3 May 2024, Friday

അഴിയൂരിലെ അമ്മമനസ്

Janayugom Webdesk
February 23, 2023 5:00 am

കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ നിന്നാണ് ഞെട്ടിക്കുന്ന ഒരു വാർത്ത കേരളത്തിന്റെ മനഃസാക്ഷിയെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലഹരി കാരിയറാക്കിയെന്ന സംഭവത്തിൽ അയല്‍വാസിയുൾപ്പെടെ പത്തുപേർക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും തുടർസംഭവങ്ങൾ സമൂഹം പുലർത്തേണ്ട നിതാന്തജാഗ്രതയെ ഓർമ്മപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകൾ ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തലുണ്ടായത്. ‘പത്ത്, പ്ലസ് വൺ, പ്ലസ് ടു കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും തൊട്ടുമുമ്പ് പഠിച്ചിറങ്ങിയ കുട്ടികളായിരുന്നു തന്റെ ഉപഭോക്താക്കളെന്നും വെളിപ്പെടുത്തിയത് വെറും 14 വയസുള്ള കുട്ടിയാണ്. ആദ്യം അവർ സൗജന്യമായി തന്നു. പിന്നീട് കാരിയറാകുമോ എന്ന് ചോദിച്ചു. ലഹരി വാങ്ങാൻ പണമില്ലാഞ്ഞതു കൊണ്ട് അതിനു തയ്യാറായെന്നും ഇപ്പോൾ മൂന്നു വർഷമായെന്നുമാണ് കുട്ടി പറഞ്ഞത്. അതായത് ഏഴാം ക്ലാസ് മുതൽ ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നുവെന്ന്. കുട്ടിയുടെ കൈയിൽ ബ്ലേഡ് കൊണ്ടുള്ള വര ശ്രദ്ധയിൽപ്പെട്ടതോടെ മാതാവ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താവുന്നത്. ആ അമ്മയുടെ ഉറച്ചനിലപാടാണ് സംഭവം നിയമത്തിനു മുമ്പിലെത്തിച്ചത്. മകളെ ഡി അഡിക്ഷൻ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നും ലഹരിമാഫിയ ഇല്ലാതാകണമെന്നും അമ്മ ദൃഢനിശ്ചയം ചെയ്തു. വിഷയം പുറത്തറിഞ്ഞതോടെ ലഹരി സംഘത്തിൽ നിന്നും ഭീഷണി ഉണ്ടെന്നും അമ്മ പറയുന്നു. തന്നെയും മകനെയും കൊല്ലുമെന്നാണ് ഭീഷണി. എന്നാലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവർ ഉറപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ: ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിമുക്ത കേരളം എന്ന ആത്യന്തിക ലക്ഷ്യം


സഹപാഠി ലഹരിമരുന്ന് നൽകിയെന്നും പീഡിപ്പിച്ചുവെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ണൂരിൽ മയക്കുമരുന്ന് സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി തുറന്നുപറഞ്ഞത് ഏതാനും മാസം മുമ്പാണ്. ഡിപ്രഷൻ മാറാൻ നല്ലതെന്ന് വിശ്വസിപ്പിച്ചാണ് സഹപാഠി ലഹരിമരുന്ന് നൽകിയതെന്നും പത്തിലധികം പെൺകുട്ടികൾ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ മേപ്പാടി പോളി ടെക്നിക് കോളജിലെ വിദ്യാർത്ഥി സംഘടനാ നേതാവ് അപർണ ഗൗരിയെ ലഹരിമാഫിയ മർദിച്ചിരുന്നു. കോളജിലെ ലഹരി ഉപയോഗത്തെ കുറിച്ച് പൊലീസിനെ അറിയിച്ചതാണ് കാരണമെന്നും ട്രോബിയോക്ക് എന്ന പേരിലാണ് ലഹരി സംഘത്തിന്റെ പ്രവർത്തനമെന്നും അപർണയും വെളിപ്പെടുത്തി. ലഹരിക്കൂട്ടുകെട്ട് ഉപേക്ഷിച്ചതിന് തിരുവനന്തപുരം വട്ടിയൂർക്കാവ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരനെ സഹപാഠികൾ വളഞ്ഞിട്ട് മർദിച്ചത് ഒരാഴ്ച മുമ്പാണ്. ലഹരി മാഫിയ സംഘത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം നൽകിയെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെയും മാതാവിനെയും പിരപ്പൻ കോട് അണ്ണലിൽ ഒരുസംഘം മർദിച്ചത് ജനുവരി ഏഴിനായിരുന്നു. സ്കൂളിൽ എക്സൈസ് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിന് പിന്നാലെയാണ് വീടിന് സമീപത്ത് ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പെൺകുട്ടി പൊലീസിൽ രഹസ്യവിവരം നൽകിയത്. വിവരം നൽകിയത് പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിസംഘം കുട്ടിയെയും അമ്മയെയും വീട്ടിൽക്കയറി മർദിച്ചെന്നാണ് പരാതി. പൊലീസില്‍ നല്‍കിയ രഹസ്യവിവരം എങ്ങനെ ചോര്‍ന്നുവെന്നതും സംശയാസ്പദമാണ്. പൊലീസിലുള്ളവരും ലഹരി സംഘവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാല്‍ തെറ്റുപറയാനാകില്ല.


