കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നു എന്ന നിരീക്ഷണം പങ്കുവച്ചാണ് 2024–25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രസംഗം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരംഭിച്ചത്. സൂര്യോദയമെന്നത് പ്രതീക്ഷയെയാണ് പ്രകടമാക്കുന്നത്. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ഡിമാന്റിന്റെ ചലനാത്മകതയുടെയും ഉല്പാദന വളര്‍ച്ചയുടെയും മുന്‍നിരയില്‍ നില്‍ക്കുന്ന വികസന ഘടകങ്ങളാണ് സൂര്യോദയ മേഖലകള്‍ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പുതിയ കാലത്തെ സമ്പദ്ഘടനയെ ഈ ഘടകങ്ങളിലൂടെ മാത്രമേ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. അല്ലെങ്കില്‍ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഇടിയുന്ന ഡിമാന്റുമെന്ന സൂര്യാസ്തമയത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യമുണ്ടാകുമെന്നാണ് സമ്പദ്ഘടന സംബന്ധിച്ച നിര്‍വചനം. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളം ശാസ്ത്ര സാങ്കേതിക പുരോഗതി, ഡിമാന്റിന്റെ ചലനാത്മകത നിലനിര്‍ത്തല്‍, ഉല്പാദന വളര്‍ച്ച കൈവരിക്കല്‍ എന്നീ സൂര്യോദയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സഞ്ചാരപാതയാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ടാണ് കേരളത്തിന് സ്ഥായിയായ വളര്‍ച്ച നിലനിര്‍ത്താനും ക്ഷേമ, ആശ്വാസ നടപടികളും വികസനപ്രവര്‍ത്തനങ്ങളും മുടക്കമില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്നത്. കേന്ദ്രത്തിന്റെ ശത്രുതാപരമായ അവഗണനയും പ്രതിസന്ധികളും ഇതൊന്നും ഉള്‍ക്കൊള്ളാതെയുള്ള പ്രതിപക്ഷത്തിന്റെ നിഷേധനിലപാടുകളും അതേസമയം ചെലവിലുണ്ടാകുന്ന വര്‍ധനയുമെല്ലാം നിലനില്‍ക്കുമ്പോഴാണ് ഈ നേട്ടം കൈവരിക്കാനാകുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത അടിത്തറയില്‍ ഊന്നിനിന്നുകൊണ്ടുതന്നെയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ, കേന്ദ്രത്തിന്റെയും പ്രതിപക്ഷത്തിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും നിര്‍ത്താതെയുള്ള കുപ്രചരണങ്ങളും പ്രതികാര മനോഭാവവും നിലനില്‍ക്കുമ്പോഴും അവയെല്ലാം അവഗണിച്ച് വര്‍ധിച്ച ജന പിന്തുണയോടെ മുന്നോട്ടുപോകാന്‍ സാധിക്കുന്നു എന്ന ആത്മവിശ്വാസത്തില്‍ നിന്നാണ് തളരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാകില്ല കേരളത്തെ എന്ന് പ്രഖ്യാപിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിക്കുന്നത്. അക്കാര്യവും ബജറ്റിന്റെ ആമുഖത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെന്ന സാഹചര്യമുണ്ടെങ്കിലും അടിസ്ഥാന മേഖലയ്ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്താന്‍ ശ്രമിച്ചില്ലെന്നുമാത്രമല്ല വിവിധ വിഭാഗങ്ങള്‍ക്ക് ആശ്വാസകരമാകുന്ന പുതിയ നടപടികള്‍ പ്രഖ്യാപിക്കാനും ശ്രദ്ധിച്ചിരിക്കുന്നു. അധിക വിഭവ സമാഹരണത്തിനുള്ള നടപടികളിലും ജനങ്ങളുടെ മേല്‍ വലിയ ആഘാതം അടിച്ചേല്‍പ്പിക്കാതിരിക്കുവാനും ശ്രമിച്ചു. വികസന പ്രവര്‍ത്തനത്തിനായി കേരളം സ്വീകരിച്ച വേറിട്ട വഴികളില്‍ ഒന്നായിരുന്നു കിഫ്‌ബി. ഇതുള്‍പ്പെടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടി വകയിരുത്തിയിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ ഉല്പാദകര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് വിളയും വിപണിയുമായി ബന്ധപ്പെട്ടത്. ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ വിളപരിപാലനത്തിന് 535.90, നെല്ലുല്പാദക കാര്‍ഷിക ആവാസ യൂണിറ്റുകള്‍ക്ക് 93.60, വിഷരഹിത പച്ചക്കറി, നാളികേരം, ഫലവര്‍ഗം എന്നിവയുടെ വികസനത്തിന് യഥാക്രമം 78.45, 65, 18.92 കോടി രൂപ വീതവും കാര്‍ഷികോല്പന്ന വിപണന പദ്ധതിക്ക് 43.90 കോടിയും നീക്കിവച്ചിരിക്കുന്നു. മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വീട്ടുപടിക്കലേക്ക് എന്ന പദ്ധതിയും ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടിയും അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നല്‍കുന്ന പദ്ധതി, മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി 9.5 കോടി, മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി, നിര്‍മ്മാണ മേഖലയെ സജീവമാക്കാന്‍ 1000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍, മനുഷ്യ‑വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി എന്നിവയെല്ലാം ശ്രദ്ധേയമായ നിര്‍ദേശങ്ങളാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം വച്ച് ഇതിനായി സംസ്ഥാന വിഹിതമായി 230.10 കോടി നീക്കിവച്ചത്.
ലൈഫ് പദ്ധതിക്കായി 1132 കോടി, എംഎന്‍ ലക്ഷം വീട് ഭവന പദ്ധതിയിലെ വീടുകള്‍ വാസയോഗ്യമാക്കാന്‍ 10 കോടി എന്നിവയും പാവപ്പെട്ടവരോടുള്ള കരുണയുടെ സ്പര്‍ശമാണ്. പുതിയ കാലം അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെയും ബജറ്റ് നോക്കിക്കാണുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ധക്യ സൗഹൃദ ഭവനം പദ്ധതി അതാണ് വ്യക്തമാക്കുന്നത്.
റബ്ബര്‍, കശുവണ്ടി, കൈത്തറി-യന്ത്രത്തറി, തോട്ടം, കയര്‍, ഖാദി, ബീഡി, മുള, ചൂരല്‍, മത്സ്യബന്ധനം, തഴപ്പായ എന്നിങ്ങനെ ലക്ഷക്കണക്കിനാളുകള്‍ക്ക് ഉപജീവനവും സമ്പദ്ഘടനയെ ചലനാത്മകമാക്കുന്നതില്‍ പങ്കുവഹിക്കുന്നതുമായ എല്ലാ മേഖലകളെയും ബജറ്റ് പരിഗണിച്ചിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഒഴിവാക്കണമെന്ന്. അതിന് സന്നദ്ധമാകുകയും പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തതും ഒരു ഗഡു ഡിഎ കുടിശിക ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നുമുള്ള പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള പരിപാടികള്‍, വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ പ്രത്യേക വികസന മേഖലകള്‍, ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ പിജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡി പഠനത്തിന് അവസരം, മാര്‍ഗദീപം എന്ന പേരില്‍ പുതിയ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്, പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാസമ്പന്നര്‍ക്ക് സംരംഭകത്വത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി ഉന്നതി പദ്ധതി തുടങ്ങി എല്ലാ മേഖലകളെയും വിഭാഗങ്ങളെയും പരിഗണിച്ചുള്ള ബജറ്റിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന്റെ ഭാവിവികസന ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുന്നതാണ്. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് നികുതിയിലൂടെ 7845 കോടി, നികുതിയേതര ഇനങ്ങളിലൂടെ 1503 കോടി വീതം രൂപയുടെ വരുമാന വര്‍ധനയും നിര്‍ദേശിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കത്തിന്റെയും അതേസമയം അവശ്യ ചെലവുകള്‍ക്ക് നിയന്ത്രണമില്ലാതെയും ജനങ്ങള്‍ക്കുമേല്‍ വലിയ ഭാരങ്ങള്‍ വയ്ക്കാതെയുമുള്ള ബജറ്റാണ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. തീര്‍ച്ചയായും എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമ, വികസന സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യത്തിലെത്തിക്കുന്നതുമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.