3 May 2024, Friday

അനന്തപുരി എഫ്എം തിരികെ കൊണ്ടുവരണം

Janayugom Webdesk
July 24, 2023 5:00 am

താണ്ട് അരക്കോടിയോളം മലയാളി ശ്രോതാക്കളെ കബളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള ‘അനന്തപുരി എഫ്എം’ പ്രക്ഷേപണം അവസാനിപ്പിച്ചു. പ്രതിഷേധം ഭയന്ന് അതീവ രഹസ്യമായിട്ടായിരുന്നു കേന്ദ്ര അധികാരികളുടെ നീക്കം. ഇക്കഴിഞ്ഞ 20ന് ഡല്‍ഹിയില്‍ നിന്നയച്ച കത്ത് കഴിഞ്ഞ ദിവസം കെെപ്പറ്റിയപ്പോഴാണ് തിരുവനന്തപുരം ആകാശവാണി നിലയത്തിലെ ഉദ്യോഗസ്ഥർപോലും വിവരമറിഞ്ഞത്. കേരളത്തിലെ ആദ്യത്തെ എഫ്എം ചാനലായ ‘അനന്തപുരി’ നിര്‍ത്തലാക്കാൻ പ്രസാർഭാരതിയുടെ തലപ്പത്തുള്ളവർ കുറച്ചു നാളായി ശ്രമം തുടങ്ങിയിരുന്നു. ബംഗളൂരുവിലെ എഫ്എം നിലയമായ റെയിൻബോയുടെ പ്രക്ഷേപണം കഴിഞ്ഞയാഴ്ചയാണ് പ്രസാർഭാരതി അവസാനിപ്പിച്ചത്. കോഴിക്കോട് റിയൽ എഫ്എം നിലയവും വൈകാതെ നിലയ്ക്കുമെന്നാണ് വിവരം. പുതിയ അറിയിപ്പ് പ്രകാരം 101.9 മെഗാഹെർട്സിൽ ഇനി പ്രക്ഷേപണം ഉണ്ടാവില്ല. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പതിവ് പ്രക്ഷേപണം മാത്രമേ ഉണ്ടാകൂ. എഫ്എമ്മിലെ ചില പരിപാടികൾ ഇതിൽ ഉൾപ്പെടുത്തും. എഫ്എം നിർത്തലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നിലയത്തിന്റെ പേരും പരിപാടികളും പ്രസാര്‍ഭാരതി മാറ്റിയിരുന്നു. ‘വിവിധ് ഭാരതി ആകാശവാണി മലയാളം’ എന്ന് പേര് മാറ്റി. ഹിന്ദി പരിപാടികള്‍ കൂടുതലായി ഉൾപ്പെടുത്തുകയും ചെയ്തു. ജനപ്രതിനിധികളില്‍ നിന്നുള്‍പ്പെടെ പ്രതിഷേധം ശക്തമായപ്പോള്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തുവരികയും നിലയം നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ:  അഡാനി വിജയിച്ച വജ്രവും സ്വര്‍ണവും


