23 November 2024, Saturday
KSFE Galaxy Chits Banner 2

ഏപ്രിൽ 11 അഖിലേന്ത്യാ കിസാന്‍സഭയ്ക്ക് 87-ാം പിറന്നാൾ

കരിയം രവി
April 11, 2023 4:30 am

അഖിലേന്ത്യാ കിസാൻസഭ (എഐകെഎസ്) 87-ാം പിറന്നാളിലേക്ക്. 1936 ഏപ്രിൽ 11ന് ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് അഖിലേന്ത്യാ കിസാൻസഭ എന്ന സംഘടിത കർഷക പ്രസ്ഥാനം പിറവിയെടുത്തത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീശവാഴ്ചയ്ക്കും കടം, പലിശ, വാരം, പാട്ടം, അടിമവേല തുടങ്ങിയ നാടുവാഴിത്ത ആക്രമണങ്ങൾക്കുമെതിരായ കർഷകസമര പരമ്പര 19-ാം നൂറ്റാണ്ടിലുടനീളം ഇന്ത്യയിലുണ്ടായി. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവിർഭവിക്കുന്നതിനും മുമ്പു തന്നെ തിരുവിതാംകൂറിൽ, കേരളത്തിൽ കാർഷിക പശ്ചാത്തലമുള്ള പ്രക്ഷോഭങ്ങൾ ഉണ്ടായി. 1801 മുതൽ 19 വരെയുള്ള കാലഘട്ടത്തിലെ വേലുത്തമ്പിയുടെ കുണ്ടറ വിളംബരവും നാടുവാഴി സാമ്രാജ്യത്വവിരുദ്ധ സമരങ്ങളും കർഷക പോരാട്ടങ്ങളാണ്. മൈസൂരുവിലെ നാഗാർ കൃഷിക്കാരുടെ കലാപം (1830–31), മാപ്പിള ലഹളകൾ (1836–46), ബ്രിട്ടീഷ് സർക്കാരിനും സ്വകാര്യ പണമിടപാടുകൾക്കുമെതിരായി 1855ൽ ബംഗാളിലെ സാന്താൾ പർഗാനയിലും ഛോട്ടാ നാഗ്പൂരിലെയും കൃഷിക്കാർ നടത്തിയ കലാപം, 1857ലെ ശിപായിലഹളയ്ക്ക് സാന്താൾ മേഖലകളിൽ കൃഷിക്കാർ നൽകിയ പിന്തുണ, ബംഗാളിൽ 1860ലെ നീലം കൃഷിക്കാരുടെ പണിമുടക്കം, പാബ്നാ ബോഗ്രാ കലാപം (1871–72 ), മറാഠാ കർഷക കലാപം (1875), 1891ലെ തിരുവിതാംകൂറിലെ മലയാളി മെമ്മോറിയൽ പ്രക്ഷോഭം എല്ലാം കർഷക സമരങ്ങളായിരുന്നു. കലാപകലുഷിതമായ കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ അത്യാസന്നമായ ഒരു വിപ്ലവത്തെ തോല്പിക്കാനായിട്ടായിരുന്നു ഒരു ‘സേഫ്റ്റി വാൽവ് ’ എന്ന നിലയിൽ 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചതെന്ന് രജനി പാംദത്തിന്റെ വിഖ്യാത ഗ്രന്ഥമായ ‘ഇന്ത്യാ ടുഡേ‘യിൽ സൂചിപ്പിച്ചിട്ടുണ്ട്.

