21 December 2024, Saturday
KSFE Galaxy Chits Banner 2

കേരള മോഡൽ ഒരു ബദൽമാര്‍ഗം

ഡോ.നീലഞ്ചൻ ബാനിക്
September 9, 2024 4:30 am

വികസനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മളോര്‍ക്കുന്നത് പൊതുവേ റോഡുകൾ, കെട്ടിടങ്ങൾ, മാളുകൾ, ഐടി കമ്പനികൾ, ഫാക്ടറികൾ എന്നിവയാണ്. സാമൂഹികപുരോഗതി, മാനവ വികസനം അഥവാ സാമൂഹിക സമത്വം എന്നിവയിൽ അപൂര്‍വമായേ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളൂ. ഇന്ത്യൻ പശ്ചാത്തലത്തിലാകട്ടെ മിക്ക രാഷ്ട്രീയ പാർട്ടികളും നിർമ്മിച്ച റോഡുകളുടെ എണ്ണവും പുതിയതായി ആകർഷിക്കപ്പെട്ട കമ്പനികളുടെ എണ്ണവും ചൂണ്ടിക്കാട്ടും. സമൂഹത്തിലെ അവശ്യസൗകര്യങ്ങള്‍ മാത്രമുള്ള ഗ്രാമങ്ങളെക്കുറിച്ച് ചുരുക്കം ചിലർ മാത്രമാണ് സംസാരിക്കുക. ഇവിടെയാണ് കേരളം വേറിട്ട് നിൽക്കുന്നത്.
സന്തോഷവും സുഖപ്രദവുമായ ജീവിതം നയിക്കുന്ന രാജൻ എന്ന കർഷകന്റെയും ഭാര്യ ലീലയുടെയും കഥയറിയുമ്പോള്‍ കേരളത്തിലെ മാതൃകാഭരണത്തിന് നന്ദി പറയാതെ വയ്യ. അവരുടെ മക്കള്‍ അർജുനും മീരയും അവിടുത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായം പ്രയോജനപ്പെടുത്തിയവരാണ്. അർജുൻ സോഫ്റ്റ്‌വേർ എന്‍ജിനീയറും മീര ഒരു നഴ്‌സുമാണ് എന്നത് ആ സംസ്ഥാനത്തിന്റെ വികസന നയങ്ങളുടെ ആഴത്തിലുള്ള സ്വാധീനം പ്രകടമാക്കുന്നു. 60 വയസുള്ള രാജനും ലീലയും സാമൂഹിക പെൻഷനുകൾ കെെപ്പറ്റുന്നത് സാമൂഹിക സുരക്ഷയോടുള്ള കേരളത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നു. അവരെ പിന്തുണയ്ക്കുന്നത് കേവലം സാമൂഹിക സുരക്ഷാ പെൻഷനുകൾ മാത്രമല്ല, വെള്ളം, വൈദ്യുതി, വിത്തുകൾ, വിദഗ്ധ സേവനങ്ങൾ എന്നിവയിലൂടെയും രാജനെപ്പോലുള്ള കർഷകർക്ക് പ്രയോജനം ലഭിക്കുന്നു. ഏറ്റവുമധികം ആശ്വാസം നൽകുന്നത്, സ്വകാര്യ ആശുപത്രികളുടെ അമിത ബില്ലുകളില്‍ നിന്ന് രക്ഷിക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തിലെ പുരോഗതിയാണ്.

ഇതൊരു ഒറ്റപ്പെട്ട കഥയല്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ, കേരളം വർഷങ്ങളായി മുൻഗണന നൽകുന്ന മാനവ വികസനത്തിനും സാമൂഹിക സമത്വത്തിനും സാക്ഷ്യം വഹിക്കുന്നു. ചിലരതിനെ ‘കേരള മോഡൽ’ എന്ന് വിളിക്കുന്നു. മനുഷ്യജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഒരു മാതൃകയാണത്. വൈവിധ്യമാർന്ന ജനസഞ്ചയമുള്ള ഒരു സംസ്ഥാനത്തിന് ഇതെങ്ങനെ കൈവരിക്കാനായി എന്ന് പരിശോധിക്കാം. പ്രാഥമിക ഉത്തരം അതിന്റെ ഉയർന്ന സാക്ഷരതാ നിരക്ക് തന്നെ. ഒപ്പം സമഗ്രമായ ആരോഗ്യ പരിരക്ഷയും ശക്തമായ സാമൂഹിക ക്ഷേമ പദ്ധതികളും. മലബാറിന്റെ പഴയ തലസ്ഥാനമായ കോഴിക്കോട് സന്ദർശിച്ചാല്‍ത്തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച ലഭ്യമാകും.

