1 May 2024, Wednesday

ഒരിക്കൽ മാത്രം സംഭവിച്ച ടിഎന്‍ ശേഷന്‍

Janayugom Webdesk
April 18, 2024 1:06 pm

2022 നവംബറിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന സംവിധാനം പരിഷ്കരിക്കണമെന്ന ഹർജി പരിഗണിക്കുമ്പോൾ സുപ്രീം കോടതി പറഞ്ഞു, “നിരവധി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ ഉണ്ടായിട്ടുണ്ട്. എന്നാൽ ടിഎൻ ശേഷനെപ്പോലുള്ളവർ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്.”
ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ദുഷിപ്പുകൾ നീക്കി ജനാധിപത്യ വ്യവസ്ഥയിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കൃത്യമായി നടപ്പാക്കി അനുസരിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു ശേഷൻ. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രം അത് ടിഎൻ ശേഷൻ കമ്മിഷണറായതിന് മുൻപും ശേഷവും എന്ന് വേർതിരിക്കാം. ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ സുകുമാർ സെൻ മുതൽ ശേഷന്റെ മുൻഗാമി വി എസ് രമാദേവി നയിച്ച ഒൻപതാം കമ്മിഷൻ വരെ ശ്രമിച്ച് പരാജയപ്പെട്ട പരിഷ്കാരങ്ങളാണ് ചുരുങ്ങിയ കാലംകൊണ്ട് ശേഷൻ നടപ്പാക്കിയത്. 

1990 ഡിസംബറിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ടി എൻ ശേഷൻ ചുമതലയേൽക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ എന്താണെന്നും കമ്മിഷന്റെ അധികാരം എന്താണെന്നും രാഷ്ട്രീയക്കാരും സർക്കാരും ജനങ്ങളും വൈകാതെ അറിഞ്ഞു. ഈ അധികാരങ്ങളൊക്കെ ശേഷന്റെ മുൻഗാമികൾക്കുണ്ടായിരുന്നെങ്കിലും അത് ഉപയോഗിക്കാൻ രാഷ്ട്രീയക്കാരെ പേടിച്ച് അവരാരും തയാറായിരുന്നില്ല. ശേഷൻ വേറിട്ട കമ്മിഷണറായിരുന്നു. നിയമപുസ്തകം നോക്കി ചട്ടങ്ങൾ നോക്കി അനുമതി നൽകുന്ന ആൾ. 1990ൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ശേഷനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നത്.
ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ 150-ഓളം പിഴവുകളുടെ പട്ടിക തീർത്ത ശേഷം അവയെ ഇല്ലാതാക്കി പഴുതുകളെല്ലാമടച്ച് പരിഷ്കാരങ്ങളും ചട്ടങ്ങളും നിർദേശിച്ച് 32 പേജുള്ള മാർഗനിർദേശ പുസ്തകം ശേഷൻ സർക്കാരിന് സമർപ്പിച്ചു. ഇന്ത്യയിൽ ശരിയായി തെരഞ്ഞെടുപ്പ് നടത്തേണ്ടതെങ്ങനെയാണെന്ന് വിശദമാക്കുന്ന ആ ആധികാരിക രേഖകൾ സർക്കാർ അവഗണിച്ചു. പക്ഷേ, ശേഷൻ ആരംഭിക്കുകയായിരുന്നു. കാര്യക്ഷമതയും വേഗതയുമായിരുന്നു ശേഷന്റെ പ്രത്യയശാസ്ത്രം. 

1993ൽ ഉത്തരേന്ത്യയിൽ ഒൻപത് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. പുതിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിശിതമായ മേൽനോട്ടത്തിൽ അവയെല്ലാം സമാധാനപരമായി അവസാനിച്ചു. കുപ്രസിദ്ധമായ യുപിയിൽ പോലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ശേഷന്റെ ചെയ്തികളെ രാജ്യം ശ്രദ്ധിച്ചുതുടങ്ങി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിൽ കൊണ്ടുവരികയായിരുന്നു ശേഷന്റെ ആദ്യത്തെ നടപടി. കൃത്യമല്ലാത്ത തെരഞ്ഞെടുപ്പ് പട്ടിക തയാറാക്കൽ, പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലെ പിഴവുകൾ, നിർബന്ധിത തെരഞ്ഞെടുപ്പ് പ്രചാരണം, നിയമ പരിധിയിൽ കൂടുതൽ പണം ചെലവഴിക്കൽ, പോളിങ് ബൂത്തുകൾ തട്ടിയെടുക്കാൻ ഗുണ്ടകളെ ഉപയോഗിക്കൽ, പൊതു ദുരുപയോഗം തുടങ്ങി നൂറിലധികം പൊതു തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ കൈകാര്യം ചെയ്ത് അവയെ നിയമത്തിനുനേരെ കൊണ്ടുവന്നു. ശേഷന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച ചട്ടമായിരുന്നു. ഒരു സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിന് ചെലവാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ച നിയമം. കോടിക്കണക്കിനു രൂപ തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്നതിന് വിലക്കുണ്ടായി. കൃത്യമായ കണക്ക് കൊടുത്തില്ലെങ്കിൽ അയോഗ്യരാക്കുമെന്ന ചട്ടം കർശനമായി. തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ച ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും നിയോജക മണ്ഡലത്തിൽ ക്യാമറയുമായി റോന്ത് ചുറ്റി. 

