അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഐനോക്സിലെ വിവിധ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ നടക്കുമ്പോൾ, ഒരു തിയ്യേറ്ററിൽ മാത്രം കാഴ്ചക്കാർ നന്നേ കുറവാണ്. അനിമേഷൻ ചിത്രമായതിനാലാകണം സിനിമ കാണാൻ ആരും വലിയ താല്പര്യത്തോടെ വരുന്നില്ല. ഞാനും സുഹൃത്തും രണ്ടും കല്പിച്ച് തിയ്യേറ്ററിലേക്ക് കയറി. ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ പ്രദർശിപ്പിക്കുന്ന ‘മൈ ലവ് എഫയർ വിത്ത് മാരേജ്’ എന്ന സിനിമയുടെ സംവിധായിക ലാറ്റ് വിയയിൽ നിന്ന് എത്തിയ സിഗ്മബോരെ നേരിട്ടാണ് കാഴ്ചക്കാരെ വരവേല്ക്കുന്നത്. കയറി വരുന്ന ഓരോരുത്തരെയും അവർ അഭിവാദ്യം ചെയ്തുകൊണ്ട് പറയുന്നു, ”എന്റെ സിനിമ കാണാനായി വന്നതിൽ ഏറെ നന്ദിയും സന്തോഷവുമുണ്ട്. നിങ്ങൾ അവസാനം വരെ ഈ സിനിമ കാണണം.” ശേഷം അവർ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഒരു കാർഡും നമുക്ക് സമ്മാനിക്കുന്നു. ചലച്ചിത്രമേളകളിലെ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു അത്. സിനിമ ആരംഭിക്കുന്നതിന് തൊട്ട് മുൻപ് സംവിധായിക സ്ക്രീനിനു മുന്നിൽ വന്ന് നമ്മളോട് സംസാരിച്ച് തുടങ്ങുകയാണ്, ”ആനിമേഷനിലൂടെയാണ് ഈ ചിത്രം നിങ്ങളുമായി സംവദിക്കുന്നത്. ഇതിനു വേണ്ടി ദീർഘ നാളത്തെ സപര്യതന്നെ നടത്തേണ്ടിവന്നു. അത്തരം കാര്യങ്ങളെ പറ്റി സിനിമ കണ്ടതിനു ശേഷം പറയാം” എന്നു പറഞ്ഞു കൊണ്ട് അവർ തന്റെ ലഘു ഭാഷണം അവിടെ അവസാനിപ്പിച്ചു.
അനിമേഷൻവിപ്ലവം
********************
സാങ്കേതിക വിദ്യ വൻപരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന ലോകത്ത് സിനിമ എന്ന കലാരൂപത്തിന് നവീന രൂപഭാവങ്ങൾ ഉണ്ടായി എന്നു മാത്രമല്ല പുതിയ വഴിത്തിരിവിലേക്കും പ്രവേശിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവോടെ അനിമേഷൻ വിപ്ലവം സി നിമാലോകത്ത് സൃഷ്ടിക്കപ്പെട്ടു. മുഖ്യധാരസിനിമയുണ്ടായിരുന്നു യാഥാർത്ഥ്യങ്ങളെ അതീവ ഹൃദ്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന വിധമുള്ള ചില ആനിമേഷൻ ചിത്രങ്ങൾ യാഥാർത്ഥ്യബോധത്തെ തന്നെയായിരുന്നു ആവിഷ്കരിച്ചത്. പ്രതീകങ്ങളിലൂടെ പ്രമേയത്തെ അവതരിപ്പിക്കുന്ന ശൈലിയായിരുന്നു ആനിമേഷങ്ങൾ ചിത്രങ്ങൾ പിൻതുടർന്ന് പോന്നിരുന്നത്. കഥകൾ പറയാനും ഭാവനാ സമ്പന്നമായ അവതരണത്തിനും വേണ്ടി മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ആനിമേഷൻ ചിത്രങ്ങൾ അവതരിപ്പിച്ചു വന്നിരുന്നത്. ഭ്രമാത്മകമായ കഥകൾ അടങ്ങിയ വിഷയങ്ങളെ പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ചു കയ്യടി നേടാനായിരുന്നു ഇന്നും ആനിമേഷൻ ചിത്രങ്ങൾക്ക് താല്പര്യം. 1895നും 1920 ഇടയിലുള്ള കാലയളവിൽ സിനിമാ വ്യവസായത്തിന്റെ മുന്നേറ്റങ്ങൾ നടന്ന ഒരു കാലഘട്ടമാണ്. ചലച്ചിത്ര ലോകത്ത് ആനിമേഷൻ സങ്കേതംവളർച്ച പ്രാപിക്കുന്നതും ഇക്കാലത്ത് തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഖ്യധാര ചിത്രങ്ങളോട് കിട പിടിക്കാൻ കെല്പുള്ള ഒരുപക്ഷേ അതിനേക്കാൾ മികച്ച ആനിമേഷൻ ചിത്രങ്ങൾ പുറത്തുവരുമ്പോഴും ഇന്ത്യയിൽ അതിശക്തമായ സാന്നിധ്യമായി ആനിമേഷൻ ചിത്രങ്ങൾ ഇപ്പോഴും മാറിയിട്ടില്ല. കുട്ടികളുടെ ചലച്ചിത്രം എന്ന ഗണത്തിൽ പെടുത്തിയാണ് അനിമേഷൻ ചിത്രങ്ങളെ ഇന്ത്യയിൽ ഇപ്പോഴും കൊണ്ടാടപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോകോത്തരങ്ങളായ ആനിമേഷൻ ചിത്രങ്ങളെ വേണ്ടത്ര ഗൗരവത്തിൽ നമ്മൾ വിലയിരുത്തിയില്ല.
