19 September 2024, Thursday
KSFE Galaxy Chits Banner 2

പി എസ് രശ്മിയെന്ന മായാത്ത പുഞ്ചിരി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
September 16, 2024 10:59 pm

മുസ്കാന്‍ എന്ന ഹിന്ദി വാക്കിന് പുഞ്ചിരിയെന്നര്‍ത്ഥം. തന്റെ പേരിനൊപ്പം ഫേസ്ബുക്കില്‍ രശ്മി ചേര്‍ത്തുവച്ചത് മുസ്കാന്‍ എന്നാണ്. അത് വെറുതെ എടുത്തുപയോഗിച്ചതല്ലെന്ന്, രശ്മിയെ അടുത്തറിയുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാകും. രശ്മി മുസ്കാന്‍ എന്ന നാമം അന്വര്‍ത്ഥമാക്കുന്നതായിരുന്നു അവളുടെ ജീവിതം. സമ്മര്‍ദങ്ങള്‍ ഏറെയുള്ള ജോലിയിലും, മനസാന്നിധ്യം കൈവിടാത്ത രശ്മിയുടെ മുഖത്ത് എപ്പോഴുമൊരു പുഞ്ചിരിയുണ്ടാകും. ഏറ്റവുമൊടുവില്‍ ഔചിത്യമില്ലാത്ത മരണം ഉറക്കത്തില്‍ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോയപ്പോഴും ആ പുഞ്ചിരി അവളുടെ മുഖത്ത് മായാതെ നില്‍ക്കുന്നുണ്ടായിരുന്നു.
തന്നെ സ്ഥാപനം ഏല്പിച്ച ഉത്തരവാദിത്തങ്ങളോട് അങ്ങേയറ്റം കൂറ് പുലര്‍ത്തണമെന്ന വാശിയായിരുന്നു ജീവിതത്തിലുടനീളം പി എസ് രശ്മിയെന്ന മാധ്യമപ്രവര്‍ത്തകയുടെ കൈമുതല്‍. തിരുവോണ ദിനത്തില്‍ രാവിലെ ഉറക്കത്തിനിടയില്‍ അപ്രതീക്ഷിതമായി മരണമെത്തിയെന്ന് തിരിച്ചറിഞ്ഞപ്പോഴും, അവള്‍ ആലോചിച്ചിട്ടുണ്ടാവുക തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചായിരിക്കും. രശ്മിയെ വര്‍ഷങ്ങളായി അടുത്തറിയാവുന്ന, കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള ആയിരക്കണക്കിന് പേര്‍ക്ക് അതില്‍ ഒട്ടും അതിശയോക്തി തോന്നില്ലെന്നുറപ്പ്. ആരോഗ്യപ്രശ്നങ്ങളും പ്രതിസന്ധികളും അലട്ടുമ്പോഴും ജനയുഗം ദിനപത്രത്തിന്റെ തലസ്ഥാനത്തെ ബ്യൂറോ ചീഫ് എന്ന വലിയ ചുമതല ഏറ്റവും ഭംഗിയായി നിര്‍വഹിക്കുകയായിരുന്നു രശ്മി. 