കേരളത്തിൽ സർക്കാർ സ്കൂളുകളും സ്വകാര്യ റസിഡൻഷ്യൽ സ്കൂളുകളും തിരിച്ചറിയാൻ പ്രയാസമാണ്. വിദ്യാഭ്യാസ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിനുള്ള സർക്കാർ ഉദ്യമം, സ്വകാര്യ സ്കൂളുകളുടേതിന് സമാനമായ സൗകര്യങ്ങൾ സർക്കാർ സ്കൂളുകൾക്കും ഉറപ്പാക്കിയിട്ടുണ്ട്. ഇത് പ്രാഥമികതലത്തില്‍ 100 ശതമാനം പ്രവേശനം നേടാനും രാജ്യത്ത് കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നില ഉറപ്പാക്കാനും സഹായിച്ചു. മികച്ചതും സംഘടിതവുമായ പൊതു ആരോഗ്യ സംവിധാനമാണ് തങ്ങളുടേതെന്ന് കേരളം തുടർച്ചയായി തെളിയിച്ചിട്ടുണ്ട്. കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലെ വെല്ലുവിളികൾക്കിടയിലും, നിപ പോലുള്ള മാരക രോഗങ്ങൾ കൈകാര്യം ചെയ്യാനും കോവിഡ് മഹാമാരിയെ തടഞ്ഞുനിര്‍ത്താനും ഈ സംവിധാനം ആ സംസ്ഥാനത്തെ സഹായിച്ചു. വിപുലമായ പൊതു ആരോഗ്യരക്ഷാ ശൃംഖലയോടൊപ്പം പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ സംഘവും ഈ ശ്രമങ്ങളിൽ നിർണായകമായി.
സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സൗകര്യങ്ങളുടെ വിപുലമായ ഈ ശൃംഖല ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനും ആയുർദൈർഘ്യം വർധിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന നൽകി. ആശുപത്രികളിലെ ജനനനിരക്ക് ഏറ്റവും കൂടുതലുള്ള കേരളം രാജ്യത്ത് മുന്‍നിരയില്‍ത്തന്നെയാണ്. ഒരു കുട്ടിയും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുമില്ല. അങ്ങനെ സംസ്ഥാന വികസനത്തിന്റെ ആണിക്കല്ലാകുന്നു ആരോഗ്യ സംവിധാനം.

രാജന്റെയും ലീലയുടെയും കഥയിലെന്നപോലെ, വയോജനങ്ങൾക്കുള്ള പെൻഷൻ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ധനസഹായം തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികളിൽ ജനങ്ങൾ പൊതുവേ തൃപ്തരാണ്. ഈ പരിപാടികൾ കേവലം വോട്ടിനുവേണ്ടി സൃഷ്ടിച്ചതല്ല. ദാരിദ്ര്യം തുടച്ചുനീക്കുക, സാമൂഹികസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളതാണ്. കുടുംബശ്രീ സംരംഭം അത്തരത്തിലൊന്നാണ്. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ മറികടക്കാൻ കുടുംബശ്രീ യൂണിറ്റുകൾ സഹായിച്ചിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജോലി നൽകുന്നതിലും നിർണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. 

