27 April 2024, Saturday

Related news

March 23, 2024
January 10, 2024
December 23, 2023
September 21, 2023
September 16, 2023
August 8, 2023
July 20, 2023
July 19, 2023
July 18, 2023
June 18, 2023

ബംഗളുരുവില്‍ തകര്‍ത്തത് വന്‍ ഭീകരാക്രമണ പദ്ധതി

യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് അടുപ്പിച്ചത് തടിയന്റവിട നസീര്‍ 
സ്വന്തം ലേഖകന്‍
ബംഗളൂരു
July 19, 2023 7:42 pm

നഗരത്തില്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കവെ അറസ്റ്റിലായ അഞ്ച് യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകൃഷ്ടനാക്കിയത് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഇ തോയ്ബ ഭീകരനും മലയാളിയുമായ തടിയന്റവിട നസീറാണെന്ന് കര്‍ണാടക പൊലീസിന്റെ വെളിപ്പെടുത്തല്‍. സയ്യദ് സുഹൈല്‍ ഖാന്‍(24), മൊഹമ്മദ് ഉമര്‍(29), സഹീദ് തബ്രേസ് (25), സയ്യദ് മുദാസിര്‍ പാഷ(28), മൊഹമ്മദ് ഫൈസല്‍ (30) എന്നിവരെയാണ് ആയുധങ്ങള്‍ സഹിതം ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ആര്‍ ടി നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2017ല്‍ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കള്‍. മുമ്പ് ജയിലില്‍ ഉണ്ടായിരുന്ന ജുനൈദ് എന്നയാളാണ് ഇവര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത്. 2008ലെ ബംഗളൂരു സ്ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറാണ് ഇവരെ തീവ്രവാദത്തിലേയ്ക്ക് അടുപ്പിച്ചതെന്ന് ബംഗളൂരു പൊലീസ് കമ്മിഷണര്‍ ബി ദയാനന്ദ വെളിപ്പെടുത്തി.
അന്വേഷണവുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിന്റെ കസ്റ്റഡിയും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. അറസ്റ്റിലായ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. യുഎപിഎയ്ക്ക് പുറമെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ആയുധ നിയമത്തിലെ 25, 3 വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്ന് ഏഴ് പിസ്റ്റളുകള്‍, 45 റൗണ്ട് വെടിയുണ്ട, വാക്കിടോക്കികള്‍, 12 മൊബൈല്‍ ഫോണുകള്‍, കഠാരകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായവരും ജുനൈദും നൂര്‍ അഹമ്മദ് എന്ന വ്യവസായിയെ കൊലപ്പെടുത്തിയ കേസിലാണ് 2017ല്‍ പരപ്പന ജയിലില്‍ വിചാരണ തടവുകാരായി എത്തുന്നത്. 18 മാസത്തെ ജയില്‍വാസത്തിനിടെയാണ് ഇവര്‍ തടിയന്റവിട നസീറുമായി അടുക്കുന്നത്. രക്തചന്ദനം കടത്തിയ കേസില്‍ 2020ലും, കവര്‍ച്ച ആസൂത്രണം ചെയ്യുമ്പോള്‍ 2021ലും അറസ്റ്റിലായ ജുനൈദ് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെവിടെയോ ആണ് ഇയാളെന്നാണ് നിഗമനം. അറസ്റ്റിലായ യുവാക്കള്‍ക്ക് പണം ഡിജിറ്റല്‍ പേയ്മെന്റ് വഴി കൈമാറിയതും ജുനൈദാണ്.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ട പ്രതികള്‍ ആര്‍ ടി നഗറിലെ സുല്‍ത്താന്‍ പാല്യ മെയിന്‍റോഡിലെ ഒരു വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ട് ഒത്തുകൂടിയപ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. ആര്‍ ടി നഗറില്‍ ഡ്രൈവര്‍മാരായും മെക്കാനിക്കുകളായും ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. നഗരത്തില്‍ സ്ഫോടനം നടത്താനാണ് ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.
കണ്ണൂര്‍ സ്വദേശിയായ തടിയന്റവിട നസീര്‍ അഥവാ ഉമ്മര്‍ഹാജി എന്നറിയപ്പെടുന്ന നസീര്‍ കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ്, 2008ലെ ബംഗളൂരു സ്ഫോടന പരമ്പര, കളമശേരിയില്‍ കെഎസ്ആര്‍ടിസി ബസ് കത്തിച്ചത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്കര്‍ ഇ തോയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്ററാണ് ഇയാളെന്ന് കരുതപ്പെടുന്നു.

eng­lish summary;A major ter­ror­ist attack plan was bust­ed in Bangalore
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.