അർഹതയുള്ള, പ്രായപൂർത്തിയായ ഇന്ത്യയിലെ എല്ലാ വോട്ടർമാർക്കും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകുക എന്നതും ശേഷന്റെ ആശയമായിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശുദ്ധമാക്കുകയായിരുന്നു ശേഷന്റെ മറ്റൊരു നീക്കം. സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ് രാജ്യസഭാ അംഗങ്ങൾ. സംസ്ഥാനങ്ങളിൽ സ്ഥിരമായി താമസിക്കുന്നവരെയാണ് ഓരോ സംസ്ഥാനത്തെയും നിയമസഭാംഗങ്ങൾ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത് അയയ്ക്കേണ്ടത്. നാമനിർദേശം ചെയ്യപ്പെട്ട മിക്ക അംഗങ്ങളും ഇത് ലംഘിച്ചത് മനസിലാക്കിയ ശേഷൻ ഭരണഘടനാ ലംഘനത്തിന് നോട്ടീസ് അയച്ചു. അവരുടെ അംഗത്വം തെറിക്കുമെന്ന് ഉറപ്പായി. അസമിൽനിന്ന് ജയിച്ചുവന്ന ഡോ. മൻമോഹൻ സിങ്ങിനും കിട്ടി നോട്ടീസ്. അദ്ദേഹത്തിന്റെ താമസം അസമിലല്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു.. അന്നത്തെ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്റെ അംഗത്വം പോകാതിരിക്കാൻ ഒടുവിൽ സർക്കാർ നിയമം മാറ്റി.
വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കൽ, ഭീഷണി വഴി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കൽ തുടങ്ങിയ പതിവുരീതികളെ ശേഷൻ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കി. ബിഹാർ, യുപി, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അക്രമങ്ങൾ അതോടെ അപ്രത്യക്ഷമായി. 

തെരഞ്ഞെടുപ്പ് നാളിലെ മദ്യനിരോധനം, ആരാധനാലയങ്ങൾ വഴിയുള്ള പ്രചാരണം നിരോധിക്കൽ എന്നിവയൊക്കെ ശേഷന്റെ നടപടിയായിരുന്നു. ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങിക്കണമെന്ന ചട്ടം നടപ്പാക്കിയതും ശേഷനായിരുന്നു. അർഹതയുള്ള, പ്രായപൂർത്തിയായ ഇന്ത്യയിലെ എല്ലാ വോട്ടർമാർക്കും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകുക എന്നതും ശേഷന്റെ ആശയമായിരുന്നു. 1996‑ൽ ശേഷന്റെ ഓഫിസ് കാലാവധി അവസാനിക്കും മുൻപ് 20 ലക്ഷം വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് ലഭിച്ചു. “ഞാൻ പുതുതായി ഒന്നും നടപ്പിലാക്കിയിട്ടില്ല. ഒരു കോമയോ സെമികോളനോ കുത്തോ പോലും ഞാൻ നിയമങ്ങളിൽ കുട്ടിച്ചേർത്തിട്ടില്ല. എന്താണ് നിയമം, അത് ഞാൻ നടപ്പാക്കിയെന്ന് മാത്രം” ശേഷൻ പിന്നീട് പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്തുനിന്ന് ടിഎൻ ശേഷൻ 1996ൽ വിരമിച്ചു. 2019 നവംബർ 10ന് ശേഷൻ അന്തരിച്ചു. 

Eng­lish Sum­ma­ry: A one-time t n seshan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.