22 December 2024, Sunday
KSFE Galaxy Chits Banner 2

ഇടശ്ശേരിയുടെ ഇടിമുഴക്കം

എം സി പോള്‍
October 14, 2024 9:28 pm

മലയാള കവിതയിലെ വേറിട്ട ശബ്ദമാണ് ഇടശേരി ഗോവിന്ദന്‍ നായരുടേത്. പുരോഗമന കവിതയുടെ പതാകവാഹകനാണ് അദ്ദേഹം. മനുഷ്യജീവിതത്തിന്റെ കൊടിപ്പടം ഉയര്‍ത്തിപ്പിടിച്ചു. അതോടൊപ്പം കാര്‍ഷിക സംസ്കൃതിയുടെ അനന്തപ്രകാശനം അവതീര്‍ണമാക്കി. മിത്തുകളെ മിത്തുകളായും ചരിത്രത്തെ ചരിത്രമായും സംവാദവിധേയമാക്കി. ആശാന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും കാവ്യത്തുടര്‍ച്ചയാണ് വൈലോപ്പിള്ളി, പി എന്നിവര്‍ക്കൊപ്പം ഇടശേരിയും. 

മലയാള കാവ്യഭാഷയില്‍ പൊളിച്ചെഴുത്തുനടത്തിയ കവിപ്രതിഭയാണ്. ഭൂതകാലത്തെ തള്ളിപ്പറയാതെ ഭവല്‍ക്കാലത്തെ അവഗണിക്കാതെ ഭവിഷ്യല്‍ കാലത്തിലേക്കുറ്റു നോക്കിക്കൊണ്ട് കവിതയെഴുതിയ അദ്ദേഹം തന്റെ കൃതികളിലൂടെ ആ കാലങ്ങളെയും തദനുഗുണമായ സംസ്കാരമേഖലകളെയും സമന്വയിപ്പിച്ചു എന്ന എം ലീലാവതിയുടെ നിരീക്ഷണം അര്‍ത്ഥവത്താണ്.
1953ല്‍ ഇടശേരി എഴുതിയ പൂതപ്പാട്ട് മിത്തും ചരിത്രവും കുഴമറിയുന്ന സൃഷ്ടിയാണ്. മാതൃഭാവം തുടിച്ചുനില്‍ക്കുന്ന കവിതയില്‍ പിതൃത്വത്തിന് ഇടവുമില്ല. ഉണ്ണിക്ക് നങ്ങേലിയെന്ന അമ്മയല്ലാതെ അച്ഛനെന്ന കര്‍തൃത്വത്തെക്കുറിച്ച് പരാമര്‍ശമില്ല. നങ്ങേലിയും പൂതവുമായുള്ള സംഭാഷണം കവിതയിലെ കഥാര്‍സിസാകുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു കഥാകാവ്യമാകുന്നു. മാതൃത്വത്തിന്റെ മഹനീയത ഉണ്ണിയെക്കുറിച്ചുള്ള അമ്മയുടെ ആകുലത പൂതത്തെ തോല്പിക്കുന്ന അമ്മയെന്ന സങ്കല്പകാന്തി പരിമളം പരത്തുന്ന കവിത അനുവാചക മനസുകളെ ത്രസിപ്പിക്കുന്ന രചനയാണിത്. 

