, നിരീക്ഷണങ്ങൾ, പുതിയ നിർമ്മിതികൾ എല്ലാം ക്ലാസുകളിൽ നന്നായി അംഗീകരിക്കപ്പെടുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കണം. ഇതിന് അധ്യാപകർക്ക് നല്ല പരിശീലനമാണ് വേണ്ടത്. എല്ലാ വിദ്യാർത്ഥികളുടെയും പഠന വിജയം ഏറ്റക്കുറച്ചിലോടെ എങ്കിലും അംഗീകരിക്കപ്പെടണം. പരാജിതരാകുന്ന വിദ്യാർത്ഥികളാകും ഒരുപക്ഷെ, പരാജയബോധം മറക്കാൻ ലഹരിയെ അന്വേഷിക്കുന്നത്. നമ്മുടെ പഠനബോധന ക്രമത്തിൽ കാര്യമായ പൊളിച്ചെഴുത്ത് ഇതിനായി നടക്കണം. കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന ഈ കാലയളവിൽ ഇതിനായി നല്ല വ്യക്തതയോടെ ഇടപെടൽ വേണം.

സ്കൂൾ സംവിധാനങ്ങളെ ആകർഷകമാക്കലും ലഹരിയിൽ നിന്ന് വിദ്യാർത്ഥികളെ പ്രതിരോധിക്കാൻ സഹായിക്കും. എല്ലാ വിദ്യാർത്ഥികൾക്കും പരിഗണന ലഭിക്കുംവിധം പാഠശാലകളിലെ വിവിധ പ്രവർത്തനങ്ങൾ മാറണം. കേവലം ഉയർന്ന മാർക്കു വാങ്ങുന്നവരുടെ മാത്രമാകരുത് വിദ്യാലയങ്ങൾ. മറ്റുള്ളവർക്കും ക്ലാസിലും പാഠശാലയിലും അംഗീകാരം കിട്ടണം. വിവിധ ആഘോഷങ്ങൾ, സർഗാത്മക പ്രവർത്തനങ്ങൾ, ക്യാമ്പുകൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവ നടക്കട്ടെ. സൗഹൃദ കായിക മത്സരങ്ങള്‍, സ്കൂൾ/ക്ലാസ് തലങ്ങളിള്‍ ചലച്ചിത്രോത്സവം എന്നിവ സംഘടിപ്പിക്കാവുന്നതേയുള്ളു. എല്ലാ വിദ്യാലയങ്ങളും ഡിജിറ്റലായി കഴിഞ്ഞതിനാൽ ഇത് വേഗത്തിൽ സംഘടിപ്പിക്കാനാവും. പഠനത്തിന്റെ ഭാഗമായി ഷോർട്ട്ഫിലിം നിർമ്മാണ പരിശീലനം നല്കണം. അവർ നിർമ്മിക്കുന്ന കൊച്ചു സിനിമകളുടെ പ്രദർശനമാകട്ടെ സ്കൂൾതല ഫിലിമോത്സവങ്ങൾ.


ഇതുകൂടി വായിക്കൂ:  ലഹരിവിരുദ്ധ പോരാട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്


ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യത മറ്റുവിധത്തിലും പ്രയോജനപ്പെടുത്താവുന്നതാണ്. ഡിടിപി, പേജ് സെറ്റിങ്, ലേ ഔട്ട് തുടങ്ങിയവ ഐടി പഠനത്തിന്റെ ഭാഗമായി കുട്ടികൾ പരി ശീലിക്കുന്നുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി, ഹയർ സെക്കന്‍ഡറി സ്കൂളുകളിലെങ്കിലും കുട്ടികളുടെ പ്രതിമാസ പ്രസിദ്ധീകരണങ്ങൾ ഉണ്ടാകണം. എഴുതാനും വരയ്ക്കാനും കഴിയുന്ന കുട്ടികൾ അതിനൊപ്പം അണിചേരണം. കുട്ടികളുടെ തന്നെ എഡിറ്റോറിയൽ ബോർഡും പ്രവർത്തികട്ടെ. അതുപോലെ തന്നെ കുട്ടികളിൽ നേതൃശേഷി പ്രോത്സാഹിപ്പിക്കണം. പഠനാലയങ്ങളിൽ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണം. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതാണോ എന്ന് പരിശോധിക്കപ്പെടണം. എല്ലാ വിദ്യാർത്ഥികൾക്കും നേതൃബലം ഉണ്ടായേ കഴിയൂ. ഇതിന് മികച്ച ലീഡർഷിപ്പ് പരിശീലനം വിദ്യാലയങ്ങളിൽ സജീവമാക്കാനും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും കഴിയണം.

വിദ്യാലയങ്ങൾക്കുള്ളിൽ ലഹരി, കുട്ടികളോടുള്ള അതിക്രമങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവയ്ക്ക് എതിരെ പ്രതികരിക്കുന്ന പ്രതിരോധ സേന എന്ന ആശയവും നടപ്പിലാവേണ്ടതാണ്. കുട്ടികൾ തന്നെ അവർക്കെതിരെയുള്ള ശക്തികളെ തിരിച്ചറിയണം. അതിനെതിരെയുള്ള പ്രതിരോധ മാർഗങ്ങള്‍ അധ്യാപകരുമായി ചേർന്ന് ആസൂത്രണം ചെയ്യട്ടെ. ലഹരിയുൾപ്പെടെ എല്ലാവിധ മാഫിയകൾക്കുമെതിരെ വിദ്യാർത്ഥി ശക്തി ജാഗരൂകരാകണം. ഇന്ന്, കരുതലോടെ ഇടപെട്ടില്ലെങ്കിൽ ഭാവി കേരളത്തെപ്പറ്റിയുള്ള നമ്മുടെ മോഹങ്ങൾ അർത്ഥമില്ലാത്തതാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.