1859 മുതൽ ബഹുജനങ്ങൾക്കെതിരെ ഫ്യൂഡൽ ശക്തികളുമായി സന്ധിയുണ്ടാക്കുക എന്ന അടവാണ് ബ്രിട്ടീഷ് ഭരണകൂടം സ്വീകരിച്ചത്. എന്നാൽ കഴിഞ്ഞകാലത്ത് ഫ്യൂഡൽ പ്രഭുക്കൾക്ക് പിന്നിൽ അണിനിരന്നിരുന്ന കർഷകരും ബഹുജനങ്ങളും അവരുടെ സമരം തുടർന്നു. അതിന്റെ ഫലമായി രാജ്യത്താകെ കർഷക സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. ചമ്പാരൻ (1917), കെയ്റാ സത്യഗ്രഹം (1918), അകാലി കർഷക പ്രസ്ഥാനം (1920–22), മലബാർ മാപ്പിള ലഹള (1921), വടക്കേ ഇന്ത്യയിലെ നികുതി-പാട്ടം നിഷേധ സമരങ്ങൾ (1921–22), വിശാഖ് സമരം (1922 — 24), ബർദോളി സത്യഗ്രഹം (1928–30), ഗോദാവരി കൃഷ്ണാ റീസെറ്റിൽമെന്റ് വിരുദ്ധ സമരം (1928–1931), കൊച്ചാറിലെ നികുതി നിഷേധസമരം (1930), വെങ്കിടഗിരി സമരം (1931) തുടങ്ങിയവയെല്ലാം 20-ാം നൂറ്റാണ്ടിന്റെ ആദ്യ മൂന്ന് ദശകങ്ങളിലെ കർഷകസമരങ്ങളാണ്. 1923ൽ അന്നത്തെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ഗുണ്ടൂർ ജില്ലയിൽ ഭൂഉടമാ വ്യവസ്ഥയ്ക്കും ജന്മിത്വത്തിനുമെതിരായ കർഷക കൂട്ടായ്മകൾ ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ സമ്പന്നമായ ഭൂഉടമ കുടുംബത്തിൽ അംഗമായ, ഇംഗ്ലണ്ടിൽ ഉന്നത വിദ്യാഭ്യാസം നേടിയ എൻ ജി രംഗ ആയിരുന്നു അതിന്റെ നേതൃത്വം. 1928 മുതൽ ബിഹാറിലും കർഷകരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.


ഇതുകൂടി വായിക്കൂ: വറുതിയുടെ ഇരുണ്ട ദിനങ്ങൾ


സ്വാമി സഹജാനന്ദ സരസ്വതിയുടെ നേതൃത്വത്തിലായിരുന്നു ഇത്. 1929ൽ ബിഹാറിൽ ഒരു കർഷക സംഘടന തന്നെ രൂപമെടുത്തു. ഇതേ കാലയളവിൽ ബംഗാളിലും കർഷകരുടെ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചു. അവിടെ ചില പ്രദേശങ്ങളിൽ അവ സായുധസമര സംഘടനയായി മാറി. അതിൽ നിന്നും വ്യത്യസ്തമായി ബങ്കിം മുഖർജിയുടെ നേതൃത്വത്തിൽ സംഘടിത കർഷക പ്രസ്ഥാനം രൂപംകൊണ്ടു. 1930ല്‍ വളർന്നുവന്ന കർഷകപ്രസ്ഥാനം നിയമലംഘന, സായുധ സമരങ്ങളിലേക്കും നീങ്ങി. പെഷവാറിലും ചിറ്റഗോങ്ങിലും ഷോളാപൂരിലും ഉയർന്നുവന്ന സായുധസമരങ്ങളെല്ലാം കർഷകരുടെ നേതൃത്വത്തിലായിരുന്നു.1930ൽ സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ ബർദോളിയിൽ നടന്ന നികുതി നിഷേധസമരവും 1931ൽ ഉത്തർപ്രദേശിൽ ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ നടന്ന പാട്ട നിഷേധസമരവുമെല്ലാം കർഷക പോരാട്ടങ്ങളായിരുന്നു. 1933ൽ കേരളത്തിൽ കൊടുങ്ങല്ലൂരിൽ ഒരു കർഷകത്തൊഴിലാളി സംഘടനയ്ക്കു് രൂപം നൽകി. ആ സംഘടനയുടെ നേതൃത്വത്തിൽ ചില സമരങ്ങളും അരങ്ങേറി. പിന്നീട് അത് നിലനിന്നില്ല. വർഗാടിസ്ഥാനത്തിൽ കർഷക പ്രസ്ഥാനത്തിനുള്ള ആദ്യ സംരംഭം മലബാറിൽ 1935ല്‍ നടന്നു. കണ്ണൂർ ജില്ലയിലെ കൊളച്ചേരി ഗ്രാമത്തിലാണ് കേരളത്തിലെ ആദ്യ കർഷക പ്രസ്ഥാനം രൂപമെടുക്കുന്നത്. കെ എ കേരളീയൻ, വിഷ്ണു ഭാരതീയൻ, കെ പി ആർ ഗോപാലൻ, ടി സി നാരായണൻ നമ്പ്യാർ, പാട്ടത്തി പത്മനാഭൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൊളച്ചേരി കർഷക സംഘത്തിന് രൂപം നല്കിയത്. 1935 ജൂലൈ 12ന് നണിയൂരിലെ വിഷ്ണു ഭാരതീയന്റെ വസതിയിലായിരുന്നു ആദ്യ യോഗം.

