17 November 2024, Sunday
KSFE Galaxy Chits Banner 2

അതിര്‍വരമ്പ് ലംഘിക്കുന്ന അരാജക വാഴ്ച

Janayugom Webdesk
May 10, 2022 5:00 am

ധികാര രാഷ്ട്രീയത്തിൽ പൊലീസിനെയും ഭരണയന്ത്രത്തെയും തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഭരണനേതൃത്വം ദുരുപയോഗം ചെയ്യുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ പുതുമയല്ല. എന്നാൽ എതിരാളികളെ നേരിടാനും നിശബ്‌ദരാക്കാനും പൊലീസിനെയും ഭരണയന്ത്രത്തെയും സ്വകാര്യ സേനയെപ്പോലെ ഉപയോഗിക്കുന്നതും വിവിധ സംസ്ഥാന പൊലീസ്‌സേനകളെ പരസ്പരം ഏറ്റുമുട്ടുന്ന കൂലിപട്ടാളത്തെപ്പോലെ ഉപയോഗിക്കുന്നതും ജനാധിപത്യത്തിനും, ഫെഡറൽ മൂല്യങ്ങൾക്കും, നിയമവാഴ്ചയ്ക്കുതന്നെയും ഭീഷണിയായി മാറിയിരിക്കുന്നു. ഗുജറാത്തിലെ വടഗാം എംഎൽഎ ജിഗ്നേഷ് മേവാനി, ബിജെപി വക്താക്കളിൽ ഒരാളായ താജിന്ദർപാൽ സിങ് ബഗ്ഗ എന്നിവരുടെ അറസ്റ്റ്, ഇന്നലെ ദക്ഷിണ ഡൽഹി മുനിസിപ്പൽ കോപ്പറേഷൻ ഷാഹീൻബാഗിൽ നടത്തിയ ഇടിച്ചുനിരത്തൽ ശ്രമം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറുന്ന വിദ്വേഷരാഷ്ട്രീയ നടപടികൾ എന്നിവയിലെല്ലാം ഭരണകൂടപ്രേരിതമായ മനുഷ്യാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും നഗ്നമായ ലംഘനങ്ങൾ കാണാനാവും. ഒരു ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയപാർട്ടികൾ മാറിമാറി വരിക സാധാരണയാണ്. എന്നാൽ രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്തേണ്ട പൊലീസും ഭരണയന്ത്രവും ഭരണകക്ഷിയുടെ അല്ലെങ്കിൽ അതിന്റെ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം രാജ്യത്തിന്റെ ഭരണഘടനയോടും നിയമസംഹിതയോടും മാത്രം വിധേയത്വം ഉള്ളവരായിരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ആ അതിർവരമ്പ് ലംഘിക്കപ്പെടുന്നത് നിയമവാഴ്ചയുടെ തകർച്ചയിലേക്കും പൗരാവകാശ ധ്വംസനത്തിലേക്കും അരാജകത്വത്തിലേക്കുമായിരിക്കും രാജ്യത്തെ തള്ളിവിടുക.

 


ഇതുകൂടി വായിക്കൂ: പൊലീസും വേണ്ട കോടതിയും വേണ്ട ബുൾഡോസർ മതി


 

