5 November 2024, Tuesday
KSFE Galaxy Chits Banner 2

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്

Janayugom Webdesk
December 28, 2021 5:00 am

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ഒരു വ്യവസായ സംരംഭം എന്ന നിലയില്‍ നിന്നും ‘കിറ്റക്സി‘നെ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറ്റാനുള്ള ശ്രമമാണ് കമ്പനി ഉടമകള്‍ നടത്തിവരുന്നതെന്ന ആരോപണത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കമ്പലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്രിസ്മസ് ആഘോഷങ്ങളുടെ പേരില്‍ കിറ്റക്സ് തൊഴിലാളികളുടെ ക്യാമ്പില്‍ ആരംഭിച്ച സംഭവങ്ങള്‍ പൊലീസ് സേനയ്ക്കു നേരെയുള്ള അക്രമത്തിലും വധശ്രമത്തിലും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതിലും തീവെയ്പിലുമാണ് കലാശിച്ചത്. കിറ്റക്സ് ലേബര്‍ ക്യാമ്പില്‍ തങ്ങുന്ന നൂറുകണക്കിനു അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗത്തെയെങ്കിലും കമ്പനി ഉടമകള്‍ തങ്ങളുടെ ബിസിനസ്, രാഷ്ട്രീയ താല്പര്യ സംരക്ഷണാര്‍ത്ഥം സ്വകാര്യ ഗുണ്ടകളായും അംഗരക്ഷകരായും ഉപയോഗിച്ചുവരുന്നതായി നേരത്തേതന്നെ പരാതി ഉയര്‍ന്നിരുന്നു. കമ്പനിയുടെ നിയമലംഘനങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രാദേശിക എതിര്‍പ്പുകളെ നേരിടാനുള്ള സ്വകാര്യ സേനയായും കമ്പനി ഉടമകളുടെ പാര്‍ട്ടിയായ ട്വന്റി ട്വന്റിയുടെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ കൈയാളുകളായും അതിഥി തൊഴിലാളികളെ ഉപയോഗിച്ചുവരുന്നതായും പരാതികള്‍ ഉണ്ടായിരുന്നു. ക്രിസ്മസ് രാത്രിയിലെ അക്രമ സംഭവങ്ങള്‍ ഉടമകള്‍ അവകാശപ്പെടുന്നതുപോലെ യാദൃശ്ചികമാണെന്ന് അംഗീകരിച്ചാല്‍തന്നെയും സംഭവപരമ്പരയുടെ സൂക്ഷ്മ വിശകലനത്തില്‍ അതില്‍ പങ്കാളികളായവരുടെ ക്രിമിനല്‍ സ്വഭാവം മറനീക്കി പുറത്തുവരുന്നുണ്ട്. ഉടമകള്‍ അവകാശപ്പെടുന്നതുപോലെ കര്‍ശന അച്ചടക്കവും നിയന്ത്രണവും പാലിക്കപ്പെടുന്ന ഒരു സ്ഥാപനത്തില്‍ ക്രിമിനലുകള്‍ യഥേഷ്ടം വിഹരിക്കുന്നു എങ്കില്‍ അത് കിറ്റക്സ് ഉടമകളുടെ ചോറ്റുപട്ടാളമായി വര്‍ത്തിച്ചുവരുന്ന സംഘമാണെന്ന് സാമാന്യ ബുദ്ധിയുള്ള ആരും തിരിച്ചറിയും. അക്രമസംഭവങ്ങളെ തുടര്‍ന്ന് പൊലീസ് ക­സ്റ്റഡിയിലായവര്‍, അ­തും തീവയ്പും വധശ്രമവുമടക്കം ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ ആ­രോപിതരായവര്‍, യ­ഥാ­ര്‍ത്ഥ കുറ്റവാളികളാണോ എന്ന് നിര്‍ണയിക്കപ്പെടേണ്ടത് നിയമാനുസൃത അന്വേഷണ പ്രക്രിയയിലൂടെയാണ്.