ഡോക്യുഫിക്ഷൻ അനുഭൂതി
സംവിധായികയായ സിഗ്മബോരെ തികച്ചും തന്റെ വ്യക്തി ജീവിതവുമായി ഏറെ അടുത്ത ബന്ധം പുലർത്തുന്ന ഒരു കഥയാണ് പറയുന്നത്. ജീവിതത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ സിനിമയിലേക്ക് സംവിധായിക കടന്നുവരുന്നത് വളരെ യാദൃച്ഛികമായാണ്. രണ്ടാം വിവാഹ ജീവിതത്തിന്റെ കഥ പറയാനുള്ള ഒരു ത്വരയിൽ നിന്നാണ് ഒരു സിനിമയുടെ ജ്വാല മനസിൽ തെളിയുന്നത്. സൽമ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സിഗ്മബോരെ താൻ കടന്നുവന്ന ദുർഘടമായ പാതയെപ്പറ്റി തന്നെയാണ് പറയുന്നത്. ചിത്രത്തിൽ ഡോക്യുമെന്ററിയുടെ സങ്കേതങ്ങൾ കടന്നുവരുന്നത് ഒട്ടും അലോസരം സൃഷ്ടിക്കുന്നില്ല എന്നത് ഏറെ ശ്രദ്ധേയമായ സവിശേഷതയാണ്. ശാസ്ത്രീയ തെളിവുകളെ മുഖ്യ ഉപാധിയായി സ്വീകരിക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു ശൈലി സിനിമയിൽ സ്വീകരിക്കുന്നത് ഒരു അനിവാര്യതയായി തോന്നും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. സൽമ എന്ന പെൺകുട്ടിയുടെ ജീവിതകഥയുടെ ആഖ്യാനമാണ് ചിത്രം മുന്നോട്ടുപോകുന്നത്. പെൺകുട്ടികൾ ലോകത്തിന്റെ എല്ലായിടത്തും അഭിമുഖീകരിക്കുന്നത് സമാനമായ പ്രശ്നങ്ങളും പ്രതിസന്ധികളും ആണ് നമ്മുടെ സമാഹരിക്കപ്പെട്ട ബോധം എത്രമാത്രം പുരുഷ മേധാവിത്വം കലർന്നതും ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാൻ സാധിക്കാത്തതുമാണെന്ന് തെളിയിക്കുന്ന നിരവധി സന്ദർഭങ്ങൾ സിനിമയിലുണ്ട്. നമ്മുടെ സിനിമാ സങ്കല്പങ്ങളിൽ കഥാചിത്രം ഡോക്യുമെന്ററി എന്നിങ്ങനെ രണ്ട് വിഭാഗമായി തരംതിരിക്കാറുണ്ട്. ഇവിടെ അത്തരം തരം തിരിവുകളെ അപ്രസക്തമാക്കുന്ന വിധം ഇവയെല്ലാം ഒരുപോലെ സന്നിവേശിപ്പിക്കാൻ സിഗ്മെ ബോരെയ്ക്കു സാധിച്ചു. ഡോക്യുമെന്ററിയുടെയും കഥാചിത്രത്തിന്റെയും അനുഭൂതി ഒരു പോലെ സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. കഥ പറയുന്നതിനിടയിലുള്ള സ്ത്രീ സ്വത്വത്തിന്റെ സഹജമായ പരിവർത്തനങ്ങളെ ജീവശാസ്ത്രത്തിന്റെ അടിത്തറയിൽ ശാസ്ത്രീയമായി സമർത്ഥിക്കുന്നു. അതു വഴി സ്ത്രീ സ്വത്വത്തിന്റെ ശാസ്ത്രീയമായ വിശകലനം കൂടി ചിത്രീകരിക്കുന്നു. ഒരു പെൺകുട്ടിയുടെ വളർച്ചാഘട്ടങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സാമൂഹിക പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ ലാറ്റ് വിയ എന്ന ദേശത്തിന്റെ ചരിത്രപരമായ വിശകലനം കൂടി ഇവിടെ പ്രകടമാകുന്നു.
