1 May 2024, Wednesday

തകിടം മറിയുന്ന കണക്കുകൂട്ടലുകള്‍; മോഡിഭംഗത്തിന്റെ പരാക്രമങ്ങള്‍

Janayugom Webdesk
April 8, 2024 5:00 am

തിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാനൂറ് സീറ്റുകളിലധികം നേടുമെന്നുള്ള ബിജെപിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്ന പ്രതിപക്ഷവിരുദ്ധ നടപടിപരമ്പരകളുടെ ഏറ്റവും പുതിയ ഇനമാണ് സിപിഐ (എം) തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ആദായനികുതിവകുപ്പിന്റെ നീക്കം. നിയമവാഴ്ച നിലനിൽക്കുന്ന ആധുനിക ജനാധിപത്യ സമൂഹങ്ങളിൽ കേട്ടുകേൾവിപോലുമില്ലാത്തവിധം മുൻകൂർ നോട്ടീസ് നൽകാതെയും വിശദീകരണം ആവശ്യപ്പെടാതെയുമാണ് രാജ്യത്തെ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയുടെ, അതും സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ, ജില്ലാ ഘടകത്തിന്റെ ബാങ്ക് അക്കൗണ്ട് പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒത്തമധ്യത്തിൽ മരവിപ്പിച്ചിരിക്കുന്നത്. നെതന്യാഹുവിന്റെ ഫാസിസ്റ്റ് ഇസ്രയേൽ ഭരണകൂടം ഗാസയിലെ ജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും ഔഷധങ്ങളും ചികിത്സയും നിഷേധിച്ച് കീഴടക്കാൻ ശ്രമിക്കുന്നതിന് സമാനമായ ക്രൂരതകൊണ്ട് പ്രതിപക്ഷത്തെ അപ്പാടെ നിലംപരിശാക്കാമെന്ന വ്യാമോഹമാണ് ഫാസിസ്റ്റ് മോഡി ഭരണകൂടത്തെ നയിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തതോടെ തങ്ങളുടെ കണക്കുകൂട്ടലുകൾ തകിടംമറിയുന്നത് തിരിച്ചറിഞ്ഞ മോഡി ഭരണകൂടം പ്രതിപക്ഷത്തെ തകർത്ത് വിജയം ഉറപ്പിക്കാനുള്ള ആസൂത്രിത നടപടികൾ ആരംഭിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ അഴിമതിക്കാരാണെന്നും അനധികൃതവും നിയമവിരുദ്ധ മാർഗങ്ങളിലൂടെയും ധനസമാഹരണം നടത്തുന്നവരാണെന്നും വരുത്തിത്തീർക്കാൻ ഇഡി, സിബിഐ, എൻഐഎ, ആദായനികുതിവകുപ്പ് തുടങ്ങി തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഏജൻസികളെ വേട്ടപ്പട്ടികളെന്നോണം അവർ പ്രതിപക്ഷത്തിനുനേരെ തുറന്നുവിട്ടു. എന്നാൽ, തെരഞ്ഞെടുപ്പ് ബോണ്ട് കേസിൽ സുപ്രീം കോടതി വിധി അവർക്ക് മാരക പ്രഹരമായി. തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് അസന്ദിഗ്ധമായി കോടതി വിധിച്ചു. അതോടെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി എല്ലാ അഴിമതിയുടെയും മാതാവാണെന്നും അതിന്റെ ഉപജ്ഞാതാവും ഗുണഭോക്താവുമായ കേന്ദ്രസർക്കാരും ബിജെപിയും രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിക്കാരാണെന്നും ജനങ്ങൾക്ക് ബോധ്യപ്പെട്ടു.


