18 December 2024, Wednesday
KSFE Galaxy Chits Banner 2

തെരഞ്ഞെടുപ്പുകളിലെ നിഷേധാത്മക പ്രചാരണം

കല്യാണി ശങ്കര്‍
April 4, 2024 4:30 am

2024 ഒരര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് വര്‍ഷമാണ്. ഇന്ത്യ, യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, മെക്സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 64 രാജ്യങ്ങളിലാണ് ഇക്കൊല്ലം ജനഹിത പരിശോധന. ലോകമെമ്പാടും രാഷ്ട്രീയ പ്രചാരണച്ചൂട് വർധിച്ചുവരികയാണ്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും തങ്ങളെ മികച്ചതായി ചിത്രീകരിക്കാനും എതിരാളികളെ ദുർബലരാക്കാനും പലപ്പോഴും നെഗറ്റീവ് പ്രചാരണങ്ങളാണ് ഉപയോഗിക്കുന്നത്. 1828ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുതലാണ് പാർട്ടികൾ നിഷേധാത്മക പ്രചാരണം ഉപയോഗിച്ചു തുടങ്ങിയത്. ജോൺ ക്വിൻസി ആഡംസ്-ആൻഡ്രൂ ജാക്സൺ മത്സരമാണ് ഇതില്‍ ഏറ്റവും മോശമായതെന്ന് ചരിത്രകാരന്മാർ പറയുന്നു. 1964ൽ, ‘ഡെയ്‌സി ഗേള്‍’ ഉൾപ്പെടെയുള്ള റേഡിയോ പരസ്യങ്ങൾ ഉപയോഗിച്ച് ലിൻഡൻ ജോൺസൺ തന്റെ എതിരാളിയായ ബാരി ഗോൾഡ്‌വാട്ടറെ അപകീർത്തിപ്പെടുത്തി.

2016ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിരാളിയായ ഹിലരി ക്ലിന്റൺ പൊതുസ്ഥലത്ത് തടഞ്ഞുവീഴുന്നത് ചിത്രീകരിച്ച വീഡിയോയാണ് ഡൊണാൾഡ് ട്രംപ് നെഗറ്റീവ് പരസ്യമായി സംപ്രേഷണം ചെയ്തത്. 2020ലെ തെരഞ്ഞെടുപ്പിൽ, പ്രസിഡന്റ് സ്ഥാനാർത്ഥികളായ ട്രംപും ജോ ബൈഡനും നെഗറ്റീവ് പ്രചാരണം ഉപയോഗിച്ചു. ബെെഡന്റെ മാനസികാരോഗ്യത്തെ ട്രംപ് പരിഹസിച്ചു, ട്രംപ് കോവിഡ് കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹത്തിന്റെ സ്വഭാവത്തെയും ബൈഡൻ കടന്നാക്രമിച്ചു. 2024ലും അവര്‍ നെഗറ്റീവ് പ്രചാരണം തുടരുകയാണ്. 2019ലെ യുകെ തെരഞ്ഞെടുപ്പിൽ ജെര്‍മി കോർബിനെ സുരക്ഷാ ഭീഷണിയാണെന്ന് കൺസർവേറ്റീവ് പാർട്ടി അധിക്ഷേപിച്ചു. 2021ലെ ജർമ്മൻ ഫെഡറൽ തെരഞ്ഞെടുപ്പിൽ, പ്രളയബാധിത പ്രദേശം സന്ദർശിക്കുന്നതിനിടെ ആർമിൻ ലാഷെ ചിരിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി അദ്ദേഹത്തെ വിമര്‍ശിച്ചു.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ സ്വതന്ത്ര പാനൽ


2014ൽ നരേന്ദ്ര മോഡി ദേശീയ രംഗത്തേക്ക് ഉയർന്നുവന്നതിനുശേഷം, ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാങ്കേതികവിദ്യയുടെ ഉപയോഗവും പരസ്യചെലവുകളും കുത്തനെ വർധിച്ചു. സ്വയം അവതരിപ്പിക്കാനും ഫലപ്രദമായി ആശയവിനിമയം നടത്താനും പ്രസംഗിക്കാനും നേതാക്കൾ ഇപ്പോൾ പരിശീലിക്കുന്നു. ബിഎസ്‌പി അധ്യക്ഷ മായാവതി ഒരിക്കല്‍ പറഞ്ഞു, എന്ത് വസ്ത്രം ധരിക്കണമെന്ന് പോലും മുമ്പേ തീരുമാനിക്കുമെന്ന്. പ്രാദേശിക നേതാക്കളും ഇതിനായി വിദേശ ഏജൻസികളെ നിയമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വോട്ടർമാരെ ആകർഷിക്കാൻ ജീൻസും ടീ ഷർട്ടും ധരിക്കണമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോടുള്ള നിര്‍ദേശം.