ഉണ്ണിയെ തട്ടിയെടുത്ത പൂതത്തെ ഭയലേശമില്ലാതെ തേടിയിറങ്ങുന്ന അമ്മയെ തെച്ചിക്കൊലിനാല്‍ ഉണ്ണിയെ ഉണ്ടാക്കി അമ്മയെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന പൂതത്തെ അമ്മ ശപിക്കാന്‍ ഒരുങ്ങുന്നു. പൂവമ്പഴം പോലുള്ള ഉണ്ണിയെ കാണാതെ തേടിയിറങ്ങുന്ന നങ്ങേ ലിയെ പുലിയായും പേടിപ്പിച്ചപ്പോള്‍ അതിനെ അതിജീവിക്കുന്ന അമ്മയുടെ ധീരത അനുവാചകനെ പൊള്ളിച്ചുണര്‍ത്താതിരിക്കില്ല. ഫോക്‌ലോറിന്റെ അനന്തസാധ്യതകള്‍ അന്വയിക്കുന്ന രചനകൂടിയാണിത്. ഈ കവിത യഥാര്‍ത്ഥത്തില്‍ ആത്മനിഷ്ഠമാണ്.
എന്നാല്‍ ഇടശേരിയുടെ പണിമുടക്കം എന്ന കവിത സമൂഹപരതയിലേക്ക് കവിയുന്ന കവിതയാണ്. വര്‍ഗസമരത്തിന്റെ തൊഴിലാളിവര്‍ഗ പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രതലം അനാവരണം ചെയ്യുന്ന രചനയാണ്.
തുണി നെയ്യും മില്ലില്‍പ്പണിമുടക്കം
തൊഴിലാളിക്കന്നും സുദൃഡമൈക്യം.
ഒരു മാസമുന്തിയ കൈയ്ക്കൊരാക്കം
വരുമാറു വേര്‍പ്പുതുടച്ചുതക്കം.
നയവലയത്തെപ്പൊളിച്ചകറ്റി
കയറിപ്പോയ് മില്ലില്‍ക്കരിങ്കാലികള്‍.
തൊഴിലാളി തൂകിയ കണ്ണുനീരിന്‍
പുളിനക്കിനൊട്ടും കരിങ്കാലികള്‍
തടയാനിറങ്ങിയോര്‍ക്കെല്ലൊടിഞ്ഞു.
പടയായി ലാത്തിയും തോക്കുമായി
മുതലാളി കാരുണ്യം വെച്ചുകാട്ടി.
തൊഴിലാളി നീതിക്കായങ്കംവെട്ടി
പലപാടും സന്ധി പറഞ്ഞുനോക്കി.
ഫലമില്ലുടമയ്ക്കിളക്കമില്ല
തൊഴിലാളി സ്വസ്വപ്രതിജ്ഞാമുഷ്ടി
വിയദുല്‍ക്കടോരസില്‍ വീണ്ടും നീട്ടി.
കുഴിവെട്ടിമുടുകവേദനകള്‍
കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍!
എന്ന് തൊഴിലാളിവര്‍ഗ ഐക്യത്തിന്റെ പടപ്പുറപ്പാടൊരുക്കുവാന്‍ കവിക്ക് കഴിയുന്നു. അവകാശ സംരക്ഷണത്തിനായി മുതലാളിത്തത്തിന്റെ കാട്ടുനീതിക്കെതിരെ പോരാടാന്‍ കവി ആഹ്വാനം ചെയ്യുന്നു. 