എന്നാല്‍ ‘അനന്തപുരി വിവിധ് ഭാരതി മലയാളം’ എന്ന് പേരിലുണ്ടായ മാറ്റമല്ലാതെ മറ്റൊന്നും നടന്നില്ല. മന്ത്രിയുടെ വാഗ്ദാനം നിലനില്‍ക്കേ ചാനൽ മേധാവിയെത്തന്നെ മാറ്റി കൂടുതൽ നടപടികളിലേക്ക് കടക്കുകയായിരുന്നു പ്രസാർഭാരതി. നിലയത്തിന്റെ നിയന്ത്രണം പൂര്‍ണമായും മുംബൈ വിവിധ് ഭാരതിക്കായി. 2005ൽ കേരളപ്പിറവി ദിനത്തിൽ പ്രക്ഷേപണം ആരംഭിച്ച അനന്തപുരി എഫ്എമ്മിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശ്രോതാക്കളുണ്ട്. തദ്ദേശ ഭാഷയെയും തദ്ദേശ സംസ്കാരത്തെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അനന്തപുരി എഫ്എം ആരംഭിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനർനിർണയം നടന്നതിന്റെ വാർഷികത്തിലായിരുന്നു ഇത്. അതിന്റെ ഭാഗമായിരുന്നു അനന്തപുരി എന്ന പേരുപോലും. ലക്ഷക്കണക്കിനാളുകൾ വാർത്തകൾക്കും വിവരങ്ങൾക്കും വിനോദത്തിനുമായി ആശ്രയിക്കുന്ന ജനപ്രിയ റേഡിയോ ചാനലായി അനന്തപുരി മാറി. കാലാവസ്ഥ, ഗതാഗതം, കുടിവെള്ളം, വൈദ്യുതി വിതരണം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വിവരങ്ങൾക്ക് ജനലക്ഷങ്ങൾ ആശ്രയിച്ചിരുന്നത് അനന്തപുരി എഫ്എമ്മിനെയാണ്. ശ്രോതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സംഗീത പരിപാടികൾക്കൊപ്പം സാമൂഹ്യപ്രതിബദ്ധതയോടെ ആരോഗ്യ‑കൃഷി മേഖലകൾക്കും പ്രാധാന്യം നല്‍കിയിരുന്നു. ഓരോ മണിക്കൂർ ഇടവിട്ട് രണ്ട് മിനിറ്റിലുള്ള വാർത്താ ബുള്ളറ്റിനുകൾ ശ്രോതാക്കൾക്ക് പ്രിയങ്കരവും പ്രയോജനപ്രദവുമായിരുന്നു. ഏറ്റവും പ്രധാനമായി പറയേണ്ടത് അനന്തപുരി എഫ്എം ഭാഷാശുദ്ധിയുടെ കാര്യത്തിൽ ആകാശവാണിയുടെ പാരമ്പര്യം പിന്തുടർന്നുവെന്നതാണ്. പ്രാദേശിക എഫ്എമ്മുകൾ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനപ്രകാരമാണ് ‘അനന്തപുരി’ നിലച്ചത്. മീ‍ഡിയം വേവ് പ്രസരണികളുള്ള സ്ഥലങ്ങളിലെ പ്രാദേശിക വിനോദ ചാനലുകളായ എഫ്എം സ്റ്റേഷനുകളുടെ പ്രവര്‍ത്തനം പ്രസാർഭാരതി നിർത്തുകയാണ്. നിലവിൽ ഇവ പ്രക്ഷേപണം ചെയ്തിരുന്ന പ്രധാന പരിപാടികൾ ആകാശവാണി നിലയങ്ങളിലൂടെ എഫ്എം ഫ്രീക്വൻസി വഴി കേൾക്കാം. മീഡിയം വേവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകളാണ് എഫ്എം പ്രക്ഷേപണം അവസാനിപ്പിക്കാന്‍ കാരണമെന്നാണ് പ്രസാർഭാരതിയുടെ വിശദീകരണം. ബംഗളൂരു എഫ്എം നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ കനത്ത പ്രതിഷേധമുണ്ടായതാണ്.


ഇതുകൂടി വായിക്കൂ: സ്വകാര്യവല്‍ക്കരണം: പുതിയ ബഹിരാകാശ നയം


എന്നാൽ ഇക്കഴിഞ്ഞ 16ന് അവിടെ പ്രക്ഷേപണം നിർത്തി. പ്രക്ഷേപണ സംവിധാനത്തോടൊപ്പം അവയുടെ ഉള്ളടക്കവും ഏകീകരിക്കാനുള്ള ഭാഗമാണ് എഫ്എം സംപ്രേഷണം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമെന്ന് ബംഗളൂരു വിഷയത്തിൽ എഐആറിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചിരുന്നു. ഇത് വാസ്തവമല്ലെന്ന് കരുതാന്‍ വഴിയില്ല. പ്രാദേശികതയും വെെവിധ്യവും ഇല്ലാതാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന കൂട്ടരുടെ ലക്ഷ്യം അതുതന്നെയാണ്. സര്‍ക്കാര്‍ അനുകൂലവും ഏകീകൃതവുമായ ചിന്തയും സംസ്കാരവുമാണല്ലോ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ലക്ഷ്യം. ‘മന്‍ കി ബാത്ത്’ മാതൃകയില്‍, അവര്‍ക്ക് വേണ്ടി അവരുണ്ടാക്കുന്ന വിഷയങ്ങളിലെ പരിപാടികള്‍ മാത്രം ജനത്തെ കേള്‍പ്പിക്കാനും അറിയിക്കാനുമാണ് പദ്ധതി. ഏകഭാഷ, ഏകസംസ്കാരം എന്ന നിലയിലേക്ക് പ്രാദേശിക വെെവിധ്യങ്ങളെ തമസ്കരിക്കാനുള്ള നീക്കത്തില്‍ ശക്തമായ പ്രതിഷേധമുയരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.