ശശിധരൻ കുണ്ടറ

October 10, 2021, 5:25 am

വികെഎസിനൊരു ഗീതോപചാരം

(ജനകീയ സംഗീതകാരൻ വി കെ ശശിധരന്)
Janayugom Online

പറയാനാവുന്നില്ലൊരു വാക്കും

പാരാവാരത്തിരയടിയിൽ

കവരുകയാണത് ഹൃദ്പുളിനങ്ങൾ

ആർദ്രതയോടൊരു നിമിഷത്തിൽ

ഇരുളിനെ മെല്ലെ മെരുക്കിയൊതുക്കി

പുതിയ പ്രകാശം വരവേൽക്കുകയായ്

അതിലുയിർ നീട്ടിനിറഞ്ഞു പടർന്നു

അതിധന്യതയുടെ സ്വരമധുരം.

ഭാഷാ കാവ്യക്കല്ലോലിനിയിൽ

രാഗസുധാരസമലിയുമ്പോൾ

പാടുകയായി മാനവമോഹന

ഗീതാഞ്ജലിയുടെ പല്ലവികൾ.

സപ്തസ്വരങ്ങൾ താരസ്വരങ്ങൾ

തോറ്റിയുണർത്തിയ ഗളനാളം

സത്യസൗന്ദര്യധാര രചിച്ചു

ജ്ഞാനാലാപന പുതുവഴികൾ

അധ്വാനങ്ങൾ പൂർണമല്ല

വ്യർഥവുമല്ലത് തുടികൊട്ടി

ഉള്ളേറുമ്പോൾ ഉയിരിൽ വീണ്ടും

ഉത്സാഹത്തിൻ ലയനൃത്തം

സാക്ഷരതീരം സഫലമനോഹര

സാക്ഷ്യം പാടിയ തിരയൊലിയിൽ

പുസ്തകഹൃദയം പുതുതാളത്തിൽ

സ്പന്ദിതമായതുമോർമകളിൽ

വാക്കും പൊരുളും ശ്രുതിയും താളവും

വിളക്കി നാദോപാസനയിൽ

കാലക്കലിയുടെ കടുപ്പമൊക്കെ

രഞ്ജിതമാക്കി സാധനയിൽ

പ്രതിരോധത്തിനുമൈക്യഗാഥകൾ

പ്രകൃതി രചിക്കും സമസ്യയിലും

പ്രകൃഷ്ടസാക്ഷാത്കാരം തീർക്കും

വിശിഷ്ടഗായകാ വന്ദനമേ…