ഇതുകൂടി വായിക്കാം; ഗുണ്ടായിസത്തിനു മുകളിൽ പടുത്തുയർത്തിയ സ്ഥാപനമാണ് കിറ്റക്സ്, ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് അടിമ പണി ചെയ്യിക്കുന്ന സാബു സാർ എന്നേ അങ്ങേരെ വിശേഷിപ്പിക്കാൻ കഴിയൂ: വൈറലായി ഒരു ജീവനക്കാരന്റെ കുറിപ്പ്‌


എന്നാല്‍ തങ്ങളുടെ കൈ­വശമുള്ള സിസിടിവി ദൃശ്യങ്ങളടക്കം തെ­ളിവുകള്‍ പൊലീസിന് കൈമാറുന്നതിനു പകരം കുറ്റാരോപിതര്‍ നിരപരാധികളാണെന്ന് പ­ത്രസമ്മേളനം നടത്തി വാദിച്ചു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ‘സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കി‘ന്റെ സര്‍വാധികാരി എന്ന കിറ്റക്സ് ഉടമയുടെ മിഥ്യാബോധമാണ്. സം­ഭവത്തിന് ‘സംസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ’ മാനം നല്കാന്‍ കിറ്റക്സ് മുതലാളി നടത്തിയ ശ്രമം അദ്ദേഹത്തെ കലശലായി ബാധിച്ചിരിക്കുന്ന അഹങ്കാരോന്മാദ (മെഗലൊമാനിയ)ത്തെയാണ് തുറന്നു കാട്ടുന്നത്. തൊഴിലാളികള്‍‍ നിരപരാധികളാണെങ്കില്‍ അത് തെളിയിക്കാനും അവരെ മോചിപ്പിക്കാനും നിയമാനുസൃത നീതിന്യായ സംവിധാനങ്ങള്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സംവിധാനമാണ് കേരളത്തിലേത്. അത്തരം സംവിധാനങ്ങളെ ശരിയായി പ്രയോജനപ്പെടുത്തുന്നതിനു പകരം നിയമവാഴ്ചയേയും നിയമാനുസൃത സംവിധാനങ്ങളെയും വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കാന്‍ ഒരു പരിഷ്കൃത സമൂഹത്തിനും ആവില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ഒരു വ്യവസായ സംരംഭം എന്ന നിലയില്‍ കിറ്റക്സിന് എല്ലാ സുരക്ഷയും നാളിതുവരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ വ്യവസായത്തിന്റെ വളര്‍ച്ചയുടെ പേരില്‍ ജനാധിപത്യ ഭരണകൂടത്തെ ജാമ്യത്തടവിലാക്കാമെന്നും തങ്ങളുടെ വ്യവസായ സാമ്രാജ്യത്തെ നാട്ടിലെ നിയമങ്ങള്‍ക്ക് ഉപരിയായി നിലനില്ക്കുന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കാക്കി മാറ്റാമെന്നും ആരെങ്കിലും കരുതുന്നെങ്കില്‍ അവര്‍ ജീവിക്കന്നത് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കിറ്റക്സിലെ സംഭവങ്ങള്‍ ഒരു പറ്റം അതിഥിത്തൊഴിലാളികളുടെ അവിവേകമായി ചിത്രീകരിക്കാനുള്ള ശ്രമം യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ പുകമറ സൃഷ്ടിക്കലാണ്. അനധികൃതമായ സംഘംചേരല്‍, മയക്കുമരുന്നുകളുടെ ഉപയോഗവും അതിന്റെ ലഭ്യതയും, നിയമവാഴ്ചയും ജനാധിപത്യ സ്ഥാപനങ്ങളും സംവിധാനങ്ങളും അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചന തുടങ്ങിയവ ഉള്‍പ്പെട്ട ഗൗരവതരമായ പ്രശ്നങ്ങളാണ് കിറ്റക്സ് സംഭവങ്ങള്‍ തുറന്നുകാട്ടുന്നത്. അവ സമഗ്രമായ അന്വേഷണത്തിനും ഉത്തരവാദികള്‍ക്കെതിരായ നിയമനടപടികള്‍ക്കും വിധേയമാവണം.

 

 

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.