വര്‍ഗസമരത്തിന്റെ പ്രത്യയശാസ്ത്ര സാധ്യത ഇടശേരിയുടെ ഇടിമുഴക്കം വിപ്ലവ പോരാട്ടത്തിന്റെ സാധ്യത ഈ കവിതയിലൂടെ കവി സിന്നിവേശിപ്പിക്കുന്നു. കുഴിവെട്ടിമൂടുക വേദനകള്‍ കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍ എന്ന തൊഴിലാളി വര്‍ഗത്തോടുള്ള ഐക്യദാര്‍ഢ്യം വിപ്ലവാഹ്വാനം കവിയുടെ മാനിഫെസ്റ്റോയാണ്. വര്‍ഗീയതയ്ക്കു പകരം വര്‍ഗബോധത്തിന്റെ സമരസന്നിഭമായ പോരാട്ടവീറിന്റെ പടഹധ്വനിയാണ് ഇടശേരിയുടെ പണിമുടക്കം എന്ന കവിത സന്നിവേശിപ്പിക്കുന്നത്.
ഈ കവിതയോടു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മറ്റൊരു കവിതയാണ് പുത്തന്‍ കലവും അരിവാളം. ജന്മികുടിയാന്‍ ബന്ധത്തിന്റെ നൃശംസത അടയാളപ്പെടുത്തുന്ന കവിതയാണിത്. അടിയാന്‍ വയലില്‍ വിത്തുവിതച്ച് വിളയിച്ച നെല്ല് ജന്മിയും കോടതിയുമാമീനും ആള്‍ക്കാരും ചേര്‍ന്ന് കൊയ്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന്റെ നൃശംസത അടയാളപ്പെടുത്തുന്ന രചനയാണിത്.
ആരേകൊയ്ത്തുകഴിച്ചതീയാണ്ടില്‍
കോമന്‍ വിളയിച്ച പൊന്നാര്യന്‍.
കോമനുമല്ല പണിക്കാരും — ഒരു
കോടതിയാമീനുമാള്‍ക്കാരും.
കൊയ്ത്തിനു വന്ന പണിക്കാര്‍ക്കുള്‍പക
പത്തിയെടുത്തീട്ടൂത്തൂതി
നെഞ്ചത്തിട്ടുതൊഴിച്ചും കൊണ്ടാ
നീലച്ചെറുമിനിലംപൊത്തി.
കൊയ്യില്ലീവിളമറ്റാരും ചെറു
കോമനിറങ്ങികണ്ടതില്‍.
മപ്പും താക്കിത്തീപ്പുലിപോലെ
ചീറ്റിയടുത്തു ചാത്തപ്പന്‍.
കറ്റയുമിട്ടു വരമ്പത്തേറി
കൊയ്യാന്‍ നിന്നൊരു കൂലിക്കാര്‍.
കോമന്‍ നിന്നു കലികൊള്ളുന്നു
കുറ്റിക്കിട്ട ഗജംപോലെ.
അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടെ പൊന്നാര്യന്‍!
അധികാരം കൊയ്യണമാദ്യം എന്ന സന്ദേശത്തോടെയാണ് കവിത അവസാനിക്കുന്നത്. വിപ്ലവകരമായ ആശയസംവാദമാണ് പണിമുടക്കിലെന്നപോലെ പുത്തന്‍ കലവും അരിവാളും എന്ന കവിതയും സംവാദവിധേയമാക്കുന്നത്. ജാതി, ജന്മി നാടുവാഴി ദുഷ്‌പ്രഭുത്വത്തിന്റെ അമിതാധികാര വാഴ്ചയെ വെല്ലുവിളിക്കുന്ന തൊഴിലാളികള്‍ക്കൊപ്പമാണ് ഇടശേരിയെന്ന കവിയുടെ നിലപാടും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, പ്രാന്തവല്‍ക്കരിക്കപ്പെട്ട അടിസ്ഥാനവര്‍ഗത്തിന്റെ നിസ്വജനതയുടെ പക്ഷത്താണ് ഇടശേരി എന്ന മഹാകവിയുടെ നിലപാടുതറ.
അതുപോലെ കറുത്ത ചെട്ടിച്ചികള്‍ എന്ന കവിതയില്‍ തമിഴകത്തുവരുന്ന പണിക്കായെത്തുന്ന തമിഴ് പേശും പെണ്‍കൊടിമാരുടെ ദൈന്യതയാണ് അവതീര്‍ണമാക്കുന്നത്.
ഇത്തറവാടിത്തഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍!
തറവാടിത്ത ഘോഷണത്തിന്റെ വൃത്തികേടിനെ വിചാരണ ചെയ്യുന്ന കവിതകൂടിയാണ് കറുത്ത ചെട്ടിച്ചികള്‍.
കുറ്റിപ്പുറം പാലം പാരിസ്ഥിതിക വിനാശത്തിന്റെ പ്രതിസന്ധി അനാവരണം ചെയ്യുന്ന കവിതയാണ്. ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍ ചെലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍ അഭിമാനപൂര്‍വം ഞാനേറി നില്പാണടിയിലെ ശോഷിച്ചപേരാര്‍ നോക്കി നില്‍ക്കുന്ന കവി പിന്നീട് പേരാറിന്റെ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠാഭരിതനാണ്.
അംബേ പേരാറേ നീമാറിപ്പോമോ
ആകുലയാമൊരുഴുക്കു ചാലായ്?
അഴുക്കുചാലായ് നിളാനന്ദിമാറുമോ എന്ന സന്ദേഹം കൂടി കവി പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെ മനുഷ്യജീവിതത്തിന്റെ, പ്രകൃതിയുടെ, പരിസ്ഥിതിയുടെ സമസ്ത മണ്ഡലങ്ങളെയും സംവാദവിധേയമാക്കിയ കവിതയാണ് ഇടശേരി. അളകാവലി, കറുത്ത ചെട്ടിച്ചികള്‍, പുത്തന്‍ കലവും അരിവാളും, വിവാഹസമ്മാനം, ലഘുഗാനങ്ങള്‍, തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍, കാവിലെ പാട്ട്, ഒരുപിടി നെല്ലിക്ക, കുങ്കുമപ്രഭാതം, അന്തിത്തിരി, ഇടശേരിയുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍.
1906ഡിസംബര്‍ 23ന് കുറ്റിപ്പുറത്ത് ജനിച്ചു. പിതാവ് പി കൃഷ്ണക്കുറുപ്പ് മാതാവ് ഇ കുഞ്ഞിക്കുട്ടിയമ്മ. പ്രാഥമിക വിദ്യാഭ്യാസത്തോടെ കുടുംബത്തിലെ ദാരിദ്ര്യം നിമിത്തം പഠനം നിലച്ചുപോയി. പിന്നീട് വക്കീല്‍ ഗുമസ്തനായി തൊഴില്‍ ചെയ്തു. 12-ാം വയസില്‍ കവിത എഴുതിത്തുടങ്ങി. ഒരുപിടി നെല്ലിക്കയ്ക്ക് 1968ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും കാവിലെ പാട്ടിന് 1970ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1974ഒക്ടോബര്‍ 16ന് മഹാകവി ഇടശേരി അന്തരിച്ചു. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.