18 December 2025, Thursday

മറക്കാതിരിക്കണം ഗുരുധര്‍മ്മം

എം എൻ പവിത്രൻ 
April 11, 2025 4:40 am

രുവിപ്പുറത്തെ പ്ലാവിൻ ചുവട്ടിലിരുന്ന്, ശ്രീനാരായണഗുരുവും, മഹാകവി കുമാരനാശാനും, ഡോക്ടർ പല്പുവും ആഴത്തിൽ ചർച്ച ചെയ്തതിനുശേഷമാണ്, നവോത്ഥാനകാലഘട്ടത്തിൽ കേരളത്തിൽ വിപ്ലവകരമായ പല മാറ്റങ്ങൾക്കും, നേതൃത്വം നൽകിയ ശ്രീനാരായണധർമ്മ പരിപാലനയോഗത്തിന് 1903ൽ ജന്മം നൽകിയത്. മലയാളക്കരയിൽ നിലനിന്നിരുന്ന ക്ഷേത്ര പ്രതിഷ്ഠാ സങ്കല്പങ്ങളെ അട്ടിമറിച്ചുകൊണ്ട്, 1888ൽ അരുവിപ്പുറത്ത് ഗുരു നടത്തിയ ശിവപ്രതിഷ്ഠയ്ക്കു ശേഷം അദ്ദേഹം അവിടെ എഴുതിവച്ച കാലാതിവർത്തിയായ സന്ദേശം ശ്രീനാരായണസമൂഹം സ്മരിക്കേണ്ടതുണ്ട്. “ജാതിഭേദം, മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.” ജാതിയുടെയും മതത്തിന്റെയും മാത്രമല്ല മറ്റേതിന്റെയും ഭേദ ചിന്തയില്ലാതെ ഒരമ്മ പെറ്റ മക്കളെപ്പോൽ സഹോദരസ്നേഹത്തോടെ മാനവർ പുലർന്നുകാണുന്ന ഇടമാവണം ഈ ലോകം എന്നാണ് ഗുരു കല്പിച്ചരുളിയത്. 

കാല ദേശാതിർത്തികളില്ലാത്തതാണ് ഗുരുസന്ദേശങ്ങൾ. ആ ധർമ്മം ആചരിക്കുകയും പരിപാലിക്കുകയും പ്രചരിപ്പിക്കുകയും അതുവഴി സത്യവും ധർമ്മവും ത്യാഗബുദ്ധിയും അഹിംസയും സാഹോദര്യവും പ്രോജ്വലിച്ചുദിച്ചു ശോഭയാർന്നു നിൽക്കുന്ന ഒരു രാജ്യമാണ് ശ്രീനാരായണ ഗുരു കണികണ്ടുണരാൻ കൊതിച്ചത്. ആത്മോപദേശശതകം എന്ന കൃതിയിൽ ഗുരു പറയുന്നു;
“പൊരുതു ജയിപ്പതസാധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതലൊടുങ്ങുവീല,
പരമതവാദി,യിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞീടുമെന്ന ബുദ്ധി വേണം.”
മതങ്ങൾ തമ്മിൽ യുദ്ധം ചെയ്താൽ ഒരു മതവും ജയിക്കാൻ പോകുന്നില്ല. മാത്രമല്ല എന്റെ മതം മാത്രമാണ് ശരി എന്നുപറഞ്ഞ് പരസ്പരം കലഹിക്കുന്നവർ പൊരുതി നശിക്കുമെന്നോർക്കുക. ഈ പരമമായ സത്യം ലോകജനതയ്ക്ക് വെളിവാക്കി കൊടുക്കുവാനാണ് ഗുരു 1925ൽ ആലുവയിൽ, ഏഷ്യയിലെ തന്നെ ആദ്യത്തെ മത സൗഹാർദ സമ്മേളനം വിളിച്ചു ചേർത്തത്. എന്നിട്ടവിടെ ഇങ്ങനെ വിളംബരം ചെയ്തു: “വാദിക്കാനും, ജയിക്കാനുമല്ല, അറിയാനും, അറിയിക്കാനുമാണ് ഈ സമ്മേളനം.” ഇപ്പോഴത്തെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു മുമ്പേ എസ്എൻഡിപി യോഗത്തെ നയിച്ച, കുമാര മഹാകവിയും, മൂര്‍ക്കോത്ത് കുമാരനും, സി കേശവനും, എം കെ രാഘവനും, ആർ ശങ്കറുമെല്ലാം ഗുരുവിന്റെ വഴിയെയാണ് സഞ്ചരിച്ചത്. അതിനു വിരുദ്ധമായി ചെയ്യുന്നതെല്ലാം ഗുരുനിന്ദയാണ്. 