രാജ്യത്തിന്റെ സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ദളിത് നേതാ വായി ഉയർന്നുവന്ന ജിഗ്നേഷ് മേവാനിയെ ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള അസമിലെ കൊക്രാജാർ ജില്ലയിൽനിന്നുള്ള പൊലീസ് ഗുജറാത്തിലെ ബനസ്കന്ദയിൽനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽതന്നെ അപൂർവമായ അറസ്റ്റും തുടർന്ന് അരങ്ങേറിയ നാടകവും രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ രാജ്യം ഭരിക്കുന്ന പാർട്ടിക്കും അതിന്റെ ഏകഛത്രാധിപതിയായ നേതാവിനും എത്രത്തോളം തരംതാഴാനാവും എന്നതിന്റെ പരസ്യപ്രഖ്യാപനമായി. കോടതി വിമോചിപ്പിച്ച മേവാനി ഗുജറാത്തിൽ തിരിച്ചെത്തുമ്പോഴേക്കും അദ്ദേഹത്തെ കാത്തിരുന്നത് നിസാരകുറ്റം ആരോപിച്ച് എടുത്ത ഒരു കേസിൽ മൂന്നു മാസത്തെ തടവും. മോഡി-ഷാ പ്രഭൃതികളുടെ ലക്ഷ്യം വ്യക്തമാണ്. ആസന്നമായ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പുകാലത്ത് പ്രബലനായ ഒരു പ്രതിയോഗിയുടെ സാന്നിധ്യം ഒഴിവാക്കുക എന്നത് തന്നെ. മോഡിയിൽനിന്നും സംഘ്പരിവാറിൽനിന്നും അത്തരം നടപടി അപ്രതീക്ഷിതമല്ല. എന്നാൽ ബിജെപി വക്താവ് ബഗ്ഗയുടെ കാര്യത്തിൽ ആം ആദ്മി പാർട്ടിയും കെജ്‍രിവാളടക്കം അതിന്റെ നേതൃത്വവും മോഡിയെയും സംഘ്പരിവാറിനെയും കടത്തിവെട്ടുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. എഎപി ഉദ്ഘോഷിക്കുന്ന ജനാധിപത്യ മൂല്യവും നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയും അവർ അവകാശപ്പെടുന്ന വ്യത്യസ്തതയും കേവലം കപടനാട്യമാണെന്നു തെളിയിക്കുന്നതായി ആ സംഭവം. ഈ രണ്ടു സംഭവങ്ങളും അധികാരരാഷ്ട്രീയം ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ്.

 


ഇതുകൂടി വായിക്കൂ: കൃത്യമായി ആസൂത്രണം ചെയ്ത കലാപങ്ങള്‍


 

ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും നിറഞ്ഞ ഒരു രാഷ്ട്രത്തിനു സുസ്ഥിരമായ ഒരു രാജ്യവും ജനതയുമായി നിലനിൽക്കാനാവണമെങ്കിൽ അതിനെ കൂട്ടിയിണക്കുന്ന ഭരണഘടനയും നിയമവാഴ്ചയും അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളും മാനിക്കപ്പെടുകയും ഉയർത്തിപിടിക്കപ്പെടുകയും വേണം. രാഷ്ട്രീയാധികാരത്തെ നിക്ഷിപ്ത ലക്ഷ്യങ്ങൾക്കും പകപോക്കലുകൾക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നത് ചില ആഫ്രിക്കൻ രാജ്യങ്ങളിൽ അപരിഹാര്യമായി തുടരുന്ന കലാപത്തിന്റെയും കൂട്ടക്കൊലകളുടെയും അന്തരീക്ഷത്തിലേക്കായിരിക്കും ഇന്ത്യയെ തള്ളിനീക്കുക. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി പദത്തിലേക്കുയർത്തിയ ഗുജറാത്ത് കലാപം പൊലീസിനെയും ഭരണയന്ത്രത്തെയും അതിവിദഗ്ധമായി ദുരുപയോഗം ചെയ്തതിന്റെ വിജയമായിരുന്നു. ഷാഹീൻബാഗിലും ഖാർഗോണിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പരീക്ഷണങ്ങൾക്കാണ് അരങ്ങൊരുങ്ങുന്നത്. ഇന്ത്യൻ രാഷ്ട്രീയ ചക്രവാളത്തിൽ ഉരുണ്ടുകൂടുന്ന വിനാശകരമായ ഈ കാർമേഘങ്ങളെപ്പറ്റി ജങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കരുതൽ നടപടികൾ സ്വീകരിക്കാനും ജനാധിപത്യശക്തികൾ ഇനിയും അമാന്തിച്ചുകൂടാ.

You may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.