പ്രതിരോധത്തിന്റെ സാമൂഹിക പാഠം
‘മൈ ലവ് എഫയർ വിത്ത് മാരേജ്’ എന്ന ചിത്രത്തിലൂടെ ആനിമേറ്റർ സിഗ്മ ബോരെ സങ്കീർണമായ ആശങ്കകളും ആശയങ്ങളും പ്രകടിപ്പിക്കുന്ന സാന്ദ്രമായ വ്യക്തിഗത വിവരണമാണ് സൃഷ്ടിക്കുന്നത്. ആക്ഷേപഹാസ്യം, നർമ്മം, സോവിയറ്റ് ചരിത്രം, സംഗീതം എന്നിവയാൽ നിറച്ച സ്ത്രീ സ്വത്വത്തിന്റെ സ്വാഭാവികമായ അടയാളപ്പെടുത്തലുകളാണ്. മറ്റൊരു സവിശേഷത സാങ്കേതിക വിദ്യ സ്വാഭാവികമായ ഇക്കാലത്ത് സെറ്റുകളെയും ശിൽപങ്ങളെയും ആശ്രയിക്കാതെ കൈകൊണ്ട് വരച്ച കഥാപാത്രങ്ങളെ ഉപയോഗിച്ച് സ്ത്രീ ജീവിതത്തെ അവതരിപ്പിക്കുകയാണ്. സംവിധായികയുടെ ഈ സമീപനത്തെ പോലും സാമൂഹിക പ്രതിരോധമായി വിലയിരുത്തണം. സ്വതന്ത്രയായ സോവിയറ്റ് പെൺകുട്ടിയുടെ ജീവിതത്തിന്റെ ആരംഭം മുതലുളള ഉത്ഭവ കഥയെ അവളുടെ ജീവിതത്തിലെ നിർണായക നിമിഷങ്ങളിലെ അവളുടെ ജൈവ രാസ പ്രക്രിയകളുടെ വിവരണവുമായി ലയിപ്പിക്കുന്നു. ലിംഗസമത്വത്തിനു പുറമെ നിങ്ങളുടെ സ്ത്രീസ്വത്വത്തെ പറ്റിയുള്ള ചിന്തയും ചിത്രം പ്രേക്ഷകരിലേക്ക് ചിത്രം സന്നിവേശിപ്പിക്കുന്നു.
സിനിമ അവസാനിക്കുമ്പോൾ സംവിധായിക സിഗ്മ ബോരെ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. സിനിമ പിറവിയെടുത്തതിന്റെ പിന്നിലെ പശ്ചാത്തലത്തെപ്പറ്റി അവർ വളരെ ലളിതമായി വിവരിക്കുകയാണ്. സിനിമയിലുട നീളം പ്രദർശിപ്പിച്ച ഓരോ ചിത്രവും അവർ കൈ കൊണ്ട് വരച്ചതാണ്. ഇങ്ങനെ വരച്ചുണ്ടാക്കിയ അറുപതിനായിരം ചിത്രങ്ങൾ ചേർന്നതാണ് ‘മൈ ലവ് എഫയർ വിത്ത് മാരേജ്’ എന്ന ചലച്ചിത്രം. സിനിമ കണ്ടാസ്വദിച്ച പ്രേക്ഷകരോടായി അവർ പാഠങ്ങൾ പഠിപ്പിച്ച ശേഷം അധ്യാപകർ ചോദിക്കുമ്പോലെ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. ശരിയായ ഉത്തരം പറയുന്നവർക്കെല്ലാം സമ്മാനമായി അവർ സിനിമയ്ക്കു വേണ്ടി വരച്ച കഥാപാത്രങ്ങളുടെ ചിത്രങ്ങൾ സമ്മാനിക്കുന്നു. ഓട്ടോഗ്രാഫിനായി വരുന്നവർക്കും ചെറിയ ഒരു കാർഡിൽ ചിത്രങ്ങൾ വരച്ചു നല്കുമ്പോൾ ചില ചോദ്യങ്ങൾ ഉണ്ടാകും. നമ്മൾ അതിന് ഉത്തരം പറയണം. ഓരോ സൂക്ഷ്മതയിലും ആത്മ സമർപ്പണം നമുക്കവിടെ കാണാം.
അതെ നാമെല്ലാവരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു, എന്നാൽ നമ്മൾ ആയിരിക്കുന്ന രീതിയിൽ അംഗീകരിക്കപ്പെടേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രധാനം. ഈ ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രസക്തമായ ഒരു ആപ്തവാക്യമാണ്. പ്രത്യേകിച്ച് നമ്മുടെ സ്ത്രീ സ്വത്വം അഭിമുഖീകരിക്കുന്ന ആത്മസംഘർഷങ്ങളെ കണക്കിലെടുക്കുമ്പോൾ കാലത്തിനും അപ്പുറം സഞ്ചരിക്കുന്ന ക്ലാസിക്കായി ഈ ചിത്രം മാറും എന്ന കാര്യത്തിൽ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.