ഇതുപോലെ ആന്ധ്രയിലും ബിഹാറിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ഇതേസമയത്ത് കർഷക സംഘടനകൾ പിറവിയെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് 1936 ഏപ്രിൽ 11ന് ലഖ്നൗവിൽ വിവിധ സംസ്ഥാനങ്ങളിലെ കർഷക സംഘടന നേതാക്കളുടെ യോഗം ചേർന്നത്. ബിഹാറിലെ കർഷക നേതാവ് സഹജാനന്ദ സരസ്വതിയായിരുന്നു അധ്യക്ഷൻ. ആ യോഗത്തിൽ അഖിലേന്ത്യാ കിസാൻ സഭ എന്ന സംഘടിത കർഷക പ്രസ്ഥാനത്തിന് രൂപം നൽകി. 1936 ഡിസംബർ 23, 24 തീയതികളിൽ മഹാരാഷ്ട്രയിലെ ഫൈസ്‌പൂരിൽ ചേർന്ന സമ്മേളനമാണ് ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എൻ ജി രംഗയെ പ്രസിഡന്റായും സ്വാമി സഹജാനന്ദ സരസ്വതിയെ ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. അരിവാളും ചുറ്റികയും ആലേഖനം ചെയ്ത ചെങ്കൊടിയാണ് കിസാൻ സഭയുടെ പതാകയായി ആദ്യം അംഗീകരിച്ചത്. അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി ഈ പ്രസ്ഥാനത്തെ നയിച്ച ബഹുമുഖ പ്രതിഭകൾ നിരവധി പേരാണ്. സ്വാമി സഹജാനന്ദ സരസ്വതി ഒമ്പത് വർഷം പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. എ കെ ഗോപാലൻ തുടർച്ചയായി 23 വർഷം കിസാൻ സഭയുടെ പ്രസിഡന്റായിരുന്നു.


ഇതുകൂടി വായിക്കൂ: കാര്‍ഷിക ഇന്ത്യയുടെ കണ്ണുനീരും രോഷവും


കഴിഞ്ഞ 26 വർഷമായി അതുൽ കുമാർ അഞ്ജാനാണ് ജനറൽ സെക്രട്ടറി. ആചാര്യ നരേന്ദ്രദേവ്, സോഹൻ സിങ് ഭക്നാ, ഇന്ദുലാൽ യജ്ഞിക്ക്, ബങ്കിം മുഖർജി, മുസാഫർ അഹമ്മദ്, കാര്യാനന്ദ ശർമ്മ, എം എ റസൂൽ, എൻ പ്രസാദ് റാവു, നാനാ പാട്ടീൽ, ഭവാനി സെൻ, ജഗ്ജിത്ത് സിങ് ലെൽപൂരി, ഹരേ കൃഷ്ണ കോനാർ, ഡോ. ഇസഡ് എ അഹമ്മദ്, വൈ വി കൃഷ്ണറാവു, ഭോഗേന്ദ്ര ഝ, വി വി രാഘവൻ, സി കെ ചന്ദ്രപ്പൻ, പ്രബോദ് പാണ്ഡെ, ഭൂപീന്ദ്ര സബാർ തുടങ്ങിയവരെല്ലാം കിസാൻസഭയെ നയിച്ചു. നിലവിൽ ആർ വെങ്കയ്യ പ്രസിഡന്റും അതുൽ കുമാർ അഞ്ജാൻ ജനറൽ സെക്രട്ടറിയുമാണ്. രാജ്യത്തിന്റെ കാർഷികമേഖല അതീവഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒരു വർഷ കാലത്തിലേറെ നീണ്ടുനിന്ന ദേശീയ കർഷക പ്രക്ഷോഭത്തിന് ശേഷം കർഷകസമൂഹം വീണ്ടുമൊരു ദേശീയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിൽ കിസാൻസഭയുടെ പിറന്നാൾ ആഘോഷങ്ങൾ പുത്തൻ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.