‘ഗല്ലി ഗല്ലി മെ ഷോർ ഹെ, രാജീവ് ഗാന്ധി ചോർ ഹെ’ തുടങ്ങിയ പ്രചാരണ മുദ്രാവാക്യങ്ങൾ 1989ലെ തെരഞ്ഞെടുപ്പിൽ അന്തരിച്ച കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധിയുടെ പരാജയത്തിനിടയാക്കി. ബൊഫോഴ്സ് ആയുധ ഇടപാട് സംബന്ധിച്ചായിരുന്നു മുദ്രാവാക്യം. ‘ആദ്യം അടിക്കുക, ശക്തമായി അടിക്കുക, അടി തുടരുക’ എന്ന സമീപനം സ്വീകരിക്കുന്ന സ്ഥാനാർത്ഥികൾ വ്യക്തിപരമായ ആക്രമണങ്ങളിലും ഭയപ്പെടുത്തുന്ന തന്ത്രങ്ങളിലും മുഴുകുന്നു. 10 വർഷത്തെ ഭരണം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ എല്ലാ പ്രശ്‌നങ്ങൾക്കും കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത് നിർത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥാനാർത്ഥികളുടെ ചെലവ് പരിമിതപ്പെടുത്തുന്നുവെങ്കിലും പല രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും നിർദിഷ്ട തുകയെക്കാൾ വളരെ കൂടുതലാണ് ചെലവഴിക്കുന്നത്. വോട്ടർമാരുടെ പിന്തുണ നേടുന്നതിനായി അവർ ഫോണ്‍, പണം തുടങ്ങിയ കൈക്കൂലി വാഗ്ദാനം ചെയ്യുന്നു. തമിഴ്‌നാട്ടിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ചന്ദ്രനിലേക്കുള്ള യാത്രയും എല്ലാ വീട്ടമ്മമാർക്കും ഒരു റോബോട്ടും വാഗ്ദാനം ചെയ്തു, പക്ഷേ അദ്ദേഹം വിജയിച്ചില്ല.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യത്തിന് 2000 മുതൽ 13,000 കോടി രൂപ വരെ ചെലവാകുമെന്നാണ് ഔദ്യോഗിക കണക്ക്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും 1440 കോടി ഡോളറിലധികം (1.2 ലക്ഷം കോടി രൂപ) പരസ്യത്തിനായി ചെലവഴിക്കുമെന്ന പ്രവചനങ്ങളുമുണ്ട്. ഇത് 2019ൽ ചെലവഴിച്ച തുകയുടെ ഇരട്ടിയാണ്. രാഷ്ട്രീയ പാര്‍ട്ടികൾക്ക് അവരുടെ പ്രചാരണ ഫണ്ട് എവിടെ നിന്നാണ് ലഭിക്കുക എന്നത് വിഷയമാണ്. സാധാരണഗതിയിൽ, സമ്പന്നരായ സ്ഥാനാർത്ഥികൾ മിക്കവാറും ചെലവ് സ്വയം വഹിക്കുന്നു. മറ്റുള്ളവർക്കായി പാർട്ടികളാണ് ചെലവഴിക്കുക. പാർട്ടികൾക്ക് ചെലവ് പരിധിയില്ല. കാലക്രമേണ കള്ളപ്പണം ഈ രംഗത്തെത്തി. സുതാര്യതയില്ലാത്തതിനാലാണ് ഇന്ത്യൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് ബോണ്ടുകൾ നിരോധിച്ചത്. വിറ്റ ബോണ്ടുകളുടെ 57 ശതമാനവും ബിജെപിക്ക് ലഭിച്ചു, അതായത് 110 കോടി ഡോളർ. കോൺഗ്രസിന് ലഭിച്ചത് 18.8 കോടി ഡോളർ മൂല്യമുള്ള കേവലം 10 ശതമാനം മാത്രവും.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് ചെലവും അഴിമതി സൂചികയും


അധികാരത്തിലെത്താൻ പാർട്ടികൾ ഏതു മാർഗവും അവലംബിച്ചപ്പോൾ ചില പ്രചാരണങ്ങൾ വിജയിക്കുകയും മറ്റു ചിലത് പരാജയപ്പെടുകയും ചെയ്തു. ഒരു നെഗറ്റീവ് പ്രചാരണത്തിന്റെ ഫലപ്രാപ്തി അതിന്റെ ഉള്ളടക്കം, സന്ദർഭം, സ്വീകര്‍ത്താക്കളുടെ സവിശേഷതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പ്രധാനമന്ത്രി വാജ്‌പേയിയുടെ 2004ലെ ഇന്ത്യ തിളങ്ങുന്നു എന്ന കോടികള്‍ ചെലവഴിച്ചുള്ള പരസ്യം പരാജയപ്പെട്ട പ്രചാരണത്തിന്റെ ഉത്തമോദാഹരണമാണ്. കോൺഗ്രസിന്റെ 2019ലെ ‘ചൗക്കിദാർ ചോർ ഹേ’ എന്ന മുദ്രാവാക്യവും പരാജയപ്പെട്ടു. റഫാൽ അഴിമതിയിൽ മോഡിക്കെതിരായ രാഹുൽ ഗാന്ധിയുടെ ആക്രമണവും വിജയിച്ചില്ല. പക്ഷേ 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ‘ആം ആദ്മി’ വിജയിച്ച മുദ്രാവാക്യമാണ്.