ഇതുകൂടി വായിക്കൂ: ഇലക്ടറൽ ബോണ്ടിനെ തോൽപ്പിക്കുന്ന മോഡിയുടെ നുണബോംബ്


രാജ്യംകണ്ട ഏറ്റവും വലിയ പകൽക്കൊള്ളയിൽ കയ്യോടെ പിടിക്കപ്പെട്ട നരേന്ദ്ര മോഡിയും ബിജെപിയും കള്ളനെ പിടിക്കാൻ പിന്നാലെയോടുന്ന ജനക്കൂട്ടത്തിനൊപ്പംചേർന്ന് കള്ളൻ, കള്ളൻ എന്ന് ആക്രോശിക്കുന്ന പെരുങ്കള്ളന്റെ റോളാണ് ഇപ്പോൾ അഭിനയിക്കുന്നത്. അവർ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഝാർഖണ്ഡ് മുന്‍മുഖ്യമന്ത്രിയെയും ഡൽഹി മുഖ്യമന്ത്രിയെയുമടക്കം തുറുങ്കിലടച്ചു. രാജ്യത്തുടനീളം പ്രതിപക്ഷ സർക്കാരുകളെയും പ്രതിപക്ഷപാർട്ടി നേതാക്കളെയും കേന്ദ്ര ഏജൻസികളായ തങ്ങളുടെ വേട്ടപ്പട്ടികളെ അഴിച്ചുവിട്ട് ഭയപ്പെടുത്തിയും ഭരണഘടനാവിരുദ്ധ മാർഗങ്ങളിലൂടെ ആർജിച്ച അളവറ്റ പണംകൊടുത്ത് വിലയ്ക്കെടുക്കാനുമുള്ള തീവ്ര യത്നത്തിലാണ്. തങ്ങൾക്ക് വിധേയരായി കീഴടങ്ങിയ മുൻ പ്രതിപക്ഷ നേതാക്കളുടെ അഴിമതിയുടെ പാപക്കറകൾ കഴുകിക്കളഞ്ഞു വിശുദ്ധരാക്കി അധികാരത്തിന്റെ അൾത്താരകളിൽ പ്രതിഷ്ഠിച്ചു. തങ്ങൾക്കു വഴങ്ങാത്തവരെയും തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കരുത്തിൽ ഫാസിസ്റ്റ് ദുർഭരണത്തെ ചെറുക്കാനും വെല്ലുവിളിക്കാനും മുതിരുന്നവരെയും ഏത് ഹീനമാർഗം ഉപയോഗിച്ചും കീഴ്പ്പെടുത്താമെന്ന വ്യാമോഹമാണ് അവർ വച്ചുപുലർത്തുന്നത്. സിപിഐ (എം) തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി അധികാര രാഷ്ട്രീയത്തിന്റെ ധാർഷ്ട്യവും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മോഡിയടക്കം ബിജെപിയുടെ അങ്കലാപ്പുമാണ് തുറന്നുകാട്ടുന്നത്. തന്റെ വ്യക്തിപ്രഭാവംകൊണ്ട് സുരേഷ് ഗോപിയെ തൃശൂരിൽ വിജയിപ്പിച്ചെടുക്കാമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് മറ്റാരേക്കാളും മോഡിക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു. തൃശൂർ കേരളത്തിൽ കാലുറപ്പിക്കാനുള്ള തുറുപ്പുചീട്ടായാണ് മോഡിയും കൂട്ടരും കരുതിയിരുന്നത്. അത് അസ്ഥാനത്താണെന്ന് ബോധ്യപ്പെട്ടതിന്റെ മോഹഭംഗത്തിന്റെ പരാക്രമമാണ് അരങ്ങേറുന്നത്. ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുപോലും നേടാനാവാതെ വിദൂര മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മാത്രമല്ല അപ്രതിരോധ്യനെന്നു ഊറ്റംകൊള്ളുന്ന മോഡിക്ക് തലയില്‍ മുണ്ടിട്ട് കേരളത്തിൽനിന്നും പിന്മാറേണ്ടിവരുമെന്നും ഉറപ്പായിക്കഴിഞ്ഞു. അടിതെറ്റിയ പോരുകാളയുടെ അവസാന പരാക്രമത്തിനാണ് തൃശൂരും കേരളവും സാക്ഷ്യംവഹിക്കുന്നത്.


ഇതുകൂടി വായിക്കൂ: പതഞ്ജലി-മോഡി അവിശുദ്ധ കൂട്ടുകെട്ട്


സുരേഷ് ഗോപിക്ക് ചലച്ചിത്രനടന്റെ പരിവേഷം വകവച്ചുകൊടുക്കുമ്പോഴും യുഡിഎഫ്, എൻഡിഎ സഖ്യങ്ങളെക്കാൾ ബഹുദൂരം മുന്നേറിയ എൽഡിഎഫും സ്ഥാനാർത്ഥി വി എസ് സുനിൽകുമാറും കാഴ്ചവയ്ക്കുന്നത് വേറിട്ട, ജനപിന്തുണ ആർജിച്ച, തത്വാധിഷ്ഠിത ഇടതുപക്ഷ രാഷ്ട്രീയത്തെയാണ്. അത് കേരളജനത നെഞ്ചേറ്റിയ ജനപക്ഷ രാഷ്ട്രീയമാണ്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണവും ആദായനികുതിവകുപ്പിന്റെ ഇപ്പോഴത്തെ നടപടികള്‍ക്കും യാതൊരു പരസ്പര ബന്ധവുമില്ലെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. നിയമം നിയമത്തിന്റെ വഴിക്ക് സ്വതന്ത്രമായി മുന്നേറുന്നതിന് ആരും തടസം നിൽക്കില്ല. എന്നാൽ അന്വേഷണത്തിന്റെ പേരിൽ കേന്ദ്രത്തിന്റെ വേട്ടപ്പട്ടികൾ നിയമം കൈയ്യിലെടുക്കുന്നതും സ്വതന്ത്രവും സുതാര്യവും നീതിപൂർവവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതും അനുവദിക്കാനാവില്ല. കാർ രജിസ്ട്രേഷൻ ഇടപാടിൽ നികുതിവെട്ടിപ്പ് നടത്തിയ കേസിൽ വിചാരണ നേരിടുന്ന ആളെ പാർലമെന്റ് അംഗമായി ജനങ്ങളുടെമേൽ കെട്ടിയേല്പിക്കാൻ വിഡ്ഢിവേഷം കെട്ടുന്നവർ സ്വന്തം നഗ്നതയാണ് ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടുന്നത്. ആദായനികുതിവകുപ്പിന്റെയും ബിജെപിയുടെയും മോഡിയുടെയും കാർമ്മികത്വത്തിൽ അരങ്ങേറുന്ന നാടകത്തിന്റെ ക്ലൈമാക്സ് അവരായിരിക്കില്ല, മറിച്ച് തൃശൂരിലെയും കേരളത്തിലെയും ജനങ്ങളായിരിക്കും തീരുമാനിക്കുക. ഇനിയൊരു റോഡ്ഷോയ്ക്ക് മോഡി തൃശൂരിലേക്ക് വരേണ്ടിവരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.