8 May 2024, Wednesday

ജാഥകൾ സംഗമിച്ചു; ജനസാഗരം സാക്ഷി

അരുണിമ എസ്
ആലപ്പുഴ
December 16, 2022 9:36 pm

പോരാട്ടത്തിന്റെ കനൽവഴികൾ താണ്ടിയെത്തിയ മനുഷ്യർ ഒരേതാളത്തിൽ ഒരേ വേഗത്തിൽ ചുവടുവെച്ചപ്പോൾ ആവേശം വാനോളമെത്തി. ‘രക്തബന്ധങ്ങളെവിടെ.… നിത്യസ്നേഹങ്ങളെവിടെ ’ എന്ന വയലാറിന്റെ വരികൾ പിന്നിൽ മുഴങ്ങുമ്പോൾ ചുവപ്പിനെ മുറുകെ പിടിച്ച് തൊഴിലാളികൾ ഒരൊറ്റക്കെട്ടായി എഐടിയുസി സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തി. എഐടിയുസി ദേശീയ സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള ബാനർ, കൊടിമര, പതാക, ഛായാചിത്രങ്ങൾ എന്നിവയുമായി എത്തിയ ജാഥകൾക്ക് ആർ സുഗതൻ നഗറിൽ വൻ വരവേല്പാണ് ലഭിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നെത്തിയവരെല്ലാം അവരുടെ ഭാഷകളിൽ വിപ്ലവവീര്യം ഉണർത്തി ഇൻക്വിലാബ് മുഴക്കിയപ്പോൾ ആവേശം കൊടിമുടി താണ്ടി. 

ചരിത്രമുറങ്ങുന്ന ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥ എത്തിച്ചേർന്നതോടെ സമ്മേളന നഗരി ആവേശത്തിലായി. ജാഥാ ക്യാപ്റ്റൻ വി ബി ബിനുവിൽ നിന്ന് എഐടിയുസി ദേശീയ സെക്രട്ടറി വിദ്വാസാഗർ ഗിരി കൊടിമരം ഏറ്റുവാങ്ങി. പിന്നാലെയെത്തിയ പതാക ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ ജാഥാലീഡർ പി രാജുവിൽ നിന്ന് ഏറ്റുവാങ്ങിയതോടെ മുദ്രാവാക്യം വിളികൾ അന്തരീക്ഷത്തിന്റെ സീമകൾ കടന്നു. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പി രാജു നയിച്ച പതാകജാഥ സമ്മേളന നഗറിൽ എത്തിയപ്പോൾ സ്വീകരിച്ചത് ആയിരങ്ങൾ. ദേശീയ സെക്രട്ടറി രാമകൃഷ്ണപാണ്ഡെ പതാക ഏറ്റുവാങ്ങി. 

വെങ്ങാനൂരിലെ അയ്യൻകാളി സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച് കെ മല്ലിക നയിക്കുന്ന ബാനർ ജാഥയ്ക്കും ഉജ്ജ്വല വരവേൽപ്പാണ് നാടെങ്ങും ലഭിച്ചത്. ദേശീയ സെക്രട്ടറി വഹീദാ നിസാം ബാനർ ഏറ്റുവാങ്ങി. മൂന്നാറിലെ സി എ കുര്യൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ഗുരുദാസ് ദാസ് ഗുപ്ത, സി എ കുര്യൻ എന്നിവരുടെ ഛായചിത്രങ്ങളുമായുള്ള ജാഥ നയിച്ചത് വാഴൂർ സോമൻ എംഎൽഎ ആയിരുന്നു. ദേശീയ സെക്രട്ടറിമാരായ ബബ്ലി റാവത്തും സുകുമാർ ഡാംലെയും ചേർന്ന് ഛായാചിത്രം ഏറ്റുവാങ്ങി.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംഘാടകസമിതി വർക്കിങ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്ത ദീപശിഖായാത്രയേയും ആയിരങ്ങൾ ആവേശത്തോടെ വരവേറ്റു. ജാഥാ ക്യാപ്റ്റൻ അർച്ചന ജിസ്മോനിൽ നിന്ന് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ദീപശിഖ ഏറ്റുവാങ്ങി സമ്മേളന നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ ജ്വലിപ്പിച്ചു.
എഐടിയുസി ദേശീയ വൈസ് പ്രസിഡന്റ് കാനം രാജേന്ദ്രൻ, ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, മറ്റ് എഐടിയുസി നേതാക്കൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

Eng­lish Sum­ma­ry: AITUC nation­al conference

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.