ഇത്രയും വിപുലമായ ഒരു ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാനം കാര്യമായ സാമ്പത്തിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും പദ്ധതികളില്‍ നിന്ന് സർക്കാരിനെ പിന്തിരിപ്പിച്ചില്ല. അതുകൊണ്ട് സംസ്ഥാനത്തിന് സാമൂഹിക സ്ഥിരത കൈവരിക്കാനായി. കേവലം സ്ഥിതിവിവരക്കണക്കിലെ വളർച്ചയെക്കാൾ ക്ഷേമത്തിന് മുൻഗണന നൽകി, സാമൂഹിക സുരക്ഷാ നടപടികളുമായി എപ്പോഴും സജീവമാണ് കേരളം.
കേരളത്തിന്റെ ‘എക്സ് ഫാക്ടർ’ തീർച്ചയായും അവിടുത്തെ ജനങ്ങളും അവരെ നയിക്കുന്നവരുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അങ്ങനെയാണ് ജനങ്ങളുടെ വിശ്വാസം വീണ്ടും തെളിയിച്ചത്. 2018ലെ വെള്ളപ്പൊക്കമോ, നിപ ബാധയോ, കോവിഡ് മഹാമാരിയോ, വയനാട്ടിലെ ഉരുൾപൊട്ടലോ ആകട്ടെ, അദ്ദേഹത്തിന് സര്‍ക്കാരിന്റെ രണ്ട് ഘട്ടങ്ങളിലും നിരവധി വെല്ലുവിളികളുണ്ടായിട്ടുണ്ട്. പെട്ടെന്നുള്ള തീരുമാനങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൊണ്ട് അപ്പോഴെല്ലാം കേരളം തലയുയർത്തി നിന്നു.
ദേശീയ ലോക്ഡൗൺ കാലത്ത്, പ്രതിപക്ഷം ഭരണത്തെ വിമർശിച്ചപ്പോഴും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും അവരുടെ വിശ്വാസം സമ്പാദിക്കുന്നതിലും രണ്ടാം തവണ അധികാരം ഉറപ്പിക്കുന്നതിലും മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രദ്ധ കേന്ദ്രീകരിച്ചു. ജനങ്ങൾക്ക് നൽകിയ വ്യക്തമായ സന്ദേശം, എന്ത് സംഭവിച്ചാലും സർക്കാർ അവർക്കൊപ്പം നിൽക്കും എന്നതായിരുന്നു. അതേസമയം പിണറായി വിജയന്റെ ഭരണകാലം ചില വിവാദങ്ങളാലും അടയാളപ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാനത്തിന്റെ വികസന മാതൃകയുടെ സുസ്ഥിരതയെക്കുറിച്ച് പലരും സംശയം പ്രകടിപ്പിച്ചു, പ്രത്യേകിച്ചും സാമ്പത്തിക സ്തംഭനത്തിന് സാധ്യതയുള്ള സാഹചര്യത്തിൽ. വർധിച്ചുവരുന്ന ധനക്കമ്മിയും ക്ഷേമപദ്ധതികൾക്കായി പൊതുവായ്പയെ ആശ്രയിക്കുന്നതും പ്രതിപക്ഷവും ചില സാമ്പത്തിക വിദഗ്ധരും ഉയർത്തിക്കാട്ടി. ഈ വെല്ലുവിളികൾക്കിടയിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, സാമ്പത്തിക മാനേജ്‌മെന്റ്, പാരിസ്ഥിതിക സുസ്ഥിരത എന്നീ വിഷയങ്ങളുമായി മല്ലിട്ടുകൊണ്ടുതന്നെ ക്ഷേമത്തിൽ ഊന്നിയുള്ള വികസനത്തോടുള്ള പ്രതിബദ്ധത സംസ്ഥാനം തുടരുന്നു.
സമീപ വർഷങ്ങളില്‍ പാരിസ്ഥിതിക വെല്ലുവിളികൾ ദീർഘകാല സുസ്ഥിരതയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സമുദ്രനിരപ്പുയരുന്നതും ക്രമരഹിതമായ കാലാവസ്ഥയും ഉപജീവനമാർഗത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഒരുപോലെ ഭീഷണിയാകുകയാണ്. കൃഷിയെയും നീണ്ടുകിടക്കുന്ന തീരപ്രദേശത്തെയും ആശ്രയിക്കുന്ന സംസ്ഥാനം സ്വാഭാവികമായും കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകും. സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ പ്രധാന ആശങ്കയായി തുടരുന്നു. ഇത് മറ്റ് മേഖലകളിൽ സംസ്ഥാനത്തിന്റെ പുരോഗതിയെ തടസപ്പെടുത്താൻ സാധ്യതയുണ്ട്. 2024ലെ വയനാട് ദുരന്തം ജനങ്ങളെയും സർക്കാരിനെയും നടുക്കിയ പാരിസ്ഥിതിക വെല്ലുവിളികളുടെ വ്യക്തമായ ഉദാഹരണമാണ്.