നമ്മുടെ രാജ്യവും ഭരണഘടനയും വർഗീയ, വിധ്വംസക ശക്തികളിൽ നിന്ന് അതിഗുരുതരമായ ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് മഹത്തായ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തിന് ഗുരുധർമ്മത്തിലധിഷ്ഠിതമായ മാതൃകയാക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. സത്യവും, ധർമ്മവും, അഹിംസയും, ത്യാഗവും, സാഹോദര്യവും ഒരുപോലെ പുലരുന്ന ഒരു ലോകമായിരുന്നു ഗുരു സ്വപ്നം കണ്ടത്. അതിന് പൂർണതയേകുക എന്നതാണ് യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളിയും, സഹപ്രവർത്തകരും ചെയ്യേണ്ടത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം വിശേഷിപ്പിക്കുന്ന കേരളത്തെ മതത്തിന്റെ പേരിൽ വിഭജിച്ച് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതും, എസ്എൻഡിപി യോഗത്തിന്റെ അനുഭാവികളായ പതിനായിരങ്ങളെ മതചിന്തയിളക്കി പോർക്കളത്തിലിറക്കാൻ പ്രേരിപ്പിക്കുന്നതും മാപ്പർഹിക്കാത്ത കുറ്റകൃത്യമാണ്. തന്റെ സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതിൽ തെറ്റില്ല, പക്ഷെ അതൊരു ദേശത്തെയും, വിഭാഗത്തെയും പഴിചാരിക്കൊണ്ടാകരുത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാത്ത മതസൗഹാർദവും, ജനാധിപത്യ — ശാസ്ത്രബോധവും കേരളത്തിൽ ഉദിച്ചുനില്പുണ്ട്. അത് ലക്ഷ്യബോധമുള്ള സർക്കാർ ജനഹിതമറിഞ്ഞ് പ്രവർത്തിക്കുന്നതുകൊണ്ടാണ്. “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്നതിന്റെ അർത്ഥം മന‌സിലാക്കാനുള്ള വിവേകം ഇനിയെങ്കിലും എസ്എൻഡിപി നേതൃത്വം കാണിച്ചാൽ അത് ശ്രീനാരായണ ഗുരുവിനോടു കാണിക്കുന്ന കൃതജ്ഞതയാകും എന്നതിൽ സംശയമില്ല. 

ഇതു തന്നെയാണ് ശ്രീനാരായണഗുരു പറഞ്ഞതും. ഈയൊരു കാഴ്ചപ്പാടിന്റെ സാക്ഷാത്കരണത്തിനുവേണ്ടിയാണ് എസ്എൻഡിപി യോഗം പ്രവർത്തിച്ചതും, കേരളത്തിന്റെ മണ്ണ് ഉഴുതുമറിച്ചതും. ആ മണ്ണിലാണ് കമ്മ്യൂണിസം പടർന്നു പന്തലിച്ചതും, നന്മയുടെയും സത്യത്തിന്റെയും ജനാധിപത്യത്തിന്റെയും മതസൗഹാർദത്തിന്റെയും വിത്തെറിഞ്ഞ്, നൂറുമേനി വിളവെടുപ്പ് നടത്തിയതും. 16 വർഷം എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി ആശാന്റെ നളിനി എന്ന കൃതിയിലെ വരികൾ, ജനറൽസെക്രട്ടറി പദത്തിൽ മുപ്പതാണ്ട് തികയ്ക്കുന്ന വെള്ളാപ്പള്ളി മാതൃകയാക്കുകയാണ് വേണ്ടത്. “അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ.” ഗുരുവിന്റെ ഹിതം തന്റെ വാക്കുകളിലും, പ്രവൃത്തിപഥത്തിലും അന്വർത്ഥമാക്കിയ മഹാത്മാവാണ് ആശാൻ. യോഗത്തിന്റെ ജീവാത്മാവും, പരമാത്മാവുമായ നാരായണഗുരുവിന്റെ ചന്ദനഗന്ധിയായ വരികളാണ് “മനുജനും, മനുജനും തമ്മിൽ സാഹോദര്യമുദിക്കണം, അതിനു വിഘാതമായുള്ളതെല്ലാം ഇല്ലാതെയാകണം.” ഗുരുദർശനത്തിലും, ധർമ്മത്തിലും, ആകൃഷ്ടരായി ജീവിതത്തെ ശ്രീവൽക്കരിച്ച മഹദ്‌വ്യക്തിത്വങ്ങളാണ് ഇഎംഎസ് നമ്പൂതിരിപ്പാടും, എകെജിയും, സി അച്യുതമേനോനും. അവർ ഗുരു ചെയ്തതു പോലെ, അന്യർക്ക് ഗുണം ചെയ്യുന്നതിനായ് ആയുസും, വപുസും ബലിയർപ്പിച്ചു. കാലഘട്ടത്തിന്റെ വിളി കേട്ട്, എസ്എൻഡിപി യോഗം എന്തിനു വേണ്ടിയാണോ സംസൃഷ്ടമായത്, ആ ലക്ഷ്യത്തിലധിഷ്ഠിതമായ കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ ഇനിയും വീഴ്ചവരുത്തിയാൽ, അത് മനസിലാക്കി ശ്രീനാരായണസമൂഹം പ്രതികരിക്കും എന്നതിനു് ഒരു തർക്കവുമില്ല. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.