20 December 2025, Saturday

‘അപാർ’ കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ഹിഡന്‍ അജണ്ട

ജാസ്മീര്‍ ബി
April 5, 2025 4:40 am

രു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു ഭാഷ, ഒരു രാജ്യം ഒരു സംസ്കൃതി തുടങ്ങി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങുന്ന, എല്ലാത്തിനെയും ഒരു കേന്ദ്രീകൃത ഏകാധിപത്യ ഭരണവ്യവസ്ഥയ്ക്കുകീഴിൽ കൊണ്ടുവരാനുള്ള രാഷ്ട്രീയപദ്ധതിയാണ് അപാർ അഥവ ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി കാര്‍ഡ്. വിദ്യാർത്ഥികളുടെ മുഴുവൻ വിവരങ്ങളും ഒരു നമ്പറുമായി ബന്ധിപ്പിച്ചു ശേഖരിക്കുന്ന കേന്ദ്രീകൃത സംവിധാനമാണ് അപാർ (Auto­mat­ic Per­me­nant Aca­d­e­m­ic Account Reg­is­ter). 2020ലെ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നിലവിലുള്ള ‘യുഡെെസ്’ പ്ലസ് വിവരശേഖര സംവിധാനത്തിനു പുറമെയാണിത്. സ്കൂൾ ട്രാൻസ്ഫറുകളും, ക്രെഡിറ്റ്‌ ട്രാക്കിങ്ങും ഫലപ്രദമായി നടപ്പാക്കാനും ഡിജിലോക്കറിൽ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും എന്നതാണ് ഇതിന്റെ മേന്മയായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം ഉയർത്തിക്കാട്ടുന്നത്. വിദ്യാഭ്യാസ രംഗത്തെ കാര്യക്ഷമത വർധിപ്പിക്കാനുള്ള മാർഗമായാണ് അപാർ അവതരിപ്പിക്കപ്പെടുന്നതെങ്കിലും ബ്യൂറോക്രാറ്റിക് ഏകാധിപത്യത്തിന്റെ കുറുക്കുവഴിയായി വിവരസാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതിന്റെ മറ്റൊരുദാഹരണമാണ് അപാർ ഐഡി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാർത്ഥികളെയും ഈ പദ്ധതിയുടെ ഭാഗമാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അറിവോടെയും പൂർണ സമ്മതത്തോടെയുമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവർത്തിക്കുമ്പോഴും സമ്മർദതന്ത്രങ്ങളിലൂടെ ഇത് സാധിച്ചെടുക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ അപാർ നിർബന്ധമല്ലെന്നു പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഇത് നിർബന്ധമാണ്. രാഷ്ട്രീയ തന്ത്രങ്ങളിലൂടെയും സമ്മർദങ്ങളിലൂടെയും വിവരങ്ങൾ ചോർത്തി വിദ്യാർത്ഥി സമൂഹത്തിന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുകയും പിന്നീട് അതുപയോഗിച്ച് അവരെ അടിമകളാക്കി മാറ്റുകയും ചെയ്യുന്ന പുതിയ ഫാസിസ്റ്റ് തന്ത്രത്തെ നാം തിരിച്ചറിയാതെ പോകരുത്.

അപാർ ഒരു ഡിജിറ്റൽ ഗില്ലറ്റിനാണ്. ഏകാധിപത്യ രാഷ്ട്രീയ ദർശനത്തിന്റെ അപകടം നിറച്ചൊരായുധം. ഈ ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പാക്കുന്നത് സമത്വമെന്ന ആശയമല്ല, മറിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അറിയാത്ത, ഇന്റർനെറ്റ്‌ സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ മുഖ്യധാരയിൽ നിന്നും ഒഴിവാക്കുന്ന അഭിനവ ഡിജിറ്റൽ അസ്പൃശ്യതയാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരത്തിലൊരു വിവരശേഖരണം തീർക്കുന്ന അപകടം വളരെ വലുതാണ്. സ്വകാര്യത മൗലികാവകാശമാണെന്ന് 2017ല്‍ കെ എസ്‌ പുട്ടസ്വാമി കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അതിനെത്തുടർന്ന് ശക്തമായൊരു വിവരസുരക്ഷാ നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2023 ൽ വിവരസുരക്ഷാ നിയമം പാർലമെന്റ് പാസാക്കി. വിവരസുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതരത്തിൽ നിരവധി പഴുതുകളുള്ളതുകൊണ്ടാവാം ഈ നിയമം ഇതുവരെ നിലവിൽ വന്നിട്ടില്ല. വിവരസുരക്ഷയ്ക്ക് നിയമം കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്രത്തിന് തണുപ്പൻ സമീപനമാണ്. പാർലമെന്റിന്റെയോ ജുഡീഷ്യറിയുടെയോ അനുമതിയില്ലാതെ വിദ്യാഭ്യാസത്തെ ആധാറുമായി ബന്ധപ്പെടുത്തി വിവരശേഖരണം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് 2018ലെ ആധാർ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. അപാർ പദ്ധതി വഴി കോടിക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ജനനം മുതലുള്ള വിവരങ്ങൾ, പഠന രീതികൾ എന്നിവയൊക്കെ നിരീക്ഷണ വിധേയമാക്കും. ഭരണകൂടത്തിനനുഗുണമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിദ്യാർത്ഥിസമൂഹത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്രസർക്കാർ രൂപം കൊടുത്തിട്ടുള്ള ഈ ഡിജിറ്റൽ വിവരശേഖര പദ്ധതിക്കെതിരെ പൊതു സമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണം. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.