ശക്തമായ ദുരന്തനിവാരണ സംവിധാനമുണ്ടെങ്കിലും, ഓരോ വർഷവും ആവർത്തിച്ചുള്ള മിന്നൽ പ്രളയത്തില്‍ സംസ്ഥാനം മുങ്ങുന്നു. എഐ അടിസ്ഥാനമാക്കിയുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടും വയനാട്ടിലെ ഉരുൾപൊട്ടലിന്റെ വ്യാപ്തി പ്രവചിക്കുന്നതിൽ അവ പരാജയപ്പെട്ടു. നേരത്തേയുള്ള മുന്നറിയിപ്പ് സംവിധാനത്തിന്റെ പരാജയത്തെച്ചൊല്ലി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ തര്‍ക്കത്തിലാണ്.
കാലാവസ്ഥാ വ്യതിയാനം അഭൂതപൂർവമായ തോതിൽ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സജീവമായ ശ്രമങ്ങൾക്കിടയിലും, ദുരന്തങ്ങൾ ജീവൻ അപഹരിക്കുന്നത് തുടരുന്നുവെന്നതാണ് വസ്തുത. നിലവിലെ സാമൂഹിക ശാക്തീകരണ പരിപാടികൾക്കൊപ്പം ഈ വെല്ലുവിളികളെ നേരിടാൻ കേരളത്തിന് കൂടുതൽ നൂതനമായ സാങ്കേതിക പരിഹാരങ്ങൾ ആവശ്യമാണ്. സംസ്ഥാനത്തിന്റെ ശ്രമങ്ങളെ വിമർശിക്കുന്നതിനു പകരം, ഈ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ കേരളവുമായി സഹകരിക്കണം.

ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തത്തിൽ അധിഷ്ഠിതമായ അടിത്തട്ടിലെ വികസനമെന്ന സമീപനത്തില്‍ കേരള മോഡൽ വേറിട്ടുനിൽക്കുന്നു. സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍കൊണ്ടും ജനങ്ങളുടെ പുരോഗമനചിന്ത കൊണ്ടും ഈ മാതൃക അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹികനീതി, സാമുദായിക സൗഹാർദം എന്നിവയിൽ ദശാബ്ദങ്ങളായി നടത്തിയ ശ്രദ്ധാപൂര്‍വമായ ശ്രമങ്ങളാണ് ഈ അതുല്യമായ സഹകരണം വളർത്തിയെടുത്തത്. ചില സംസ്ഥാനങ്ങൾ സര്‍ക്കാര്‍ സംരംഭങ്ങളും ജനപങ്കാളിത്തമുള്ള വികസനവും വേണമെന്നനിലയില്‍ ചിന്തിക്കുന്നുണ്ട്. അവര്‍ക്ക് പിന്തുടരാൻ യോഗ്യമായ മാതൃകയാണ് കേരള മോഡല്‍.
കേരളം നേരിടുന്ന വെല്ലുവിളികളിൽ മാത്രം ശ്രദ്ധയൂന്നുന്ന വിമർശകർ വലിയ ഒരു ചിത്രത്തെയാണ് അവഗണിക്കാന്‍ ശ്രമിക്കുന്നത്. പാർശ്വവൽകൃത സമൂഹങ്ങൾക്ക് മുൻഗണന നൽകുന്ന, സംരക്ഷണമൊരുക്കുന്ന സുസ്ഥിര വികസനമാണ് കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം. വരുമാന അസമത്വവും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടുന്ന ലോകത്ത്, കേരള മോഡൽ ഒരു ബദൽമാര്‍ഗം വാഗ്ദാനം ചെയ്യുന്നു. ഈ മാതൃക അംഗീകരിക്കുകയും ആവശ്യമായ കേന്ദ്രപിന്തുണ നല്‍കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ആരോഗ്യകരമായ കേന്ദ്ര‑സംസ്ഥാന ബന്ധം എല്ലാ പങ്കാളികൾക്കും ഗുണം ചെയ്യും. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ കേരളത്തിലെ ക്രിയാത്മകമായ ഭരണത്തിൽ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും സ്വന്തം ജനത ഭരണ പ്രക്രിയയിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
(ഹൈദരാബാദ് മഹീന്ദ്ര യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.