13 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 13, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
November 8, 2024
November 7, 2024
November 7, 2024

അഡ്വാനി, നരസിംഹറാവു എന്നിവര്‍ക്ക് ഭാരത് രത്ന നല്‍കിയതില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2024 11:09 am

കേന്ദ്രസര്‍ക്കാരിന്റെ മൂന്നാംഘട്ട ഭാരതരത്ന പ്രഖ്യാപനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി നിരവിധിപേര്‍ രംഗത്ത്. ഒരു വര്‍ഷത്തില്‍ തന്നെയുള്ള കേന്ദ്രസര്‍ക്കാരിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തില്‍ എല്‍കെ അഡ്വാനി, നരസിംഹറാവു, തുടങ്ങിയവര്‍ക്ക് ഭാരത്രത്ന നല്‍കിയതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

ബാബരി മസ്ജിദ് പൊളിച്ച അയോധ്യയിലെ ഭൂമിയില്‍ രാമക്ഷേത്രം പണികഴിപ്പിച്ച സര്‍ക്കാരിന്റെ നീക്കത്തെയും 1992ല്‍ എല്‍.കെ. അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയെയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.ചേട്ടാ, അനിയാ എന്ന് കുറിച്ചുകൊണ്ടായിരുന്നു ട്രൂ ലൈന്‍ ന്യൂസിന്റെ ചീഫ് എഡിറ്ററായ പി.കെ. സുരേഷ് കുമാറിന്റെ ഭാരതരത്ന വിഷയത്തിലുള്ള പ്രതികരണം. ബാബരി മസ്ജിദ് പൊളിക്കാന്‍ നേതൃത്വം നല്‍കിയ അഡ്വാനിക്ക് ഇന്നലെ ഭാരത രത്‌ന നല്‍കിയെങ്കില്‍ ഇന്ന് അതിന് ഒത്താശ ചെയ്ത നരസിംഹ റാവുവിന് ഭാരത രത്‌ന സമ്മാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭാരത രത്‌നയല്ല ബാബരി രത്‌നയാണ് ഇവര്‍ക്ക് സമ്മാനിക്കപ്പെട്ടിരിക്കുന്നത് എന്ന് സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

നരസിംഹ റാവു കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയിരിക്കുമ്പോള്‍ ആണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും റാവുവിനെപ്പോലെ രാജീവ് ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആയിരിക്കുമ്പോഴാണ് പരിവാര്‍ ഹിന്ദുത്വയ്ക്ക് പൂജ നടത്താന്‍ മസ്ജിദ് തുറന്ന് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധിയ്ക്ക് മുന്നേ തന്നെ റാവു സര്‍ക്കാരിന്റെ കാലത്ത് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന (ബാബരി രത്‌ന) സമ്മാനിച്ചിരുന്നുവെന്ന് പി.കെ. സുരേഷ് കുമാര്‍ തന്റെ ഫേസ്ബുക്കില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന പി.വി. നരസിംഹ റാവുവിന് 2004–2014 വരെ രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കാത്ത ബഹുമതി മോഡി സര്‍ക്കാര്‍ നല്‍കുമ്പോള്‍ അതില്‍ സോണിയ കുടുംബത്തോടുള്ള ഒരു ഒളിയമ്പു കൂടി അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ നേതൃത്വം നല്‍കിയ അഡ്വാനിക്കായിരുന്നു ഇന്നലെ ഭാരതരത്‌നയെന്നും ഇന്നത്തെ ഭാരതരത്ന ബാബരി മസ്ജിദ് പൊളിക്കാന്‍ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയ നരസിംഹ റാവുവിനുമാണെന്നും സുധീര്‍ ഇബ്രാഹിം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയില്‍ മിണ്ടാതിരുന്നതിന് ഭാരതരത്‌ന ലഭിച്ചയാള്‍ നരസിംഹ റാവു ആയിരിക്കുമെന്ന്വൈശാഖന്‍ എന്വി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തൊണ്ണൂറ്റിരണ്ട് ഡിസംബര്‍ ആറിന് ആ മനുഷ്യന്‍ ഒരക്ഷരം മിണ്ടാതെ ഇരുന്ന ആ ഇരുപ്പിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഭാരതരത്‌ന നല്‍കിയിരിക്കുന്നതെന്നും വൈശാഖന്‍ വിമര്‍ശിച്ചു. ബാബരി പൊളിച്ച അദ്വാനിക്ക് ഭാരതരത്ന കൊടുത്ത സ്ഥിതിക്ക് ഒത്താശ ചെയ്ത നരസിംഹ റാവുവിനെ ഒഴിവാക്കാന്‍ കഴിയില്ലല്ലോ എന്ന് പ്രശാന്ത് ആലപ്പുഴയും ഫേസ്ബുക്കില്‍ പ്രതികരിച്ചു.

ബാബരി മസ്ജിദ് നിന്നിടത്ത് എന്തൊക്കെ കെട്ടിടങ്ങള്‍ പണിത് വച്ചാലും അതിനെ എന്തൊക്കെ പേരിട്ടു വിളിച്ചാലും അത് ബാബരി മസ്ജിദ് നിന്നിടം എന്ന് ചരിത്രം അട്ടഹസിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മുമ്പ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്റെ മനസിലെ സത്യ ബോധത്തിന്റെ പേരാണ് രാമനെന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയുടെ രാമനില്‍ നിന്ന് മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന മോഡിയുടെ രാമനിലേക്കുള്ള ദൂരം കൂടിയാണ് എഴുപത്തി അഞ്ച് കൊല്ലം കൊണ്ട് ഇന്ത്യ നടന്ന ദൂരമെന്നും സനോജ് ചൂണ്ടിക്കാട്ടിയിരുന്നു.

ജിവി പന്തില്‍ തുടങ്ങി രാജീവ് ഗാന്ധിയിലൂടെ നരസിംഹ റാവു വരെയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുടേയും കാര്‍മികത്വത്തില്‍ സംഘപരിവാരം വിളയിച്ചെടുത്ത വര്‍ഗീയതയുടെ വിഷവിത്തുകളാണ് ഇന്നവര്‍ കൊയ്യുന്നതെന്നും സനോജ് പറഞ്ഞിരുന്നു. രാമന്‍ എന്നൊരു ദൈവം ഉണ്ടായിരുന്നെങ്കില്‍ ഈ രാക്ഷസ കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടേനെയെന്നും നിങ്ങള്‍ക്ക് പുസ്തകങ്ങള്‍ കത്തിക്കാം, പക്ഷെ ചരിത്രമില്ലാതാക്കില്ലെന്നും സനോജ് വ്യക്തമാക്കിയിരുന്നു.

Eng­lish Summary:
Advani and Narasimha Rao were crit­i­cized, includ­ing in the social media, for award­ing the Bharat Ratna

You may also like this video:

TOP NEWS

November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024
November 13, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.