ഇതുകൂടി വായിക്കൂ: കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത് അധികവും അന്യസംസ്ഥാനങ്ങളില്‍ നിന്ന്


വിദ്യാർത്ഥികൾ അക​പ്പെട്ട ആദ്യ ലഹരിക്കേസുകളല്ല ഇവയൊന്നും. സ്ലീപ്പർ സെല്ലുകളായ ഇരപിടിത്തക്കാർ ഗ്രാമ‑നഗര വ്യത്യാസമില്ലാതെ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ കണ്ണിചേർക്കാന്‍ കഴുകന്‍കണ്ണുമായി കാത്തിരിക്കുകയാണ്. സർക്കാരിനുകീഴിലുള്ള ‘വിമുക്തി മിഷന്‍’ കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട കണക്ക്​ ഞെട്ടിക്കുന്നതാണ്. ലഹരിയുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങിനായി ഒരുവര്‍ഷം വിമുക്തിയിലെത്തിയത് 10,377 കേസുകള്‍. അതിൽ 951 എണ്ണം 21 വയസിൽ താഴെയുള്ള കുട്ടികളുടേതുമാണ്. നേരത്തെ 15–20 പ്രായപരിധിയിലുള്ളവരായിരുന്നു ലഹരിയുമായി ബന്ധപ്പെട്ട് കൗൺസിലിങ്ങ് സെന്ററുകളിൽ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതലെത്തുന്നത് 10–15 വയസുകാരാണ്. അപൂർവമായി പത്ത് വയസിൽ താഴെയുള്ള കുട്ടികളും സെന്ററുകളിലെത്തുന്നുണ്ടെന്നും വിമുക്തി കണ്ടെത്തി. വിലകൂടിയ മെറ്റാഫിറ്റാമിൻ, ആൽഫെറ്റാമിൻ, എൽഎസ്ഡിഎ തുടങ്ങിയ ന്യൂ ജെൻ ഡ്രഗുകളാണ്​ വിദ്യാർത്ഥികളിലേക്കെത്തുന്നതിൽ ഭൂരിഭാഗവും. ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ പുതുതലമുറയ്ക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം, ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ലഹരിയുടെ രാസരുചികളിൽ മുങ്ങിപ്പോകുന്ന കുഞ്ഞുങ്ങള്‍ രക്ഷിതാക്കളുടെയോ കുടുംബത്തിന്റെയോ മാത്രം ഉത്തരവാദിത്തമോ നഷ്ടമോ അല്ല. സമൂഹത്തിന് കൃത്യമായ പങ്കാളിത്തമുണ്ട്. ഏതു കുട്ടിയും ഏതു നിമിഷവും ലഹരിയുടെ കെണിയിലകപ്പെട്ടേക്കാവുന്ന അരക്ഷിത അന്തരീക്ഷത്തിൽ നിന്ന് അവരെ കരകയറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. സർക്കാരിനൊപ്പം സർക്കാരിതര സംഘടനകളും വ്യക്തികളും അത്തരം പ്രവർത്തനങ്ങളില്‍ കെെകോര്‍ക്കണം. അഴിയൂരിലെ അമ്മയുടെ ആര്‍ജവം എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ടാവുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.