5 July 2024, Friday
KSFE Galaxy Chits

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബില്‍ ജനാധിപത്യഹത്യയ്ക്കുള്ള നീക്കം

Janayugom Webdesk
August 11, 2023 5:00 am

ലോകത്തെ ഏറ്റവും വിപുലവും ശക്തവുമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഏറ്റവുമധികം പേര്‍ വോട്ടെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന മറ്റൊരു ജനാധിപത്യ രാജ്യമില്ല. വലിയ പോറലേല്‍ക്കാതെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ടുപോകുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ ഭരണഘടനാ സ്ഥാപനമെന്നതില്‍ നിന്നുമാറ്റി, കേന്ദ്രം ഭരിക്കുന്നവര്‍ക്ക് ഇഷ്ടംപോലെ നിയമിക്കാവുന്ന ഉദ്യോഗസ്ഥ സംവിധാനമാക്കുന്നതിനുളള പുതിയ നിയമനിര്‍മ്മാണത്തിന്- തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബില്‍ — കേന്ദ്രം സന്നദ്ധമായിരിക്കുന്നു. തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഭരണഘടനാപരമായി നിശ്ചയിക്കപ്പെട്ട സ്വതന്ത്രമായ സംവിധാനവും സുതാര്യമായ പ്രക്രിയയും നമ്മുടെ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ നയിച്ചിരുന്നത്. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനരീതികള്‍ പ്രത്യേകമായി നിര്‍വചിക്കപ്പെട്ടിരുന്നില്ലെന്ന പരിമിതിയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് രാഷ്ട്രപതി നിയമിക്കുന്ന രീതിയാണ് അവലംബിച്ചത്. എങ്കിലും നിയമനം ലഭിക്കുന്നവര്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മുന്‍തൂക്കം നല്‍കിവന്നിരുന്നു. നിയമനത്തിനുശേഷം ചിലര്‍ കൂടുതല്‍ സ്വാതന്ത്ര്യമെടുക്കുന്നുവെന്ന പരാതികള്‍ ചില ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും 1990 വരെ ഈ സംഘടനാ സംവിധാനത്തിലാണ് കമ്മിഷന്‍ പ്രവര്‍ത്തിച്ചുവന്നിരുന്നത്. 1990ലാണ് ഏകാംഗത്തിനു പകരം മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകരിക്കപ്പെടുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു പുറമേ രണ്ട് കമ്മിഷണര്‍മാര്‍ എന്ന നിലയിലേക്ക് സംഘടനാ സംവിധാനത്തില്‍ മാറ്റമുണ്ടായി.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം


ആ സംവിധാനം അട്ടിമറിക്കപ്പെടുന്നതിന്റെ സൂചനകള്‍ കുറച്ചുനാളുകളായി കണ്ടുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ നിഴലിലായ സന്ദര്‍ഭങ്ങളുമുണ്ടായി. 2014ല്‍ ബിജെപി നേതൃത്വത്തില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനു ശേഷമാണ് അത് കൂടുതല്‍ പ്രകടമായത് എന്നത് യാദൃച്ഛികമല്ല. തങ്ങളുടെ ഉപദേശപ്രകാരം നിയമിക്കപ്പെടുന്നവരാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നതിനാല്‍ അവരെ വരുതിയിലാക്കുവാനുള്ള നീക്കങ്ങള്‍ പരസ്യമായി. തങ്ങള്‍ക്ക് വശംവദരാകാത്തവരെ പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും കൂടെനിര്‍ത്താനുള്ള നീക്കങ്ങളുമുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അന്ന് ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന ആരോപണത്തില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച അശോക് ലവാസ നേരിടേണ്ടിവന്ന ദുരനുഭവം ഇതിനുള്ള പ്രധാന ഉദാഹരണമാണ്. മോഡിക്കും അമിത് ഷായ്ക്കുമെതിരായ ആരോപണം തള്ളിയ നടപടിയോട് ലവാസ വിയോജിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പരിശോധനയും നടന്നു. ലവാസ സ്ഥാനമുപേക്ഷിച്ച് പോയതോടെ അന്വേഷണം പൊടുന്നനെ നിലയ്ക്കുകയും വിസ്മൃതിയിലാകുകയും ചെയ്തു. 2017ല്‍ ഒരേസമയം നടക്കേണ്ടിയിരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നതില്‍ കാട്ടിയ വിവേചനവും കമ്മിഷനെ വിവാദത്തിലാക്കിയതാണ്. പ്രധാനമന്ത്രിക്കും ബിജെപി നേതാക്കള്‍ക്കും പ്രഖ്യാപനങ്ങളും ഉദ്ഘാടന മഹാമഹങ്ങളും നടത്തുന്നതിന് അവസരമൊരുക്കുവാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് വരുന്നു; വർഗീയ സംഘര്‍ഷങ്ങളും


ഇത്തരമൊരു പശ്ചാത്തലമുള്ളപ്പോഴാണ് കഴിഞ്ഞ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് നിയതമായ സംവിധാനമില്ലാത്തത് പരിഗണിച്ച് സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാന വിധിയുണ്ടായത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയുടെ ശുപാര്‍ശയനുസരിച്ച് നിയമനം നടത്തണമെന്നായിരുന്നു പ്രസ്തുത വിധി. പാര്‍ലമെന്റ് അംഗീകരിച്ച നിയമമില്ലെന്ന കാര്യവും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കമ്മിഷണര്‍മാരുടെ നിയമനത്തില്‍ എക്സിക്യൂട്ടീവിനുള്ള മേധാവിത്തം ഒഴിവാക്കണമെന്ന ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത്. സുപ്രീം കോടതിയുടെ വിധി പ്രകാരം മോഡിസര്‍ക്കാരിന്റെ സ്വേച്ഛ, തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനത്തില്‍ നടപ്പില്ലെന്ന് വന്നതോടെയാണ് ഇതുപോലൊരു നിയമനിര്‍മ്മാണത്തിന് പൊടുന്നനെ തയ്യാറായതെന്ന് ഉറപ്പാണ്. ചീഫ് ജസ്റ്റിസിന് പകരം കേന്ദ്രമന്ത്രി ഉള്‍പ്പെടുന്ന സമിതിയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലെത്തിയതിനുശേഷം ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കുന്നതിന് തങ്ങളുടെ ഇഷ്ടഭാജനങ്ങളെ പ്രതിഷ്ഠിക്കുന്ന രീതിയാണ് തുടര്‍ന്നുവരുന്നത്. സുപ്രീം കോടതികളിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം അവസാനിപ്പിക്കുന്നതിന് നീക്കം നടത്തുന്നതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘഭക്തരെ നിയമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കുന്നതിനുള്ള പുതിയ നിയമനിര്‍മ്മാണം നമ്മുടെ ജനാധിപത്യത്തെ കൊലചെയ്യുന്നതിനുളള ശ്രമംതന്നെയായി കാണേണ്ടതാണ്.

TOP NEWS

July 5, 2024
July 5, 2024
July 4, 2024
July 4, 2024
July 4, 2024
July 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.