സമൂഹത്തോടും തന്റെ ജോലിയോടുമുള്ള ആത്മാര്‍ത്ഥതയ്ക്ക് ഒരു പേര് വിളിക്കാമെങ്കില്‍ അത് പി എസ് രശ്മി എന്നായിരിക്കും. എല്ലാറ്റിനോടും എല്ലാവരോടുമുള്ള സ്നേഹവും കരുതലുമായിരുന്നു മുഖമുദ്ര. 2007ല്‍ പുനഃപ്രസിദ്ധീകരണം ആരംഭിച്ചതുമുതല്‍ ജനയുഗത്തിന്റെ ഭാഗമാണ് രശ്മി. കൊച്ചിയിലും തിരുവനന്തപുരത്തുമായി, പിന്നീടുള്ള ജീവിതത്തിന്റെ കൂടുതല്‍ മണിക്കൂറുകളും മാധ്യമപ്രവര്‍ത്തനത്തിനുവേണ്ടിയായിരുന്നു അവള്‍ മാറ്റിവച്ചത്.
രാവിലെ തുടങ്ങുന്ന ജോലിത്തിരക്കുകള്‍ രാത്രി ഏറെ വൈകിയും തുടരുമ്പോഴും, വാര്‍ത്തകളൊന്നും ഒഴിവായിപ്പോകരുതെന്ന വാശിയായിരുന്നു ഊര്‍ജം നല്‍കിയത്. പല വിഷയങ്ങളിലായി നൂറുകണക്കിന് ബൈലൈന്‍ സ്റ്റോറികള്‍.. അഭിമുഖങ്ങള്‍.. അങ്ങനെ നിരവധി രേഖകളുണ്ട് രശ്മിയുടെ സ്മാരകങ്ങളായി. എല്‍ഡിഎഫ് സര്‍ക്കാരുമായി ബന്ധപ്പെട്ട ജനക്ഷേമവാര്‍ത്തകള്‍ ഏറ്റവും നന്നായി ജനയുഗത്തില്‍ ഉണ്ടാകണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു രശ്മിയെന്ന ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകയ്ക്ക്. സ്വന്തം കാര്യങ്ങള്‍ മറന്നും മാറ്റിവച്ചും അവള്‍ ദിവസവും മണിക്കൂറുകളോളം വാര്‍ത്തകളുടെ ലോകത്ത് തന്നെയായിരുന്നു. 

ചുരുങ്ങിയ ദിവസങ്ങള്‍ വീട്ടിലേക്ക് പോകുമ്പോഴും, ഒന്നില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രശ്മി ശ്രമിക്കാറില്ല. പ്രശ്നങ്ങളില്‍ ഇടപെട്ടും നിര്‍ദേശങ്ങള്‍ നല്‍കിയും എന്നും മനസുകൊണ്ട് ജനയുഗത്തിലുണ്ടാകുമായിരുന്നു. പരിചയപ്പെടുന്നവരെല്ലാം പ്രിയപ്പെട്ടവരായി മാറുന്ന ഒരു മാജിക്കായിരുന്നു രശ്മിയുടെ ജീവിതത്തിലെ മറ്റൊരു പ്രത്യേകത. സ്നേഹപൂര്‍ണമായ ഇടപെടലുകളിലൂടെ എല്ലാവരുടെയും സുഹൃത്തായി മാറും. പലര്‍ക്കും അവള്‍ സഹോദരിയോ മകളോ ആണ്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനായി മണിക്കൂറുകള്‍ മാറ്റിവയ്ക്കാനും മടിയില്ലായിരുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമുള്‍പ്പെടെയുള്ള പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ആരോടും വഴക്കിടാനും ചിലപ്പോള്‍ തുനിഞ്ഞിറങ്ങും. സ്വന്തം കാര്യത്തിനുവേണ്ടിയല്ലാതെയുള്ള ആ വഴക്കുകള്‍പോലും രശ്മിയുടെ ആത്മാര്‍ത്ഥതയുടെ അടയാളമാണെന്ന് മറുഭാഗത്തുള്ളവരും പിന്നീട് തിരിച്ചറിയും.
മായാത്ത പുഞ്ചിരിയുമായി വൈകിട്ട് അവള്‍ വീട്ടുമുറ്റത്ത് ജീവനറ്റ് കിടന്നപ്പോള്‍, അവസാനമായി ഒരുനോക്ക് കാണാന്‍ ഓടിയെത്തിയവര്‍ നിരവധിയാണ്. നിറഞ്ഞുകലങ്ങിയ കണ്ണുകളോടെ ആ മുറ്റത്ത് നിന്നവര്‍ പറയാതെ പറയുന്നുണ്ടായിരുന്നു രശ്മിയുടെ സൗഹൃദങ്ങളുടെ ആഴം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.