2014ൽ നരേന്ദ്ര മോഡി ഒരു ദേശീയ നേതാവായി ഉയർത്തിക്കാട്ടിക്കൊണ്ട് സ്വയം പ്രത്യക്ഷപ്പെട്ടു. കൂറ്റന്‍റാലികൾ, ചായ് പേ ചർച്ച, അഭിമുഖങ്ങൾ, സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ ബഹുജന ശ്രദ്ധയ്ക്കായി അദ്ദേഹം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു. 30 സെക്കന്റ് ടിവി പരസ്യങ്ങളും ദൈർഘ്യമേറിയ ഓൺലൈൻ വീഡിയോകളും ഉപയോഗിച്ച് പരസ്യം ചെയ്യാൻ യൂട്യൂബ് ഉപയോഗിച്ചു. ചുരുക്കിപ്പറഞ്ഞാൽ, വോട്ടർമാരെ ആകർഷിച്ചുകൊണ്ട് കോൺഗ്രസിനെ തകർക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പുതിയ രാഷ്ട്രീയ പാർട്ടിയായ ആം ആദ്മി പാർട്ടി 2013ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരാർത്ഥിയായി ഉയർന്നു. അവർ ‘മൊഹല്ല ക്യാമ്പയിനു’ (ഗ്രൂപ്പ് പ്രചാരണം)കളും സമൂഹമാധ്യമങ്ങളും നേതാവായി കെജ്‌രിവാളിനെ അവതരിപ്പിക്കുന്ന റേഡിയോ പരസ്യവും ഉപയോഗിച്ചു. ഇന്ന് പഞ്ചാബിലും ഡൽഹിയിലും പാർട്ടി അധികാരത്തിലുണ്ട്.


ഇതുകൂടി വായിക്കൂ: കെജ്‌രിവാളിന്റെ അറസ്റ്റും തെരഞ്ഞെടുപ്പ് ഫലവും


2019ലെ രാഷ്ട്രീയ പ്രചാരണത്തിൽ എല്ലാ പാർട്ടികളും നിഷേധാത്മക തന്ത്രങ്ങളാണ് ഉപയോഗിച്ചത്. ബിജെപിയുടെ ഹിന്ദുത്വപ്രീണന പരിപാടികളെ പ്രതിപക്ഷം വിമർശിച്ചു. എന്നിട്ടും വർധിച്ച സീറ്റുകളോടെ കാവിപ്പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. 2024ൽ 400ലധികം സീറ്റ് നേടുമെന്നാണ് മോഡി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം, മോഡിയുടെ പ്രചാരണത്തിനായി എഐ ഉപയോഗിച്ചുള്ള ഒരു വീഡിയോ ബിജെപി നിർമ്മിച്ചു. കോൺഗ്രസ് ഡിജിറ്റൽവിദ്യ ഉപയോഗിച്ച് അതിലെ ദൃശ്യങ്ങളെ പരിഹസിച്ചു. വിഭവങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന ഒരു വ്യവസായ പ്രമുഖനെ ചിത്രീകരിക്കുന്ന വീഡിയോ 1.5 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി വൈറലായിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ കൂടുതൽ നിഷേധാത്മക പ്രചാരണ തന്ത്രങ്ങൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും നിഷേധാത്മക പ്രചാരണങ്ങൾക്ക് പകരം നല്ല പരസ്യങ്ങൾ സൃഷ്ടിക്കണം. അത് ജനാധിപത്യം സംരക്ഷിക്കാനും സ്വഭാവഹത്യ തടയാനും സഹായിക്കും. പല കമ്മിഷനുകളും ശുപാർശ ചെയ്തതുപോലെ, സര്‍ക്കാര്‍ ധനസഹായത്തോടെ വോട്ടെടുപ്പ് നടത്തുക എന്നതാണ് ഒരു പരിഹാരം. പ്രചാരണങ്ങളിൽ മാന്യതയും മര്യാദയും നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ സ്ഥാനാർത്ഥികൾക്കും ന്യായവും മാന്യവുമായ അന്തരീക്ഷവും സമനിലയും സൃഷ്ടിക്കാൻ ഇത് സഹായിക്കും.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.