28 April 2024, Sunday

Related news

April 22, 2024
March 22, 2024
February 21, 2024
February 17, 2024
February 16, 2024
January 6, 2024
January 5, 2024
November 25, 2023
November 25, 2023
November 16, 2023

ആദിത്യ എല്‍1 യാത്ര അവസാനഘട്ടത്തില്‍

Janayugom Webdesk
തിരുവനന്തപുരം
November 25, 2023 10:52 pm

ഇന്ത്യയുടെ പ്രഥമ സൂര്യപര്യവേക്ഷണ വാഹനമായ ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തിന്റെ അടുത്തെത്താറായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. അടുത്തവര്‍ഷം ജനുവരി ഏഴിന് യാത്ര പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി വിഎസ് എസ്‌സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചത്. 125 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് ലക്ഷ്യസ്ഥാനമായ എല്‍1 പോയിന്റിലേക്ക് ആദിത്യ എത്തിച്ചേരുക.

സൂര്യനെയും അതുമൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണ എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി ഏഴ് പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ നാല് പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.

കോറോണൽ ഹീറ്റിങ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രി-ഫ്ലെയർ, ഫ്ലെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. ഇതിനായുള്ള അവസാനഘട്ട ആളില്ലാ പരീക്ഷണം അടുത്തവർഷം ഏപ്രിലോടെ നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജിഎക്‌സ് എന്നു പേരിട്ടിരിക്കുന്ന ആളില്ലാ പരീക്ഷണ ദൗത്യത്തിൽ വ്യോമിത്ര റോബോട്ടിനെ ഉൾപ്പെടുത്തും. ജിഎ‌ക്‌സ് മിഷൻ റോക്കറ്റിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഡിസംബറിനു മുൻപായി ക്രയോജനിക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതാണ്. ക്രൂ മോഡ്യൂൾ അസംബ്ലി പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും എസ് സോമനാഥ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Aditya-L1 solar probe expect­ed to enter L1 orbit on Jan­u­ary 7
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.